കടലിനേക്കുറിച്ചുള്ള ഭൂരിപക്ഷം മനുഷ്യരുടേയും അറിവ് ഏതെങ്കിലും ബീച്ചിലെ തിരയതിരുകളിൽ അവസാനിക്കുന്നതാണ്. സൂര്യനുദിക്കാനും അസ്തമിക്കാനുമുള്ള ഒരു രം​ഗവേദിയായോ ചന്തയിൽ കണ്ണുമിഴിച്ച് കാത്തിരിക്കുന്ന മത്സ്യങ്ങളുടെ ഉറവിടമായോ കൂടി കയറിച്ചിന്തിച്ചാൽ കടലിനേക്കുറിച്ച് നമുക്കറിയാം. പിന്നെയുള്ളത് സിനിമയിലേയും സാഹിത്യത്തിലേയും കടലുകളാണ്.

ഇതൊന്നുമല്ലാത്ത ഒരു കടലാണ് അനുഭവങ്ങളിരമ്പുന്ന ടി.കെ റഫീഖിന്റെ ജീവിതക്കടൽ. ടി.കെ റഫീഖ് എന്ന മത്സ്യത്തൊഴിലാളി എഴുതിയ കടലിൽ എന്റെ ജീവിതം എന്ന ഓർമക്കുറിപ്പുകളേക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ആദ്യ പ്രളയകാലത്തെ രക്ഷാപ്രവർത്തനങ്ങളോടുള്ള ആദരവ് ചാലിച്ച് ഈ നാട് മത്സ്യത്തൊഴിലാളികളെ വിളിച്ചത് കേരളത്തിന്റെ രക്ഷാസൈനികരെന്നാണ്.

പക്ഷേ ഈ പോരാളികളുടെ ദൈനംദിനജീവിതവും കടലോർമകളും അദ്ഭുതപ്പെടുത്തുന്ന അനുഭവങ്ങളും അവരുടെ ഭാഷയിൽ അത്രയേറെ ആഘോഷിക്കപ്പെട്ടിട്ടില്ല. ഇവിടെയാണ് റഫീഖ് എന്ന ചാലിയംകാരന്റെ ഓർമക്കുറിപ്പുകൾ തുഴയെറിഞ്ഞ് തന്റേടത്തോടെ നിലപാടുനിൽക്കുന്നത്.