അന്തരിച്ച കവയിത്രിയും സാമൂഹ്യ-പരിസ്ഥിതി പ്രവർത്തകയുമായ സു​ഗതകുമാരിയെ അനുസ്മരിച്ച് മാതൃഭൂമി മാനേജിങ് ഡയറക്ടറും എം.പിയുമായ എം.വി. ശ്രേയാംസ് കുമാർ. സു​ഗതകുമാരിയുടെ ആദ്യ കവിത മാതൃഭൂമിയിലാണ് വന്നതെന്ന് അദ്ദേഹം പറഞ്ഞു. 1955-ൽ പ്രസിദ്ധീകരിച്ച കവിത ശ്രീകുമാർ എന്ന തൂലികാനാമത്തിലാണ് അവർ എഴുതിയതെന്ന് അദ്ദേഹം ഓർത്തെടുത്തു.

ടീച്ചറുടെ ഭൂരിഭാ​ഗം കൃതികളും മാതൃഭൂമി ആഴ്ചപ്പതിപ്പിലായിരുന്നു പ്രസിദ്ധീകരിച്ചത്. ആദ്യ കവിതാസമാഹാരം മുത്തുച്ചിപ്പി മാതൃഭൂമിയാണ് പ്രസിദ്ധീകരിച്ചത്. 2013-ൽ മാതൃഭൂമി സാഹിത്യ പുരസ്കാരവും ടീച്ചർക്കാണ് നൽകിയത്. എല്ലാത്തിനുംപുറമേ ആശയപരമായ സാമീപ്യങ്ങളുണ്ടായിരുന്നു. പ്ലാച്ചിമട പ്രശ്നത്തിന്റെ മുൻനിരയിൽ ടീച്ചറുണ്ടായിരുന്നു. സാധാരണക്കാരുടെ കണ്ണീരിനൊപ്പം, വേദനയ്ക്കൊപ്പം എന്നും ടീച്ചറുണ്ടായിരുന്നു.

എല്ലാംകൊണ്ടും ടീച്ചറുമായി ​ഗാഢമായ ബന്ധമാണുണ്ടായിരുന്നത്. അവസാനമായി കണ്ടപ്പോൾ പറഞ്ഞത് തന്റെ ഒസ്യത്ത് മാതൃഭൂമിയിൽ എഴുതണം എന്നാണ്. പ്രകൃതിയോടും മനുഷ്യരോടുമുള്ള പരി​ഗണനയും അതിനോടുള്ള ആകുലതയും എല്ലാം നിറഞ്ഞുനിന്നൊരു വ്യക്തിത്വമായിരുന്നു ടീച്ചറുടേതെന്നും അദ്ദേഹം പറഞ്ഞു.