സ്വിറ്റ്‌സർലൻഡിന്റെ ഐക്കണിക് ലാൻഡ്‌മാർക്കായ മാറ്റർഹോണും അതിന്റെ  മടിത്തട്ടിൽ പ്രകൃതി അഴകോടെ ഒരുക്കിയ സെർമാറ്റ് ഗ്രാമഭംഗിയും സ്വിറ്റ്സർലാൻഡ് സന്ദർശിക്കുവാൻ ആഗ്രഹിക്കുന്നവർ ഒരിക്കലും ഒഴിവാക്കരുത്. എത്ര കണ്ടാലും മതി വരാത്ത മാറ്റർഹോണിന്റേയും സെർമാറ്റ് താഴ്‌വരയുടേയും വിശേഷങ്ങളിലൂടെ നമുക്ക് ഒരു ചെറുയാത്ര പോകാം.

Zermatte 2

സ്വിറ്റ്സർലാൻഡിലെ പർവ്വതനിരകളിലൂടെ പനോരമിക് കാഴ്ചകളിലൂടെ ഓടുന്ന ​ഗ്ലേസിയർ എക്സ്പ്രസ് (Glacier Express) ട്രെയിനിൽ ആറു മണിക്കൂർ നീളുന്ന വിശിഷ്ട യാത്ര. അതിനായി ഞങ്ങൾ തെരഞ്ഞെടുത്തത് കുറിൽ (Chur) നിന്നുള്ള  സെർമാറ്റ് റൂട്ടാണ്. സെർമാറ്റിൽ നിന്നും ബാസലിലേയ്ക്കുള്ള മടക്കയാത്രയ്ക്ക് മുൻപായി കഷ്ടിച്ച് ഒന്നര മണിക്കൂർ സമയമേയുള്ളൂ സെർമാറ്റ് ചെറുതായ് ഒന്നു ചുറ്റിക്കാണാൻ. ട്രെയിനിൽ നിന്നും  ഇറങ്ങിയ ഞങ്ങളെ വരവേറ്റത് നമ്മുടെ രാഷ്ട്ര ഭാഷയിൽ സ്വാഗത് എന്ന് എഴുതിയിക്കുന്നതാണ്. അത് വായിച്ചപ്പോൾ പെട്ടെന്ന് രോമാഞ്ചമായി ദേശസ്നേഹം ഉണർന്നു, സ്വാഭാവികം. റെയിവേ സ്റ്റേഷനിൽ നിന്ന് പുറത്തേയ്ക്ക് കടന്നപ്പോൾ സന്ദർശകരായ അതിഥികളെ സ്വീകരിച്ച് കൂട്ടിക്കൊണ്ട് പോകാനായി അതതു ഹോട്ടലുകളുടെ ഇലക്ട്രിക് വാഹനങ്ങൾ നിരനിരയായി കാത്തു കിടക്കുന്നു.

Zermatte 3

തെക്കൻ സ്വിറ്റ്സർലൻഡിലെ വാലീസ് സംസ്ഥാനത്തെ സെർമാറ്റ് ഗ്രാമം സ്കീയിംഗിനും മലകയറ്റത്തിനും കാൽനടയാത്രയ്ക്കും പേരുകേട്ട ഒരു പർവത റിസോർട്ടാണ്.  ഏകദേശം 1,600 മീറ്റർ ഉയരത്തിലുള്ള ഈ മലയോര പട്ടണം പിരമിഡ് ആകൃതിയിലുള്ള മാറ്റർഹോൺ കൊടുമുടിയുടെ അടിവാരത്തിലാണ് സ്ഥിതിചെയ്യുന്നത്.  പ്രധാന തെരുവായ ബാഹ്‌നോഫ് സ്ട്രീറ്റ് മുഴുവൻ ബോട്ടിക് ഷോപ്പുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയവകൊണ്ട് നിറഞ്ഞിരിക്കുന്നു.

Zermatte 4

പർവ്വതങ്ങളിലെ തണുത്ത പകലിനുശേഷം സഞ്ചാരികളുടെ ഇഷ്ടവിനോദമായ ആപ്രേ സ്കീ ( Après-Ski)  ആഘോഷങ്ങൾക്കായി ഇവിടത്തെ ഭൂരിഭാഗം ഹോട്ടലുകളിലും പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.  സ്കീയിംഗിനോ സ്നോബോർഡിംഗിനോ ശേഷം വിനോദസഞ്ചാരികൾക്കായി വിന്റർ സ്പോർട്സ് റിസോർട്ടുകളിൽ വാഗ്ദാനം ചെയ്യുന്ന വിനോദങ്ങൾക്ക് നൽകിയിരിക്കുന്ന പേരാണ് ആപ്രേ സ്കീ. ഇതൊരു ഫ്രഞ്ച് പദമാണ്. ഐസ് സ്കേറ്റിംഗിനും കേളിംഗിനുമായി (curling) ധാരാളം ഔട്ട്ഡോർ ഹിമപരപ്പുകളും ഇവിടെയുണ്ട്.

Zermatte 5

1860-കളിൽ തുടങ്ങി സന്ദർശകരെ ആകർഷിച്ചു കൊണ്ടിരിക്കുന്ന സെർമാറ്റ് മലയോരപ്പട്ടണം  മനോഹരവും പെട്രോൾ ഡീസൽ വാഹന രഹിത പ്രദേശവുമാണ്.  തവിട്ടുനിറത്തിലുള്ള പഴയ മോഡൽ ചാലറ്റുകളും വളഞ്ഞുപുളഞ്ഞ പോകുന്ന ഇടവഴികളും ഈ പ്രദേശത്തെ പ്രത്യേകതകളാണ്. ഇവിടത്തെ സ്കീയിംഗ് പലപ്പോഴും വേനൽക്കാലത്തിന്റെ ആരംഭം വരെ നീണ്ടുനിൽക്കുന്നു, പക്ഷേ കാലാവസ്ഥ ചൂടുപിടിക്കുമ്പോൾ കാൽനട യാത്രയ്ക്കായിട്ടാണ് കൂടുതൽ സന്ദർശകർ ഇവിടെ എത്തുന്നത്. 

Zermatte 6

മാറ്റർഹോ ​ഗ്ലേസിയർ പാരഡൈസ് ( Matterhorn Glacier Paradise) യൂറോപ്പിലെ ഏറ്റവും വലുതും ഉയർന്നതുമായ വേനൽക്കാല സ്കീയിംഗ് മേഖലയാണ്. സ്കീയിങ്ങിന് മാത്രമായി 54 പർവ്വത ലിഫ്റ്റുകളും ഏകദേശം 360 കീലോ മീറ്റർ വ്യാപിച്ച് കിടക്കുന്ന മഞ്ഞുമലമടക്കുകളും സെർമാറ്റിനെ ലോകത്തിലെ ഏറ്റവും ആകർഷമായ അവധിക്കാല സ്കീ ഗ്രാമങ്ങളിലൊന്നാക്കി മാറ്റുന്നു. നടത്തം, സൈക്ലിംഗ്, മലകയറ്റം, ഉയർന്ന ആൽപെൻ ടൂറുകൾ എന്നിവ വേനൽക്കാലത്തും ശരത്കാലത്തും നടത്താമെന്നതുകൊണ്ട് ലോകസഞ്ചാരികളുടെ ഇഷ്ട വിനോദകേന്ദ്രമാണ് ഇവിടം.

Zermatte 7

സ്വിറ്റ്‌സർലൻഡിനും ഇറ്റലിക്കും ഇടയിലുള്ള പ്രധാന നീർത്തട അതിർത്തിയുമായി ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ആൽപ്‌സ് പർവതനിരകളിലെ മോണ്ടെ റോസ  പ്രദേശത്തെ പിരമിഡ് ആകൃതിയിലുള്ള കൊടുമുടിയുടെ പേരാണ് മാറ്റർഹോൺ.  4,478 മീറ്റർ ഉയരമുള്ള ഈ കൊടുമുടി ആൽപ്‌സിലേയും യൂറോപ്പിലേയും ഏറ്റവും ഉയർന്ന പർവ്വതനിരകളിലൊന്നാണ്.

Zermatte 7

ത്രികോണാകൃതിയിൽ സ്വർഗ്ഗത്തിലേക്ക് കയറുന്ന ഒരു പാറക്കല്ല്. ആൽപിനിസ്റ്റുകളെ അടുപ്പിക്കുന്ന കാന്തം, സൗന്ദര്യാത്മകതയുടെ പ്രതീകം, അനുയോജ്യമായ അനുപാതത്തിലുള്ള കൊമ്പ്.  മാന്ത്രിക പ്രകാശമുള്ള പരുക്കൻ പാറ. മേഘങ്ങളുടേയും തിരശ്ചീനമായ നിറങ്ങളുടേയും ആകാശക്കടലിൽ കളിക്കുന്ന കല്ല്. എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട് ഒറ്റപ്പെട്ട് തല ഉയർത്തി നിൽക്കുന്ന മാറ്റർഹോർണിന്.

Zermatte 9

സ്വതന്ത്രാനന്തര ഇന്ത്യയുമായി സൗഹൃദ കരാർ ഒപ്പുവച്ച ആദ്യ പാശ്ചാത്യ സുഹൃത്താണ് സ്വിറ്റ്‌സർലാൻഡ്. ലോകത്തെ കൂടുതൽ  ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യ ഒട്ടാകെ കൊറോണയുടെ പിടിയിൽ അമർന്നപ്പോൾ ആ പ്രതിസന്ധിയെ തരണം ചെയ്യാൻ എല്ലാ ഇന്ത്യക്കാർക്കും പ്രതീക്ഷയും ശക്തിയും നൽകുന്നതിനായി സ്വിസ്സിന്റെ പ്രതീകാത്മകമായ മാറ്റർഹോൺ കൊടുമുടിയിൽ ലൈറ്റുകൾ കൊണ്ട്  ഇന്ത്യയുടെ ത്രിവർണ്ണ പതാക തെളിയിച്ച് കൊറോണ വൈറസ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഈ കൊച്ചുരാജ്യം തങ്ങളുടെ സുഹൃത്തായ ഇന്ത്യയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

Zermatte 10

ഇനിയും ഇവിടെ അധികനേരം ചുറ്റിത്തിരിഞ്ഞാൽ ഞങ്ങളുടെ ട്രെയിൻ പോകും അതുകൊണ്ട് സെർമാറ്റിനോട് മനസ്സില്ലാമനസ്സോടെ വിട ചൊല്ലി ട്രെയിനിൽ കയറി. ഉല്ലാസയാത്രികരെ സംബന്ധിച്ചിടത്തോളം സെർമാറ്റ് യാത്ര പരിധിയില്ലാത്ത സാധ്യതകൾ വാഗ്ദാനം ചെയ്യുന്ന ഒരു മനോഹര മലയോരപ്രദേശമാണ്.

Content Highlights: Zermatt tour, Switzerland travel, Matterhorn Glacier Paradise