ലോക സാഹിത്യത്തിലെ എക്കാലത്തെയും ക്ലാസിക് ആയി വിശേഷിപ്പിക്കപ്പെടുന്ന ഷെര്‍ലക് ഹോംസ് സമ്പൂര്‍ണകൃതികള്‍ പത്തു പുസ്തകങ്ങളായി മലയാളത്തിലാദ്യമായെത്തിയിരിക്കുന്നു. മാതൃഭൂമി ബുക്ക്‌സ് പബ്ലിഷ് ചെയ്ത സമ്പൂര്‍ണ്ണ കൃതികളില്‍ 10 പുസ്തകങ്ങളിലായി 2600 ഓളം പേജുകളുണ്ട്.സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ വിശ്വപ്രസിദ്ധ സൃഷ്ടി പരിപൂര്‍ണതയില്‍ മലയാളത്തില്‍ ആസ്വദിക്കാനുള്ള ആദ്യാവസരം.

മലയാളത്തില്‍ നേരത്തെ പ്രസിദ്ധീകരിച്ച ഷെര്‍ലക് ഹോംസ് സമ്പൂര്‍ണകൃതികള്‍ അപൂര്‍ണമാണ്. 1930 ല്‍ പെന്‍ഗ്വിന്‍ ബുക്സാണ്  ഷെര്‍ലക് ഹോംസ് സമ്പൂര്‍ണകൃതികള്‍ 1136 പേജുകളില്‍ ആദ്യമായി ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചത്. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയാല്‍ രണ്ടായിരത്തിനാനൂറില്‍ അധികം പേജുകള്‍ വേണ്ടിവരുമെന്ന് ഉറപ്പുള്ള പുസ്തകം മലയാളത്തിലെ പ്രസാധകര്‍ 1400 ല്‍ പരം പേജുകളില്‍ സംഗ്രഹിച്ചു. മലയാളത്തില്‍ സമ്പൂര്‍ണകൃതികള്‍ എന്ന പേരില്‍ വന്ന ഹോംസ് കൃതികള്‍ സ്വതന്ത്ര പരിഭാഷകളോ പുനരാഖ്യാനങ്ങളോ ആയിരുന്നു.

56 കഥകളും 4 നോവലുകളുമാണ് ഹോംസ് കൃതികളായി പൊതുവെ കണക്കാക്കപ്പെടുന്നത്. പിന്നീട് ഹോംസ് ഗവേഷകര്‍ കണ്ടെത്തിയ 4 ഹോംസ് കഥകളും ആര്‍തര്‍ കോനന്‍ ഡോയ്ല്‍ എഴുതിയ 2 ഹോംസ് നാടകങ്ങളും ഈ പുസ്തകങ്ങളില്‍ ഉള്‍പ്പെടുന്നു എന്നതാണ്  മാതൃഭൂമി പതിപ്പിന്റെ പ്രധാന സവിശേഷതകളില്‍ ഒന്ന്.