റ്റലിയുടെ തെക്കുകിഴക്കൻ മുനമ്പായ പുല്യാ (Puglia)യിലാണ് ആൽബെറൊബേല്ലോ എന്ന ചെറുപട്ടണം. ത്രൂല്ലി എന്ന കെട്ടിടങ്ങളുടെ പേരിൽ ലോകശ്രദ്ധയാകർഷിച്ച ഇടം. കല്ലുകൾ ഉപയോഗിച്ച് നിർമിച്ച കോണാകൃതിയിലുള്ള മേൽക്കൂരയുള്ള, പരമ്പരാഗതമായ ചെറുകുടിലുകളാണ് ത്രൂല്ലികൾ. ഇറ്റാലിയൻ പ്രവിശ്യയായ അപൂലിയയിലാണ് ഈ നിർമാണരീതി ഉടലെടുക്കുന്നത്. ത്രൂല്ലി യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയത് 1996-ലാണ്. ആൽബെറൊബെല്ലോയെന്നാൽ മനോഹരമായ മരങ്ങൾ എന്നാണർഥം. ഒരുകാലത്ത് പൂല്യയിലെ ഗ്രാമപ്രദേശങ്ങളെ ചുറ്റിനിന്നിരുന്ന പുരാതനമായ ഓക്കുമരക്കാടിന്റെ പേര് കൂടിയാണത്. ആൽബെറൊബെല്ലോയിൽ കൃഷിയാണ് പ്രദേശവാസികളുടെ പ്രധാന വരുമാനമാർഗം. നഗരത്തിന്റെ ഹൃദയഭാഗത്തുനിന്നു നോക്കുമ്പോൾ ചെറുകുന്നുകളിൽനിന്ന് ഏതുനിമിഷവും താഴേക്ക് വീണുപോയേക്കാവുന്ന ചാരനിറമാർന്ന കോൺരൂപങ്ങൾ കൂടിക്കുഴഞ്ഞു കിടക്കുംപോലെ, ത്രൂല്ലികൾ, ആ കെട്ടിടങ്ങളെ ഏതോ ഫെയറിടെയ്ൽ സിനിമയുടെ സെറ്റിൽനിന്ന് അടർത്തിയെടുത്ത് ഇവിടെയിങ്ങനെ മായികമായി വിന്യസിച്ചതാണോ എന്നു തോന്നും.

Trulli 9

ദീപികാ പദുകോണും രൺബീർ കപൂറും അഭിനയിച്ച ബച്ച്നാ ഏ ഹസീനോ എന്ന ചിത്രത്തിലെ ഖുദാ ജാനേ എന്ന ഗാനരംഗത്തിലാണ് ജീവിതത്തിലാദ്യമായി ത്രൂല്ലികളെ കാണുന്നത്. പശ്ചാത്തലഭംഗിക്കുവേണ്ടി ഭാവനാസമ്പന്നനായ കലാസംവിധായകൻ ഉണ്ടാക്കിയതാവാം അവ എന്നാണ് ആദ്യം കരുതിയത്. നീലാകാശവും കോണാകൃതിയിലുള്ള മേൽക്കൂരകളും വെളുത്ത കല്ലുകൾ ചേർത്തുവെച്ചുണ്ടാക്കിയ മതിലുകളും ചേർന്ന് പ്രണയാർദ്രമായ അന്തരീക്ഷം സൃഷ്ടിച്ചു. ടെറസ്സീനോ ബെൽവെഡീയറിൽനിന്ന് ത്രൂല്ലികളെ നിർനിമേഷം നോക്കിനിൽക്കുമ്പോൾ ആ കൂനൻ കെട്ടിടങ്ങൾ അതിമനോഹരമായി തോന്നി. ടെറസ്സീനോ ബെൽവെഡീയർ എന്നാൽ നല്ല കാഴ്ച എന്നാണർഥം. അവിടെനിന്നാൽ പഴയ പട്ടണത്തിന്റെ ഒരു പനോരമിക് ദൃശ്യം സാധ്യമാകും. കൂർമ്പിച്ച മേൽക്കൂരകളും മച്ചിലെ ഓടുകളുടെ ഗൂഢമായ ഡിസൈനുകളും മായികമായ കരവിരുതു തുളുമ്പുന്ന ഗോപുരാ​ഗ്രങ്ങളും താണ ചക്രവാളത്തിലേക്ക് തുളച്ചുകയറുന്നു.

ത്രൂല്ലികളെക്കുറിച്ച് കൂടുതലറിയാൻ റിയോണി മോണ്ടിയിലെയും ഐയ പീക്കൊലയിലെയും ഇടുങ്ങിയ തെരുവുകളിലേക്കിറങ്ങണം. നാനൂറിലധികം പുരാതന ത്രൂല്ലികളുടെ പല കൂട്ടങ്ങൾ അവിടെ കാണാം. അവയിൽ വീടുകളും സത്രങ്ങളും ഹോട്ടലുകളുമുണ്ട്. ആ പഴയ കൂട്ടായ്മ കളിലൂടെ ഒന്ന് ചുറ്റിവരുമ്പോൾ മനസ്സിലാകും എന്തുകൊണ്ടാണ് ആൽബെറൊബെല്ലോ ഒരു ത്രൂല്ലി തലസ്ഥാനമായി മാറിയത് എന്ന്. പൂല്യായിലും അവിടവിടെയായി നിരവധി ത്രൂല്ലികൾ കാണാമെങ്കിലും ഈ മനോഹര നഗരത്തിലാണ് ത്രൂല്ലികളുടെ വലിയ സഞ്ചയമുള്ളത്. അവയിൽ നിരവധി എണ്ണം ഇപ്പോഴും സജീവവുമാണ്.

Trulli

ചരിത്രവഴികൾ

കാറ്റുവീശുന്ന, ഇരുവശങ്ങളിലും ത്രൂല്ലികൾ നിറഞ്ഞ ആൽബെറൊബെല്ലോയിലെ തെരുവുകൾ കാണുമ്പോൾ അനന്യമായ ഏതോ ലോകത്തിലെത്തിയതു പോലെ. ഒറ്റയ്ക്ക് ത്രൂല്ലികളുടെ ഇടയിലൂടെ നിശ്ശബ്ദതയെ കൂട്ടുപിടിച്ച് നടക്കുമ്പോൾ ഈ മനോഹരനിർമിതികളുടെ ചരിത്രം മുന്നിൽ ഉയിർകൊള്ളും. കൗതുകമാർന്ന, സാങ്കല്പിക കഥയിലെ കുള്ളൻ വീടുകളുടെതു പോലുള്ള രൂപകല്പനയ്ക്ക് പിന്നിലെ കഥ പറഞ്ഞുതന്നത് ഒരു ചെറിയ ​ഗൈഡ് ബുക്കാണ്. ആ കഥയാകട്ടെ ഈ രൂപങ്ങളെക്കാൾ വിചിത്രമായിരുന്നു. 16-ാം നൂറ്റാണ്ടിൽ ദക്ഷിണ ഇറ്റലിയിലെ പ്രതാപശാലികളായ അക്വാവിവ കുടുംബത്തിന്റെ ഒരു ശാഖയിൽ പെട്ട കൗണ്ട്സ് ഓഫ് കോൺവെഴ്സാനോ എന്ന നാടുവാഴികളുടെ കീഴിലാ യിരുന്നു ഈ പ്രദേശം. ജന്മിത്തവ്യവസ്ഥയനുസരിച്ച് ഓരോ കെട്ടിടത്തിനും നേപ്പിൾസിലെ രാജാവിന് കരം കെട്ടേണ്ടിയിരുന്നു. ആൽബെറൊബെല്ലായിലെ കർഷകർ മുൻകൂർ അനുമതിയില്ലാതെ വീടുകൾ നിർമിച്ച വിവരം രാജാവിന്റെ ചെവിയിലെത്തി. രാജാവിന് നികുതി കൊടുക്കേണ്ടി വരുമെന്ന് കണ്ട് നാടുവാഴികളായ കോൺവെഴ്സാനോ എല്ലാ വീടുകളും തകർത്തു. പിന്നീടുള്ള കഥ ഇങ്ങനെയാണ്, വീട് നഷ്ടപ്പെട്ട അനവധി കർഷകരെ കണ്ട് മനസ്സലിഞ്ഞ ഗിരൊലാമോ അക്വാവിവ പ്രഭു തന്റെ ജനങ്ങൾക്ക് വീണ്ടും വീട് പണിയാൻ അനുമതി നൽകി. ചുങ്കപ്പിരിവുകാരുടെ വരവ് അറിഞ്ഞാലുടൻ തകർക്കാൻ പാകത്തിലുള്ള വീടുകളായിരുന്നു അവ. അങ്ങനെ കുമ്മായക്കൂട്ട് ചേർത്തുറപ്പിക്കാതെ ചുണ്ണാമ്പുകല്ലുകൾ ചേർത്തുവെച്ച് കോണാകൃതിയിലുള്ള കെട്ടിടങ്ങളുണ്ടാക്കുന്ന രീതി ആവിഷ്കരിക്കപ്പെട്ടു. പെട്ടെന്ന് പൊളിച്ചുമാറ്റാൻ കഴിയുന്ന ഇത്തരം കെട്ടിടങ്ങളെ പ്രദേശവാസികൾ ത്രൂല്ലി എന്നു വിളിച്ചു. താഴികക്കുടം എന്നർഥം വരുന്ന തോലൊസ് എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ത്രൂല്ലിയുടെ ഉദ്ഭവം. ഇന്ന് കുമ്മായക്കൂട്ടുകൾ ചേർത്ത് കെട്ടിടത്തിന്റെ ചുവരുകൾ ശക്തിപ്പെടുത്തിയിട്ടുണ്ട്.

Trulli 3

ചെറുപട്ടണത്തിലെത്തിയപ്പോൾ

ഉച്ചകഴിഞ്ഞാണ് ആൽബെറൊബെല്ലോയിലെത്തിയത്. വളരെ ശാന്തമാണവിടം. ഒന്നുരണ്ട് കടകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. തെരുവുകളിൽ ആരെയും കാണാനില്ല. 11000 മാത്രം ജനസംഖ്യയുള്ള പട്ടണത്തിൽ ഇത് സിയെസ്റ്റാ ടൈം (ഉച്ചവിശ്രമം) ആണ്. സൊറെന്റോയിൽ നിന്നും അമാൽഫി കോസ്റ്റ് വഴിയുള്ള യാത്ര ഗംഭീരമായിരുന്നു. ഇത് ലോകത്തിലെത്തന്നെ ഏറ്റവും മികച്ച തീരദേശ വെ‍ഡ്ഡിങ് ഡെസ്റ്റിനേഷനുകളിൽ ഒന്നായി മാറിയതിൽ അതിശയമൊന്നുമില്ല. ഓരോ ഇഞ്ച് മുന്നോട്ടുപോകുന്തോറും നേപ്പിൾസ് ഉൾക്കടലിന്റെ അത്യാകർഷകമായ കാഴ്ച വന്നുനിറയുന്നു. യാത്രയിലുടനീളം സ്വർണനിറമാർന്ന, പരുക്കൻ തൊലിയുള്ള വലിയ നാരങ്ങകൾ കൂടെപ്പോരും. അതിന്റെ പച്ച ഇലകളും തെളിഞ്ഞ മഞ്ഞനിറവും പ്രദേശത്തെയാകെ പ്രകാശമാനമാക്കുന്നു. സൊറന്റോയും അമൽഫിയും ചെറുനാരങ്ങയ്ക്ക് പ്രശസ്തമാണ്. അവിടത്തെ ഓരോ തെരുവിനും ചെറുനാരങ്ങയുടെ മണമാണ്. നിങ്ങൾക്കവയെ കണ്ടില്ലെന്ന് നടിക്കാനാകില്ല. അവ എപ്പോഴും അവിടെത്തന്നെയുണ്ടാകും, സൂര്യവെളിച്ചത്തിൽ മുക്കിയെടുത്ത, കാവ്യാത്മകമായ കാഴ്ചയായി, ആ രാജ്യത്തിന്റെ പ്രതീകമായി...

Trulli 4

ലിമൺസെല്ലോയും ജാമും മർമലേഡും ഡെസേർട്ടുകളും തുടങ്ങി ഇറ്റാലിയൻ രുചികൾ തന്നെയായിരുന്നു പ്രാതലിനും. അവയെല്ലാം തന്നെ അപ്പോൾ പറിച്ചെടുത്ത ഓറഞ്ചുകളും ചെറുനാരങ്ങകളും കൊണ്ട് നിർമിച്ച വയായിരുന്നു. സൊറെന്റോയിൽ നിന്ന് 240 കിലോമീറ്റർ ദൂരമുണ്ട് ആൽബെറൊബെല്ലോയിലേക്ക്. മലനിരകൾ മുറിച്ചുകടന്ന്, നൊടിയിടയിൽ മാറിമറിയുന്ന ഭൂപ്രകൃതി താണ്ടിയുള്ള യാത്രയിൽ ചെറുനാരങ്ങാതോട്ടങ്ങൾ ഒലീവ് മരങ്ങൾക്കും പരന്ന വിശാലമായ മഞ്ഞപ്പാടങ്ങൾക്കും വഴിമാറി.

Trulli 5

ത്രൂല്ലിക്കുള്ളിൽ

ത്രൂല്ലികളാൽ ചുറ്റപ്പെട്ട തെരുവുകൾ കണ്ടപ്പോൾ ആദ്യം തോന്നിയത് ചാരനിറമുള്ള കൂർമ്പൻ മേൽക്കൂരകളുള്ള തേനീച്ചക്കൂടുകളുടെ ഒരു സമൂഹത്തിലൂടെയാണ് നടക്കുന്നതെന്നതാണ്. വെള്ള പൂശിയ വൃത്താകൃതിയിലുള്ള മേൽക്കൂരയിൽ ഓടുകൾ പാകിയ ത്രൂല്ലി വീടുകളിൽ പലതിനും അഞ്ച് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. ഉച്ചസമയമായതിനാൽ മിക്ക വീടുകളുടെയും വാതിലുകൾ അടഞ്ഞുകിടക്കുകയായിരുന്നു. ഒരു വൃദ്ധൻ തന്റെ ത്രൂല്ലിക്ക് മുന്നിൽ നിൽക്കുന്നത് കണ്ടു. ഓർമ വെച്ച കാലം മുതൽക്ക് ഇവിടെയാണ് ഇദ്ദേഹം താമസിക്കുന്നത്. അദ്ദേഹം ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. വളരെ സുഖപ്രദമായ അന്തരീക്ഷമാണ് വീടിനകത്തുള്ളത്. നല്ല വെളിച്ചം. കിടപ്പുമുറിയും വൃത്തിയുള്ള ടോയ്ലറ്റും സൗകര്യമുള്ള ഇരിപ്പുമുറിയുമുണ്ട്. ഭംഗിയുള്ള ഫർണിച്ചറുകൾ. ഭിത്തിയുടെ ഒരുവശത്ത് മരത്തിൽ തീർത്ത, കൊത്തുപണികൾ കൊണ്ട് സമ്പന്നമായ അതിമനോഹരമായ ഒരു വലിയ പെട്ടിയുണ്ട്. പഴയ മതാചാരമനുസരിച്ച് അമ്മയിൽനിന്നും മകളിലേക്ക് കൈമാറി വരുന്ന വിവാഹ വസ്ത്രങ്ങൾ, ആഭരണങ്ങൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ ഈ അറയിലാണ് സൂക്ഷിക്കുക. എതിർഭാഗത്തുള്ള ഭിത്തിയിൽ നല്ല ഉറപ്പുള്ള ഷെൽഫിൽ വീട്ടുപകരണങ്ങളും പട്ടണത്തിന്റെ പാലകനായ പുണ്യാളന്റെ ചെറിയ പ്രതിമകളും സൂക്ഷിച്ചിരിക്കുന്നു.

Trulli inside

ചതുരശ്രമായി നിർമിച്ചിരിക്കുന്ന മുറിയിലെ മരത്തിൽ തീർത്ത തട്ടിൻമേലാണ് ഭക്ഷണസാധനങ്ങളും മറ്റ് സാമഗ്രികളും പണിയായുധങ്ങളുമൊക്കെ സൂക്ഷിച്ചിരിക്കുന്നത്. നെരിപ്പോടിനടുത്തായി തക്കാളിയും വെളുത്തുള്ളിയും ഉള്ളിയും മുന്തിരിക്കുലകൾക്കൊപ്പം തൂക്കിയിട്ടിരിക്കുന്നു. വീട്ടിലേക്ക് കയറുന്ന വാതിലിന് എതിർവശത്താണ് അടുക്കള. വീട്ടിന് പുറത്ത് പ്രധാനവാതിലിന്റെ ഇരുവശത്തുമായി കല്ലുകൊണ്ട് നിർമിച്ച ഇരിപ്പിടങ്ങളുണ്ട്. വേനൽക്കാലത്ത് സ്ത്രീകൾ നൂൽ നൂറ്റും ചൂടേറിയ സായാഹ്നങ്ങളിൽ വൈകുവോളം സൊറപറഞ്ഞും സമയം ചെലവിട്ടിരുന്നത് ഇവിടെയിരുന്നാണ്.

Trulli 6

അടയാളങ്ങൾ

ചില ത്രൂല്ലികളുടെ മേൽക്കൂരയിൽ ചില അടയാളങ്ങൾ വെള്ളപൂശി ആലേഖനം ചെയ്തിട്ടുണ്ട്. കൈയിലുള്ള ഗൈഡ് ബുക്ക് അതേപ്പറ്റി പറഞ്ഞുതന്നു. ഇവിടുത്തുകാരുടെ പൂർവികർ വ്യത്യസ്ത മതങ്ങളിലോ ആരാധനാ സമ്പ്രദായങ്ങളിലോ പെട്ടവരാണ്. കാലക്രമേണ അവർ പ്രിമിറ്റീവ്, മാജിക്ക്, ക്രിസ്ത്യൻ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി മാറി. പൊതുവെ ദുഷ്ടശക്തികളിൽ നിന്ന് വീടിന് സംരക്ഷണം നൽകു ന്നതിനാണ് മേൽക്കൂരകളിൽ സിംബലുകൾ വരയ്ക്കുന്നത്. അത് വീടിന് സുരക്ഷയും സമാധാനവും നൽകുമെന്നാണ് വിശ്വാസം. തലമുറകളായി കൈമാറി വന്ന അതിപുരാതനമായ മാതൃകകളാണ് ഇങ്ങനെ ആവിഷ്കരിച്ചിരിക്കുന്നത്. ദൈവത്തെ മനുഷ്യനുമായി ബന്ധിപ്പിക്കുന്ന കണ്ണിയായാണ് ഈ അടയാളങ്ങളെയും ചിത്രങ്ങളെയും ഇവിടത്തുകാർ കാണുന്നത്. അതുകൊണ്ടുതന്നെ ഇവയ്ക്ക് മതപരമായ പ്രധാന്യമുണ്ട്.

ത്രൂല്ലികൾ അതിരിട്ട വീഥികളിൽ അലയാനാണ് സഞ്ചാരികൾ ആൽബെറൊബെല്ലോയിലേക്കെത്തുന്നത്. ഇതുപോലൊരു ഇടം ലോകത്ത് വേറെയില്ല. എന്നാൽ ത്രൂല്ലികളല്ലാതെ ഈ കൊച്ചുപട്ടണത്തിൽ മറ്റൊന്നും കാണാനില്ല എന്നത് ചിലപ്പോൾ നിരാശപ്പെടുത്തും. പട്ടണനടുവി ലെത്തിയാൽ സ്വാഭാവികമായും ആരും ത്രൂല്ലികളുടെ മേഖലയായ റിയോണി മോണ്ടിയിലേക്ക് പോകും. ഇവ കാണുന്നതിനൊപ്പം  സമീപത്ത് ധാരാളമായി കാണുന്ന ഗിഫ്റ്റ് ഷോപ്പുകളിൽ നിന്നും ഷോപ്പിങ്ങും നടത്താം. ഇവിടെയെത്തിയാൽ മികച്ച പ്ലാൻ ഒരു പ്ലാനും ഇല്ലാതിരിക്കുക എന്നതാ ണ്. ഹൃദയം പറയുന്ന വഴിയേ യാത്ര ചെയ്യുക. റിയോണി മോണ്ടിയിലെത്തിയാൽ കടക്കാർ വഴിയിലേക്കിറങ്ങിനിന്ന് ആളുകളെ തങ്ങളുടെ കടകളിലേക്ക് ആകർഷിക്കാൻ ശ്രമിക്കും. എന്തെങ്കിലും വാങ്ങാമെന്ന് കരുതും. എന്നാൽ അതിലധികമായി ആ കെട്ടിടങ്ങളുടെ ഉൾവശം കാണാനുള്ള അവസരമാണത്.

Trulli 7

ആൽബെറൊബെല്ലോയുടെ സമ്പദ് വ്യവസ്ഥയുടെ ജീവരക്തമാണ് ടൂറിസം. ഇവിടത്തെ സൊവ്റാനോ ത്രുല്ലോ എന്ന ദേശീയസ്മാരകം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. പുതുമയാർന്ന രൂപകല്പനയാണ് ഈ കെട്ടിടത്തിന്റെ പ്രത്യേകത. രണ്ടുനിലകളുള്ള ഇവിടെ ഒരു ചെറിയ മ്യൂസിയവും പ്രവർത്തിക്കുന്നുണ്ട്. ടൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന സെന്റ് ആന്റണീസ് പള്ളിയാണ് മറ്റൊരു പ്രധാന ഇടം. റോമനെസ്ക്  സ്റ്റൈലിലുള്ള പള്ളിയാണിത്. 1797-ൽ ഫ്രാൻസെസ്കോ ഡി ആമോർ പണികഴിപ്പിച്ച ഡി ആമോർസ് ഹൗസിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. അക്വാവിവ കുടുംബത്തിന്റെ ദുഷ്പ്രഭുത്വത്തിനെതിരേ പ്രദേശവാസികളെ സംഘടിപ്പിച്ച് ആൽബെറൊബെല്ലോയിലെ ഫ്യൂഡൽ ഭരണത്തിന് അന്ത്യം കുറിച്ചത് ഫ്രാൻസിസ്കോ ഡി ആമോറായിരുന്നു.

ആൽബെറൊബെല്ലോ സന്ദർശിക്കുമ്പോൾ അതിരാവിലെ എത്തുന്നതാണ് നല്ലത്. രാവിലെ 9 മണിക്ക് മുൻപ് എത്തിയാൽ സന്ദർശകരുടെ തിരക്കും ബഹളവും കൂടാതെ കാഴ്ചകൾ കാണാം. അല്ലെങ്കിൽ ഉച്ചകഴിഞ്ഞ് കുറേ വൈകി നടക്കാനിറങ്ങാം. ഈ സമയത്തും വഴികളിൽ തിര ക്കുണ്ടാകില്ല. മനോഹരമായ തെരുവീഥിക ളിലൂടെ നടക്കാനിറങ്ങി. അനവധി ഇടവഴികളും കാണാം. അവിടങ്ങളിൽ മുക്കിലും മൂലയിലും പൂക്കുലകൾ തൂങ്ങിക്കിടന്നിരുന്നു. സോവനീർ ഷോപ്പുകളിലേക്കും കരകൗശല വസ്തുക്കൾ വില്ക്കുന്ന കടകളിലേക്കുമുള്ള വഴികളാണവ.

Trulli 8

ഇതിനിടെ എനിക്ക് വഴിതെറ്റി. ദൈവത്തിന് നന്ദി. അല്ലായിരുന്നെങ്കിൽ ആ മനോഹരദൃശ്യം എനിക്ക് നഷ്ടമാകുമായിരുന്നു. 15 ത്രൂല്ലികൾ കൂട്ടിയോജിപ്പിച്ച് നിർമിച്ച മ്യൂസിയോ ഡെൽ ടെറിറ്റോറിയോ ആണ് മുൻപിൽ. മുൻസിപ്പാലിറ്റിക്കാണ് അതിന്റെ നടത്തിപ്പവകാശം. വീണ്ടും നടന്നു. ത്രൂല്ലി സുന്ദരമായി പുനർനിർമിച്ചെടുത്ത ഒരു വഴിയോര റെസ്റ്റോറന്റിൽ നിന്നും ഇറ്റാലിയൻ കോഫി രുചിച്ചു. മലയിറങ്ങി ബസ്സിനടുത്തേക്ക് മടങ്ങി. കൂടെയുള്ളവർ എത്തുന്നതേയുള്ളൂ. അവസാനമായി ഒന്നുകൂടി തിരിഞ്ഞുനോക്കി. മലഞ്ചെരുവിൽ കൂമ്പാരങ്ങൾ പോലെ തല്ലി വെളുത്ത ചുവരുകളും ചാര മേൽക്കൂരകളും തിളങ്ങുന്നു. ട്രൂലി മാജിക്കൽ!

Yathra Travel Info

Alberobello

Getting There- The easiest way to reach Alberobello is by train. At Bari Central station, which is served by Trenitalia, look for signs to the Ferrovie Sud-Est, located within the same station. The trip takes 1h30min and tickets are sold in the ticket office next to the platform. There are 15 daily connections (some direct, some via Putignano) from Monday-Saturday and much fewer trains on Sunday. Trains are also available from Lecce or Martina Franca. Alberobello can also be reached by road with under an hour's drive from either Bari or Brindisi airport, close to Lecce, which is Puglia's other tourist destination.

Yathra
യാത്ര വാങ്ങാം

Stay: If you're staying here, then it has to be in a cute and cosy traditional trullo. Here are some favourites: The Trullieu Guset house offers one of the most affordable opportunities to stay in a Trullo. Clean and tastefully decorated, it's a great option for couples or families looking for a quiet location close to the tour ist area. Trulli Casa is another one that offers self-catering facili ties and a garden for 2-4 people in a great location just outside the Trulli zone. Then there is the Grandi Trulli Bed & Breakfast, which is available is one of the best options in the city for those looking for a place which serves as base for a few nights, along side a unique Trulli experience. A two-minute walk from the church, it is over two floors, with a gorgeous en-suite bedroom within its conical roof, a lovely outdoor terrace and breakfast included. There are a couple of luxury options such as Astra, a 16th century Trullo set in a wonderfully peaceful and romantic location, which is a perfect choice for couples or honeymooners, and the Il Trullo del Agricoltore, which with its rustic luxury vibe and excellent design features, oozes authentic Italian charm and offers a uniquely beautiful Trulli experience in Alberobello.

(മാതൃഭൂമി യാത്ര 2019 ജൂണിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: trullies in aleberobello, italy travel, history of trullies, mathrubhumi yathra