ചാറ്റൽമഴയിൽ ഈറനണിഞ്ഞ്, ചെറുശലഭങ്ങളെ കൈനീട്ടിവിളിച്ച് മട്ടുപ്പാവിലാകെ താമര വിരിഞ്ഞുനിൽക്കുകയാണ്. നിറത്തിലും വലിപ്പത്തിലും ആകാരഭം​ഗിയിലും പരസ്പരം മത്സരിക്കുകയാണ് പൂക്കൾ. തിരുവല്ല തുകലശേരിയിലെ ആലഞ്ചേരി പ്രദീപ് കുമാറിന്റെ വീട്ടിലാണ് മട്ടുപ്പാവിലെ വസന്തോൽസവം. സഹസ്രദള പത്മം മുതൽ വ്യത്യസ്തയിനം താമരകളുണ്ട് ഈ തോട്ടത്തിൽ.

ഒന്നര വർഷം മുമ്പാണ് പ്രദീപ് കുമാറും ഭാര്യ അജിതയും ഈ സമ്പന്നമായ പൂക്കാലത്തിന് ഉടമകളായത്. ഓൺലൈൻ ബുക്കിങ്ങിലൂടെ വിത്ത് എത്തിച്ചാണ് കൃഷി. താമരപ്പൂക്കളുടെ വില്പനയും ഇതിനൊപ്പം നടക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടാൽ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് പ്രദീപ്കുമാർ പറഞ്ഞു. കേരളത്തിന് പുറത്തുനിന്നാണ് ലഭിക്കുന്ന ഓർഡറുകൾ ഏറെയും. 350 മുതൽ 10,000 രൂപ വരെയുള്ള അത്യുത്പ്പാദന ശേഷിയുള്ള ചെടികൾ വരെ ഇദ്ദേഹത്തിന്റെ പക്കലുണ്ട്.