ആലപ്പുഴ കഞ്ഞിക്കുഴിയിലെ കർഷകനായ സുഭ​ഗേശൻ പൂവും പച്ചക്കറികളും ചേർത്ത് തയ്യാറാക്കിയ ഓണക്കൂട്ട് കാണാൻ നിരവധി പേരാണ് എത്തുന്നത്. ഓണപ്പൂക്കളമൊരുക്കാൻ പൂക്കളും സദ്യയൊരുക്കാൻ പച്ചക്കറികളും വേണം. എന്നാൽപ്പിന്നെ ഇത് രണ്ടും ഒരുമിച്ചായിക്കോട്ടേ എന്ന സുഭ​ഗേശന്റെ ചിന്തയാണ് 15 ഏക്കറിൽ വിളഞ്ഞുകിടക്കുന്നത്. ഒരുഭാ​ഗത്ത് വെണ്ടയും പാവലും പടവലവും ഉൾപ്പെടെയുള്ള പച്ചക്കറികൾ. മറുഭാ​ഗത്ത് ചെണ്ടുമല്ലിയും സൂര്യകാന്തിയും. ഇവയുടെ ഇടയിൽ കാണാനെത്തുന്നവർക്കായി സെൽഫി പോയിന്റുകളും ഒരുക്കിയിട്ടുണ്ട്. 

ദേശീയപാതയോരത്ത് കണിച്ചുകുളങ്ങരയ്ക്കും തിരുവിഴയ്ക്കുമിടയിൽ പൊതുമേഖലാ സ്ഥാപനമായ സിൽക്കിന്റെ സ്ഥലത്താണ് സുഭ​ഗേശന്റെ കൃഷി. ഓണക്കാലത്ത് ഇവിടേക്ക് വിനോദസഞ്ചാരികളെ ക്ഷണിക്കുകയാണ് സുഭ​ഗേശൻ. 30 രൂപയാണ് ചാർജ്. വരുന്നവർക്ക് കൃഷിയിടം കാണാം.പച്ചക്കറികൾ വാങ്ങുകയും ചെയ്യാം. നാടൻ ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഇവിടെ തയ്യാറാണ്.