മലയാളത്തിന്റെ കാവ്യസൂര്യന്‍ ഒ.എന്‍.വി കുറുപ്പിന് ഇന്ന് 89-ാം ജന്മവാര്‍ഷികം. കവിതകളായും സിനിമാ-നാടക ഗാനങ്ങളായും മലയാളിയുടെ കാവ്യസിരകളില്‍ ഇന്നും ഒ.എന്‍.വി പ്രവഹിക്കുന്നു.കാല്‍പനികതയുടെ ആന്തരിക വിഷാദങ്ങളിലൂടെയും വിപ്ലവാത്മകതയുടെ വിക്ഷോഭങ്ങളിലൂടെയും ഒരു പോലെ സഞ്ചരിച്ച വാക്കിന്റെ മാന്ത്രികന്‍.
പതിനെട്ടാം വയസില്‍ മുന്നോട്ട് എന്ന കവിതയിലൂടെ അക്ഷര ലോകത്തേക്ക് പ്രവേശിച്ച ഒ.എന്‍.വി സമാന്തരമായി എ.ഐ.എസ്.എഫിലൂടെ രാഷ്ട്രീയ രംഗത്തും ജ്വലിച്ചു നിന്നു. മലയാള മനസില്‍ മരണമില്ലാത്ത ഒട്ടേറെ ചലച്ചിത്ര ഗാനങ്ങളും ഒ.എന്‍.വി സമ്മാനിച്ചു. ദേശീയ പുരസ്‌കാരവും 13 തവണ സംസ്ഥാന പുരസ്‌കാരവും ഒ.എന്‍.വിയെ തേടിയെത്തി. 1931 മെയ് 27 ന് ചവറയില്‍ ജനിച്ച ഒ.എന്‍.വി 84-ാം വയസില്‍ 2016 ഫെബ്രുവരി 13നാണ് അന്തരിച്ചത്