കുട്ടിക്കാലത്തെ വിനോദങ്ങളെ ആരും അത്ര കാര്യമായി കണക്കാക്കാറില്ല. പൊതുവേ അവയെല്ലാം കുട്ടിക്കളി എന്ന ഗണത്തില്‍പ്പെടുത്തി അവഗണിക്കാറാണ് പതിവ്. എന്നാല്‍ വാള്‍ട്ട് ഡിസ്‌നി എന്ന കുട്ടികളുടെ പ്രിയപ്പെട്ട 'ഡിസ്‌നി അമ്മാവ'ന്റെ കുട്ടിക്കാല വിനോദങ്ങളാണ് അദ്ദേഹത്തിന് ലോകപ്രസിദ്ധി നേടിക്കൊടുത്തത്. 1901 ഡിസംബര്‍ അഞ്ചിന് ജനിച്ച ഡിസ്‌നി കുട്ടിക്കാലത്ത് ചിത്രകലയില്‍ നന്നായി സമയം ചെലവഴിച്ചിരുന്നു. അമ്മയില്‍ നിന്നും അയല്‍വാസി ഡോക്ടര്‍ കുടുംബത്തില്‍ നിന്നും പ്രചോദനം ലഭിച്ചതോടെ ആ വിനോദം അദ്ദേഹം തുടര്‍ന്നുകൊണ്ടിരുന്നു.
വീട്ടിലെ സാമ്പത്തിക ബാധ്യതകള്‍ തന്റെ തൊഴിലിന് ഒരു ബാരമായി മാറിയപ്പോള്‍ പതിനാറാമത്തെ വയസില്‍ പതിനേഴുകാരനാണെന്ന് കാണിക്കുന്ന കൃത്രിമരേഖ നിര്‍മിച്ച് റെഡ്‌ക്രോസ് ആംബുലന്‍സ് ഗ്രൂപ്പ് എന്ന സ്ഥാപനത്തില്‍ ജോലിയില്‍ കയറിയതോടെ കുട്ടിക്കളികളില്‍ നിന്നുമാറി വലിയ ജീവിത ഉത്തരവാദിത്വങ്ങളിലേക്ക് ഡിസ്‌നി ചുവടുവയ്ക്കുകയായിരുന്നു.
എല്ലാവരുടെ ജീവിതത്തിലും അപ്രതീക്ഷിത വഴിത്തിരിവുകളുണ്ടാവും. എന്നാല്‍ ആ വഴിത്തിരിവിന്റെ ഒഴുക്കിന് അനുസരിച്ച് മാത്രം ഭൂമിയില്‍ ജീവിക്കുന്നവരാണ് ഭൂരിപക്ഷവും. എന്നാല്‍ ഒഴുക്കിനെതിരെ ദൃഢനിശ്ചയത്തോടെ നീന്തി കഷ്ടതകളും വേദനകളും പ്രതിസന്ധികളും കടിച്ചമര്‍ത്തി ചിലര്‍ സ്വപ്‌നസാക്ഷാത്ക്കാരത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കും. ഡിസ്‌നിയുടെ ജീവിതത്തിലും ഇത് എടുത്തുകാണാനാവും. റെഡ് ക്രോസ് ആംബുലന്‍സ് സംഘത്തില്‍ ജോലി ചെയ്ത് പ്രായാധിക്യത്താല്‍ വിരമിച്ച് മരിക്കേണ്ടതല്ല താനെന്ന് ഡിസ്‌നിക്ക് നല്ല ബോധമുണ്ടായിരുന്നു.
ലക്ഷ്യബോധം അദ്ദേഹത്തെ നിത്യവും അലട്ടിക്കൊണ്ടിരുന്നു. അല്ലെങ്കിലും അങ്ങനെയാണ്. ജീവിതത്തില്‍ ഉയര്‍ച്ച ചിലര്‍ മധുര സ്വപ്‌നങ്ങളിലൂടെ കാണുന്നു. എന്നാല്‍ ജീവിതത്തില്‍ വലിയ ലക്ഷ്യങ്ങള്‍ ഉന്നം വെയ്ക്കുന്നവര്‍ മാര്‍ഗത്തേ തേടി ഉറക്കം നഷ്ടപ്പെടുത്തുന്നു. ''എന്നെ ഉറക്കം കെടുത്തുന്നതാണ് എന്റെ സ്വപ്‌ന''മെന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് പറഞ്ഞതുപോലെ.
ദൈവം കനിഞ്ഞുനല്‍കിയ മനുഷ്യജന്മം മഹത്തായ കാര്യങ്ങല്‍ ചെയ്ത് പൂര്‍ണത കൈവരിക്കുമെന്ന് ഡിസ്‌നിയുടെ മോഹങ്ങള്‍ നിത്യവും അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. ജീവിതത്തില്‍ മഹത്തായ കാര്യങ്ങള്‍ ചെയ്താല്‍ ഓര്‍ക്കാന്‍ പിന്‍തലമുറക്കാരുണ്ടാവും എന്ന തിരിച്ചറിവും അദ്ദേഹത്തിന് ഊര്‍ജം നല്‍കി. ഏതുവിധേനയും ഒരറിയപ്പെടുന്ന പത്രത്തില്‍ കാര്‍ട്ടൂണിസ്റ്റാവണം എന്നതായിരുന്നു ആദ്യത്തെ ലക്ഷ്യം. എന്നാല്‍ അവിടേയും വഴിത്തിരിവുകള്‍ അദ്ദേഹത്തെ മറ്റൊരു തലത്തില്‍ എത്തിച്ചു. പക്ഷേ ഇപ്രാവശ്യത്തെ ഈ വഴിത്തിരിവ് കൂടുതല്‍ ഉന്നമനത്തിനുവേണ്ടിയായിരുന്നു എന്നത് മറ്റൊരു സത്യം. ആഗ്രഹിച്ച ജോലിക്കു പകരം ഡിസ്‌നിക്ക് ലഭിച്ചത് മാസികകളിലും സിനിമാശാലകളിലും പരസ്യം തയ്യാറാക്കുന്ന ജോലിയായിരുന്നു. പക്ഷേ അതില്‍ അയാള്‍ കൂടുതല്‍ സാധ്യതകള്‍ കണ്ടു. ചലിക്കുന്ന ചിത്രങ്ങള്‍ കൊണ്ട് രസകരമായ പരസ്യങ്ങള്‍ എങ്ങനെ തയ്യാറാക്കാം എന്ന ചിന്തയോടെ അദ്ദേഹം മുന്നോട്ടുനീങ്ങി. അത് ഒരു പരിധിവരെ വിജയം കൈവരിച്ചു.
എന്നാല്‍ അധികം വൈകാതെ തന്നെ തന്റെ സര്‍ഗശക്തിക്ക് ജോലിസ്ഥലത്ത് സ്വാതന്ത്ര്യവും വിശാലതയും പോരാ എന്ന തോന്നലില്‍ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാന്‍ അദ്ദേഹത്തിന് പ്രേരണയായി. എന്നാല്‍ പല തീരുമാനങ്ങളും പിഴച്ച് സ്ഥാപനം വൈകാതെ അടച്ചുപൂട്ടി. പരാജയങ്ങള്‍ വിജയത്തിലേക്കുള്ള പാതയില്‍ സൂക്ഷ്മത കൊണ്ടുവരുമെന്ന് ഡിസ്‌നി വിശ്വസിച്ചു. കരുതലോടെ തളരാതെ അദ്ദേഹം പിന്നീടും ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു.
സ്വന്തം സഹോദരനൊന്നിച്ച് ഹോളിവുഡില്‍ തുടക്കമിട്ട ഡിസ്‌നി ബ്രദേഴ്‌സ് സ്റ്റുഡിയോയിലെ ഏറ്റവും ജനശ്രദ്ധ നേടിയ ''ലക്കി റാബിറ്റ് ഓസ്‌വാള്‍'' എന്ന ചിത്രത്തിന്റെ ഉടമസ്ഥാവകാശം കോടതിവിധിയിലൂടെ നഷ്ടമായപ്പോഴും ഡിസ്‌നി തളര്‍ന്നില്ല. 1928-ല്‍ ഒരു ചെറിയ ചലച്ചിത്രത്തിലൂടെ മിക്കി മൗസ് എന്ന വികൃതിക്കാരനായ മൂഷികനെ മനോഹരമായ ശബ്ദവിന്യാസത്തോടെ അവതരിപ്പിച്ചപ്പോള്‍ ഡിസ്‌നി എന്ന കലാകാരനെ മാലോകര്‍ തിരിച്ചറിയാന്‍ തുടങ്ങി. 1929-ല്‍ മിക്കി ആദ്യമായി ലോകജനതയ്ക്ക് മുമ്പില്‍ സംസാരിച്ചപ്പോള്‍ അതിനെ ആവേശത്തോടെ കാണികള്‍ സ്വീകരിച്ചു. എങ്കിലും മിക്കിയുടെ സൃഷ്ടാവായ ഡിസ്‌നിക്ക് പൂര്‍ണതക്കുറവ് ബോധ്യമായി. തുടര്‍ന്ന് സ്വന്തം ശബ്ദം നല്‍കി മിക്കിയുടെ ജനസമ്മതി കൂട്ടിക്കൊണ്ടുവന്നു. നീണ്ട 18 വര്‍ഷം തുടര്‍ച്ചയായി നിരവധി തിരക്കുകള്‍ക്കിടയിലും ഇത് തുടര്‍ന്നുകൊണ്ടിരുന്നു.
1955-ല്‍ ജൂലൈ 17-ന് തന്റെ സ്വപ്‌നപദ്ധതിയായ ഡിസ്‌നിലാന്‍ഡ് എന്ന ഉല്ലാസനഗരി ലോകജനതയ്ക്ക് മുന്നില്‍ 160 ഏക്കറില്‍ വിശാലമായി തുറന്നിടാന്‍ ഡിസ്‌നിക്ക് കഴിഞ്ഞു. ഉദ്ഘാടന ദിനത്തില്‍ ചില റൈഡുകള്‍ പൊട്ടിവീണ് സന്ദര്‍ശകര്‍ക്ക് പരിക്കു പറ്റിയത് കല്ലുകടിക്കിടയാക്കി. ഉല്ലാസനഗരിയില്‍ തന്റെ പൂര്‍ണമായ ശ്രദ്ധ വേണമെന്ന് തിരിച്ചറിഞ്ഞ ഡിസ്‌നി അവിടെ തന്നെ താമസസ്ഥലമൊരുക്കി മുഴുവന്‍ സമയവും നഗരിയുടെ ഉന്നമനത്തിനായി പരിശ്രമിച്ചു.
പടിപടിയായി സൗന്ദര്യവും സൗകര്യങ്ങളും കൂട്ടി പാര്‍ക്കിനെ ലോകശ്രദ്ധയുടെ പരമോന്നതിയില്‍ എത്തിച്ചു അദ്ദേഹം. ഇവിടം സന്ദര്‍ശിക്കുന്നവര്‍ ആഹ്ലാദത്തിമിര്‍പ്പിലാവണം തിരിച്ചുപോവുന്നത് എന്ന തീരുമാനത്തിലായിരുന്നു അദ്ദേഹം. ആ അശ്രാന്ത പരിശ്രമത്തിന് ലോകജനത പൂര്‍ണ പിന്തുണയേകി. രക്ഷിതാക്കള്‍ മക്കളെ പുണരുന്ന പോലെ അവര്‍ ഡിസ്‌നി ലാന്‍ഡിനെ നെഞ്ചോടു ചേര്‍ത്തുപിടിച്ചു. ഇന്ന് ലോകത്ത് അഞ്ച് രാജ്യങ്ങളിലായി ആറ് ഡിസ്‌നി റിസോര്‍ട്ടുകളുണ്ട്. ഇതില്‍ ഹോങ്കോങ്, പാരീസ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ ഈ എളിയവനും കുടുംബത്തിനും ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഹോങ്കോങ്ങിനെ അപേക്ഷിച്ച് പാരീസിലെ ഡിസ്‌നി ലാന്‍ഡിനാണ് കൂടുതല്‍ വലിപ്പം. ബൃഹത്തായ രണ്ട് പാര്‍ക്കുകള്‍, ഏഴ് ഡിസ്‌നി പാരീസ് ഹോട്ടലുകള്‍, എണ്ണമറ്റ ഭക്ഷണശാലകള്‍, ഡിസ്‌നി വില്ലേജ് എന്നിവ ഉള്‍ക്കൊണ്ട് 4800 ഏക്കറില്‍ വിശാലമായി കിടക്കുന്നു പാരീസിലെ ഡിസ്‌നി ലാന്‍ഡ്.
പാരീസ് യാത്രയ്ക്കിടെ ''കുട്ടികളുടെ കളി സ്ഥലമല്ലേ'' എന്ന വ്യാഖ്യാനത്തില്‍ ഡിസ്‌നി റിസോര്‍ട്ട് ഒഴിവാക്കിയാല്‍ നിങ്ങള്‍ക്ക് നഷ്ടമാവുന്നത് കാഴ്ചയുടെ ഒരു വസന്തോത്സവമാണ്. കുട്ടികളുമൊരുമിച്ചാണ് പോവുന്നതെങ്കില്‍ അവരുടെ ജീവിതത്തില്‍ ലഭിക്കുന്ന അവിസ്മരണീയമായ സമയവും ഓര്‍മയും ആവുമത്.
Content Highlights: Walt Disney, Disney Land Travel, Six Disney Lands