1956 ല്‍ പിതാവ് വാങ്ങിയ വാഹനം 64 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടെടുത്ത് ഒരു മകന്‍. തൃശൂര്‍ വലപ്പാട് സ്വദേശിയും പ്രവാസി വ്യവസായിയുമായ സി.പി സാലിഹാണ് പിതാവിന്റെ ഓര്‍മയ്ക്കായി മോഹവില നല്‍കി വിന്റേജ് കാര്‍ തിരിച്ചുപിടിച്ചത്. പിതാവ് സി.പി മുഹമ്മദിന്റെ ഡയറിയാണ് കാര്‍ വീണ്ടെടുക്കുന്നതില്‍ വഴിത്തിരിവായത്.

നെറ്റിപ്പട്ടം കെട്ടിയ ​ഗജവീരന്റെ തലയെടുപ്പോടെയാണ് ചന്ദനപ്പറമ്പിൽ തറവാട്ടുമുറ്റത് ഈ സ്റ്റുഡ് ബേക്കർ നിൽക്കുന്നത്. സി.പി സാലിഹിന് സ്വന്തം കുടുംബാം​ഗത്തേപ്പോലെയാണ് ഈ കാർ. 1956-ൽ സാലിഹിന്റെ പിതാവ് സി.പി. മുഹമ്മദ് 1500 രൂപ നൽകിയാണ് ഈ വാഹനം വാങ്ങിയത്. കാറിന്റെ നമ്പർ പിതാവ് ഡയറിയിൽ കുറിച്ചിരുന്നു. ഡയറിയിലെ വാഹനമ്പർ തേടി സാലിഹും മക്കളും നടത്തിയ അന്വേഷണം ചെന്നവസാനിച്ചത് ഡൽഹിയിൽ.

വാഹനം വാങ്ങി നാട്ടിലെത്തിച്ച് ചെയ്യാവുന്ന അറ്റകുറ്റപ്പണികളെല്ലാം ചെയ്ത് പുത്തൻരൂപത്തിലാക്കി കാർ. സാലിഹിന്റെ രണ്ടാമത്തെ മകൻ അൻഹറിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ നടൻ മമ്മൂട്ടിയേ സ്റ്റുഡ് ബേക്കർ ആകർഷിച്ചു. പിതാവ് ഉപയോ​ഗിച്ചതായതിനാൽ കാർ വിലമതിക്കാനാവാത്തതാണെന്ന് സാലിഹ് പ്രതികരിച്ചു.