ഒരുവശത്ത് കോഴിക്കോട് ഉള്ള്യേരി സ്വദേശി ജെറീഷിന്റെ ബുള്ളറ്റ്. മറുവശത്ത് ആലപ്പുഴ ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിൽ കാടുപിടിച്ച് കിടക്കുന്ന മറ്റൊരു ബുള്ളറ്റ്. ഇടനാട്ടുകാരൻ സുനിൽ കുമാറാണ് ഈ വാഹനത്തിന്റെ ഉടമ. രണ്ടും തമ്മിൽ ചെറുതല്ലാത്ത സാമ്യമുണ്ട്. രണ്ട് ബുള്ളറ്റുകൾക്കും  കെ.ബി.ടി 4944 എന്ന നമ്പറാണ്. സാമ്യം തീരുന്നില്ല. ഒരേ മോഡലാണ് രണ്ടും. എഞ്ചിൻ നമ്പറും ചേസിസ് നമ്പറും വരെ ഒന്ന്. ആർ.സി ബുക്ക് ഒറിജിനലും. ഏത് ഒറിജിനൽ, ഏത് വ്യാജൻ എന്നറിയാതെ മോട്ടോർ വാഹനവകുപ്പും പോലീസും കുഴങ്ങിയിരിക്കുകയാണ് ഇപ്പോൾ. എവിടെയോ നടന്ന ഒരു തിരിമറിയിൽ കുടുങ്ങിയിരിക്കുകയാണ് രണ്ട് നിരപരാധികൾ.