പല കാരണങ്ങള്‍ കൊണ്ട് ശരീരം തളര്‍ന്നു പോയ ആയിരക്കണക്കിന് മനുഷ്യരുണ്ട് നമുക്ക് ചുറ്റും. ഇനിയൊരിക്കലും തിരിച്ചുവരാന്‍ കഴിയില്ലെന്നോര്‍ത്ത് സ്വയം ഉരുകി ഒരു മതില്‍ കെട്ടിനകത്ത് ജീവിക്കുന്നവര്‍. സഹതാപത്തിന്റെ നോട്ടമെറിഞ്ഞ് കണ്ണെടുക്കാന്‍ മാത്രമുള്ള കാഴ്ചകള്‍ മാത്രമാണ് പലര്‍ക്കും അത്തരം മനുഷ്യര്‍.
തളര്‍ന്നുപോയവര്‍ക്കിടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റവളാണ് കവിത. സഹതാപമല്ല മനുഷ്യനെന്ന പരിഗണനയാണ് വേണ്ടതെന്ന് പറഞ്ഞ് അതിജീവനത്തിനായി പോരാടാനിറങ്ങിയവള്‍. തളര്‍ന്ന ശരീരത്തിനുള്ളില്‍ തളരാന്‍ ആഗ്രഹിക്കാത്ത ഒരു മനസ്സുണ്ടെന്നും സാധ്യമാകുമെങ്കില്‍ അത് കാണാന്‍ ശ്രമിക്കു എന്നും പറയുകയാണ് ഈ തൃശൂര്‍കാരി.