125 വര്‍ഷം മുന്‍പത്തെ ഒരു ഗ്രാമം എങ്ങനെയുണ്ടാവും? ഭക്ഷണം, വസ്ത്രരീതി, വീട്, ജീവിതശൈലി.... അത് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ടാവും. പക്ഷേ ചരിത്രത്തെ നേരില്‍ക്കണ്ടുമുട്ടിയാലോ? കാനഡയിലെ എഡ്മണ്ടനില്‍നിന്ന് വെറും 25 മിനിറ്റ് യാത്രചെയ്താല്‍ ഹൈവേയോടുചേര്‍ന്നുള്ള യുക്രേനിയന്‍ ഗ്രാമത്തിലെത്താം.

കാനഡ 150-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ യുക്രേനിയക്കാര്‍ കുടിയേറ്റത്തിന്റെ 125-ാം വാര്‍ഷികം ആഘോഷിക്കുന്നു. കിഴക്കന്‍ സെന്‍ട്രല്‍ ആല്‍ബര്‍ട്ടയില്‍ 1892-1930 വരെ പാര്‍ത്തതിന്റെ നേര്‍ക്കാഴ്ചയ്ക്കുനേരെ കണ്ണാടി പിടിക്കയാണ് യുക്രേനിയന്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് വില്ലേജ്. എഡ്മണ്ടനിലാണ് യുക്രേനിയക്കാര്‍ ഏറേ കുടിയേറി പാര്‍ത്തത്. ഒരാള്‍ക്ക് 15 ഡോളര്‍ (ഏകദേശം 1025 രൂപ) ആണ് ഗ്രാമത്തിലേക്കുള്ള പ്രവേശനഫീസ്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇളവുണ്ട്. പേരറിയാത്ത വന്‍മരങ്ങളും പുല്‍ക്കാടുകളും പിന്നിട്ട് ചെന്നുനിന്നത് ഒരു പഴയ തീവണ്ടിപ്പാതയില്‍.. ബെല്ലീസ് കനേഡിയന്‍ നാഷണല്‍ റെയില്‍വേസ്റ്റേഷന്‍. ഒന്നേകാല്‍ നൂറ്റാണ്ട് പഴക്കമുള്ള ഒരു വാഗണ്‍ നിര്‍ത്തിയിട്ടിരിക്കുന്നു. സ്റ്റേഷനുള്ളിലേക്ക് കയറിച്ചെന്നാല്‍ ട്രെയിന്‍സമയം രേഖപ്പെടുത്തിയ ട്രെയിന്‍ ബുള്ളറ്റിന്‍ കാണാം. ജൂലായ് 4,1929 ചൊവ്വ വെസ്റ്റെന്‍ഡ് ടു എഡ്മണ്ടന്‍ ട്രെയിന്‍ സമയവും... പൊടുന്നനെ നമ്മള്‍ ഏതോ പുരാതനകാലത്തെത്തിയ പ്രതീതി. നൂറ്റാണ്ടിന്റെ അദ്ഭുതക്കാഴ്ചകളാണ് പിന്നീടങ്ങോട്ട്.

Ukraine 1

തിരക്കിട്ടോടിനടക്കുന്ന തൊഴിലാളികള്‍ പഴയ റഷ്യന്‍ചിത്രങ്ങളില്‍ നിന്നിറങ്ങിവന്നപോലെ. അല്‍പം മാറിക്കണ്ട കൂറ്റന്‍കെട്ടിടത്തിലേക്ക് നടന്നു. ഗോതമ്പിന്റെയും കച്ചിയുടെയുമൊക്കെ ഫ്രഷ് മണം. ''ഓ! അത് ധാന്യപ്പുരയാണ്, വാഗണില്‍ കൊണ്ടിറക്കുന്ന ധാന്യങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലം.'' ഒരു തൊഴിലാളി പറഞ്ഞുതന്നു. ഏക്കറുകളോളം പരന്നുകിടക്കുന്ന യുക്രേനിയന്‍ ഗ്രാമം. ലേശംകൂടി മുന്നോട്ടുചെന്നപ്പോള്‍ ഒരു പള്ളി. ഗ്രാമത്തിലെ ആദ്യത്തെ റഷ്യന്‍ കാത്തലിക്ക് പള്ളിയാണിത്. ചെരിപ്പൂരിയിട്ട് കയറിച്ചെല്ലുമ്പോഴേക്കും പള്ളിമുറ്റത്തുനിന്ന സുന്ദരിയായ പെണ്‍കുട്ടി നടാഷ ഒപ്പം കയറിവന്ന് ഹൃദ്യമായ ചിരിയോടെ സ്വാഗതംചെയ്തു. തിരുകുടുംബചിത്രം ഭിത്തിയില്‍. ഇടത്തരം ഒറ്റമുറിയുടെ വലിപ്പമേ പള്ളിക്കുള്ളൂ. അവിടെ കുര്‍ബാനയും മാമോദീസയും വിവാഹവും നടക്കുന്നുണ്ട്!. കഴിഞ്ഞദിവസവും മാമോദീസ നടന്നെന്ന് പറഞ്ഞ് സ്നാനത്തൊട്ടിയും കാണിച്ചുതന്നു. ''ഇടവകയില്‍ 30 കുടുംബങ്ങളുമുണ്ട്'', നടാഷ പറഞ്ഞു.

Ukraine 2

Ukraine 4പള്ളിമുറ്റത്തെത്തിയപ്പോഴതാ കുതിരക്കുളമ്പടിയൊച്ച ഉയരുന്നു... ഇവിടെ ആകെയുള്ള വാഹനം കുതിരവണ്ടിയാണ്. കഴിഞ്ഞരാവില്‍ പെയ്ത മഴയില്‍ കുതിരകള്‍ കുഴച്ചുമറിച്ച മണ്‍പാതയിലൂടെ ഞങ്ങള്‍ നീങ്ങി. വഴി അവസാനിച്ചത് കാടിന്റെ നടുവിലെ കുടിലിന്റെ മുന്നിലാണ്. ഗോതമ്പും ഉരുളക്കിഴങ്ങും വിളയുന്ന പാടത്ത് കൃഷിപ്പണിയില്‍ മുഴുകി ഒരമ്മയും മകളും. ഓള്‍ഗയും നതാലിയയും. അവരുടെ പാര്‍പ്പിടമാണത്. അനുവാദം ചോദിച്ച് ഒറ്റമുറി കുടിലിനുള്ളിലേക്ക് കയറി. വെറും കമ്പ് കെട്ടിവരിഞ്ഞ് ഉണ്ടാക്കിയ ഒരുകട്ടില്‍. പഞ്ഞിമെത്ത അതില്‍ മടക്കിവെച്ചിരിക്കുന്നു. ഒരുമൂലയ്ക്കായി മൂന്നു കല്ലുകള്‍ കൂട്ടിയുണ്ടാക്കിയ അടുപ്പ്, ഇരുമ്പിന്റെ ഒരു പെട്ടി, സാധനങ്ങള്‍ സൂക്ഷിക്കാന്‍ നമ്മുടെ പഴയ ഉറിപോലെ ഒരു സംവിധാനം... തീര്‍ന്നു ഒരു കുടുംബം പാര്‍ക്കുന്ന ആ വീട്ടിലെ ആഡംബരം. പുറത്തിറങ്ങി നോക്കുമ്പോള്‍ മേല്‍ക്കൂരമുഴുവന്‍ പുല്ലു മൂടിയിരിക്കയാണ്. പുല്ല് പറിച്ചുകളയാത്തതെന്തെന്ന് ചോദിച്ചപ്പോള്‍ മറുപടി കൗതുകകരമായിരുന്നു. മഴ ആര്‍ത്തലച്ച് പെയ്യുമ്പോള്‍ ചെറുക്കാനാണ്! പുല്ലില്‍ തട്ടി വെള്ളം ഒഴുകിപ്പൊയ്ക്കൊള്ളും, മഴയുടെ ആഘാതത്തില്‍നിന്ന് കുടില്‍ രക്ഷപ്പെടുകയും ചെയ്യും. മുറ്റത്തായി ചെറിയൊരു വട്ടത്തില്‍ കുഴിയില്‍ കനല്‍ നിറഞ്ഞുകിടക്കുന്നു. വേട്ടമൃഗങ്ങളെ ഭക്ഷണത്തിനായി പാകപ്പെടുത്തുന്ന ഗ്രില്ലാണ്. സംസാരം മുറുകുമ്പോഴും ഓള്‍ഗ ഉരുളക്കിഴങ്ങിന്‍ചുവട്ടിലെ കള പറിച്ചുകൂട്ടുകയാണ്. മകള്‍ നതാലിയ കാരറ്റ്തോട്ടത്തിലെ പുല്ലുകള്‍ നുള്ളിക്കൊണ്ടിരുന്നു.
 
പാടത്തിനപ്പുറത്തേക്കുള്ള ഒറ്റവഴി അവസാനിച്ചത് വിശാലമായ മൈതാനത്താണ്. അങ്ങിങ്ങ് വീടുകള്‍, കുതിരലായം, വമ്പന്‍ കോഴിക്കൂടുകള്‍, തൊഴുത്ത്, കൃഷിയിടം... എല്ലാംതികഞ്ഞൊരു Ukraine 5ധനികവീട്. ഓലയും പുല്ലുംകൊണ്ടാണ് മേഞ്ഞിരിക്കുന്നത്. ചുറ്റും തക്കാളി, ഉരുളക്കിഴങ്ങ്, ചീര, മല്ലി, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവ വളര്‍ന്നു കിടക്കുന്നു. ഉമ്മറത്ത് ഞങ്ങളെ കണ്ടതും ഗൃഹനാഥന്‍ വ്‌ലാഡിമര്‍ ചിരിച്ചുകൊണ്ടിറങ്ങിവന്നു. ''സ്വാഗതം, വരൂ വരൂ''.പഴയ റഷ്യന്‍ സിനിമകളില്‍നിന്നിറങ്ങിവന്ന നായകനെപ്പോലെ സുന്ദരന്‍. അതേ വേഷം.. ''വീട്ടിലാരുമില്ലേ? എല്ലാവരും എവിടെപ്പോയി?''ഞാന്‍ ചോദിച്ചു.

''ഭാര്യ അയല്‍വീട്ടില്‍ പോയിരിക്കയാണ്.'' ''വീടിനകം കാണാമോ?'' ഞങ്ങളുടെ ചോദ്യം കേട്ട് അയാള്‍ ഇരുകൈയുംനീട്ടി തലകുനിച്ച് ആതിഥ്യമര്യാദപ്രകാരം വീടിനുള്ളിലേക്ക് വരവേറ്റു. ധനിക കുടുംബത്തിന്റെ എല്ലാലക്ഷണവും പ്രകടമായ രണ്ടുമുറികള്‍. ശീതകാലത്ത് ചൂടുപകരാന്‍വരെ സംവിധാനമുണ്ട്. പൂക്കള്‍കൊണ്ട് ചായം നല്‍കിയ തുണിത്തരങ്ങള്‍ ഉണങ്ങാനിട്ടിരിക്കുന്നു. മേശപ്പുറത്തെ വലിയ കുട്ടനിറയെ നാടന്‍ കോഴിമുട്ടകള്‍... അടുക്കളയില്‍നിന്നുയരുന്ന നാടന്‍ ഭക്ഷണത്തിന്റെ ഹൃദ്യമായ മണം. വല്ലത്തിന്റെ ആകൃതിയിലുള്ള നല്ല കുഴിഞ്ഞ ഒറ്റത്തടിയിലേക്ക് നോട്ടം വീണതുകണ്ട് വ്‌ലാഡിമര്‍ പറഞ്ഞു ''ഞങ്ങള്‍ റൊട്ടി കുഴയ്ക്കുന്നത് ഇതിലാണ്.'' 

പാര്‍ട്ടിയും മറ്റും നടക്കുമ്പോള്‍ ഡാന്‍സ്ചെയ്യുന്ന മുറി കാണിച്ചുതന്നപ്പോഴേക്കും ഗൃഹനാഥ ഇവാന കയറിവന്നു. വളരെ പഴയ സ്‌റ്റൈലിലുള്ള, ധാരാളം ഞൊറികളുള്ള ഒറ്റഗൗണില്‍ അവള്‍ അതീവ സുന്ദരിയായിരുന്നു. പരിചയപ്പെട്ടശേഷം ഞങ്ങള്‍ പുറത്തിറങ്ങി. നമ്മുടെ 'ഗിരിരാജന്‍' മട്ടിലുള്ള പത്തന്‍പതു കോഴികള്‍ ചിക്കിച്ചികയുന്ന മുറ്റം. വീടിനല്പം മാറി പന്നിക്കൂട്ടില്‍ മുക്രയിടുന്ന കൊഴുകൊഴുത്ത പന്നിക്കുട്ടന്‍മാര്‍. കുളമ്പടിയൊച്ചയുയര്‍ത്തി അകന്നുപോകുന്ന, പുല്ലുനിറച്ച കുതിരവണ്ടികള്‍....

വളവുകഴിഞ്ഞ് ചെന്നെത്തിയത് ഗ്രാമത്തിലെ പോസ്റ്റോഫീസിനു മുന്നില്‍. 'ലുസന്‍' പോസ്റ്റോഫീസിന് ഒറ്റമുറി മാത്രം! പോസ്റ്റ്മാസ്റ്ററുടെ കോട്ട് ഭിത്തിയിലെ ആണിയില്‍ തൂങ്ങിക്കിടപ്പുണ്ട്. ആള്‍ ഉച്ചഭക്ഷണത്തിനു പോയിരിക്കയാണെന്ന് തൊട്ടപ്പുറത്തായി ധാന്യങ്ങള്‍ വില്‍ക്കുന്ന കടയിലെ സ്ത്രീ നടാഷ പറഞ്ഞു. നടാഷയുടെ പക്കല്‍നിന്ന് ഡ്രൈഫ്രൂട്ട്സും മറ്റും വാങ്ങുന്ന സന്ദര്‍ശകര്‍. സെന്റ് നിക്കോളാസ് യുക്രേനിയന്‍ ഗ്രീക്ക് കാത്തലിക്ക് ചര്‍ച്ച്, സെന്റ് നിക്കോളാസ് റൂസോ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെന്റ് വ്‌ലാഡിമേഴ്സ് യുക്രേനിയന്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇങ്ങനെ മൂന്ന് പള്ളികളുണ്ടിവിടെ. ഗ്രാമം വലംവെച്ച് ചെറുകുന്നിറങ്ങി നമ്മള്‍ ചെല്ലുന്നത് വീണ്ടും ആ റെയില്‍വേ സ്റ്റേഷന്റെ ഒരു ഭാഗത്തേക്കാണ്. അവിടെ പഴയ റഷ്യന്‍ എലിമെന്ററി സ്‌കൂളുമുണ്ട്. അവധിദിനമായിരുന്നതിനാല്‍ അധ്യാപകരെയോ കുട്ടികളെയോ കാണാനായില്ല.

Ukraine 6
ഓര്‍മകള്‍ പുനര്‍ജനിക്കുന്ന കാഴ്ചകള്‍

ഇരുമ്പുപണി തകൃതിയായി നടക്കുന്ന ആലയിലേക്കു ഞങ്ങള്‍ തിരിഞ്ഞതും ചോദ്യമെത്തി 'കുതിരലാടം തറയ്ക്കാനാണോ?' അല്ലെന്ന് പറഞ്ഞെങ്കിലും ഇരുമ്പും തുരുമ്പും പിടിച്ച കൈകള്‍ പാന്റില്‍ തുടച്ച് അയാള്‍ ഷേക്ക് ഹാന്‍ഡ് നല്‍കി. ശരിക്കും നമ്മുടെ നാട്ടിലെ ഒരു ആല തന്നെ. പഴയ പണിയായുധങ്ങള്‍, കുതിരലാടങ്ങള്‍, ചുറ്റിക... യാത്ര പറഞ്ഞ് സ്റ്റേഷനിലേക്ക് നടക്കുമ്പോഴാണ് ഹില്യാര്‍ഡ്സ് ഹോട്ടല്‍ കണ്ടത്.

ഡിന്നര്‍ സ്പെഷ്യല്‍ പോര്‍ക്ക് റോസ്റ്റ്... പിന്നെ കാരറ്റ്സ്, പൊട്ടെറ്റോസ്, റുബാബ്പൈ... വിലയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട് - 25 സെന്റുമാത്രം! (ഏകദേശം 17 രൂപ). രണ്ടുനിലകളിലായി എട്ടുമുറികളുള്ള ഹോട്ടല്‍. അറ്റാച്ച്ഡ് ബാത്റൂമുകള്‍. നൂറ്റാണ്ടിനുമുമ്പിലത്തെ ഫോണ്‍സംവിധാനം ഇപ്പോഴും. പരിചാരികമാര്‍ കാത്തുനില്‍ക്കുന്ന ഉള്‍ത്തളം. 125 വര്‍ഷം പഴക്കമുള്ള ബില്‍ബുക്ക് മേശപ്പുറത്ത്. പോലിസ് എയ്ഡ്പോസ്റ്റും ചന്തയും തടിമില്ലും മാര്‍ക്കറ്റ് സ്‌ക്വയറും കണ്ട് മടങ്ങുമ്പോള്‍ സംശയം ബാക്കിനിന്നു. നൂറ്റാണ്ടിനിപ്പുറത്തെ വേഷവും ഭാഷയും പെരുമാറ്റരീതികളും ജീവിതവും സെറ്റും... നടീനടന്‍മാരാണെങ്കിലും ഇത്ര ലൈവാകാമോ.....

Ukraine 7


യുക്രേനിയന്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് വില്ലേജ്

യുക്രേനിയന്‍ കുടിയേറ്റചരിത്രത്തിലെ 35 സുപ്രധാന നാഴികകല്ലുകള്‍ അപ്പാടെ പറിച്ചുനട്ടിരിക്കയാണ് ഈ ഗ്രാമത്തില്‍. 20 മില്യണ്‍ ഡോളറാണ് ഈ ഓപ്പണ്‍എയര്‍ മ്യൂസിയം സൈറ്റിന്റെ ഇന്നത്തെ മതിപ്പുവില. 1892-ലെ കാലഘട്ടത്തിലെ വേഷവിധാനം അണിഞ്ഞ റഷ്യക്കാരായ സ്ത്രീപുരുഷന്‍മാര്‍ ഗ്രാമത്തില്‍ നമ്മളെ സ്വാഗതം ചെയ്യുന്നു. പ്രതിഫലം പറ്റിയാണ് ഗ്രാമത്തില്‍ ഇവര്‍ നാടകം ആടുന്നതെങ്കിലും പോയകാലത്തിലൂടെ ആസ്വദിച്ച് ജീവിക്കുന്നത് നമ്മള്‍ക്ക് തൊട്ടറിയാം. യുക്രേനിയന്‍ കുടിയേറ്റക്കാലവും അന്നത്തെ ജീവിതരീതിയും പുത്തന്‍തലമുറയ്ക്ക് കണ്ടുമനസ്സിലാക്കാന്‍ വിഭാവനം ചെയ്ത പദ്ധതിയാണ് യുക്രേനിയന്‍ കള്‍ച്ചറല്‍ വില്ലേജ്.

Heritage Village

കടുത്ത സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ട നാളുകളില്‍ പലായനം ചെയ്ത് എത്തിയ യുക്രേനിയക്കാരെ ഇരുകൈയുംനീട്ടി കനേഡിയന്‍ ഗവണ്‍മെന്റ് സ്വീകരിച്ചു. കൃഷിചെയ്യാനും മറ്റും സഹായിക്കയും ചെയ്തു. അന്നത്തെ ജീവിതത്തിന്റെ പച്ചയായ ആവര്‍ത്തനമാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. അതിജീവന പോരാട്ടത്തിന്റെ വെല്ലുവിളികളെ നേരിട്ട പൂര്‍വപിതാക്കളുടെ ജീവിതത്തിലൂടെ ഇവര്‍ നമ്മെ വിദഗ്ധമായി നയിക്കുന്നു. ഒന്നരനൂറ്റാണ്ടിനപ്പുറത്തെ ലോകത്തേക്ക് സ്വാഭാവികനീക്കത്തിലൂടെ നമ്മളെ കൈപിടിച്ചുനടത്തുന്നതില്‍ ഇവര്‍ നൂറുശതമാനം വിജയിക്കയും ചെയ്തു.

 

Content Highlights: Ukraine Travel, Ukranian Cultural Heritage Village