മൂന്നുമാസത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ആ യാത്ര. 25 വര്‍ഷത്തെ സൗഹൃദം ഊട്ടിയുറപ്പിച്ച ഞങ്ങളുടെ ഏഴംഗസംഘം ഭൂട്ടാനിലേക്ക്. ഞാനൊരു സഞ്ചാരിയാണെങ്കിലും ഭൂട്ടാനിലേക്കുള്ള യാത്രയെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. ജോമിയാണ് ഭൂട്ടാന്‍ യാത്രയെക്കുറിച്ച് പറയുന്നത്. കേട്ടപ്പോള്‍ വലിയതാത്പര്യം തോന്നി. പിന്നീടങ്ങോട്ട് യാത്രയെക്കുറിച്ചുള്ള ചര്‍ച്ചയുടെ ദിവസങ്ങളായിരുന്നു. ഒടുവില്‍ ഞങ്ങള്‍ ഏഴുപേര്‍, അമ്മമാരായ ഷീജേച്ചിയും ജോമിയും നാത്തൂന്‍മാരായ സംഗീതയും സോനുവും കുട്ടികളായ അശ്വനിയും റിതുവും പിന്നെ ഞാനുമടങ്ങുന്ന സംഘം യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി.

Bhutan 1

സാധാരണ യാത്രകള്‍ക്ക് വലിയ മുന്നൊരുക്കങ്ങള്‍ ഒന്നും ഉണ്ടാവാറില്ല. ഇത്തവണ പക്ഷേ, വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. ഒരു ദിവസം എല്ലാവരും ഒരേ ഹൂഡിസ് ധാരികളാവാം എന്ന തീരുമാനത്തില്‍ എത്തിയത് ജീവിതത്തോട് ഞങ്ങള്‍ക്കുള്ള കാഴ്ചപ്പാട് പ്രതിഫലിക്കപ്പെടണമെന്ന് തോന്നിയത് കൊണ്ടാണ്. 'ബി ഫിയര്‍ലസ് ബി യു' ജീവിതവും ഏറക്കുറേ അങ്ങനെയല്ലേ? ജീവിതത്തിനു മുന്നില്‍ ഭയമില്ലാതെ നമ്മള്‍ നമ്മളായിത്തന്നെ ജീവിക്കുക. നമ്മള്‍ നമ്മളായി സ്വയംപ്രതിഫലിക്കാന്‍ ആ സന്ദേശം എഴുതിയ ഹൂഡിസ് ഒരുദിവസം ഒരുമിച്ചു ധരിക്കാം എന്ന് തീരുമാനിച്ചു. തിരുപ്പൂരിലുള്ള സുഹൃത്തിന്റെ സഹോദരന്‍ ഒരു മടിയുംകൂടാതെ ഹൂഡിസ് ചെയ്തുതന്നു. പ്രതിസന്ധികളെ മറന്ന് ജീവിക്കാനുള്ള ഉള്‍ക്കരുത്ത് നേടിയാലേ ജീവിതവിജയത്തിലെത്തൂവെന്ന സന്ദേശം യാത്രയില്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കുക എന്നതായിരുന്നു ലക്ഷ്യം.

കാത്തിരിപ്പിനൊടുവില്‍ ആ ദിവസം വന്നെത്തി. ഏപ്രില്‍ 25-ന് രാവിലെ പത്തുമണി ആവുമ്പോഴേക്കും ബെംഗളൂരു എയര്‍പോര്‍ട്ടില്‍ എത്തി. നേരെ കൊല്‍ക്കത്തയ്ക്ക്. അതേ വിമാനത്തില്‍ത്തന്നെ ബഗ്ഡോഗ്രയിലേക്ക്. വൈകീട്ട് മൂന്നരയോടെ അവിടെ യെത്തുമ്പോള്‍ ഞങ്ങളുടെ സാരഥി പസന്ത് കാത്തു നില്‍പ്പുണ്ടായിരുന്നു. താമസത്തിനായി നേരത്തേ ബുക്ക് ചെയ്തിരുന്ന ഭൂട്ടാന്‍ ഫുന്‍ ഷോലിയെന്ന ഹോട്ടലിലേക്ക്. വഴിയില്‍ രണ്ടുമൂന്ന് ചെക്ക്പോസ്റ്റ് ഉണ്ടായിരുന്നു. തിരിച്ചറിയല്‍ രേഖയായി പാസ്പോര്‍ട്ടുകള്‍ കാണിച്ചു. ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തിയില്‍ രാജ്യങ്ങളെതമ്മില്‍ വേര്‍തിരിച്ചു നിര്‍ത്തുന്ന വലിയമതില്‍. ഭൂട്ടാന്‍ മാതൃകയിലുള്ള വലിയകവാടം തലയെടുപ്പോടെ നില്‍ക്കുന്നു. രാത്രിയുടെ അരണ്ട വെളിച്ചത്തില്‍ വൃത്തിയുള്ള പാതകളും വഴിയോരക്കാഴ്ചകളും നിലാവിനെക്കാള്‍ മനോഹരം. ഹോട്ടലില്‍ എത്തിച്ചേര്‍ന്നപ്പോള്‍ മറ്റൊരു ലോകത്ത് എത്തിപ്പെട്ടപോലെ. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒത്തുചേരലിന്റെ സന്തോഷം ഭൂട്ടാനിലെ രാത്രിയെ വാചാലമാക്കി.

Bhutan 1

കാണാം, ഈ സുന്ദരഭൂമി

ഏത് രാജ്യത്തുപോയാലും അവിടത്തെ പ്രകൃതിക്കനുസൃതമായി സൂര്യന്‍ ഉദിക്കുന്ന കാഴ്ച നഷ്ടപ്പെടുത്താറില്ല. ഭൂട്ടാനിലും പതിവുതെറ്റിച്ചില്ല. മഴയുടെ സംഗീതം കേട്ടുകൊണ്ടാണ് ഉറക്കമുണര്‍ന്നത്. സൂര്യോദയം കാത്തുനിന്ന എന്നെ നിരാശപ്പെടുത്തിക്കൊണ്ട് മേഘങ്ങള്‍ക്കുള്ളില്‍ ഒളിച്ചിരുന്ന സൂര്യനോട് അല്പം പരിഭവം തോന്നാതിരുന്നില്ല. ഹോട്ടല്‍ മുറിയിലെ വാതായനങ്ങള്‍ പ്രഭാത കാഴ്ചകളൊരുക്കി. മഴയില്‍ക്കുതിര്‍ന്നു നില്‍ക്കുന്ന വിദ്യാലയത്തിലേക്ക് നടന്നുനീങ്ങുന്ന കുട്ടികളും പ്രാവുകള്‍ക്ക് തീറ്റകൊടുക്കുന്ന ഭൂട്ടാന്‍കാരനും... കണ്ടുമറന്ന കാഴ്ചകളുടെ ബാക്കിപത്രം തന്നെ. പ്രാതല്‍കഴിച്ച് ഹോട്ടല്‍ റിസപ്ഷനില്‍ എത്തിയപ്പോഴും മഴയുടെ സംഗീതം നിലച്ചിരുന്നില്ല. അവര്‍ ഞങ്ങള്‍ക്കുവേണ്ടി കുടകള്‍ കരുതിയിരുന്നു . സാരഥി പസന്ത് എത്തിയതോടെ യാത്ര ആരംഭിച്ചു. മഴ വിടവാങ്ങാന്‍ തുടങ്ങിയിരിക്കുന്നു. ഒളിച്ചിരുന്ന സൂര്യന്‍ മറനീക്കി പതുക്കെ പുറത്തുവന്ന് മന്ദഹസിച്ചു. ലോകമേ തറവാട് എന്നാണെങ്കിലും മറ്റൊരു രാജ്യത്ത് ചേക്കേറാന്‍ നമ്മെ കാത്തിരിക്കുന്ന നിയമനടപടികള്‍ പൂര്‍ത്തിയാക്കാനായിരുന്നു അതിര്‍ത്തിയിലേക്ക് പസന്ത് ഞങ്ങളെ കൊണ്ടുപോയത്. എമിഗ്രേഷന്‍ ഓഫീസില്‍ സാമാന്യം തിരക്കുണ്ടായിരുന്നു. അവിടെ ഞായറാഴ്ചയും പൊതുഅവധിദിനങ്ങളും പ്രവര്‍ത്തനമില്ല. അപ്പോള്‍ പെര്‍മിറ്റ് കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കും. മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നതുകൊണ്ടും സഹായത്തിനായി ലഭിച്ച പെണ്‍കുട്ടി സമര്‍ഥയും സുന്ദരിയുമായതുകൊണ്ടും എമിഗ്രേഷന്‍ ഓഫീസിലെ നീണ്ടവരിയില്‍നിന്നും എളുപ്പത്തില്‍ മോചനം കിട്ടി. അരമണിക്കൂറിനകം ഞങ്ങളുടെ പാസ്‌പോര്‍ട്ടുകളില്‍ ഭൂട്ടാന്‍ പെര്‍മിറ്റ് പതിഞ്ഞു. ഏഴുദിവസത്തേക്ക് ഞങ്ങളും ഭൂട്ടാനികള്‍. ഏത് രാജ്യത്തുപോയാലും പ്രിയപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്താന്‍ മൊബൈല്‍ സിം കാര്‍ഡ് എന്ന അദ്ഭുതത്തിന് കഴിയുമെന്നതിനാല്‍ അടുത്തുള്ള കടയില്‍നിന്ന് അത് സംഘടിപ്പിച്ച് ഞങ്ങള്‍ വണ്ടിയില്‍ കയറി. ഇപ്പോഴും രാജഭരണത്തിന്‍ കീഴിലുള്ള ഭൂട്ടാനെന്ന രാജ്യത്തെ തൊട്ടറിയാന്‍, കണ്ടറിയാന്‍, കേട്ടറിയാന്‍ ഞങ്ങളുടെ യാത്ര തുടങ്ങുന്നു.

ഇതുവരെ കണ്ടിട്ടുള്ള ഹില്‍ സ്റ്റേഷനുകളില്‍നിന്ന് വ്യത്യസ്തമായിരുന്നു ഇവിടം. അനാവശ്യമായ ഹോണടിയോ കടന്നുകേറിയുള്ള ഡ്രൈവിങ്ങോ ഇല്ലാതെ ശാന്തമായി വാഹനങ്ങള്‍ ഒഴുകിക്കൊണ്ടിരുന്നു. കാറിലെ ഹിന്ദി പാട്ടിനു താളമിടാന്‍ വന്ന ഇളംകാറ്റിന്റെ നേരിയതണുപ്പ് ഗൃഹാതുരത്വമുണര്‍ത്തിക്കൊണ്ടേയിരുന്നു. പ്രകൃതി പച്ചപ്പട്ടു പുതച്ചുനില്‍ക്കുന്ന ദൃശ്യങ്ങള്‍ വണ്ടി നിര്‍ത്തി ക്യാമറയില്‍ പകര്‍ത്തി. മധ്യാഹ്നം എത്തിയെന്നറിഞ്ഞതു തന്നെ വിശപ്പ് ഓര്‍മപ്പെടുത്തിയപ്പോഴാണ്. ചുറ്റും മലനിരകള്‍ കാവല്‍ നില്‍ക്കുന്ന കുന്നിന്‍മുകളില്‍ ഒരു ഭക്ഷണശാല കണ്ടു. മഴമേഘങ്ങളെ തലോടിവന്ന കാറ്റിന്റെ ദീര്‍ഘനിശ്വാസത്തിന് കുളിരനുഭവപ്പെടാന്‍ തുടങ്ങിയപ്പോഴേക്കും ഞങ്ങള്‍ ഭക്ഷണശാലയില്‍ എത്തിച്ചേര്‍ന്നു. വൃത്തിയുള്ള അന്തരീക്ഷം. ഇവിടെ മാത്രമല്ല ഭൂട്ടാന്‍ രാജ്യംതന്നെ വൃത്തിയുടെ കാര്യത്തില്‍ മറ്റുള്ള രാജ്യങ്ങള്‍ക്ക് മാതൃകയാണെന്ന് തുടര്‍ യാത്രകളില്‍ ബോധ്യപ്പെട്ടു. വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളുടെ നീണ്ട പട്ടികയില്‍നിന്ന് ഏതു തിരഞ്ഞെടുക്കണമെന്നറിയാതെ സംശയിച്ചിരിക്കുമ്പോള്‍ തൊട്ടടുത്ത് ഒരു മലയാളി കുടുംബം. സൗഹൃദം പങ്കുവെക്കുന്നതിനിടയില്‍ ഭൂട്ടാനിലെ ഇഷ്ടവിഭവങ്ങളെക്കുറിച്ചും ചോദിച്ച് മനസ്സിലാക്കി. പ്രതീക്ഷിച്ചതിനെക്കാള്‍ വേഗത്തില്‍ പോര്‍ക്കും ബീഫും റൊട്ടിയുമെല്ലാം മുന്നില്‍ നിരന്നു. ചീസിന്റെ രുചി മുന്നിട്ടുനിന്നുവെങ്കിലും എല്ലാം നല്ല വിഭവങ്ങള്‍. ചെറിയ വിശ്രമത്തിനുശേഷം യാത്ര തുടര്‍ന്നു. പസന്തിന് ഹിന്ദി നന്നായി സംസാരിക്കാനറിയാം. യാത്രയിലെ സംശയങ്ങളെല്ലാം പസന്തിനോട് ചോദിച്ചുവെങ്കിലും ചുരുങ്ങിയ വാക്കുകളില്‍ മറുപടിയൊതുക്കി. ഞങ്ങള്‍ സ്ത്രീകള്‍ മാത്രമായതിനാല്‍ സംസാരിക്കാന്‍ അല്പം ജാള്യതയുള്ള പോലെ. യാത്ര ഇപ്പോള്‍ എത്തിനില്‍ക്കുന്നത് തിമ്പു എന്ന സ്ഥലത്താണ്. അവിടത്തെ ഒലാഖ എന്ന കോട്ടയിലെത്തി. ആറരയാവുമ്പോഴെക്കും അടയ്ക്കുമെന്ന് അറിഞ്ഞതിനാല്‍ വേഗത്തില്‍ കണ്ടു മടങ്ങി, തുമ്പ പട്ടണത്തിലേക്ക് കടന്നു.

ചിട്ടയോടെ ഗതാഗതനിയമങ്ങള്‍ പാലിച്ചുകൊണ്ട് നിരനിരയായി നീങ്ങുന്ന വാഹനങ്ങള്‍. ഗതാഗത നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കിയും അത് പാലിക്കുകയും ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഭൂട്ടാന്‍. നിലാവും ഇരുട്ടും കൃത്രിമവെളിച്ചവും സമ്മേളിച്ച് അഭൗമമായ സൗന്ദര്യത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന പാതകളിലൂടെയുള്ള സഞ്ചാരത്തിന് ഏഴരയോടെ താമസിക്കുന്ന ഹോട്ടല്‍ വൈറ്റ്താരയില്‍ വിരാമം. അവിടെ ഞങ്ങളെയും കാത്ത് യാത്രയ്ക്കുള്ള സൗകര്യങ്ങളൊരുക്കിത്തന്ന ഹെംനാഥ് മുതല്‍ ടൂര്‍ മാനേജര്‍ വരെയുണ്ടായിരുന്നു. തലേന്ന് ഞങ്ങള്‍ വൈകി ഹോട്ടലിലെത്തിയത് കാരണമാണ് ഇങ്ങനെ ഒരു സ്വീകരണമത്രെ. പൊന്നാടയണിയിച്ചും ഹാന്‍ഡ്മെയ്ഡ് പഴ്സ് സ്‌നേഹോപഹാരമായി നല്‍കിയുമുള്ള ഊഷ്മളമായ സ്വീകരണം. യാത്രയില്‍ പല കാര്യങ്ങളും വേണ്ടത്ര അറിയാന്‍ കഴിയാഞ്ഞതിനാല്‍ ഒരു ഗൈഡിന്റെ സഹായം വേണമെന്ന് ആവശ്യപ്പെട്ടത് യാത്രയ്ക്ക് ചുക്കാന്‍ പിടിക്കുന്ന ജോമിയായിരുന്നു. വിശേഷങ്ങള്‍ പങ്കുവെച്ചതിനുശേഷം ഗ്രൂപ്പ് ഫോട്ടോയുമെടുത്താണ് ആ കൂടിക്കാഴ്ച അവസാനിച്ചത്.

Bhutan 3

സന്തോഷത്തിന്റെ നാട്

അത്താഴം കഴിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ഹോട്ടല്‍ പരിസരം ചുറ്റിക്കാണണമെന്നായി. ഹോട്ടലിന് പിറകു വശം പച്ചക്കറിച്ചന്തയായിരുന്നു. അതിനോടുചേര്‍ന്ന് ചെറിയ ചെറിയ കടകള്‍ നിരന്നുനില്‍ക്കുന്നു. പലചരക്കുകടയില്‍പ്പോലും വിസ്‌കിയും ബ്രാണ്ടിയും ഭൂട്ടാന്‍ വൈനും എല്ലാം സുലഭം. അതേസമയം പുകവലിക്കാകട്ടെ കര്‍ശനനിരോധനവും. ഭൂട്ടാന്‍ വൈന്‍ രുചി അറിഞ്ഞിരിക്കണമല്ലോ. ഒന്ന് പരീക്ഷിച്ചു. നേരെ പച്ചക്കറിച്ചന്ത ലക്ഷ്യമാക്കി നീങ്ങി. ഭൂട്ടാനില്‍ എത്തിയപ്പോള്‍ മുതലുള്ള ആകാംക്ഷയായിരുന്നു. കേട്ടറിഞ്ഞപോലെത്തന്നെ അവിടെയുള്ളവര്‍ എല്ലാവരും സന്തോഷവാന്‍മാരാണോ എന്ന്. ആദ്യം കണ്ട പച്ചക്കറിക്കാരനോടുതന്നെ ചോദിച്ചു. അയാള്‍ അയാളുടെ കൃഷിയെപ്പറ്റിയും ഭൂട്ടാന്‍ രാജകുമാരനെപ്പറ്റിയും ഭൂട്ടാനിലെ കൃഷിരീതിയെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും അവര്‍ക്ക് പിന്തുണ നല്‍കുന്ന രാജാവിനെക്കുറിച്ചും വാചാലനായി. ഭൂട്ടാന്‍ രാജാവിനെക്കുറിച്ച് പറയുമ്പോള്‍ അവരുടെ കണ്ണുകളില്‍ ആത്മവിശ്വാസവും ബഹുമാനവും തിളങ്ങി നില്‍ക്കുന്നു. ഒരു എതിര്‍ശബ്ദവും ആ വായില്‍നിന്നും കിട്ടിയില്ല. പതിയെ ആ യജ്ഞം ഉപേക്ഷിച്ചു. അദ്ദേഹം ഹാപ്പിയാണെങ്കില്‍ നമ്മള്‍ ഡബിള്‍ ഹാപ്പിയെന്ന ചിന്തയോടെ വീണ്ടും ആ ചെറിയ തണുപ്പിലൂടെ തമാശകളും പറഞ്ഞ് കുറെദൂരം ഞങ്ങളും നടന്നു. അവിടമാകെ ചുറ്റിനടന്ന് ഹോട്ടല്‍ മുറിയിലെത്തിയപ്പോഴെക്കും രാത്രി പതിനൊന്ന് കഴിഞ്ഞു.

പതിവുപോലെ സൂര്യനോടൊപ്പം ഉണര്‍ന്ന് ജനല്‍പ്പാളികള്‍ തുറന്നപ്പോഴെക്കും നേരിയ കുളിര്‍ക്കാറ്റ് തലോടി മന്ദഹസിച്ച് കടന്നുപോയി. ജനാലയ്ക്കപ്പുറമുള്ള മനോഹരമായ ആ കാഴ്ച അപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്. പ്രധാന പാതയോട് ചേര്‍ന്ന് കുഞ്ഞലകള്‍ നൃത്തംചെയ്യുന്ന അരുവി. അപ്പുറമുള്ള വിദ്യാലയത്തിലേക്ക് നടന്നുനീങ്ങുന്ന കുട്ടികളോട് കഥകള്‍പറഞ്ഞ് ചിരിച്ചുല്ലസിക്കുന്ന അരുവിയെ പ്രഭാത കിരണങ്ങള്‍ തങ്കക്കുറി ചാര്‍ത്തി. ഏഴുമണിയോടെ പുതിയൊരു യാത്രയ്ക്കായി എല്ലാവരും തയ്യാറായി. സ്‌പെഷ്യല്‍ ഹൂഡീസ് ധരിച്ചുകൊണ്ടായിരുന്നു യാത്ര. ആ വേഷത്തില്‍ ഒരു പടമെടുക്കാന്‍ അരുവിയുടെ അരികിലുള്ള പാലം ലക്ഷ്യമാക്കി നടന്നു. പ്രധാന പാതയില്‍ ഗതാഗതക്കുരുക്കിനിടയില്‍ ഞെരിഞ്ഞമരുന്ന വാഹനങ്ങള്‍ ഹോണടിച്ച് നിലവിളിക്കുന്നില്ല. ഫോട്ടോ ആരെടുക്കുമെന്ന് ചിന്തിച്ചു നില്‍ക്കുമ്പോഴെക്കും മുന്നിലൊരു വിദ്യാര്‍ഥി. കൂട്ടുകാരെ കാത്തുനിന്ന് അവന്‍ ഹൂഡീസ് വേഷധാരികളായ ഞങ്ങളെ ക്യാമറയ്ക്കുള്ളിലാക്കി. പസന്തിനോടൊപ്പം ഗൈഡ് ഹേമയും കൂടെയുണ്ടായിരുന്നു. ഹേമയുടെ സാന്നിധ്യമാവാം പസന്ത് പ്രസന്നനായിരിക്കുന്നു. പത്തുമണിയോടുകൂടി ബുദ്ധ ഡോറിഡെന്‍മ എന്ന വലിയ ബുദ്ധപ്രതിമയുടെ മുന്നിലെത്തി. ആ പ്രതിമയ്ക്കുമുന്നില്‍ മൗനിയായി നില്‍ക്കുമ്പോള്‍ സാത്വികമായൊരു ഊര്‍ജപ്രവാഹം എന്നില്‍ വന്ന് നിറയുകയായിരുന്നു.

ഫോക് ഹെറിറ്റേജ് മ്യൂസിയം

ഫോക് ഹെറിറ്റേജ് മ്യൂസിയമാണ് അടുത്ത ലക്ഷ്യം. തലസ്ഥാന നഗരമായ തിംഫുവില്‍ സ്ഥിതിചെയ്യുന്ന 2001-ല്‍ സ്ഥാപിതമായ ഈ മ്യൂസിയം അവിടത്തെ പ്രധാന ആകര്‍ഷണമാണ്. സന്ദര്‍ശകര്‍ക്ക് ഭൂട്ടാനിലെ സംസ്‌കാരത്തെയും ജീവിതരീതിയെയും കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്നതായിരുന്നു ഈ പുരാവസ്തു സംരക്ഷണ കേന്ദ്രം. 19-ാം നൂറ്റാണ്ടിലെ പരമ്പരാഗത ഭവനത്തിനുള്ളിലാണ് ഫോക്ക് ഹെറിറ്റേജ് സ്ഥാപിച്ചിരിക്കുന്നത്. ഗ്രാമീണ ഗാര്‍ഹികോപകരണങ്ങള്‍, കരകൗശല വസ്തുക്കള്‍ എന്നിവയുടെ ആകര്‍ഷകമായ ശേഖരം ഇവിടെ കാണാം. ഗ്രാമീണരുടെ പരമ്പരാഗത ആചാരങ്ങള്‍, ജീവിതശൈലികള്‍ തുടങ്ങിയവയെല്ലാം ഈ മ്യൂസിയത്തിന്റെ പേരിനെ അന്വര്‍ഥമാക്കുന്ന രീതിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഭൂട്ടാനിലെ ഗ്രാമീണ ജീവിതത്തെ അടുത്തറിയാന്‍ ഉച്ചയാഹാരം അത്തരമൊരു ഭക്ഷണശാലയില്‍ നിന്നാകണമെന്ന് ഹേമയ്ക്ക് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഭക്ഷണശാലയിലേക്കുള്ള പ്രവേശനത്തിന് വലിയൊരു തുകയാണ് അവര്‍ ആവശ്യപ്പെട്ടത്. ഹേമയുടെ ഇടപെടല്‍മൂലം അത് കുറച്ചുകിട്ടി. അവര്‍ ധരിച്ചിരിക്കുന്നപോലെ പാരമ്പര്യവസ്ത്രമണിഞ്ഞ് പാട്ടിനൊപ്പം ഞങ്ങളും നൃത്തംവെച്ചു. ആഹാരം കഴിക്കുന്നതിന് മുമ്പ് കുഞ്ഞി കോപ്പയിലെ റാക് അകത്താക്കണം. അവര്‍ നല്‍കിയ നിര്‍ദേശമനുസരിച്ച് സകല ഭൂതപ്രേതാദികളെയും മനസ്സില്‍ ധ്യാനിച്ച് ഒരു തുള്ളി പുറത്തേക്ക് കുടഞ്ഞ് ഒറ്റവലിക്ക് കുടിച്ചു തീര്‍ത്തു. തൊണ്ടയില്‍ ചെറിയൊരു നീറ്റല്‍. മുന്നിലിരിക്കുന്ന കുത്തരിച്ചോറും പരമ്പരാഗത ഭൂട്ടാനീസ് നൂഡില്‍സും പലതരം വിഭവങ്ങളും മുന്നില്‍. അവ രുചിയുടെ മറ്റൊരു ലോകം തുറന്നുതന്നു. അമ്പെയ്ത്ത് തുടങ്ങിയ പാരമ്പര്യ കലാപരിപാടികളില്‍ കൂടി പങ്കെടുത്ത് മൂന്നരയോടെ അവിടെനിന്നും യാത്ര പറഞ്ഞിറങ്ങി.

ഡോച്ചുല പാസ് തിംപുവിലേക്കായിരുന്നു അടുത്ത യാത്ര. അകലെ നിന്നുതന്നെ മഞ്ഞണിഞ്ഞ മലനിരകള്‍ അവ്യക്തമായി കാണാം. ഹിമാലയ പര്‍വതങ്ങളെ സാക്ഷിനിര്‍ത്തി ചെറിയ കുടിലുകളെ പ്പോലെ തലയുയര്‍ത്തി നില്‍ക്കുന്ന 108 സ്തൂപങ്ങള്‍ ഭൂട്ടാന്റെ പ്രൗഢി വിളിച്ചോതുന്നു. തെളിഞ്ഞ ആകാശമാണെങ്കിലും തണുപ്പ് ഞങ്ങളെ പൊതിയാന്‍ തുടങ്ങിയിരുന്നു. ആറരയോടെ ഗ്രാമപ്രദേശത്തെ ഒരു ഭക്ഷണശാലയിലെത്തി. കേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിന്റെ പ്രതീതി. യാത്രതുടര്‍ന്നപ്പോള്‍ കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന കൃഷിയിടങ്ങള്‍. ഹോട്ടല്‍ മുറിയില്‍ എത്തിയപ്പോഴെക്കും സമയം പന്ത്രണ്ടോടടുത്തു. കാഴ്ചകളുടെ നിറവസന്തം നല്‍കിയ ആ ദിനവും നിദ്രയുടെ പിടിയിലമര്‍ന്നു.

ഹോട്ടലിനു സമീപമൊഴുകുന്ന അരുവിയും അതിനെ ചുറ്റിപ്പറ്റിയുള്ള പ്രദേശങ്ങളും കാണുന്നതിനായി എല്ലാവരും പതിവിലും നേരത്തേ ഉണര്‍ന്നു. അരുവിയുടെ ഓരംചേര്‍ന്നുനടന്ന് ഗ്രാമക്കാഴ്ച ആസ്വദിക്കുമ്പോള്‍ നഷ്ടപ്പെട്ടുപോകുന്ന നമ്മുടെ നാടിന്റെ ഗ്രാമീണതയെക്കുറിച്ചുള്ള ആശങ്കകളായിരുന്നു മനസ്സുനിറയെ. തിരികെവന്ന് പ്രാതല്‍ കഴിക്കുമ്പോഴേക്കും ഹേമയും പസന്തും കാത്തുനില്‍പ്പുണ്ടായിരുന്നു. 1637-'38-ല്‍ പണി കഴിപ്പിച്ച പുനാഘാ തൂക്കുപാലമായിരുന്നു ലക്ഷ്യം. പോച്ചു നദിക്ക് മുകളിലായാണ് ഇത്. ഭൂട്ടാനിലെ ഏറ്റവും നീളം കൂടിയ പാലങ്ങളില്‍ ഒന്നാണ് 160 മീറ്റര്‍ ദൂരമുള്ള പുനാഘാ പാലം. തൂക്കുപാലത്തിന്റെ അങ്ങയറ്റത്തെക്കെത്താന്‍ അരമണിക്കൂര്‍ വേണ്ടി വന്നു. അല്‍പ്പസമയം അവിടെ ചെലവഴിച്ച് വീണ്ടും യാത്ര. ഭൂട്ടാനിലെ രണ്ടാമത്തെ വലിയ തണ്ടര്‍ബോള്‍ട്ടിന്റെ നാട്ടിലേക്ക്. ഭൂട്ടാനിലെ സംസ്‌കാരിക പൈതൃകമായി നിലകൊള്ളുന്ന സന്ദര്‍ശന കേന്ദ്രം. ബുദ്ധമത സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും മഹനീയത വിളിച്ചോതുന്നു പുനാഖസോങ്ങ്.

ശ്രീബുദ്ധനെക്കുറിച്ചും ബുദ്ധാരാധനയെക്കുറിച്ചുമെല്ലാം ഹേമ വിശദീകരിക്കുമ്പോള്‍ അവള്‍ ആ കാലഘട്ടത്തിലാണ് ജീവിച്ചിരുന്നതെന്ന് തോന്നിപ്പോയി. പിന്നീട് കണ്ട ചിമി ലതാംഗ് എന്ന ക്ഷേത്രം വ്യത്യസ്തതകൊണ്ടാണ് ആശ്ചര്യപ്പെടുത്തിയത്. കുട്ടികള്‍ ജനിക്കാന്‍വേണ്ടി പല തരത്തിലുള്ള നേര്‍ച്ചകള്‍ നടത്തുന്നത് കണ്ടിട്ടുണ്ടെങ്കിലും അതില്‍നിന്നെല്ലാം വേറിട്ടതായിരുന്നു ഇവിടത്തെ ആചാരങ്ങള്‍. ഭൂട്ടാനിലെ പുനാഖ ജില്ലയിലെ ഒരു ബുദ്ധവിഹാരമാണ് ദ ഫെര്‍ട്ടിലിറ്റി ടെമ്പിള്‍. പതിന്നാലാമത്തെ ദ്രുക്പ ശ്രേണിയായ ഗവാംഗ് ചോഗിയെല്‍ ആണ് ക്ഷേത്രം പണി കഴിപ്പിച്ചത്. ദിവ്യ ഭ്രാന്തന്‍ എന്നറിയപ്പെട്ടിരുന്ന വിചിത്രനായ യോഗിയും വിശുദ്ധ ദ്രുപകുന്‍ ലിയും ചേര്‍ന്നാണ് സ്തൂപ ധ്യാന ഹാള്‍ നിര്‍മിച്ചത്. പ്രത്യുത്പാദന കാന്തികമായി ഭൂട്ടാനിലുടനീളം ഈ മഠം പ്രസിദ്ധമാണ്. മാന്ത്രിക തണ്ടര്‍ബോള്‍ട്ട് ഓഫ് വിസ്ഡം ഉണ്ടെന്ന് പറയപ്പെടുന്ന വിശുദ്ധന്റെ അനുഗ്രഹത്താല്‍ കുട്ടികള്‍ ജനിച്ച ദമ്പതികള്‍ ഉള്‍പ്പെടെ ഒട്ടേറെ തീര്‍ഥാടകര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശകരായി എത്തിയിരുന്നു. പരമ്പരാഗതവും അസാധാരണവുമായ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ലോകമെമ്പാടുമുള്ള സന്ദര്‍ശകരും ഉണ്ട്. പുരാതന തായ് തീം വാസ്തുവിദ്യയിലാണ് ഈ മഠം രൂപകല്പന ചെയ്തിരിക്കുന്നത്. വഴിയില്‍ തെരുവുകച്ചവടക്കാരുടെ കൈയില്‍ എല്ലാം വിചിത്രമായ കീ ചെയ്നുകള്‍ ആയിരുന്നു. അവിടെയുള്ള ചുമര്‍ച്ചിത്രങ്ങള്‍പോലും ആ രീതിയില്‍ത്തന്നെ..

ടൈഗര്‍ നെസ്റ്റ്

Bhutan 4അസാധാരണമായ ആചാരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഇന്നലെയില്‍ നിന്ന് ഉണര്‍ന്നത് ടൈഗര്‍ നെസ്റ്റിലേക്കുള്ള ആവേശകരമായ യാത്രയ്ക്കു വേണ്ടിയാണ്. ഗുരു റിന്‍പോച്ചെയുടെ മനോഹരവും പവിത്രവുമായ മഠം ഭൂട്ടാന്റെ പേരുകേട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്. ടൈഗേഴ്സ് നെസ്റ്റ് അല്ലെങ്കില്‍ തക് സാങ് മൊണാസ്ട്രി സമുദ്രനിരപ്പില്‍നിന്ന് 900 മീറ്റര്‍ (2995 അടി) ഉയരത്തിലാണ്. ഐതിഹ്യമനുസരിച്ച്, ഒരു പ്രാദേശിക രാക്ഷസനെ അടിച്ചമര്‍ത്താന്‍ കടുവയുടെ ഗുഹയിലേക്ക്, ഈ സ്ഥലത്തേക്ക് പോയ രണ്ടാമത്തെ ബുദ്ധന്‍ കൂടിയായ ഗുരു റിന്‍പോച്ചെ മൂന്നുമാസം ഇവിടെ ധ്യാനിച്ചു. ഭൂട്ടാന്റെ മതപരമായ ഈ സ്ഥലം നൂറുകണക്കിന് ഗണത്തിലുള്ള പൈന്‍മരങ്ങളും റോഡോഡെന്‍ഡ്രോണുകളുംകൊണ്ട് നിറഞ്ഞിരിക്കുന്നു. ഏഴുമണിക്ക് മുമ്പേ ഞങ്ങള്‍ ടൈഗര്‍ നെസ്റ്റിലേക്ക് കയറാന്‍ തുടങ്ങി. കഴുതകളും കുതിരകളും നെസ്റ്റിലേക്ക് കയറാനുള്ള ആളുകളും എല്ലാംകൂടി സാമാന്യം തിരക്ക്. കഴുതയെയോ കുതിരയെയോ സവാരിക്കായി ഉപയോഗിക്കാമെന്ന് ഹേമ പറഞ്ഞെങ്കിലും പാതിവഴി താണ്ടിയാല്‍ തനിയെ നടന്നുകയറണമെന്നുള്ളതിനാല്‍ ആ ഉദ്യമം വേണ്ടെന്നു വെച്ചു. ട്രക്കിങ്ങിനുപയോഗിക്കുന്ന വടിയുടെ സഹായത്തോടെ കുത്തനെയുള്ള കയറ്റം കയറാന്‍ തുടങ്ങി. ദൂരം പിന്നിടുന്നതോടെ കാലുകളുടെ വേഗം കുറഞ്ഞുവന്നു തുടങ്ങി. അപ്പോഴാണ് ബെംഗളൂരുവില്‍ നിന്നുവന്ന 60 വയസ്സിനു മുകളിലുള്ള ഒരു സംഘം ഡോക്ടര്‍മാരെ കണ്ടുമുട്ടിയത്. അവര്‍നല്‍കിയ ഊര്‍ജം കാലുകളുടെ വേഗം കൂട്ടി. നടത്തത്തിനിടയില്‍ ധാരാളം ഇന്ത്യക്കാരെ കണ്ടു. മുകളിലേക്ക് കയറുംതോറും മനസ്സിലെ ആവേശം കാലുകളിലേക്ക് പകരാന്‍ കഴിയാതെയായി. അന്തരീക്ഷത്തില്‍ ഓക്‌സിജന്‍ കുറഞ്ഞുവരുന്നതുപോലെ. അപ്പോഴാണ് എണ്‍പത് വയസ്സിനു മുകളില്‍ പ്രായംതോന്നിക്കുന്ന ചൈനക്കാരി അമ്മൂമ്മ പതിനെട്ടുകാരിയുടെ ഊര്‍ജസ്വലതയോടെ കയറിപ്പോകുന്നത് കണ്ടത്. അതൊരു വലിയ പ്രചോദനമായിരുന്നു. ക്ഷീണമകന്നു. പത്തു മണിയോടെ പാതിവഴി താണ്ടി. വഴിയരികില്‍ കണ്ട ചായക്കടയില്‍നിന്നും ചായ കുടിക്കാമെന്ന് കരുതിയപ്പോള്‍ നല്ല തിരക്ക്. വടികുത്തിപ്പിടിച്ച് ഉയരങ്ങളിലേക്ക് കയറുമ്പോള്‍ ഇറങ്ങി വരുന്നവരൊക്കെ നിങ്ങളെകൊണ്ട് കഴിയുമെന്ന് പറഞ്ഞ് പിന്തുണനല്‍കാന്‍ മറന്നില്ല. കുറച്ചുദൂരംകൂടി മുന്നോട്ട് പോയപ്പോള്‍ എതിര്‍വശത്ത് ടൈഗര്‍ നെസ്റ്റ് കാണാമായിരുന്നു. പിന്നീടങ്ങോട്ട് കുത്തനെയുള്ള ഇറക്കം. പടിക്കെട്ടുകള്‍ കടന്നെത്തിയത് വെള്ളച്ചാട്ടത്തിനരികില്‍. ഒരു സാങ്കേതികവിദ്യയും ഇല്ലാതിരുന്ന കാലത്ത് എങ്ങനെയാണ് ഇത്തരമൊരദ്ഭുതം പണി കഴിപ്പിച്ചതെന്ന് ചിന്തിക്കാത്തവര്‍ വിരളമായിരിക്കും. വീണ്ടും കയറ്റം. മുകളിലേക്ക് കയറുംതോറും നേരത്തേ കണ്ട വെള്ളച്ചാട്ടത്തെക്കാള്‍ ആഹ്ലാദത്തിന്റെ കുത്തൊഴുക്ക് ഞങ്ങളില്‍ നിറഞ്ഞുകവിയാന്‍ തുടങ്ങി. പതിനൊന്നരയോടെ എല്ലാവരും ആ കവാടത്തിനു മുന്നില്‍ എത്തിച്ചേര്‍ന്നു. ക്യാമറ നിരോധിച്ചിരുന്നു.

കവാടംകടന്ന് ഉള്ളിലേക്ക് കയറിയപ്പോള്‍ അതുവരെയുണ്ടായിരുന്ന കാലാവസ്ഥപോലും മാറിയിരുന്നു. ശീതീകരിച്ച മുറിയെന്നപോലെ തണുപ്പ്. ബുദ്ധമതം സ്വീകരിച്ച കുറേ കുട്ടികള്‍ പ്രാര്‍ഥനയുടെ ലോകത്ത് മുഴുകിയിരിക്കുന്നു. ഭൗതിക ലൗകിക സുഖങ്ങളനുഭവിച്ച് കഴിയുന്ന ഞാനാണോ പ്രാര്‍ഥനാനിരതരായി ഇവിടെ കഴിയുന്ന കുട്ടികളാണോ ഈ ലോകത്ത് ജീവിക്കാന്‍ യോഗ്യരെന്ന് ഒരുനിമിഷം ചിന്തിച്ചുപോയി. വേദങ്ങളും ഉപനിഷത്തുക്കളുമൊന്നും സ്വായത്തമാക്കാത്ത എന്റെ ചിന്ത ബാലിശമാണെന്ന് ആ നിമിഷംതന്നെ തോന്നിപ്പോയെങ്കിലും ആ കുഞ്ഞു കണ്ണുകള്‍ എന്നെ ഒട്ടും സന്തോഷിപ്പിച്ചില്ല. ഉയര്‍ന്നുവന്ന ചോദ്യങ്ങളെല്ലാം അവിടെത്തന്നെ ഉപേക്ഷിച്ച് മടക്കയാത്ര. നേരത്തേ കണ്ട ചായക്കടയില്‍ തിരക്കൊഴിഞ്ഞിരിക്കുന്നു. ചായയും ബിസ്‌കറ്റും കഴിച്ച് അവിടെ കൂടിയിരുന്നവരോട് സൗഹൃദം പങ്കുവെച്ച് വീണ്ടും താഴേക്ക്. വഴിയില്‍ ഒരുകൂട്ടം ബൈക്ക് റൈഡേഴ്സിനെ പരിചയപ്പെട്ടു. ഇന്ത്യയില്‍നിന്ന് വന്നവര്‍. അവരുടെ സാഹസികമായ യാത്രാനുഭവങ്ങള്‍ കേട്ടപ്പോള്‍ അവരോടൊപ്പം ഒരു സവാരിക്ക് ആഗ്രഹം തോന്നാതിരുന്നില്ല.

ഹോട്ട് സ്റ്റോണ്‍ ബാത്ത്

ഭൂട്ടാനിലെ പ്രസിദ്ധമായ ഹോട്ട് സ്റ്റോണ്‍ ബാത്ത് ആയിരുന്നു അടുത്ത ലക്ഷ്യം. യാത്ര ഉറപ്പിച്ചത് മുതല്‍ തീരുമാനിച്ചതായിരുന്നു ഭൂട്ടാനിലെ ചൂടുള്ള കല്ല് കുളി. കുളിക്കുന്ന പ്രക്രിയതന്നെ സവിശേഷതകള്‍ നിറഞ്ഞതാണ്. കുളികഴിഞ്ഞപ്പോള്‍ ഏഴു മണിക്കൂറോളം നീണ്ട ട്രക്കിങ് കഴിഞ്ഞതിന്റെ ക്ഷീണമെല്ലാം ഓടിമറഞ്ഞു. വരുന്നവഴി പാരോ വിമാനത്താവളം കണ്ടു . രാജ്യത്തിന്റെ വളരെ മനോഹരമായ മറ്റൊരു മുഖം. ജീവിതത്തില്‍ എന്തൊക്കെ കണ്ടിരിക്കണം അനുഭവിച്ചറിയണം എന്ന എന്റെ ചെക്ക് ലിസ്റ്റിലെ ഒരുപാടുകാര്യങ്ങളില്‍ ഒന്നു കൂടെ അനുഭവിച്ചറിഞ്ഞ സന്തോഷത്തോടെ ഞങ്ങളോടൊപ്പം എട്ടാമതായി കൂട്ടിനെത്തിയ ഹേമയ്ക്ക് യാത്ര പറയാനുള്ള സമയമായി. ഹേമ ഗൈഡ് അല്ല, ടൂര്‍ കമ്പനിയുടെ സി.ഇ.ഒ. ആണെന്ന് അപ്പോഴാണ് ഞങ്ങളറിയുന്നത്.

ഭൂട്ടാനോട് വിട പറയാന്‍ സമയമായിരിക്കുന്നു. ആറു ദിവസം ഓര്‍മകളുടെ ഗുല്‍മോഹര്‍ പൂക്കള്‍ സമ്മാനിച്ച് ഭൂട്ടാന്‍ എന്ന രാജ്യം ഞങ്ങളെ യാത്രയാക്കാന്‍ ഒരുങ്ങി നില്‍ക്കുന്നു. കണ്ട കാഴ്ചകളൊന്നും മറവിയുടെ അഗാധഗര്‍ത്തങ്ങളിലേക്ക് വീണു പോവുകയില്ല. അതിര്‍ത്തി കടക്കുമ്പോള്‍ ഒരു വട്ടം കൂടി തിരിഞ്ഞു നോക്കി. അകലെ അനുഗ്രഹാശ്ശിസ്സുകള്‍ ചൊരിഞ്ഞ് മേഘങ്ങള്‍ക്കുള്ളില്‍ ശ്രീബുദ്ധന്‍ തേജോമയനായി നില്‍ക്കുന്നതു പോലെ.

Content Highlights: Women Travel, Bhutan Travel, Hot Stone Bath, Tiger Nest