തികഞ്ഞ കൃതാര്‍ത്ഥയോടെയാണ് മാതൃഭൂമി സാഹിത്യ പുരസ്‌കാരം സ്വീകരിക്കുന്നതെന്ന് കവി സച്ചിദാനന്ദന്‍. പുരസ്‌കാരം മുമ്പ് ലഭിച്ചവരേക്കുറിച്ച് അനുസ്മരിക്കുമ്പോള്‍ അത് തന്നില്‍ വിനയവും ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാതൃഭൂമിയുമായുള്ള ബന്ധത്തിന് അഞ്ച് പതിറ്റാണ്ടിന്റെ ബന്ധമുണ്ട്. എന്റെ മികച്ചത് എന്ന് കരുതുന്ന മിക്കവാറും കവിതകള്‍ പ്രസിദ്ധീകരിച്ചത് മാതൃഭൂമിയാണ്. നവോത്ഥാന കാലത്തില്‍നിന്നു പിന്നോട്ടുപോകുന്ന കാലത്തിലൂടെയാണ് കേരളം പോകുന്നതെന്ന് ഭയപ്പെടുന്നു. നവോത്ഥാനം നമുക്ക് നല്‍കിയ വലിയ മൂല്യങ്ങളും മതേതരത്വം, കീഴാളരുമായുള്ള സമഭാവം, മനുഷ്യത്വം കൈവിടാത്ത സേവനവ്യഗ്രമായ ആത്മീയത, വായനയോടും വിദ്യാഭ്യാസത്തോടുമുള്ള പ്രിയം, വ്യത്യസ്തമായ വികസന സങ്കല്‍പ്പം തുടങ്ങിയവയെല്ലാം വികസിപ്പിക്കാന്‍ നവോത്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്.

അതിലെ ചില മൗനങ്ങളേയും അസാന്നിധ്യങ്ങളേയും മാറ്റിനിര്‍ത്തിയാലും, അത് ഇന്നും നമ്മെ പ്രചോദിപ്പിക്കുന്ന ഉയിര്‍ത്തെഴുന്നേല്‍പ്പായി നില്‍ക്കുന്നു. എന്നാല്‍ അക്കാലത്തെ സാമൂഹ്യ പരിഷ്‌കരണ സംഘടനകളും ക്രമേണ അവയുടെ ആദ്യകാലത്തെ പരിഷ്‌കരണ ലക്ഷ്യങ്ങളില്‍നിന്ന് പിന്നോട്ടുപോയി ഒരു പക്ഷേ, സമൂഹത്തെ പിന്നോട്ടുവലിക്കുന്ന ശക്തികളായി മാറിയിട്ടില്ലേ, അല്ലെങ്കില്‍ അത്തരം ശക്തികളുമായി സഖ്യം ചെയ്യുന്നില്ലേ എന്നെല്ലാം നമ്മെക്കൊണ്ട് സംശയിപ്പിക്കുന്ന ഒരു സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. അതുകൊണ്ട് തന്നെ രണ്ടാം നവോത്ഥാനം കേരളത്തില്‍ അനിവാര്യമായ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത് എന്ന് വിചാരിക്കുന്നതായും അദ്ദേഹം പറഞ്ഞു.