പുലര്‍കാലത്തിന്റെ ആലസ്യത്തില്‍ വളഞ്ഞും പുളഞ്ഞും നിറഞ്ഞൊഴുകുന്ന പുഴ. ഇരുകരകളിലും കുത്തനെ പച്ചപുതച്ചുയര്‍ന്നുനില്‍ക്കുന്ന പാറക്കുന്നുകള്‍. വിരിച്ചിട്ട ഒരു നേരിയ മൂടുപടം പോലെ കുന്നുകള്‍ക്ക് മുകളില്‍ പാറിനില്‍ക്കുന്ന കോടമഞ്ഞ്. തെളിഞ്ഞൊഴുകുന്ന ആ പുഴയിലൂടെ അതിരാവിലെ ഒരു ബോട്ട് യാത്ര. ഈ കാഴ്ചാനുഭൂതിയൊരുക്കി സഞ്ചാരികളെ മാടിവിളിക്കുന്ന ഒരു ചൈനീസ് താഴ്‌വാരഗ്രാമമാണ് ഷിങ്പിങ് (Xingping). 'സ്വര്‍ഗത്തിന് താഴെ മലയും പുഴയും ചേരുന്ന ഭൂമിയുടെ സ്വര്‍ഗം' എന്നാണീ പ്രദേശത്തെ ചൈനീസുകാര്‍ വിശേഷിപ്പിക്കുന്നത്.

Xingping China

ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ടും റെയില്‍വേ സ്റ്റേഷനും 120 കിലോമീറ്റര്‍ ദൂരെയുള്ള ഗ്വീലിന്‍ (Guilin) നഗരത്തിലാണ്. അവിടെനിന്ന് ഷിങ്പിങ് വരെ ബസില്‍ യാത്രചെയ്യണമെങ്കില്‍, യാങ്ഷുവോ (Yangshuo) പട്ടണത്തില്‍ ഇറങ്ങി മാറിക്കയറണം. ഷിങ്പിങ് കാണാന്‍ എത്തുന്ന സഞ്ചാരികള്‍ അധികംപേരും ഹോട്ടല്‍ ബുക്ക് ചെയ്യുന്നത് യാങ്ഷുവോ പട്ടണത്തിലാണ്. ഞങ്ങളും അവിടെത്തന്നെയാണ് രാത്രി തങ്ങാന്‍ തിരഞ്ഞെടുത്തത്. ഷിങ്പിങിന്റെ ദൃശ്യവൈവിധ്യം മുഴുവനായി മനസ്സ് നിറഞ്ഞാസ്വദിക്കണമെങ്കില്‍ ഉദയാസ്തമയങ്ങള്‍ പുഴയില്‍നിന്നും മലമുകളില്‍നിന്നും നോക്കിക്കാണണം. ഉരുളന്‍ തലപ്പുള്ള ചെങ്കുത്തായ കുന്നുകളാണ് ആ പ്രദേശം മുഴുവന്‍. നടന്നുകയറാന്‍ പറ്റുന്ന രണ്ടു കുന്നുകള്‍ മാത്രമെ ആ ഗ്രാമത്തിനു പരിസരത്തായിട്ടുള്ളൂ എന്നാണ് മനസ്സിലാക്കിയത്. അങ്ങനെയാണ് ഷിയാങ്കോങ് (Xianggong) കുന്നിലെ സൂര്യോദയവും ലാവോജായ് (Laozhai) കുന്നിലെ അസ്തമയവും രണ്ടു മല കയറ്റങ്ങള്‍ക്കുമിടയില്‍ ലീ നദിയിലൂടെ ഒരു ബോട്ട് യാത്രയും ഞങ്ങള്‍ തീരുമാനിക്കുന്നത്.

പിറ്റേന്ന് അതിരാവിലെതന്നെ ഞങ്ങള്‍ ഉണര്‍ന്ന് റെഡിയായി. തലേന്ന് പറഞ്ഞുവെച്ചിരുന്ന ടാക്‌സി ഹോട്ടലിനു മുന്നില്‍ നില്‍പ്പുണ്ടായിരുന്നു. നാലുമണിക്കുണര്‍ന്ന് റെഡിയായി ഞങ്ങളെ സൂര്യോദയം കാണിക്കാന്‍ ഒറ്റക്കിരുട്ടില്‍ കാറോടിച്ചുവന്ന ഡ്രൈവര്‍യുവതിയുടെ പേര് ഏമി ലിയാന്‍ഫെങ് എന്നാണ്. ചൈനയിലെ സ്ത്രീകള്‍ പൊതുവെ ധൈര്യവും തന്റേടവും വേണ്ടുവോളം ഉള്ളവരാണ്. പുള്ളിക്കാരി അറിയാവുന്ന ഇംഗ്ലീഷില്‍ തട്ടിമുട്ടി ഞങ്ങളോട് സംസാരിച്ചുകൊണ്ടാണ് ഡ്രൈവ് ചെയ്യുന്നത്. ചൈനയില്‍ തപ്പിത്തടയാതെ ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ വളരെ വിരളമാണ്. 

Xingping China

മെയിന്‍ റോഡില്‍നിന്ന് ഉള്‍നാടന്‍ ഊടുവഴികളിലേക്ക് യാത്ര മാറിയതോടെ ഇരുട്ടില്‍ ഒന്നുരണ്ടിടങ്ങളില്‍ പുള്ളിക്കാരിക്കു വഴിതെറ്റി. സഞ്ചാരികള്‍ക്കെത്തിപ്പെടാന്‍ അത്ര എളുപ്പമുള്ള ഒരു സ്ഥലമല്ല ഷിയാങ്കോങ്. എങ്കിലും ഗൂഗിള്‍ മാപ്പ് നോക്കിയും ബോര്‍ഡുകള്‍ വായിച്ചും ഒക്കെ അധികം ചുറ്റാതെ മലയുടെ താഴ്‌വാരത്തെത്തി. ഇവിടെനിന്ന് മലമുകള്‍വരെ നടന്നുകയറാന്‍ കല്‍പ്പടവുകള്‍ കെട്ടിയിട്ടുണ്ടാക്കിയിട്ടുണ്ട്. കൂരിരുട്ടില്‍ മൊബൈല്‍ടോര്‍ച്ചിലെ വെളിച്ചത്തില്‍ പതുക്കെ നടന്നുകയറി മലമുകളിലെ വ്യൂവിങ് പ്ലാറ്റ്‌ഫോംവരെയെത്തി. സഞ്ചാരികള്‍ എത്തിച്ചേരുന്നതേയുള്ളൂ. ചൈനീസ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വളരെ പ്രിയപ്പെട്ട സ്ഥലമാണ് ഷിയാങ്കോങ് മലമുകളിലെ ഈ വ്യൂപോയിന്റ്. വിലകൂടിയ ഫോട്ടോഗ്രഫി കിറ്റുമായി വന്നിട്ടുള്ള പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരും കൂട്ടത്തിലുണ്ട്. 

ഇരുട്ട് മാറിയിട്ടില്ല ഇനിയും. അങ്ങ് ദൂരെ താഴെയായി ഷിങ്പിങ് ഗ്രാമത്തിലെ വഴിവിളക്കുകള്‍ കത്തിനില്‍ക്കുന്നത് കാണാം. ഉരുളന്‍കുന്നുകളെ ചുറ്റി വളഞ്ഞൊഴുകുന്ന നദിയില്‍ നിലാവെളിച്ചം പ്രതിഫലിക്കുന്നുണ്ടായിരുന്നു. ചെറുമേഘങ്ങള്‍ അവിടവിടെയായി പാറിനില്‍ക്കുന്നു. മൂടല്‍മഞ്ഞില്‍ ഉറങ്ങിക്കിടക്കുകയാണ് നദിയും കുന്നുകളും താഴ്‌വരയിലെ വീടുകളും എല്ലാം.

Xingping China

ഇരുട്ടും മൂടല്‍മഞ്ഞും പ്രകൃതിയുടെ ആ കാന്‍വാസിന്റെ വലുപ്പവും ചേര്‍ന്നതോടെ ക്യാമറയില്‍ എല്ലാം ഒപ്പിയെടുക്കാന്‍ ഇത്തിരി പ്രയാസപ്പെടേണ്ടി വന്നു. കോടമഞ്ഞിനിടയിലൂടെ സൂര്യോദയം അതിന്റെ പൂര്‍ണതേജസ്സോടെ കാണാനാവുമോ എന്നായിരുന്നു ഞങ്ങളുടെ സംശയം. തെറ്റിയില്ല. വെളിച്ചം പതുക്കെ പരക്കാന്‍ തുടങ്ങിയപ്പോഴേക്കും ഉദയത്തിന്റെ നിറക്കൂട്ടുകള്‍ മൂടല്‍മഞ്ഞില്‍ അലിഞ്ഞുപോയിരുന്നു. പക്ഷേ, അധികമൊന്നും നിരാശതോന്നിയില്ല. കോടമഞ്ഞിന്റെ ആവരണമുണ്ടെങ്കിലും കണ്‍മുന്നിലെ ഫ്രെയിം അതീവ സുന്ദരം തന്നെയായിരുന്നു.

ഒരു മണിക്കൂറോളം അവിടെ ചെലവിട്ടശേഷമാണ് ഞങ്ങള്‍ താഴേക്കിറങ്ങിയത്. ഏമി കാത്തുനില്‍പ്പുണ്ടായിരുന്നു. അവിടെ നിന്നും യാങ്ഡി ബോട്ട് ജെട്ടിയിലേക്കാണ് ഇനി പോവുന്നത്. യാങ്ഡിയില്‍നിന്നുമാണ് ലീ നദിയിലൂടെ ഷിങ്പിങ് താഴ്‌വാരംവരെയുള്ള ബോട്ട്‌യാത്ര തുടങ്ങുന്നത്. ഈ നദി അതിന്റെ ഏറ്റവും വശ്യസുന്ദരമായ ഭാവങ്ങള്‍ കൈവരിക്കുന്നത് കാണാന്‍ ഏറ്റവും മികച്ച മാര്‍ഗം ഇതാണ്. ബോട്ട്‌ജെട്ടിയില്‍ സാമാന്യം തിരക്കുണ്ട്. ചെറുതായി മഴ ചാറിത്തുടങ്ങിയിരുന്നു. കൂട്ടിന് കോടമഞ്ഞിന്റെ നേരിയ തണുപ്പും. ലീ നദി ആസ്വദിക്കാന്‍ ഏറ്റവും പറ്റിയ കാലാവസ്ഥ. ഞങ്ങളുടെ സാരഥിക്ക് തിരിച്ചുപോവാറായി. പോവുന്നതിനു മുമ്പ് ഞങ്ങളെ രണ്ടാളെയും ഒപ്പം ചേര്‍ത്തുനിര്‍ത്തി ഏമിയുടെ ഫോണില്‍ ഒരു സെല്‍ഫിയും എടുത്തിട്ടാണ് പുള്ളിക്കാരി മടങ്ങിപ്പോയത്.

Xingping China

നാലു പേര്‍ക്കിരിക്കാവുന്ന ചെറിയ മോട്ടോര്‍ ബോട്ടുകളാണ് നദിയില്‍ അധികവും. യാത്ര തുടങ്ങുംമുമ്പ് ബോട്ടിലെ അമരക്കാരന്‍ ഒരു ഓഫര്‍ വെച്ചു. അയാള്‍ ആവശ്യപ്പെട്ട തുക അധികം കൊടുത്താല്‍ വേഗം കുറച്ച് ബോട്ട് ഓടിക്കാമെന്ന്. ഒരു മണിക്കൂറില്‍ തീരുന്ന യാത്ര കാഴ്ചകള്‍ ഒക്കെ പതിയെ കണ്ട് ഒന്നരമണിക്കൂര്‍ എടുത്തേ തീര്‍ക്കൂ. അല്ലെങ്കിലേ, പോക്കറ്റ് കീറിയിരിക്കുന്നതുകൊണ്ട് ഞങ്ങളതില്‍ താത്പര്യം കാണിച്ചില്ല. അയാള്‍ ബോട്ടെടുത്തു. നോക്കിയപ്പോള്‍ ചുറ്റുമുള്ള ബോട്ടുകളേക്കാളൊക്കെ പതുക്കെ തന്നെയാണ് ഞങ്ങളുടെ ബോട്ട് നീങ്ങുന്നത്. പിന്നെയാണ് സംഗതി പിടികിട്ടിയത്. ഈ പുള്ളിയുടെ ബോട്ടിന്റെ എഞ്ചിന്‍ സാമാന്യം പഴഞ്ചനായതുകൊണ്ട് എന്തായാലും ഇത് പതുക്കെയേ പോവൂ. 

Xingping China

ആ കുറവൊരു ഗുണമാക്കിമാറ്റി കാശുണ്ടാക്കാനൊരു ശ്രമം നടത്തിനോക്കിയതാണ് മൂപ്പര്‍. തട്ടിപ്പുകാരനാണെങ്കിലും ചെറുതല്ലാത്ത ഒരു പാഠമാണയാള്‍ പഠിപ്പിച്ചുതന്നത്. മനസ്സാന്നിധ്യമുണ്ടെങ്കില്‍ നമ്മുടെ പോരായ്മകള്‍പോലും അനുകൂലമാക്കിമാറ്റാന്‍ ചിലപ്പോഴൊക്കെ സാധിക്കുമെന്ന്.
 
തെളിഞ്ഞ് നിറഞ്ഞൊഴുകുന്ന നദിയുടെ ഒത്ത നടുവിലൂടെയാണ് ബോട്ട് പോവുന്നത്. വീശുന്ന കാറ്റില്‍ അടിക്കുന്ന മഴച്ചാറ്റല്‍ ക്യാമറയും ലെന്‍സും ചെറുതായി നനച്ചുകൊണ്ടിരുന്നു. എങ്കിലും ഉത്സാഹിച്ചുള്ള ഫോട്ടോഗ്രഫിക്കൊരു കുറവും വന്നില്ല. ഇരുകരകളിലും ഉയര്‍ന്നുനില്‍ക്കുന്ന ഉരുളന്‍ കുന്നുകള്‍ക്ക് നടുവിലൂടെ ചെറുതായി പൊങ്ങിയും താണും പാതി സ്വപ്നത്തിലെന്ന പോലെയാണ് യാത്ര. കുന്നുകള്‍ക്കുമീതെ പഞ്ഞിക്കെട്ടുകള്‍ പോലെ അവിടവിടെ ചെറുമേഘങ്ങള്‍ തട്ടിത്തടഞ്ഞ് നില്‍ക്കുന്നുണ്ടായിരുന്നു.

വഴിയില്‍ രണ്ടുമൂന്ന് ചെറുഗ്രാമങ്ങള്‍ കടന്നുപോയി. മഴതോര്‍ന്ന് വെയിലുദിച്ചു തുടങ്ങിയിരുന്നു. പുഴയുടെ തീരത്തിരുന്ന് വറുത്തമീനും ചോളവും ആസ്വദിച്ച് കഴിക്കുകയാണ് ചില സഞ്ചാരികള്‍. പുഴയോരക്കാഴ്ചകള്‍ ആസ്വദിച്ചിരുന്ന് ഷിങ്പിങ് എത്തിയതറിഞ്ഞില്ല. ഈ സ്ഥലത്തെ ഒരുഗ്രാമം എന്ന് വിളിക്കുന്നതിനേക്കാള്‍ ഒരു ചെറിയ പട്ടണം എന്നുതന്നെ വിശേഷിപ്പിക്കുന്നതാവും ഉചിതം. നല്ല വിശപ്പുണ്ട്. പുഴക്കരയില്‍ കണ്ട ഒരു കച്ചവടക്കാരിയുടെ കൈയില്‍നിന്ന് ചോളവും മീന്‍വറുത്തതും വാങ്ങി വയറുനിറയെ കഴിച്ചു.
 
ഷിങ്പിങ്ങിനു പുറകിലായി ഒരു ഗ്രാമമുണ്ട്. ലീ നദിയിലെ മീനുകളാണ് ആ ഗ്രാമത്തിന്റെ മുഖ്യ ഉപജീവനമാര്‍ഗം. വളരെ കൗതുകകരമായ ഒരു രീതിയിലാണ് അവിടെയുള്ളവര്‍ മീന്‍ പിടിക്കുന്നത്. ഓരോരുത്തരും നീര്‍ക്കാക്കകളെ വളര്‍ത്തുന്നുണ്ട്. നീര്‍ക്കാക്കകള്‍ പൊതുവേ മീന്‍ പിടിക്കാന്‍ മിടുക്കരാണ്. മീന്‍ പിടിക്കുന്നവര്‍ വഞ്ചിയില്‍ പുഴയുടെ നടുക്കുവരെ ചെന്ന് ഈ പക്ഷികളുടെ കാലില്‍ ചരടുകെട്ടി പുഴയിലേക്ക് വിടും. അവ ഉത്സാഹിച്ചു നീന്തിപ്പോയി മീനുകളെ കൊത്തിയെടുക്കും. പക്ഷേ, വിഴുങ്ങാനാവില്ല. കാരണം കഴുത്തില്‍ ചെറിയൊരു കുടുക്കിട്ടിട്ടുണ്ടാവും. അങ്ങനെ മീന്‍ വായിലാക്കി വിഴുങ്ങാനാവാതെ നീന്തുന്ന ആ പക്ഷികളെ ഇവര്‍ ചരടുവലിച്ച് വഞ്ചിയിലേക്കടുപ്പിക്കും. വായില്‍നിന്ന് മീനെടുത്തശേഷം വീണ്ടും പക്ഷികളെ പുഴയിലേക്ക് വിടുന്നു. നീര്‍ക്കാക്കകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ വിഷമം തോന്നുമെങ്കിലും തോട്ടപൊട്ടിച്ചും നഞ്ച് കലക്കിയുമൊക്കെ മീന്‍ പിടിക്കുന്നതിനേക്കാള്‍ ഭേദമാണല്ലോ പ്രകൃതിയോടിണങ്ങിയുള്ള ഈ രീതി. 

പക്ഷേ, ഈ പരമ്പരാഗതരീതി പിന്തുടരുന്നവരുടെ എണ്ണം വളരെ കുറവാണിന്ന്. ലീ നദിയില്‍ മീനുകള്‍ കുറയുന്നതും കൂടുതല്‍ ലാഭകരമായ മറ്റുരീതികള്‍ പരീക്ഷിക്കുന്നതുമൊക്കെയാണ് കാരണം. ഏതായാലും തന്റെ രണ്ട് നീര്‍ക്കാക്കകളെയും തോളില്‍ തൂക്കി മുളന്തൊപ്പിയുംവെച്ച് മീന്‍പിടിക്കാന്‍ പോവുന്ന ഒരു താടിക്കാരന്‍ അപ്പൂപ്പന്‍ ഞങ്ങള്‍ക്കുമുന്നില്‍ വന്നുപെട്ടു. നിഷ്‌കളങ്കമായ ചിരി. അതിന് ഭാഷകള്‍ തടസ്സമല്ലല്ലോ!

ഷിങ്പിങ് പട്ടണം ഒന്ന് ചുറ്റിനടന്നുകണ്ടപ്പോഴേക്കും സമയം മൂന്നുമണിയോടടുത്തു. ലാവോജായ് കുന്ന് കയറണം. ചൈനീസ് സഞ്ചാരികള്‍പോലും വലിയ താത്പര്യം കാണിക്കാത്ത ഒരു മലയാണ് ലാവോജായ്. മുകളില്‍ എത്തിപ്പെടാനുള്ള കഷ്ടപ്പാടുതന്നെ മുഖ്യ കാരണം. ഷിയാങ്കോങ് മലയേക്കാള്‍ കുത്തനെയുള്ള കയറ്റവും ഒതുക്കമില്ലാത്ത പടവുകളും ചവിട്ടിക്കയറിവേണം മുകളിലെത്താന്‍. ആകാശം മൂടിക്കെട്ടിനില്പാണ്. ഈ കാലാവസ്ഥയില്‍ അസ്തമയത്തിനുമുമ്പ് താഴെ ഇറങ്ങിയില്ലെങ്കില്‍ അപകടമാണ്. ഇരുട്ടും മഞ്ഞും മഴയും ഒത്തുചേര്‍ന്നാല്‍ കുന്നിറങ്ങുന്നത് ദുഷ്‌കരമാവും. എത്രയും പെട്ടെന്ന് കയറുന്നോ അത്രയും നല്ലത്. 

മുകളിലേക്കുള്ള വഴിയില്‍ എങ്ങും ആരുമില്ല. ഞങ്ങള്‍ രണ്ടുപേര്‍ മാത്രം. കയറുംതോറും പടവുകളുടെ വീതി കുറഞ്ഞുകുറഞ്ഞു വരുകയായിരുന്നു. കഷ്ടിച്ച് ഒരുപാദം വയ്ക്കാനുള്ള വീതിയൊക്കെയേ ചില കല്ലുകള്‍ക്കുള്ളൂ. മഴയത്ത് നനഞ്ഞുകിടക്കുന്ന പടവുകള്‍ ചെറുതായി വഴുക്കുന്നുമുണ്ടായിരുന്നു. തിരിച്ചിറങ്ങിയാലോ എന്ന് മനസ്സില്‍ തോന്നിത്തുടങ്ങി. ഏതായാലും നാട്ടില്‍നിന്നും ഇത്രയും ദൂരം സഞ്ചരിച്ച് ഇതുവരെ എത്തിയില്ലേ, ഇനി നഷ്ടബോധങ്ങളില്ലാതെ വേണം തിരിച്ചുപോവാന്‍ എന്നുപറഞ്ഞ് ധൈര്യം തന്നത് താരയാണ്. അങ്ങനെ നടന്നും ഇരുന്നും പൊത്തിപ്പിടിച്ചുകയറിയും മലയുടെ മുകളറ്റം എത്താറായി. അതോടെ ക്ഷീണവും ഭയവുമെല്ലാം കുതറിച്ചുകളഞ്ഞ് കയറ്റം വേഗത്തിലാക്കി.

കയറിച്ചെല്ലുന്നത് തുറസ്സായ ഒരിടത്തേക്കാണ്. ഞങ്ങള്‍ രണ്ടുപേരല്ലാതെ മറ്റാരുമില്ല, മുകളില്‍. കൈയെത്താവുന്ന ദൂരത്തില്‍ മേഘങ്ങള്‍, മൂന്നുഭാഗവും അഗാധമായ താഴ്ചയിലേക്ക് തള്ളിനില്‍ക്കുന്ന പാറക്കെട്ടുകള്‍. അറ്റത്തുനിന്ന് താഴോട്ടുനോക്കുമ്പോള്‍ അതിരാവിലെ കണ്ടതിലും മനോഹരമായ കാഴ്ചകള്‍! ഒരുവശത്ത് കുതിരലാടത്തിന്റെ രൂപത്തില്‍ വളഞ്ഞൊഴുകുന്ന ലീ നദിയും അതില്‍ തീപ്പെട്ടിക്കൂടുകള്‍ ഒഴുകിനടക്കുന്നെന്നപോലെ തോന്നിക്കുന്ന ബോട്ടുകളും. നദിക്കരയില്‍ മൂന്നുവശവും ജലത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന കുറച്ചു വീടുകള്‍. അവയ്ക്കുപിന്നില്‍ തലയുയര്‍ത്തി കാവല്‍ നില്‍ക്കുന്നതുപോലെ മലകള്‍.

മറുവശത്ത് ചെന്നുനോക്കിയാല്‍ കാണാവുന്നത് ഷിങ്പിങ്ങ് പട്ടണത്തിന്റെ വേറൊരു ഭാഗമാണ്. ലീ നദിയിലേക്കൊഴുകി വന്നുചേരുന്ന വേറൊരു നദി. ആ നദിക്കുകുറുകേയുള്ള പാലവും തൊട്ടുതാഴെയായി ഒരു ചെറിയ ബണ്ടും. മുകള്‍ഭാഗത്ത് കനത്ത മഴ പെയ്യുന്നതുകൊണ്ടാവാം, ആ നദി കലങ്ങിമറിഞ്ഞാണ് ലീ നദിയുടെ തെളിവെള്ളത്തിലേക്ക് വന്നുചേരുന്നത്. രണ്ടുനദികളും ഒത്തുചേരുന്ന ഭാഗം പാതി കലങ്ങിയും പാതി തെളിഞ്ഞും ഒഴുകുന്നു. വളരെ കൗതുകമാര്‍ന്ന ഒരു നദീസംഗമം. ആ രണ്ടുനദികളെയും തൊട്ടുകൊണ്ട് നടുവിലുയര്‍ന്നുനില്‍ക്കുന്ന ചെറിയ കുന്നുകള്‍. ആ കുന്നുകളുടെ മടിത്തട്ടില്‍ വിശ്രമിക്കുന്ന മേഘക്കെട്ടുകള്‍. അതിനെല്ലാം താഴെയായി ആ രണ്ടുപുഴകളാല്‍ ചുറ്റപ്പെട്ട ഷിങ്പിങ്ങ് പട്ടണത്തിന്റെ മറ്റൊരു തുണ്ട്.

മലകളും പുഴകളും മേഘക്കെട്ടുകളും കോടമഞ്ഞും താഴെ ഷിങ്പിങ്ങ് പട്ടണവും എല്ലാം ചേര്‍ന്നൊരുക്കി വെച്ചിരിക്കുന്ന നയനാനന്ദകരമായ ഒരുവലിയ കാന്‍വാസ് തന്നെയാണീ താഴ്‌വാരം. ഉയരങ്ങളുടെ ലഹരി അതിന്റെ പാരമ്യത്തില്‍ അനുഭവിച്ചറിയുകയായിരുന്നു. ജീവിക്കുന്നുണ്ട്, ഇനിയും ജീവിക്കാനുണ്ട്, എന്ന ബോധ്യം ആവേശത്തോടെ ഉള്‍ക്കൊണ്ട നിമിഷങ്ങള്‍. പ്രകൃതിയുടെ സൗന്ദര്യത്തില്‍ സ്വയംമറക്കുന്ന ഏതൊരു സഞ്ചാരിയും ജീവിതത്തിലൊരിക്കലെങ്കിലും വന്നുകണ്ട് അനുഭവിക്കേണ്ട ഒരു വിസ്മയലോകം തന്നെയാണ് ഷിങ്പിങ്ങ്. താഴേക്കിറങ്ങുവാന്‍ തോന്നിയതേയില്ല. ഇരുട്ട് വീഴുന്നതിനുമുമ്പ് താഴെയെത്തണം എന്നതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ മലയിറങ്ങിത്തുടങ്ങിയത്. താഴ്‌വാരത്തുനിന്ന് ഹോട്ടലിനടുത്തേക്ക് ബസ് കിട്ടും. ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ ഇറങ്ങിവന്ന മലമുകളിലേക്കൊന്നു തിരിഞ്ഞുനോക്കി. മനസ്സില്‍ ആഗ്രഹിച്ചതെല്ലാം അതിന്റെ പാരമ്യത്തില്‍ അനുഭവിച്ചറിഞ്ഞെങ്കിലും എന്തിനാണെന്നറിയാത്ത ഒരു നഷ്ടബോധം വളരുകയായിരുന്നു, മനസ്സില്‍. യാത്രകളുടെ അവസാനങ്ങള്‍ എന്നും അങ്ങനെയാണല്ലോ...!

Xingping

Get There:
Nearest Airport & Railway station: Guilin

Stay: 
Nearest town where hotels are available: Yangshuo. GuilinYangshuo: 85 kms. Direct bus available.  Yangshuo Xingping: 30 kms. Direct bus available.  Yangshuo Yangdi : 40 kms. Direct bus available.  Yangshuo Xianggong: 30 kms. No bus service. Hire a taxi.

Contact
Local Guide: Amy Lianfeng 
Email: yangshuolianfengamy@aliyun.com