മലയാളത്തില്‍ വീണ്ടും കവിതാ മോഷണ വിവാദം. കവിയും അദ്ധ്യാപകനുമായ ഡോ.സംഗീത് രവീന്ദ്രന്റെ ഉറുമ്പുപാലം എന്ന കവിതാസമാഹാരത്തിലെ റോസ എന്ന കവിതയാണ് വിവാദമായിരിക്കുന്നത്. 

കവിതയുടെ ഏതാനും ഭാ​ഗങ്ങൾ സര്‍ക്കാര്‍ പ്രസിദ്ധീകരണമായ വിദ്യാരംഗത്തിന്റെ നവംബർ ലക്കത്തിൽ പുരോഗമന കലാസാഹിത്യ സംഘം മലപ്പുറം ജില്ലാ പ്രസിഡന്റ് അജിത്രി ബാബു എഴുതിയ തുലാത്തുമ്പി എന്ന കവിതയായി പ്രസിദ്ധീകരിച്ചുവെന്നാണ്  പരാതി.  കവിത മോഷ്ടിച്ചതാണെന്ന് കാണിച്ച് സം​ഗീത് വിദ്യാഭ്യാസമന്ത്രിക്ക് പരാതി നൽകി.

എന്നാല്‍ വിവാദം അനാവശ്യമാണെന്നും സം​ഗീതുമായി ചേർന്ന് എഴുതിയ  കവിതകളാണ് കവിതാസമാഹാരത്തിലുള്ളതെന്നും അജിത്രി  ബാബു  പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ വരുന്ന അപകീർത്തിപരമായ പരാമർശങ്ങൾക്കെതിരെ കോട്ടയ്ക്കൽ പോലീസിൽ പരാതി നൽകിയിരിക്കുകയാണിവർ.