ഇന്ത്യയുടെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന രാജ്യമാണെങ്കിലും ഉസ്ബെക്കിസ്താന്‍ സഞ്ചാരികളുടെ ആദ്യപട്ടികയില്‍ ഇടംപിടിക്കുന്ന ഒന്നല്ല. മുഗള്‍ ഭരണാധികാരികളുടെ കടന്നുവരവും പേര്‍ഷ്യന്‍ ഭാഷയും മുതല്‍ ലാല്‍ബഹാദുര്‍ ശാസ്ത്രി അന്തരിച്ച താഷ്‌കെന്റും വരെ ഇന്ത്യയുടെ ചരിത്രത്തില്‍ ഉസ്ബെക്കിനെ അടയാളപ്പെടുത്തുന്നു

 

ഞ്ചാരികളുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള സ്ഥലമല്ല ഉസ്‌ബെക്കിസ്താന്‍. എന്നാല്‍ ഒരു ചരിത്രകുതുകിക്കോ ഷോപ്പിങ് ആസ്വദിക്കുന്നവര്‍ക്കോ വ്യത്യസ്തമായൊരു അനുഭവം നല്‍കാന്‍ ഉസ്‌ബെക്കിസ്താനാകും. യാത്ര സെപ്റ്റംബര്‍ മാസത്തിലാവാതിരുന്നാല്‍ നന്ന്. ആ സമയത്ത് അസഹനീയമായ ചൂട് നമ്മളെ പൊരിച്ചെടുത്തുകളയും. ഇറാനോടുള്ള സാദൃശ്യമാണ് ഉസ്ബെക്കിസ്താനില്‍ എനിക്ക് ശ്രദ്ധപതിയാന്‍ കാരണം. ഇറാനിലൂടെ പണ്ട് നടത്തിയ യാത്ര ഇന്നും മധുരമായ ഓര്‍മയാണ്. WOW എന്ന സ്ത്രീകളുടെ യാത്രാഗ്രൂപ്പാണ് ഉസ്‌ബെക് സഞ്ചാരം ഒരുക്കിയത്. യാത്രയുടെ ചെലവും താങ്ങാനാവുന്നതായിരുന്നു.

Uzbek Stall

പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് താഷ്‌കെന്റ് എയര്‍പോര്‍ട്ടിലെത്തിയത്. ഗൈഡായി എത്തിയ അന്‍വര്‍, ചുവന്ന റോസാപുഷ്പങ്ങള്‍ നല്‍കിയാണ് സ്വീകരിച്ചത്. ഉസ്‌ബെക്കിസ്താനില്‍നിന്ന് ലഭിച്ച ആദ്യ സമ്മാനം സന്തോഷപൂര്‍വം ചേര്‍ത്തുപിടിച്ചു. ഉച്ചവരെ ഹോട്ടലില്‍ വിശ്രമിച്ചതിനുശേഷം പിന്നീട് നഗരം ചുറ്റിക്കാണാന്‍ ആരംഭിച്ചു. പുരാതന നഗരമായ താഷ്‌കെന്റില്‍ സ്ഥിതിചെയ്യുന്ന ഹസ്രാതി ഇമാം കോംപ്ലക്സായിരുന്നു ആദ്യലക്ഷ്യം. മുസ്‌ലിംകുട്ടികള്‍ക്ക് ഖുര്‍-ആന്‍ പഠിക്കാനും മതപഠന ആവശ്യങ്ങള്‍ക്കുമായിട്ടാണ് ഇത് നിര്‍മിച്ചത്. അതിപുരാതന കൈയെഴുത്തുപ്രതികളാല്‍ സമ്പന്നമായ ഒരു പൗരാണിക വായനശാല ഇവിടെയുണ്ട്. പ്രശസ്തമായ ഉത്മാന്‍ (ഒട്ടോമാന്‍) ഖലീഫയുടെ ഖുര്‍-ആന്‍ ഈ വായനശാലയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഏതൊരു ടൂറിസ്റ്റ്‌ കേന്ദ്രത്തിലെയുംപോലെ കരകൗശലവസ്തു വില്‍പ്പനക്കാരുടെ ഒരു പടതന്നെ ഇവിടെയുമുണ്ട്. അവരോട് വിലപേശി ചില സ്മരണികകള്‍ വാങ്ങിച്ചു.
 
ഹസ്രാതിയില്‍ നിന്ന് പോയത് മെമ്മോറിയല്‍ കോംപ്ലക്സ് ഓഫ് റിപ്രഷന്‍ എന്ന സ്മാരകം സന്ദര്‍ശിക്കാനാണ്. സോവിയറ്റ് ഭരണകൂടത്തില്‍നിന്നുള്ള സ്വാതന്ത്ര്യത്തിനായി നടത്തിയ പോരാട്ടങ്ങളില്‍ രക്തസാക്ഷികളായവരുടെ ഓര്‍മയ്ക്കായാണ് അടിച്ചമര്‍ത്തലിന്റെ സ്മാരകം നിര്‍മിച്ചത്. ഉസ്ബെക്കിസ്താനിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ടെലിവിഷന്‍ ടവറിനോട് ചേര്‍ന്നാണ് മനോഹരമായ ഉദ്യാനത്തിന് സദൃശമായ ഈ സ്മാരകം നിലകൊള്ളുന്നത്. 375 മീറ്റര്‍ ഉയരമാണ് ടെലിവിഷന്‍ ടവറിനുള്ളത്. ഒരു റെസ്റ്റോറന്റും നിരീക്ഷണ സ്ഥലവുമാണ് അതില്‍ ഉള്ളത്. അപ്പോഴേക്കും ചൂട് അസഹനീയമായി തോന്നിത്തുടങ്ങിയതിനാല്‍ ശീതീകരിച്ച വാഹനത്തിന്റെ ഉള്ളിലിരുന്നാണ് പിന്നീട് കാഴ്ചകള്‍ കണ്ടത്. ലാല്‍ ബഹാദുര്‍ ശാസ്ത്രിയുടെ പേരില്‍ ഒരു സ്മാരകമുണ്ട് താഷ്‌കെന്റില്‍. അതിനോട് ചേര്‍ന്നുള്ള റോഡിനും ശാസ്ത്രിയുടെ പേരാണ് നല്‍കിയിരിക്കുന്നത്. ഇവിടം കടന്ന് ഞങ്ങള്‍ ഇന്‍ഡിപെന്‍ഡന്‍സ് ചതുരവും മെമ്മറി സ്‌ക്വയറും ചുറ്റിക്കണ്ടു. മെമ്മറി സ്‌ക്വയറില്‍ തിരക്കിട്ട കലാപ്രകടനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കലാകാരന്മാരെ കണ്ടു. അവിടെവെച്ചാണ് ഉസ്‌ബെക് ഐസ്‌ക്രീം ആദ്യമായി കഴിക്കുന്നത്. പുറത്തെ ചൂടില്‍നിന്ന് നിമിഷനേരംകൊണ്ട് വലിയൊരുണര്‍വ് നല്‍കാന്‍ ഐസ്‌ക്രീമിനായി.

Uzbekistan 1
തെരുവില്‍ കലാകാരന്‍മാരുടെ ചിത്രംവര

ഇന്‍ഡിപെന്‍ഡന്‍സ് ചതുരത്തിന്റെ പ്രവേശനവഴി വളരെ മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. ദേശീയ ചിഹ്നങ്ങളാല്‍ അലംകൃതമാണിവിടം. അടുത്തായി മനോഹരമായ വെള്ളച്ചാട്ടമുണ്ട്. സന്തോഷവതിയായ അമ്മ, ദുഃഖിതയായ അമ്മ എന്നീ ശില്പങ്ങള്‍ അന്‍വര്‍ കാണിച്ചുതന്നു. ദുഃഖിതയായ അമ്മയ്ക്ക് മുന്നില്‍ ദീപങ്ങള്‍ തെളിയിച്ചിരുന്നു. രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായവരുടെ പേര് കൊത്തിയ ലോഹനിര്‍മിതമായ ഭീമന്‍പുസ്തകവും അവിടെ കാണാനായി.

Dukhitayay Amma

ആദ്യദിവസത്തെ യാത്ര അവസാനിപ്പിച്ച് തിരികെ ഹോട്ടലിലെത്തി. പ്രത്യേകം തയ്യാറാക്കിയ റൊട്ടിയായിരുന്നു കഴിക്കാനായി തിരഞ്ഞെടുത്തത്. ഭക്ഷണത്തോടൊപ്പം നൃത്തവിരുന്നും ഉണ്ടായിരുന്നു. പഴയ സുല്‍ത്താന്മാരുടെ സദസ്സിനെ അനുസ്മരിപ്പിക്കുന്നവിധത്തില്‍, മനോഹരമായ ബെല്ലി ഡാന്‍സ് അവര്‍ അവതരിപ്പിച്ചു. ഒരു ലേസര്‍ ലൈറ്റ് ഡാന്‍സോടുകൂടിയാണ് ഒന്നാംദിനത്തോട് വിടപറഞ്ഞത്.

പിറ്റേന്ന് ആദ്യലക്ഷ്യം ചിംഗാന്‍ മലനിരകളായിരുന്നു. രണ്ടുമണിക്കൂറിലേറെ നീണ്ട യാത്രയ്ക്കിടയില്‍ ബസ് നിര്‍ത്തി ഉസ്ബെക് വിഭവമായ ചിക്കി വാങ്ങി. ചീസും നട്‌സും ചേര്‍ത്തുണ്ടാക്കുന്ന പലഹാരമാണിത്. ചിംഗാന്‍മലനിരയിലേക്ക് കയറാന്‍ ചെയര്‍ ലിഫ്റ്റ് സംവിധാനമാണുള്ളത്. അതിന്റെ സുരക്ഷിതത്വത്തില്‍ ഉറപ്പില്ലാതിരുന്നതിനാല്‍ ജീവന്‍ കൈയില്‍ പിടിച്ചാണ് ഇരുന്നത്. നിലത്ത് കാലൂന്നിയപ്പോഴാണ് ശ്വാസം നേരേ വീണത്. കുന്നിന്‍ചെരുവിലെ കാഴ്ചകള്‍ കണ്ട് നടക്കുമ്പോഴാണ് ഒരുപാട് വസ്തുക്കളാല്‍ അലങ്കരിക്കപ്പെട്ടതുപോലെ ഒരു വേലി കണ്ടത്. ഇവിടത്തെ വിശ്വാസമനുസരിച്ച് ഈ വേലിയില്‍ എന്തെങ്കിലും കെട്ടിയിട്ടാല്‍ ഭാഗ്യം ഉണ്ടാവുമത്രേ! ഞാനും അങ്ങനെ ചെയ്തു. പോയതുപോലെതന്നെ യാതൊരു കേടുപാടും കൂടാതെ മലയിറങ്ങി വരാന്‍ സാധിച്ചു. ചാര്‍വാക്ക് തടാകത്തിന്റെ അടുത്തുള്ള റെസ്റ്റോറന്റില്‍നിന്നാണ് ഉച്ചഭക്ഷണം കഴിച്ചത്. അല്പസമയം തടാകക്കരയില്‍ ചെലവഴിച്ചശേഷം തിരികെ ഹോട്ടലിലേക്ക് പോയി. രാത്രിഭക്ഷണത്തിനുശേഷം അല്പനേരം തെരുവുകളുടെ ഭംഗി ആസ്വദിച്ച് നടന്നു.

Hills

പിറ്റേന്ന് അതിരാവിലെ പ്രാതല്‍ കഴിച്ചശേഷം ആ ഹോട്ടല്‍മുറി ഒഴിവാക്കി. സമര്‍ഖണ്ഡ് എന്ന മറ്റൊരു നഗരമായിരുന്നു അടുത്ത ലക്ഷ്യം. എട്ടുമണിയുടെ സമര്‍ഖണ്ഡ് അഫ്രസിയാബ് ബുള്ളറ്റ് ട്രെയിനിലായിരുന്നു യാത്ര. വളരെ സുഖകരമായിരുന്നു യാത്ര. യാത്രയ്ക്കിടയില്‍ സൗജന്യമായി ബിസ്‌കറ്റും ചായയും നല്‍കുന്നുണ്ടായിരുന്നു. അധികം വൈകാതെ ട്രെയിനിറങ്ങി. ഗൈഡ് റെയ്ഹാന അവിടെ കാത്തുനില്‍പ്പുണ്ടായിരുന്നു. റെയ്ഹാന ആദ്യം കൊണ്ടുപോയത് അമീര്‍ തിമൂര്‍ സ്മാരകമണ്ഡപം കാണാനായിരുന്നു. അവിടം ചുറ്റിക്കാണുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്നതിനിടയില്‍ ഒരു സ്ത്രീയോട് സംസാരിച്ചു. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും പരസ്പരം ഭാഷ അറിയില്ലായിരുന്നു. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. അറിയാവുന്ന രീതിയിലൊക്കെ ഞങ്ങള്‍ ആശയങ്ങള്‍ കൈമാറി. വളരെ രസകരമായ അനുഭവമായിരുന്നു അത്. ഒടുവില്‍ കവിളില്‍ ഒരു ഉമ്മയും നല്‍കി ഒപ്പംനിന്ന് ഫോട്ടോയും എടുത്താണ് അവര്‍ മടങ്ങിയത്. ഉസ്‌ബെക് ജനത എത്രത്തോളം സരസന്മാരും സൗഹൃദപ്രിയരുമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

Dolls
 

THimur
അമിര്‍ തിമൂര്‍

ഉസ്‌ബെക്കിസ്താന്‍ ഒരു രാജ്യമായിമാറുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച ഭരണാധികാരിയാണ് തിമൂര്‍. അദ്ദേഹത്തിന്റെ ഈ സ്മാരകമണ്ഡപത്തിന് വലിയ പ്രാധാന്യം ജനങ്ങള്‍ നല്‍കുന്നത് ഇതിനാലാണ്. ഇവിടത്തെ ചരിത്രശേഷിപ്പുകള്‍ ഭൂരിപക്ഷവും പുതുക്കിപ്പണിതവയാണ്. ഇന്ത്യയിലും ഇറാനിലും പഴമയുടെ പ്രൗഢിയില്‍ നമുക്ക് ചരിത്രത്തെ കാണാം. എന്നാല്‍ ഇവിടെ എല്ലാം പുതിയ നിര്‍മിതികളാണ്. ഇസലോം കരിമോവിന്റെ പ്രതിമ അവിടെ കണ്ടു. 1989 മുതല്‍ 2016-ല്‍ മരിക്കുന്നതുവരെ അദ്ദേഹം ഉസ്‌ബെക്കിസ്താന്റെ നേതാവായിരുന്നു. അദ്ദേഹമാണ് 1991 സെപ്റ്റംബര്‍ ഒന്നിന് ഉസ്‌ബെക്കിസ്താനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കുന്നത്.

പുരാതന സമര്‍ഖണ്ഡ് നഗരത്തിന്റെ കേന്ദ്രം ആയിരുന്ന റേഗിസ്താനിലേക്കാണ് പിന്നീട് പോയത്. റേഗിസ്താന്‍ എന്നാല്‍ മരുഭൂപ്രദേശം എന്നാണ് പേര്‍ഷ്യന്‍ ഭാഷയിലെ അര്‍ഥം. റേഗിസ്താന്‍ ചതുരം വിളംബരങ്ങള്‍ക്കായും വധശിക്ഷകള്‍ക്കായും ആളുകള്‍ ഒത്തുകൂടിയിരുന്ന ഇടമാണ്. ഉലുഗ് ബേഗ്, ടില്യാ കോവി, ഷെര്‍ദോര്‍ എന്നീ മൂന്ന് മദ്രസകളും അഫ്രസിയാബ് മ്യൂസിയവുമാണ് ഇവിടെ കാണുവാനുള്ളത്. വളരെ വത്യസ്തമായ വാസ്തുശൈലികൊണ്ട് ശ്രദ്ധേയമായ ഈ മദ്രസകളാണ് സമര്‍ഖണ്ഡിന് യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടി കൊടുത്തത്. പണ്ട് കാലത്ത് ഇതൊരു വലിയ കച്ചവട കേന്ദ്രംകൂടെ ആയിരുന്നു. ഇന്ന് ഇവിടെ കാണുന്ന കെട്ടിടങ്ങളിലും വസ്ത്രധാരണത്തിലും ഭക്ഷണത്തിലുമൊക്കെ 14-ാം നൂറ്റാണ്ട് മുതലുള്ള കച്ചവട ബന്ധങ്ങളുടെ സ്വാധീനം പ്രകടമാണ്. ഉലുഗ് ബേഗ് മദ്രസ  തിമുറിഡ് ഭരണകാലത്ത് തിമൂര്‍ പണി കഴിപ്പിച്ചതാണ്. പണിതുയര്‍ത്തിയപ്പോള്‍ രണ്ട് നിലകളിലായി നാല് പഠനമുറികളുണ്ടായിരുന്നു. പുറത്ത് നിന്ന് നോക്കുമ്പോള്‍ റേഗിസ്താന്‍ ചതുരത്തിന്റെ പടിഞ്ഞാറ് വശത്ത് ദീര്‍ഘ സമചതുരാകൃതിയിലാണ് ഉലുഗ് ബേഗ് നിര്‍മിച്ചിട്ടുള്ളത്. ഉള്ളില്‍ സമചതുരാകൃതിയിലുള്ള അങ്കണത്തില്‍ നിന്ന് പഠനമുറികളിലേക്ക് കടക്കാം. മദ്രസയുടെ മുഖപ്പ് ചതുരത്തിലേക്ക് അഭിമുഖമായി നില്‍ക്കുന്നു. രണ്ടു മൂലകളിലായി ഉയരമുള്ള മിനാരങ്ങളുണ്ട്. ഈ കെട്ടിടത്തിന്റെ അനുപമ സൗന്ദര്യമുള്ള ഉള്‍വശം മറക്കാനാവാത്ത കാഴ്ചയാണ്. മഞ്ഞനിറം കലര്‍ന്ന ഭിത്തിയില്‍ മിനുസപ്പെടുത്തിയ തിളങ്ങുന്ന കല്ലുകളാല്‍ അതിമനോഹരമായ അലങ്കാരങ്ങള്‍ ചെയ്തുവെച്ചിട്ടുണ്ട്. പത്ത് മുനകളുള്ള നക്ഷത്രങ്ങളുടെ മാതൃകകള്‍കൊണ്ട് ആകാശത്തെയും ജ്യോതിശാസ്ത്രത്തെയും സൂചിപ്പിക്കുന്ന അലങ്കാരങ്ങളാല്‍ സമൃദ്ധമാണ് മദ്രസയുടെ കവാടം.

Uzbekistan 3
ഷാഹി സിന്ദ കോംപ്ലക്‌സ്‌

17-ാം നൂറ്റാണ്ടില്‍ നാട് ഭരിച്ച യലാംഗ്തുഷ് ബഹാദൂര്‍ ആണ് ഷെര്‍ ദോര്‍, ടില്യാ കോവി മദ്രസകള്‍ പണി കഴിപ്പിച്ചത്. ഈ മദ്രസകളുടെ മുഖപ്പിനെ അലങ്കരിച്ചിരിക്കുന്നത് കടുവയുടെ രൂപത്തിലുള്ള മൊസൈക്ക് രൂപങ്ങളാലാണ്. സാധാരണ ഇസ്‌ലാമിക വിശ്വാസമനുസരിച്ച് ആരാധനാകേന്ദ്രങ്ങളില്‍ ജീവനുള്ളവയുടെ രൂപങ്ങള്‍ നിഷിദ്ധമാണ്. ഈ നിയമം മറികടക്കുന്ന വാസ്തുശില്പം ഇവിടെ ഉണ്ടെന്നതിനാല്‍ ഈ മദ്രസകള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. ഇതില്‍ ടില്യാ കോവി മദ്രസ ഒരു പഠനശാല മാത്രമായിരുന്നില്ല, ആ പ്രദേശത്തെ പ്രധാന പള്ളിയുമായിരുന്നു. രണ്ട് നിലകളിലായുള്ള വിശാലമായ അങ്കണത്തെ ചുറ്റി നില്‍ക്കുന്ന ശയന മുറികളും നാല് ഗ്യാലറികളുമാണ് ഇവിടെ ഉള്ളത്. പള്ളിയുടെ പ്രധാന ഹാള്‍ സ്വര്‍ണം പൊതിഞ്ഞ രീതിയിലാണ് പണികഴിപ്പിച്ചിട്ടുള്ളത്. ടില്യാ കോവി എന്ന വാക്കിന്റെ അര്‍ഥവും സ്വര്‍ണലേപനം ചെയ്തത് എന്നാണ്.

Uzbekistan 4
 
1612-ല്‍ സമര്‍ഖണ്ഡിന്റെ ഭരണാധികാരിയായി യലാംഗ്തുഷ് ബഹാദൂര്‍ ചുമതലയേറ്റു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് ഉലുഗ് ബേഗിന് അഭിമുഖമായി സമാന രൂപത്തിലുള്ള പള്ളിയുടെ പണി ആരംഭിച്ചത്. എന്നാല്‍ 200 വര്‍ഷം പഴക്കമുള്ള ഉലുഗ് ബേഗ് അല്പം താഴ്ന്ന് പോയിരുന്നതും തെരുവ് പുനര്‍നിര്‍മിച്ചപ്പോള്‍ തറനിരപ്പ് ഉയര്‍ന്നതും അന്ന് കണക്കിലെടുത്തില്ല. അതിനാല്‍ ഉലുഗ് ബേഗിനേക്കാള്‍ രണ്ട് മീറ്റര്‍ ഉയര്‍ന്നാണ് ഷെര്‍ ദോര്‍ നിലകൊള്ളുന്നത്. പള്ളിയുടെ ആദ്യപേര് യലാംഗ്തൂഷിന്റേതായിരുന്നെങ്കിലും ജനങ്ങള്‍ അത് സ്വീകരിച്ചില്ല. പിന്നീടാണ് ഷേര്‍ ദോര്‍ എന്നാക്കിയത്. ഷേര്‍ ദോറിന്റെ അര്‍ഥം കടുവകളാല്‍ അലങ്കരിക്കപ്പെട്ടത് എന്നതാണ്. സൂര്യനെ മുതുകിലേറ്റിയ രണ്ട് സ്വര്‍ണക്കടുവകള്‍ വെളുത്ത മാനിന് പിന്നാലെ പായുന്ന തരത്തിലുള്ള അലങ്കാരങ്ങളാണ് ഷേര്‍ ദോറിന്റെ കവാടത്തിലുള്ളത്. ഇതു പിന്നീട് ഉസ്‌ബെക്കിസ്താന്റെ ദേശീയ ചിഹ്നമായി. ഉസ്‌ബെക്ക് കറന്‍സി നോട്ടുകളിലും ഇത് കാണാനാവും. 1918-ലെ സോവിയറ്റ് ഭരണകാലത്താണ് ഇവിടെ മാറ്റങ്ങള്‍ തുടങ്ങുന്നത്. മദ്രസകള്‍ മതപഠനകേന്ദ്രങ്ങളാകാന്‍ പാടില്ല എന്ന നിയമം നിലവില്‍ വന്നു. ഇതോടുകൂടി പ്രാധാന്യം നഷ്ടപ്പെട്ടകെട്ടിടങ്ങള്‍ ഭൂമികുലുക്കവും കാലാവസ്ഥാ വ്യതിയാനങ്ങളും മൂലം ക്ഷയിച്ചു. കെട്ടിടങ്ങളുടെ അലങ്കാരങ്ങളും ചിത്രപ്പണികളും വലിയൊരു ഭാഗംവരെ നശിച്ചു. പിന്നീട് ചരിത്ര പ്രാധാന്യമുള്ള സ്മാരകം എന്ന നിലക്ക് സമര്‍ഖണ്ഡിനെ പുനര്‍നിര്‍മിക്കാന്‍ മുന്‍കൈ എടുക്കുന്നതും സോവിയറ്റ് യൂണിയന്‍ തന്നെയാണ്.

Uzbekistan 5
 
കെട്ടിടം നടന്നുകണ്ട് മടുത്തുപോയതിനാല്‍ അവിടത്തെ വാനനിരീക്ഷണകേന്ദ്രം കാണാന്‍ അധികം പേര്‍ ഉണ്ടായിരുന്നില്ല. നക്ഷത്ര ബംഗ്ലാവിലേക്ക് കടക്കുമ്പോള്‍ അവിടെനിന്ന് ചിത്രങ്ങളെടുക്കുന്ന പുതുമണവാളനെയും മണവാട്ടിയെയും കണ്ടു. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളില്‍ വന്ന് കല്യാണ ഫോട്ടോ എടുക്കുന്നത് ഇവിടെ ഒരു ചടങ്ങ് പോലെയാണ്. 1420-കളില്‍ ജ്യോതിശാസ്ത്രജ്ഞനായ ഉലുഗ് ബെഗിന്റെ നേതൃത്വത്തിലാണ് ഈ നിരീക്ഷണ കേന്ദ്രം പണിതത്. 1449-ല്‍ തീവ്രമതവാദികള്‍ ഈ നക്ഷത്രബംഗ്ലാവ് നശിപ്പിച്ചു. പിന്നീട് 1908-ലാണ് ഇത് വീണ്ടെടുക്കുന്നത്. ഇന്ന് നമ്മള്‍ കാണുന്ന നക്ഷത്ര ബംഗ്ലാവ് ഉലുഗ് ബെഗിന്റെ സ്മരണാര്‍ഥം 1970-ല്‍ പണിതതാണ്. മ്യൂസിയത്തിലേക്ക് കടക്കുന്നതിന് മുന്‍പായി ഉലുഗ് ബേഗിന്റെ പ്രതിമയ്ക്ക് മുന്‍പില്‍നിന്ന് ഫോട്ടോ എടുത്തു. ഉള്ളിലേക്ക് ചെല്ലുംതോറും ഈ നിരീക്ഷണശാല അദ്ഭുതപ്പെടുത്തികൊണ്ടിരുന്നു. അത്രയും നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ ഇത്ര കൃത്യതയോടെ ഒരു വാനനിരീക്ഷണശാല പണിതിരുന്നു എന്നത് അവിശ്വസനീയമായി തോന്നി. ഇന്ത്യന്‍ ചക്രവര്‍ത്തിമാരും തിമൂര്‍ രാജ കുടുംബത്തിന്റെ പാരമ്പര്യമുള്ളവരുമായ അക്ബര്‍, ഔറംഗസീബ് എന്നിവരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഒരു ചാര്‍ട്ടും അവിടെ കണ്ടു.

Uzbekistan 6

അടുത്ത ലക്ഷ്യസ്ഥാനം ഷാഹിസിന്ദാ കെട്ടിട സമുച്ചയമായിരുന്നു. കഠിനമായ ചൂടിനെ അവഗണിച്ചായിരുന്നു നടത്തം. ഒരുപാട് പടികള്‍ നടന്നുകയറി പോവാനുണ്ടെങ്കിലും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണിത്. ഇവിടത്തെ വിശ്വാസം അനുസരിച്ച്, കയറുമ്പോഴും ഇറങ്ങുമ്പോഴും പടികള്‍ എണ്ണണം. ഒടുവില്‍ എണ്ണം തുല്യമായി കിട്ടിയാല്‍ നമ്മുടെ ഒരു ആഗ്രഹം സാധിക്കുമത്രെ. ഞാന്‍ എന്തായാലും അതൊന്നു പരീക്ഷിച്ചിട്ടുണ്ട്. നടക്കുമോ ആവോ?! ഇരുപതിലേറെ കെട്ടിടങ്ങളുടെ സമുച്ചയമാണ് ഷാഹിസിന്ദാ കെട്ടിട സമുച്ചയം. ഒമ്പത് നൂറ്റാണ്ടുകളിലായാണ് ഇത് പണിത് തീര്‍ത്തത്. ഷാഹി സിന്ദാ എന്നാല്‍ ജീവിക്കുന്ന രാജാവ് എന്നാണര്‍ഥം. പ്രവാചകനായ മുഹമ്മദ് നബിയുടെ ബന്ധുവായിരുന്ന കുസ്സം ഇബന്‍ അബ്ബാസിന്റെ കഥയുമായി ബന്ധപ്പെട്ടാണ് ഈ പേര് വന്നത്. സ്വന്തം വിശ്വാസത്തിന്റെ പേരില്‍ കുസമിനെ ശിരച്ഛേദം ചെയ്തു എന്നും മരണം സംഭവിക്കാതെ സ്വന്തം ശിരസ്സുമായി കുസം സ്വര്‍ഗീയ ഉദ്യാനത്തിലെ ആഴമുള്ള കിണറിലേക്ക് ഇറങ്ങിപ്പോയി എന്നുമാണ് ഐതിഹ്യം. ഇതേ കെട്ടിട സമുച്ചയത്തിലാണ് അമീര്‍ തിമൂറുമായി ബന്ധമുണ്ടായിരുന്ന ഒരു സ്ത്രീയെ മറവുചെയ്തിരിക്കുന്നത്. പേര് വ്യക്തമല്ലാത്ത ഒരു പ്രധാന വ്യക്തിക്കായി നിര്‍മിച്ച ഒരു സ്മാരകസൗധവും ഇവിടെ കാണാം. അവിടത്തെ വാസ്തുവിദ്യയുടെയും കൊത്തുപണികളുടെയും ഭംഗി ആസ്വദിച്ച ശേഷം അവിടത്തെ നാട്ടുകാരുമായി സൗഹൃദ സംഭാഷണം നടത്തുകയും ചിത്രങ്ങളെടുക്കുകയും ചെയ്തു. ഹോട്ടലിലേക്ക് മടങ്ങുന്നവഴി ബിബി ഖാന പള്ളിക്ക് അരികില്‍ ഇറങ്ങി. അവിടെ നിന്നാല്‍ പട്ടണത്തിന്റെ മനോഹരമായ ദൂരക്കാഴ്ച കാണാമായിരുന്നു.

Uzbekistan 7
ബസാറിലെ തെരുവ്‌

ഷാരി സബ്സ് കാണാനായി പിറ്റേദിവസം നേരത്തേ പുറപ്പെട്ടു. ആദ്യം സന്ദര്‍ശിച്ചത് യാത്രാമധ്യേയുള്ള ഒരു നെയ്ത്തുശാലയായിരുന്നു. വിവിധ തരത്തിലുള്ള പരവതാനികളും വിരിപ്പുകളുമാണ് ഇവിടെ ഉണ്ടാക്കിയിരുന്നത്. അവിടെയെല്ലാം ചുറ്റി നടന്ന് നിര്‍മാണ രീതികളെല്ലാം കണ്ടശേഷം ചായയും റൊട്ടിയും കഴിച്ചു. കൂടെയുള്ളവര്‍ ആവശ്യമനുസരിച്ച് ഓരോ തരത്തിലുള്ള വിരിപ്പുകള്‍ വാങ്ങി. ഞാന്‍ വാങ്ങിയത് ഒരു മേശ വിരിപ്പായിരുന്നു. രസകരമായ അവരുടെ നെയ്ത്തുരീതിയുടെ താളം ആസ്വദിച്ച് അല്‍പ്പനേരം അവിടെ ചെലവഴിച്ചു. ഷാരി സബ്സില്‍ എടുത്ത് പറയേണ്ടത് അക്- സാരെ പാലസിനെ പറ്റിയാണ്. പൗരാണികമായ ആ കൊട്ടാരത്തിന്റെ അവശേഷിപ്പുകള്‍ മാത്രമേ ഇന്നവിടെ കാണാന്‍ സാധിക്കുകയുള്ളൂ. പുരാവസ്തുഗവേഷകര്‍ വീണ്ടെടുത്ത അവശിഷ്ടങ്ങളില്‍നിന്നും തലമുറകള്‍ കൈമാറി വന്ന കഥകളില്‍നിന്നും കൊട്ടാരത്തിന്റെ വലുപ്പവും മനോഹാരിതയും സങ്കല്‍പ്പിക്കാനാവും. ശ്രേഷ്ഠമായ നിരവധി മുറികളും അങ്കണങ്ങളും അറകളുമായി ഏറ്റവും പ്രൗഢമായി തലയുയര്‍ത്തി നിന്ന അക്- സാരെ കൊട്ടാരം ഇന്ന് ഓര്‍മ മാത്രമാണ്. നിര്‍മിതിയിലെയും വര്‍ണങ്ങളിലെയും വൈവിധ്യവും രൂപകല്‍പ്പനയിലെ മനോഹാരിതയും അക്- സാരെക്ക് പ്രത്യേക ചാരുത നല്‍കുന്നുണ്ട്. മൊസൈക്കിലും മാജൊലിക്ക ടൈലിലും പണിതീര്‍ത്ത കവാടം വളരെ സുന്ദരവും വര്‍ണശബളവുമാണ്.

Dolls 2

ഏറ്റവും സൂക്ഷ്മവും വിദഗ്ധവുമായി ഇലകളുടെ ആകൃതിയില്‍ചെയ്ത ചിത്രക്കുപ്പികളോടൊപ്പം ഖുര്‍-ആന്‍ വചനങ്ങള്‍ ഉള്‍പ്പെടുത്തിയ കയ്യെഴുത്തുകളും മതേതരമായ ആശയങ്ങളും ഒത്തുചേര്‍ന്ന അലങ്കാരങ്ങളാണ് ഇവിടെയുള്ളത്. മനുഷ്യനിര്‍മിതിയുടെ അത്യാഡംബര പൂര്‍വമായ ശേഷിപ്പാണ് അക്- സാരെ എന്ന് നിസ്സംശയം പറയാം. അടുത്ത സ്ഥാനത്തേക്ക് നീങ്ങാനായി ചെറിയ വാഹനങ്ങള്‍ അവര്‍ നല്‍കി. ഗോള്‍ഫ് കളിക്കാര്‍ ഉപയോഗിക്കുന്നതിന് സമാനമായ ചെറു വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതിനിടയില്‍ അമീര്‍ തിമൂറിന്റെ പ്രതിമയുടെ ചിത്രങ്ങള്‍ പകര്‍ത്തി. ഡൊറുത്തിലാ വട്ട് കെട്ടിട സമുച്ചയത്തിലെത്തിയ അമീര്‍ തിമൂറിന്റെ സ്മാരക മണ്ഡപത്തിലേക്കാണ് ആദ്യം പോയത്. 15-ാം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണിത്. രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രധാനപ്പെട്ട വ്യക്തികളുടെ ശവകുടീരങ്ങള്‍ അവിടെ കണ്ടു. അവയില്‍ ഒരു ശവകുടീരത്തിന് നമ്മള്‍ വിശ്വാസമര്‍പ്പിച്ച് പ്രാര്‍ഥിച്ചാല്‍ എന്ത് ആഗ്രഹവും സാധിക്കുമത്രേ. പരീക്ഷിച്ച് നോക്കാന്‍ നില്‍ക്കാതെ നടന്നു നീങ്ങി.

Uzbekistan 8പിറ്റേന്ന് രാവിലെ ബോലോ ഹോസ് പള്ളി കാണാനായി പോയി. ഇറാനില്‍ കണ്ട കൊട്ടാരങ്ങളെ ഓര്‍മിപ്പിക്കുന്നതാണ് ഇതിന്റെ രൂപകല്‍പന. 17-ാം നൂറ്റാണ്ടില്‍ നിര്‍മിതമായ ബോലോ ഹോസ് പള്ളി രാജകുടുംബത്തിനും അനുചരന്മാര്‍ക്കും പ്രാര്‍ഥനാകര്‍മങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു. ആ കാലഘട്ടത്തെ നിര്‍മിതികളില്‍ പള്ളിക്കും മിനാരത്തിനും കുളത്തിനും കേടുപാടില്ലാതെ അവശേഷിക്കുന്നത് ബോലോ ഹോസ് മാത്രമാണ്. ബോലോ ഹോസ് എന്നാല്‍ കുട്ടികള്‍ക്കായുള്ള കുളം എന്നാണര്‍ഥം. പൗരാണിക നഗരത്തിന്റെ നശിക്കാത്ത അവശേഷിപ്പുകളില്‍ ഒരെണ്ണമെന്ന നിലയ്ക്ക് ഇതിന് വലിയ പ്രാധാന്യമുണ്ട്. പള്ളിയുടെ പേരിന് കാരണമായ കുളത്തിലെ തെളിഞ്ഞ വെള്ളത്തില്‍ അയ്വാന്‍- മിനാരം പ്രതിഫലിച്ചുകാണുന്നത് മനോഹരമാണ്. അന്ന് വെള്ളിയാഴ്ചയായിരുന്നു. ഉച്ചയ്ക്കുശേഷം അവിടെ പ്രാര്‍ഥന ഉള്ളതിനാല്‍ രാവിലെത്തന്നെ അവിടം സന്ദര്‍ശിച്ച് മടങ്ങി.
 
സമാനിദ് രാജകുടുംബത്തിന്റെ ശവക്കല്ലറ സന്ദര്‍ശിക്കാനായാണ് പിന്നീട് പോയത്. ബുഖാറയ്ക്ക് സമീപം ഒരു പാര്‍ക്കിന്റെ ഉള്ളിലാണ് അത് സ്ഥിതി Uzbekistan 10ചെയ്യുന്നത്. മധ്യേഷ്യന്‍ വാസ്തുവിദ്യയുടെയും ശില്പകലയുടെയും മകുടോദാഹരണം എന്ന ഖ്യാതിയുണ്ട് സമാനിദ് ശവക്കലറയ്ക്ക്. സമാനിദ് രാജവംശത്തിലെ കരുത്തനായ രാജാവ് ഇസ്മയില്‍ സമാനിയുടെ ശവകുടീരമാണ് ഇവിടെയുള്ളത്. അദ്ദേഹത്തിന്റെ പിതാവ് അഹമ്മദ്, അനന്തരവനായ നാസര്‍ തുടങ്ങിയ പ്രധാനപ്പെട്ട പല രാജകുടുംബാംഗങ്ങളുടെയും ശവകുടീരങ്ങള്‍ ഇവിടെ ഉണ്ട്. ഇവയെല്ലാം സന്ദര്‍ശിച്ച ശേഷം ചിത്രങ്ങള്‍ പകര്‍ത്തിയും കച്ചവടക്കാരുമായി വിലപേശിയും അല്പസമയം അവിടെ ചെലവഴിച്ചു. അമ്മയ്ക്ക് സമ്മാനമായി അവിടത്തെ നാടന്‍ നെയ്ത്ത് രീതിയായ സുസാനി യെപ്പറ്റിയുള്ള ഒരു പുസ്തകം വാങ്ങി. അടുത്ത സ്ഥലത്തേക്കുള്ള യാത്രയ്ക്കിടയില്‍ കണ്ട ഒരു കടയില്‍നിന്ന് ഒരു ജോടി കമ്മലുകളും വാങ്ങി.

ചഷ്മാ അയൂബ് സമുച്ചയത്തിലേക്കാണ് പിന്നെ പോയത്. ചഷ്മാ അയൂബ് എന്നാല്‍ അയൂബിന്റെ കിണര്‍ എന്നാണര്‍ഥം. ഇതിഹാസങ്ങള്‍ പ്രകാരം പ്രവാചകനായ അയൂബ് (ഖീയ) തന്റെ ഊന്നുവടികൊണ്ട് നിലത്തടിച്ചപ്പോള്‍ ഉണ്ടായതാണ് ഈ കിണര്‍. ഇതിലെ ജലത്തിന് സുഖപ്പെടുത്താനുള്ള സിദ്ധിയുണ്ടെന്നാണ് വിശ്വാസം. ഇവിടെ ഇപ്പോഴുള്ള കെട്ടിടങ്ങള്‍ തിമൂറിന്റെ കാലഘട്ടത്തില്‍ പണിതവയാണ്. ചൂട് അസഹനീയമായി തുടങ്ങിയെങ്കിലും മനോഹരമായ കൊത്തുപണികള്‍ ആസ്വദിച്ചും ചിത്രങ്ങള്‍ പകര്‍ത്തിയും ഞങ്ങള്‍ നടന്നു. ബുക്കാറയുടെ പേടകം എന്നറിയപ്പെടുന്ന ഭീമാകാരമായ കോട്ടയിലേക്കാണ് എത്തിയത്. ഒരു പട്ടാളകേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന കോട്ട രാജകൊട്ടാരങ്ങള്‍ നിറഞ്ഞ ഒരു ചെറുപട്ടണം കൂടെ ആയിരുന്നു. 1920-ല്‍ സോവിയറ്റ് യൂണിയന്റെ കൈയില്‍ അകപ്പെടുന്നതുവരെ ഇത് സൈനിക കോട്ടയായിരുന്നു. ഉച്ചസമയമായപ്പോള്‍ ബുക്കാറയിലെ ഏറ്റവും വലിയ പരവതാനി വിപണനകേന്ദ്രത്തില്‍ നടക്കുന്ന പ്രദര്‍ശനം കാണാനായി പോയി. പട്ടിനാല്‍ നിര്‍മിച്ച വിരിപ്പുകളുടെ വൈവിധ്യം നിറഞ്ഞ ശേഖരമാണ് അവിടെ കണ്ടത്. പ്രദര്‍ശനത്തിനിടയില്‍ സൗജന്യമായി ചായ ലഭിച്ചു. എന്റെ ബാഗില്‍ സ്ഥലമില്ലാത്തതിനാല്‍ ആഗ്രഹമുണ്ടായിട്ടും ഒന്നും വാങ്ങാനായില്ല. പ്രദര്‍ശനം ആസ്വദിച്ചശേഷം ഉള്ളില്‍ കയറി അവരുടെ നെയ്ത്ത് രീതികളും കണ്ടുമനസ്സിലാക്കിയ ശേഷമാണ് അവിടെനിന്നും ഇറങ്ങിയത്.

Uzbekistan 9

പിറ്റേ ദിവസം ആറര മണിക്കൂര്‍ യാത്രചെയ്താണ് കിവ എന്ന സ്ഥലത്തെത്തിയത്. പുരാതന കിവയുടെ ഉള്‍വശത്തുള്ള നഗരമായ ഇച്ചന്‍ കാലയാണ് അവിടത്തെ പ്രധാന കാഴ്ച. ജുമാ പള്ളിയും മനോഹരമാണ്. പള്ളിയുടെ ചുമരിനെ താങ്ങി നിര്‍ത്താന്‍ തടിയുടെ 218 തൂണുകളുണ്ട്. പുരാതന അറേബ്യന്‍ വാസ്തുവിദ്യയില്‍നിന്നാണത്രെ ഈ നിര്‍മാണരീതി വന്നത്. ഇതില്‍ ഏഴോളം തൂണുകള്‍ ഇവിടെ എ.ഡി.10-ല്‍ ഉണ്ടായിരുന്ന ആദ്യ പള്ളിയില്‍നിന്ന് എടുത്തതാണ്. മൈക്കില്ലാതെ തന്നെ എല്ലാവര്‍ക്കും കേള്‍ക്കും വിധം സംസാരിക്കാനാവുന്ന പൈപ്പുകള്‍ ഉപയോഗിച്ചുള്ള സംവിധാനം അവിടെയുണ്ട്. തടി ഉപയോഗിക്കാതെ ചുണ്ണാമ്പുകല്ലുകള്‍ നീറ്റി ചൂട് നിലനിര്‍ത്തുന്ന സംവിധാനവും കണ്ടു. കല്ലുകള്‍ പതിച്ച പൗരാണികമായ പാതയിലൂടെയാണ് തിരികെ ഇറങ്ങിയത്. പിറ്റേ ദിവസം മുഴുവന്‍ ഷോപ്പിങ് നടത്തി നാട്ടിലേക്ക് തിരിച്ചുപോരുമ്പോള്‍ ഉസ്‌ബെക്കിന്റെ പൗരാണികതയെക്കുറിച്ചുള്ള വിലപ്പെട്ട അറിവുകളാണ് കൂടെക്കൂട്ടിയത്. 

ഉസ്‌ബെക്കിസ്താനില്‍ പോകുമ്പോള്‍

ചരിത്രകുതുകികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന സ്ഥലമാകും ഉസ്‌ബെക്കിസ്താന്‍. സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളില്‍ ചൂട് കൂടുതലാണെങ്കിലും യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. തണുപ്പുകാലത്ത് മൈനസ് മൂന്ന് മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള വ്യത്യാസം താപനിലയിലുണ്ടാകും. അല്പം യാഥാസ്ഥിതിക ചിന്താഗതിയുള്ള നാട്ടുകാരായതിനാല്‍ വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കണം. കൈത്തണ്ടകളും കാലും മറയ്ക്കുന്ന വസ്ത്രങ്ങളാണ് നല്ലത്. തൊപ്പിയും സണ്‍ഗ്ലാസും കരുതുന്നത് നല്ലതാണ്. ഉസ്‌ബെക്കിസ്താനിലെ സാധാരണക്കാര്‍ക്ക് ഇംഗ്ലീഷ് ഭാഷ അത്ര വശമുണ്ടാകില്ല. എന്നാല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഇംഗ്ലീഷ് അറിയുന്ന ഗൈഡുകളെ കിട്ടും. സോമാണ് ഉസ്‌ബെക്കിസ്താനിലെ കറന്‍സി. ഒരു രൂപയ്ക് ഏകദേശം 110 സോമിന്റെ മൂല്യമുള്ളതിനാല്‍ ഇന്ത്യക്കാര്‍ക്ക് ചെലവുകുറഞ്ഞ രീതിയില്‍ യാത്ര ചെയ്യാവുന്ന സ്ഥലമാണിത്. ഡ്രൈ ഫ്രൂട്ട്‌സ്, പഴങ്ങള്‍, വ്യത്യസ്തങ്ങളായ കരകൗശലവസ്തുക്കള്‍, തുണിത്തരങ്ങള്‍ എന്നിവ വിലക്കുറവില്‍ ഇവിടെനിന്ന് ലഭിക്കും.

Content Highlights: Uzbekistan has a rich and varied cultural history, mathrubhumi yathra