മഹീന്ദ്രയുടെ ഏറ്റവും പുതിയ എക്‌സ്.യു.വി. 700-ന്റെ ടെസ്റ്റ് ഡ്രൈവോടെ ഒരു കാര്യം ഉറപ്പായി, മഹീന്ദ്ര ഇനി പഴയ മഹീന്ദ്രയല്ല. മാറ്റങ്ങളുടെ പെരുമഴയാണ് ഈ വണ്ടിയില്‍. ലോഗോ തൊട്ട് ഫീച്ചറുകളില്‍ വരെ പുതുമ കൊണ്ടുവന്നിട്ടുണ്ട്. വാഹനത്തിനു ചുറ്റിലും ക്യാമറകള്‍, മുന്നില്‍ റഡാര്‍. ഉള്ളില്‍ ബെന്‍സിനെ ഓര്‍മിപ്പിക്കുന്ന ക്ലസ്റ്ററുകള്‍ അങ്ങനെ പോകുന്നു മഹീന്ദ്ര തുറക്കുന്ന പുതുലോകം. ഗ്രില്‍ മുതല്‍ മാറ്റം തുടങ്ങുന്നു. മുന്നിലെ ക്രോം ലൈനിങ് കുത്തനെയാക്കി. കട്ടിയേറിയ ലൈനാണ് ഗ്രില്ലിനെ സമ്പന്നമാക്കുന്നത്. അതിന് നടുവിലാണ് പുതിയ ലോഗോ തലയുയര്‍ത്തി നില്‍ക്കുന്നത്.