കൃഷിയെ ജീവനുതുല്യം സ്‌നേഹിച്ച സിബിയുടെ അകാലവിയോഗത്തിനുശേഷം അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ഏറ്റെടുത്താണ് ഭാര്യ സ്വപ്ന മണ്ണിലേക്കിറങ്ങിയത്. പ്രതിസന്ധികള്‍ക്കിടയിലും തന്നെ മുന്നോട്ട് നയിച്ചത് സിബിയുടെ ഈ ആഗ്രങ്ങളും സ്വപ്‌നങ്ങളുമാണെന്ന് പറയും സ്വപ്‌ന. ആ അധ്വാനം വെറുതേയായില്ല. കര്‍ഷകോത്തമ പുരസ്‌കാര ജേതാവായിരുന്ന സിബിക്കുള്ള സമ്മാനമായി ഈ വര്‍ഷത്തെ കര്‍ഷകതിലകപ്പട്ടം സ്വപ്നയെ തേടിയെത്തി. 

തൃശ്ശൂര്‍, പട്ടിക്കാട് 12 ഏക്കറിലാണ് ഇവരുടെ കല്ലിങ്കല്‍ പ്ലാന്റേഷന്‍. സമ്മിശ്രകൃഷി പിന്തുടരുന്ന ഫാമില്‍ തെങ്ങും കമുകും ജാതിയും കുരുമുളകുമാണ് പ്രധാന വിളകള്‍. ഇതിന് പുറമേ വിവിധ ഫലവൃക്ഷങ്ങളും വ്യത്യസ്തയിനം പക്ഷികളും കോഴികളും പശുക്കളും കുതിരകളും മുയലുകളും പലതരം അലങ്കാര-നാടന്‍ മത്സ്യങ്ങളുമെല്ലാം ഇവിടെയുണ്ട്.