142-ാമത്തെ പരീക്ഷണ പറക്കലിലും വിജയം കണ്ടിരിക്കുകയാണ് ക്ലെയിൻ വിഷന്റെ പറക്കും കാർ. പ്രൊഫസർ സ്റ്റീഫൻ ക്ലെയിനാണ് ഈ ആകാശ കാർ നിർമിച്ചത്. ഇക്കഴിഞ്ഞ ജൂൺ 28-നായിരുന്നു കാറിന്റെ ഏറ്റവും പുതിയ പറക്കൽ. സ്ലോവാക്യയിലെ നിത്ര അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബ്രാറ്റിസ്ലാവ വിമാനത്താവളത്തിലേക്കായിരുന്നു 35 മിനിറ്റ് നീണ്ടുനിന്ന യാത്ര. 

പ്രാദേശികസമയം രാവിലെ 6.05 ഓടെ വിമാന കാർ ബ്രാറ്റിസ്ലാവയിലെത്തി. ‌ലാൻഡ് ചെയ്തതിന് ശേഷം ഒരൊറ്റ ബട്ടൺ ഉപയോ​ഗിച്ച് വിമാനത്തെ സ്പോർട്സ് കാറിന്റെ രൂപത്തിലേക്കാകാനാവും. ബി.എം. ഡബ്ലിയു എഞ്ചിനാണ് കാറിന് കരുത്തേകുന്നത്. രണ്ടുപേർക്ക് യാത്ര ചെയ്യാം. 8200 അടി ഉയരത്തിൽ 1000 കിലോ മീറ്റർ വരെ യാത്ര ചെയ്യാനാവുമെന്ന് പ്രൊഫസർ സ്റ്റീഫൻ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു.

നിത്രയിൽ നിന്ന് പുറപ്പെടുന്നതും വിമാനത്തിൽ നിന്നുള്ള കാഴ്ചകളും ഒടുവിൽ ബ്രാറ്റിസ്ലാവ വിമാനത്താവളത്തിൽ നിന്ന് വാഹനം റോഡിലേക്കിറങ്ങുന്നതിന്റേയുമെല്ലാം ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റാണിപ്പോൾ.