യുഗാണ്ട യാത്രകള്‍

ണ്ണെത്താദൂരത്തോളം കറിവേപ്പിലത്തോട്ടം, അതിരിട്ട് കാന്താരിമുളകുകൊണ്ടുള്ള വേലി. യാത്രയ്ക്കിടയിലെ ഈ മനോഹര ദൃശ്യം കണ്ട് ഞങ്ങള്‍ ജിക്കുവിനോട് കാര്‍ നിര്‍ത്താന്‍ പറഞ്ഞു. സര്‍ക്കാര്‍ വക കറിവേപ്പിലത്തോട്ടമാണോ ഇതെന്ന ഞങ്ങളുടെ ചോദ്യം കേട്ട് ജിക്കു പൊട്ടിച്ചിരിച്ചു. ഇത് തോട്ടമൊന്നുമല്ല, തനിയെ വളരുന്നതാണ്... അതായത് കാട്ടുചെടികളെപ്പോലെ.

യുഗാന്‍ഡയില്‍ സമൃദ്ധമായിക്കാണുന്ന രണ്ടിനങ്ങളാണ് കറിവേപ്പിലയും കാന്താരിമുളകും. ടണ്‍കണക്കിന് കറിവേപ്പിലയാണ് ഇവിടെനിന്ന് കയറ്റിയയയ്ക്കുന്നത്. ജിക്കുവിന്റെ വിവരണം കേട്ട് ഞങ്ങള്‍ അതിശയിച്ചുപോയി. യാത്ര ആരംഭിച്ചിട്ടേയുള്ളൂ, ഒരു കൃഷിശാസ്ത്രജ്ഞനെ കണ്ടുമുട്ടാനുള്ള യാത്ര....

ഭൂപ്രകൃതിയില്‍ കേരളത്തിനോട് ഏറെ സാദൃശ്യം തോന്നിപ്പിക്കുന്ന യുഗാന്‍ഡയില്‍ കൃഷിതന്നെയാണ് പ്രധാന ജീവിതമാര്‍ഗം. അതിനനുയോജ്യമായ പ്രകൃതിസമ്പത്തും ഇവിടെയുണ്ട്. ഫലഭൂയിഷ്ഠമായ മണ്ണ്, സമ്പന്നമായ ജലസ്രോതസ്സ്, അധ്വാനതത്പരരായ ജനത -ഇവിടത്തെ കൃഷിസാധ്യതകള്‍ വര്‍ധിച്ചുവരുകയാണ് -പ്രൊഫ. ബി.എന്‍.എസ്. ഗൗഡ പറഞ്ഞു. ബാംഗ്ലൂര്‍ കാര്‍ഷികസര്‍വകലാശാലയിലെ കാര്‍ഷികശാസ്ത്രജ്ഞനായ ഗൗഡ വിരമിച്ചശേഷമാണ് യുഗാന്‍ഡയിലെത്തുന്നത്. ഇന്ത്യക്കാരുള്‍പ്പെടെയുള്ള ഇവിടത്തെ കര്‍ഷകരുടെ മുഖ്യ ഉപദേശകനാണദ്ദേഹം.

Uganda Travel 1

നിങ്ങള്‍ക്കറിയുമോ, ഈ നാട്ടില്‍ വര്‍ഷത്തില്‍ രണ്ടുതവണ മാവും പ്ലാവും പൂക്കും കായ്ക്കും. അത്രമാത്രം കൃഷിയ്ക്കനുയോജ്യമാണിവിടത്തെ കാലാവസ്ഥ. വര്‍ഷത്തില്‍ പന്ത്രണ്ടുമാസവും മിതശീതോഷ്ണ കാലാവസ്ഥയാണിവിടെ. ചോളം, സര്‍ഘം, കസവ എന്നിവയാണ് പ്രധാന വിളകള്‍. കൂടാതെ ഉരുളക്കിഴങ്ങ്, കപ്പ, കാബേജ്, തക്കാളി, സവാള, ഉള്ളി, കോളിഫ്ളവര്‍, കപ്പലണ്ടി, കാരറ്റ് എന്നിവയും വ്യാപകമായി കൃഷിചെയ്യുന്നു.

വിക്ടോറിയാ തടാകംപോലെയുള്ള ജലസ്രോതസ്സുകളും വര്‍ഷത്തില്‍ രണ്ടുതവണയായി ലഭിക്കുന്ന മഴയുമാണ് ഇവിടത്തെ കര്‍ഷകനെ തുണയ്ക്കുന്നത്. ചുരുക്കത്തില്‍ ദൈവത്തിന്റെ സ്വന്തം നാടായ നിങ്ങളുടെ കേരളത്തേക്കാള്‍ സുന്ദരമാണ് യുഗാന്‍ഡയടക്കമുള്ള പല ആഫ്രിക്കന്‍ രാജ്യങ്ങളും - പ്രൊഫ. ഗൗഡ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.

എന്റെ മനസ്സില്‍ ഒരു കുസൃതിച്ചോദ്യം പൊന്തിവന്നു. കേരളത്തിന് ഏതാണ്ട് സമാനമായ അന്തരീക്ഷമാണെങ്കിലും ഇവിടെ തെങ്ങുകള്‍ കാണാനില്ലല്ലോ? എന്റെ സംശയം ന്യായമാണെന്ന് സമ്മതിച്ച ഗൗഡ പറഞ്ഞു, തെങ്ങ് കേരളത്തിലെ സ്വന്തം വൃക്ഷമാണെന്നതിന് തെളിവൊന്നുമില്ലല്ലോ. സഞ്ചാരികളുടെ വരവിനിടെ നിങ്ങളുടെ നാട്ടിലെത്തിയതാവാം ആ കല്പവൃക്ഷം. ഒരുപക്ഷേ, ബ്രിട്ടീഷ് കോളനിയായിട്ടും ഇവിടേയ്ക്കു വന്ന വിദേശികളാരും കല്പവൃക്ഷത്തെ ഇങ്ങോട്ടെത്തിച്ചിട്ടുണ്ടാവില്ല. പക്ഷേ, തെങ്ങുകൃഷി യുഗാന്‍ഡയിലാരംഭിക്കാനുള്ള പദ്ധതികള്‍ ഞങ്ങളൊരുക്കിവരുകയാണ്...

യുഗാന്‍ഡയിലെ മുഖ്യകൃഷി ചോളവും വാഴയും തന്നെ. അങ്ങനെയും കേരളവുമായി ചെറിയൊരു സാമ്യമുണ്ട്. ഇനി നമുക്കല്പം ഭക്ഷണം കഴിച്ചാലോ, പ്രൊഫ. ഗൗഡ ഞങ്ങളെ തീന്‍മേശയിലേയ്ക്കു ക്ഷണിച്ചു. മേശ നിറയെ വിഭവങ്ങള്‍. മത്സ്യവും മാംസവും എല്ലാമുണ്ട്. ഇതാണ് മട്ടോക്കി. അദ്ദേഹം പുതിയൊരു വിഭവം ഞങ്ങളെ പരിചയപ്പെടുത്തി. പച്ചക്കായ പുഴുങ്ങിയുണക്കിയുണ്ടാക്കുന്ന ഈ വിഭവവും ചോളപ്പൊടിയുമാണ് ഇവിടത്തുകാരുടെ പ്രധാന ഭക്ഷണം. മട്ടോക്കിയും ചോളപ്പൊടികൊണ്ടുള്ള വിവിധ വിഭവങ്ങള്‍ക്കുമെല്ലാം വ്യത്യസ്തമായ രുചികള്‍. യുഗാന്‍ഡന്‍ വിഭവങ്ങള്‍ നമ്മുടെ നാട്ടിലേതിനേക്കാള്‍ ഒട്ടും പിന്നിലല്ലെന്ന് ഞങ്ങള്‍ രുചിച്ചറിഞ്ഞു.