വയനാട്ടിലെ കോട്ടത്തറ പഞ്ചായത്തില്‍ നേന്ത്രവാഴകള്‍ക്ക് അജ്ഞാത രോഗം. വെണ്ണിയോട് മരവയലിലാണ് മൂന്നു മാസം പ്രായമായ വാഴത്തൈകള്‍ തനിയെ ഒടിഞ്ഞു വീഴുന്നത്. മരവയലിലെ ചന്ദ്രന്‍ എന്ന കര്‍ഷകന്റെ വാഴകള്‍ക്കാണ് അജ്ഞാത രോഗം ബാധിച്ചിരിക്കുന്നത്. 

മൂന്ന് മാസം പ്രായമായ വാഴത്തൈകളാണ് വെട്ടിയിട്ടപോലെ തനിയെ ഒടിഞ്ഞു വീഴുന്നത്. ശനിയാഴ്ച രാവിലെയാണ് ഒന്നുരണ്ട് തൈകള്‍ ആദ്യം ഒടിഞ്ഞുവീണത്. ഇന്നലെയും ഇന്നുമായി കൂടുതല്‍ വാഴത്തൈകള്‍ വീണു. 

ഒരേക്കര്‍ സ്ഥലത്ത് ആയിരം വാഴത്തൈകളാണ് ഉള്ളത്. നൂറിലധികം തൈകള്‍ ഇതിനകം നശിച്ചു കഴിഞ്ഞു. ബാക്കിയുള്ളവയ്ക്കും രോഗലക്ഷണങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്. കൃഷി വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി  പ്രാഥമിക പരിശോധനകള്‍ നടത്തി.