തെരുവോരത്ത് നിരന്നിരിക്കുന്ന കുട്ടികള്‍. അവരില്‍ പല പ്രായക്കാരുണ്ട്. എല്ലാവരുടെയും മുന്നില്‍ ഓരോ പാത്രമിരിപ്പുണ്ട്. കുട്ടികള്‍ക്കു പിന്നില്‍ കാവല്‍ക്കാരെന്ന പോലെ ഏതാനും സ്ത്രീകളുമുണ്ട്. ആദ്യ കാഴ്ചയില്‍ എനിക്കൊന്നും പിടികിട്ടിയില്ല. വീണ്ടും നോക്കിയപ്പോള്‍ ആ കുഞ്ഞുമുഖങ്ങളിലെ ദയനീയത കണ്ണിലുടക്കി. മനസ്സൊന്ന് പിടഞ്ഞു. മുഖം തിരിച്ച് സുഹൃത്തായ ശ്രീധരനെ നോക്കി.

പതുക്കെ എന്റെ പുറത്തു തട്ടിക്കൊണ്ട് ശ്രീധരന്‍ പറഞ്ഞു, ആഫ്രിക്കന്‍ തെരുവുകളിലെ സ്ഥിരം കാഴ്ചകളിലൊന്നാണിത്- മക്കളെക്കൊണ്ട് ഭിക്ഷയാചിപ്പിക്കുന്ന അമ്മമാര്‍. ഈ ഉപ ഭൂഖണ്ഡത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ലോകമെമ്പാടുമുള്ളവരുടെ മനസ്സില്‍ ഒരു ചിത്രം വിരിയാറില്ലേ, ഒട്ടിയ വയറും എല്ലുന്തിയ നെഞ്ചിന്‍കൂടും കൈയില്‍ നീട്ടിയ പാത്രവുമുള്ള ഒരു കുഞ്ഞിന്റെ ചിത്രം. എന്നാല്‍ ആ ചിത്രം മാറ്റിവരയ്ക്കാറായി. യുഗാണ്‍ണ്ടയിലെ കുട്ടികളെക്കുറിച്ചോര്‍ക്കുമ്പോള്‍ ആ ചിത്രമാവില്ല ഇനി മനസ്സില്‍ തെളിയുക. ഈ കുട്ടികളെത്തന്നെ ശ്രദ്ധിക്കൂ. ഇവരാരും പട്ടിണിക്കാരല്ലെന്നു വ്യക്തമല്ലേ. ഞങ്ങളുടെ നാടും മാറിത്തുടങ്ങുകയാണ് - ശ്രീധരന്‍ ആ കാഴ്ചയെ ന്യായീകരിക്കുന്നതായി തോന്നി.

അപ്പോള്‍ ഈ കുഞ്ഞുങ്ങള്‍ ചെയ്യുന്നതോ? സങ്കടത്തോടെ ചോദിക്കേണ്ടിവന്നു. ശരിയാണ്. പട്ടിണിയും രോഗങ്ങളും വലിയൊരളവോളം ഇല്ലായ്മ ചെയ്യാനായെങ്കിലും യുഗാണ്‍ഡ ഇന്ന് നേരിടുന്ന രൂക്ഷമായ പ്രശ്‌നങ്ങളിലൊന്നാണ് നമ്മള്‍ കണ്ടത്. രൂക്ഷമായ തൊഴിലില്ലായ്മ ഇവിടത്തെ യുവതലമുറ നേരിടുന്ന പ്രധാന പ്രതിസന്ധി തന്നെയാണ്. വിദ്യാഭ്യാസമില്ലായ്മ ഇതിനൊരു കാരണമാണ്. പ്രസിഡന്റ് മുസ്സേവിനുയുടെ നേതൃത്വത്തില്‍ തുടരുന്ന ഭരണത്തില്‍ ജനങ്ങളുടെ, പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതികളുണ്ട്. വിദ്യാഭ്യാസരംഗത്തിന് സവിശേഷ പരിഗണനതന്നെ നല്‍കുന്നുവെന്നതും ആശ്വാസം പകരുന്ന കാര്യങ്ങളാണ് -ശ്രീധരന്റെ മറുപടി നീണ്ടതായിരുന്നു.

യുഗാണ്‍ഡയിലെ ഗ്രാമ-നഗര കാഴ്ചകള്‍ക്കായി കംപാലയില്‍ നിന്ന് കസൂബിയിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങള്‍. വഴിമധ്യേ കണ്ട തെരുവില്‍ അലയാനിറങ്ങിയപ്പോഴാണ് കുഞ്ഞുഭിക്ഷാടകരെ കണ്ടുമുട്ടിയത്. തെരുവ് വലംവെച്ച് മടങ്ങവേ വീണ്ടും ആ കുഞ്ഞുമക്കളുടെ മുന്നിലെത്തി. അവരുടെ ചട്ടിയില്‍ ഏതാനും ഷില്ലിങ്ങുകള്‍ വീണിരിക്കുന്നു. അവര്‍ക്കു പിന്നില്‍ സൊറപറഞ്ഞിരിക്കുന്ന അമ്മമാരെ ഞാനൊന്ന് പാളിനോക്കി. ദുരിതങ്ങളുടെയും സഹനങ്ങളുടെയും വേദനപ്പാടുകള്‍ക്കൊപ്പം പ്രതീക്ഷകളുടെ ചെറുനാളങ്ങളും അവരുടെ മുഖത്ത് തെളിഞ്ഞിരിക്കുന്നതായി തോന്നി.

ഇവിടത്തെ ചെറുപ്പക്കാര്‍ ഇന്ന് ഏതുജോലി ചെയ്യാനും തയ്യാറാണ്-ഡ്രൈവിങ് മുതല്‍ വീട്ടുജോലിവരെ. മുതിര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ ജോലിക്കൊപ്പം പഠനവും തുടരുന്നു. യുഗാണ്‍ഡയില്‍ നിര്‍ബന്ധിത വിദ്യാഭ്യാസ നിയമമൊന്നും നടപ്പിലാക്കിയിട്ടില്ല. നഗരങ്ങള്‍ ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു. ഗ്രാമങ്ങളാണ് മുന്നേറാനുള്ളത്. അതിനുള്ള കഠിനപരിശ്രമത്തിലാണ് സര്‍ക്കാര്‍ - ശ്രീധരന്‍ തുടരുകയാണ്.

കസൂബിയിലേക്കുള്ള ഒരു മണിക്കൂര്‍ നീണ്ട യാത്രയ്ക്കിടെ ഞങ്ങളുടെ കണ്ണില്‍പ്പെട്ടത് വളരെക്കുറച്ച് സ്‌കൂളുകള്‍ മാത്രം. വിശാലമായ വളപ്പിലെ ചെറുകെട്ടിടങ്ങള്‍. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇവയില്‍ ചിലതിന് അമേരിക്കയുള്‍പ്പെടെയുള്ള വികസിതരാജ്യങ്ങളിലെ എന്‍.ജി.ഒ.കളുടെ പിന്തുണയുണ്ട്.

കംപാലയിലും സമീപനഗരങ്ങളിലും മികച്ച നിലവാരമുള്ള സ്‌കൂളുകളുണ്ട്. ഉന്നതവിദ്യാഭ്യാസം നേടാനും അവസരങ്ങളുണ്ട്. മക്കരാരേ സര്‍വകലാശാല തന്നെ ഉദാഹരണം. പക്ഷേ, ഗ്രാമീണമേഖലയില്‍ പ്രാഥമിക വിദ്യാഭ്യാസം മാത്രം നല്‍കുന്ന സ്‌കൂളുകളാണധികവും. ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ വളരെ വിരളം. ഇതിനെല്ലാമപ്പുറം സാമൂഹിക നവോത്ഥാനങ്ങള്‍ക്കായുള്ള പോരാട്ടത്തിലാണ് ഈ രാജ്യം. ബഹുഭാര്യാത്വം പിന്തുടരുന്ന വിഭാഗങ്ങള്‍ ഇപ്പോഴുമുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് ബാലപീഡനവും ഭിക്ഷാടനവും ബാലവേലയുമൊക്കെ. ഇതിനിടയിലും വിദ്യാഭ്യാസവും നല്ലൊരു തൊഴിലും സ്വപ്നം കാണുന്ന യുവതലമുറ വളര്‍ന്നുവരുന്നത് ഇവിടെയുള്ള ഏഷ്യന്‍ വംശജര്‍ക്കുപോലും പ്രതീക്ഷയേകുന്നുണ്ട് - ഞങ്ങളുടെ സുഹൃത്ത് ഇത്രയും പറഞ്ഞ് ദീര്‍ഘനിശ്വാസം വിട്ടു.

ശ്രീധരന്റെ വീട്ടിലായിരുന്നു അന്ന് ഞങ്ങളുടെ അത്താഴം. സന്ധ്യയോടെ അവിടെയെത്തിയപ്പോള്‍ ഞങ്ങള്‍ക്ക് വാതില്‍ തുറന്നുതന്നത് മറിയയായിരുന്നു. നിറഞ്ഞ ചിരിയോടെ ഞങ്ങളെ സ്വാഗതം ചെയ്തശേഷം അവള്‍ അകത്തേക്ക് മറഞ്ഞു. മറിയ ആരെന്ന് ഞങ്ങള്‍ ചോദിക്കുന്നതിനു മുന്‍പേ ശ്രീധരന്‍ അവളുടെ കഥ പറയാന്‍ തുടങ്ങി.

എന്നും പുലര്‍ച്ചെ ആറുമണിയാകുമ്പോഴേക്കും മറിയയാണ് ഞങ്ങളെ വിളിച്ചുണര്‍ത്തുക. ഏതാനും വര്‍ഷങ്ങളായി എന്റെ കുടുംബത്തിന്റെ സഹായിയാണവള്‍. അവളെത്തിയാല്‍ ഈ വീട് ഉണരുകയായി. പിന്നെ എല്ലാം മറിയയുടെ നിയന്ത്രണത്തിലാണ്. അവള്‍ക്ക് അച്ഛനില്ല. ചെറുപ്പത്തിലേ നഷ്ടപ്പെട്ടു. എങ്ങനെയെന്ന് ഞങ്ങള്‍ അന്വേഷിച്ചിട്ടില്ല. വീട്ടില്‍ അമ്മയും ഇളയ നാല് സഹോദരങ്ങളുമുണ്ട്. അമ്മ ഏതാനും വീടുകളില്‍ വീട്ടുജോലി ചെയ്യുന്നുണ്ട്. മറിയ ഇടയ്ക്ക് മുടങ്ങിയ പഠനം തുടരുന്നു.

ഞങ്ങള്‍ക്ക് ചായ നല്‍കിയ ശേഷം മറിയ യാത്രപറഞ്ഞിറങ്ങി. അവളുടെ ഒരു ദിവസം പൂര്‍ത്തിയാകുന്നു. മുറ്റത്തേക്കിറങ്ങിയ മറിയയോട് ഞാന്‍ ചോദിച്ചു, പഠിക്കാനാഗ്രഹമില്ലേ? ഉടന്‍ മറുപടിയെത്തി- ഞാന്‍ പഠിക്കുന്നുണ്ടല്ലോ... പത്താം ക്ലാസില്‍. പുഞ്ചിരിച്ച് വീണ്ടും പോകാനൊരുങ്ങിയ മറിയയെ തിരിച്ചുവിളിച്ച് ഞാനൊരു പുസ്തകം സമ്മാനിച്ചു. സന്തോഷത്തോടെ അതു സ്വീകരിച്ച് നന്ദി പറഞ്ഞ് അവള്‍ മടങ്ങി.

Content Highlights: Uganda Yathrakal, Uganda Travelogue by C.R.Das