ഷ്യന്‍ യൂറോപ്യന്‍ ആഫ്രിക്കന്‍ സംസ്‌കൃതികള്‍ ഒന്നു ചേരുന്ന ദേവസംഗമഭൂമിയായ ജോര്‍ദാന്‍ ഒരു പശ്ചിമേഷ്യന്‍ വിസ്മയമാണ്. ഭീകരതയുടെ ഭീതി നിഴലിക്കാത്ത മധ്യധരണ്യാഴിയിലെ ദൈവത്തിന്റെ പൂന്തോട്ടമായ (Garden of God) ജോര്‍ദാന്‍ ഏറെ മനോഹരമാണ്. സംഘര്‍ഷത്തിലകപ്പെട്ട  അയല്‍ദേശങ്ങളായ പലസ്തീനിനും, സിറിയക്കും, ഇറാഖിനും ഇടയില്‍ ആത്മാഭിമാനത്തോടെ തലയുയര്‍ത്തി നില്ക്കുന്ന കേരളത്തിന്റെ ഇരട്ടിയോളം മാത്രം വിസ്തൃതിയുള്ള ചെറു രാജ്യം. സ്വദേശികളോളം പരദേശികളും അതിലേറെ അഭയാര്‍ത്ഥികളായ സിറിയക്കാരും, യമന്‍കാരും, പലസ്തീനികളുമായ് ഒരു കോടിയോളം ജനങ്ങള്‍. പ്രാചീന നാഗരികതകളായ നബാത്തിയരുടേയും  ഗ്രീക്കിന്റെയും, റോമിന്റെയും, അസീറിയയുടേയും എല്ലാം ചിരപുരാതനവും നിത്യനൂതനവുവായ സംസ്‌കാരത്തെ  നെഞ്ചോട് ചേര്‍ക്കുന്ന മണ്ണ്.

പ്രവാചകരായ മോശയും, എലീഷയും, യേശുക്രിസ്തുവും, മുഹമ്മദ് നബിയും മുതല്‍ പുണ്യാളരായ  ജോണും, ഗീവര്‍ഗീസും, എല്ലാം മനുഷ്യ വിമോചനത്തിന്റെ ദൈവശാസ്ത്രങ്ങള്‍ പറഞ്ഞ പവിത്ര ഭൂമി. ചരിത്രത്തില്‍ കയ്യൊപ്പു പതിപ്പിച്ച യുഗപ്രഭാവരായ അലക്‌സാണ്ടറും, ക്ലിയോപാട്രയും ഹെറോഡും , പോംപിയും മുതല്‍ ഖലീഫാ ഉമര്‍ വരെയുള്ള ഭരണാധികാരികളുടെ പാദസ്പര്‍ശമേറ്റ  നാടായിരുന്നു ഇത്. കലയിലും ശില്‍പ കലയിലും മണ്‍പാത്ര നിര്‍മ്മാണങ്ങളിലും സംസ്‌കാരത്തിലും, ഭക്ഷണ ശീലങ്ങളിലുമെല്ലാം തനതായ കൈമുദ്ര പതിപ്പിച്ച പ്രാചീന സംസ്‌കൃതി കൂടിയാണ് മദ്ധ്യധരണ്യാഴിയിലെ ഈ ഉദ്യാനം. 

ദിവ്യസ്‌നാനത്തിന്റെ ജോര്‍ദ്ദാന്‍ പുഴയും, കാലത്തിനു തകര്‍ക്കാന്‍ പറ്റാത്ത അത്ഭുതമായ പെട്ര, ചരിത്രത്തിന്റെ നിധി കുംഭമായ ജെറാഷ്, കോട്ടകളുടെ ചക്രവര്‍ത്തിയായ ബെറാത്ത് എലാബത്ത്, പലായനത്തിന്റെയും അതിജീവനത്തിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥ പറയുന്ന സെവന്‍ സ്‌ളീപ്പേഴ്‌സ് കേവ്, കാലം മായ്ക്കാത്ത റോമന്‍ തിയേറ്ററുകള്‍, മൊസൈക് നഗരമായ മദാബ അങ്ങനെ പ്രകൃതിയുടെയും മനുഷ്യന്റെയും കരവിരുതില്‍ ഒരുക്കിയ ശില്‍പ്പ സമുച്ചയങ്ങളുടെ പട്ടിക നീളുകയാണ്.

ചുവന്ന സൂര്യോദയത്തിന് കാത്ത് നില്‍ക്കുന്ന ചെങ്കടല്‍, ആരെയും ആഴത്തിലേക്കെടുക്കാത്ത ചാവുകടല്‍, ഭൂമിയിലെ ചൊവ്വ എന്നറിയപ്പെടുന്ന വാദിറം, മാനിലെ ചൂടു നീരുറവ, വാദി മുജീബിലെ സാഹസിക ജലോദ്യാനം, ആത്മീയതയുടെ ഹൃദയത്തുടിപ്പുള്ള നീബോ പര്‍വ്വത നിരകള്‍, നിലമിറങ്ങിയ നീലമേഘങ്ങളാല്‍ ധന്യമായ അസ്‌റക്ക്, അജ്‌ലൂണിലെ നിത്യ ഹരിതവനങ്ങള്‍, വര്‍ണ വസന്തം തീര്‍ക്കുന്ന പൂക്കള്‍ നിറഞ്ഞ മാമലകള്‍, ചെങ്കടലിന്റെ റാണിയായ അഖബ, എന്നിവയാല്‍ വിസ്മയങ്ങള്‍ തീര്‍ക്കുകയാണ് ജോര്‍ദാന്‍. കിഴക്കന്‍ ചക്രവാളങ്ങളില്‍ സൂര്യന്‍ ഉദിക്കുമ്പോള്‍ ബെദുവിയന്‍ സംസ്‌കാരത്തിന്റെ പാരമ്പര്യമുള്ള ഗ്രാമീണ ജനത അവരുടെ കൃഷിയും, ആട് ജീവിതവും തുടങ്ങും. 

പാതയോരങ്ങളിലൂടെ ആട്ടിടയരും ഒരു കൂട്ടം ആടുംമുന്നിലൊരു കഴുതയും കൂട്ടിനൊരു പട്ടിയുമായുള്ള യാത്ര ഏറെ കൗതുകമുണര്‍ത്തും. അംബരചുംബികളായ രമ്യഹര്‍മങ്ങളും, മുല്ലയും, മുന്തിരിവള്ളിയും, റോസാപ്പുക്കളും, നിറഞ്ഞ് നില്‍ക്കുന്ന ഗ്രാമ നഗര പാതകളും, ഓറഞ്ച് തോട്ടങ്ങളും കാണുമ്പോള്‍ അറിയാതെ പറയും ഇത് ഒരു പൂന്തോട്ടമാണെന്ന്. പുതിന ചായയും ആട്ടിറച്ചിയില്‍ തീര്‍ത്ത മാന്‍സഫും, മധുരം പൊതിയുന്ന കുനാഫെയും കൊണ്ട് ആലിംഗനം ചെയ്യുന്ന അറബ് ജനത. രാഷ്ട്രീയ ഇസ്ലാമിന്റെ ഏകതയെക്കാള്‍ സാഹോദര്യത്തിന് പ്രാമുഖ്യം നല്കുന്ന നയസമീപനങ്ങള്‍ ജോര്‍ദാനെ മധ്യധരണ്യാഴിയിലെ സമാധാനത്തിന്റെ ഇടനാഴിയാക്കി മാറ്റി. പ്രവാചകരും പുണ്യാളരുമായ മോശയുടേയും യേശുദേവന്റെയും യോഹന്നാനിന്റെയും ഗീവര്‍ഗീസിന്റെയും എല്ലാം തിരുസ്മരണകള്‍ തനിമ നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കുന്നത് വഴി ജോര്‍ദാന്‍ മതേതരത്വത്തിന്റെ മന്ത്ര ധ്വനി ഉയര്‍ത്തുകയാണ്.

ക്രിസ്മസ് രാവുകളില്‍ സന്തോഷത്തിന്റെ മിഠായി പൊതി നല്‍കുന്ന സാന്തായും, ക്രൈസ്തവ സഭയുടെ സ്‌നേഹസംഗമങ്ങളില്‍ എത്തുന്ന രാജാവും, യേശുവിന്റെ സ്‌നാന ഭൂമിയില്‍ വെളിച്ചം തെളിക്കുന്ന മന്ത്രിമാരും, പാര്‍ലമെന്റിലെ ക്രിസ്ത്യന്‍ സംവരണവും, കുരുത്തോല തിരുനാളിലുള്‍പ്പെടെയുള്ള ദേശീയ അവധിയും എല്ലാം സംഘര്‍ഷത്തിന്റെ വെസ്റ്റ് ഏഷ്യയില്‍ നിന്നുള്ള നല്ല വാര്‍ത്തകളാണ്. അധിനിവേശത്തിന്റെ കദനകഥ മാത്രം കേട്ട ലോകത്ത് അഭയമേകിയതിന്റെ പുതിയ കഥകള്‍ പറയുന്ന രാജ്യമാണിത്. അത് അടയാളപ്പെടുത്തുവാന്‍ സാത്രി എന്ന ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പ് മാത്രം മതി. ആറ് ലക്ഷത്തില്‍പരം സിറിയന്‍ അഭയാര്‍ത്ഥികള്‍ അവി
ടെ വസിക്കുന്നു.പ്രവാചക പരമ്പരയിലെ അബ്ദുള്ള രാജാവിന്റെ കീഴില്‍ രാജ്യവും ജനങ്ങളും സുരക്ഷിതര്‍. രാജവാഴ്ചയിലും ജനാധിപത്യത്തിലും സാമൂഹ്യ നീതിയിലും സ്ത്രീ സമത്വത്തിലും ശാസ്ത്ര ഗവേഷണത്തിലും ഊന്നിയ നയസമീപനങ്ങള്‍. 

വിനോദ സഞ്ചാരത്തിന് പ്രാമുഖ്യം നല്കി ധനാഗമ മാര്‍ഗങ്ങള്‍ കണ്ടെത്തുന്ന ജോര്‍ദാന്‍ കാരുണ്യ ലോട്ടറിയോടും, ബിവറേജസിനോടും , പലിശ രീതിയോടും നോ എന്ന് പറയാത്തത് വിശ്വാസ വൈപരീത്യത്തേക്കാള്‍ സാമ്പത്തിക ഭദ്രതയില്‍ ശ്രദ്ധിക്കുന്നതുകൊണ്ടാണ്. പ്രകൃതി കനിഞ്ഞു നല്കിയ എണ്ണപ്പാടങ്ങളോ എണ്ണപ്പനകളോ ഇല്ലെങ്കിലും ഒലീവിന്റെയും ഈന്തപ്പഴത്തിന്റെയും നിറ സമൃദ്ധി ജോര്‍ദാനെ ധന്യമാക്കുന്നു. ലോകത്തിലെ ഏറ്റവും ചെലവു കൂടിയ രാജ്യങ്ങളില്‍ ഒന്നാകുമ്പോഴും ഒരു ജോര്‍ദാന്‍ ദിനാറിന്റെ മൂല്യം 105 രൂപയ്ക്ക് തുല്യം. പരമ്പരാഗത വസ്ത്ര രീതിക്കപ്പുറം പടിഞ്ഞാറിന്റെ വസ്ത്ര രീതിയെ പ്രണയിക്കുന്നതില്‍ ലിംഗഭേദമില്ലാതെ ഈ നാട് മുന്നേറുന്നു  

നിശാപാര്‍ട്ടികളും, വിവാഹ ഘോഷയാത്രകളും, രാഗ സന്ധ്യകളും ഒന്നും പ്രാചീന റോമിന്റെ പാരമ്പര്യം നെഞ്ചേറ്റുന്ന ഈ നാടിന് ഒരു മൂല്യച്ചുതിയും വരുത്തിയിട്ടില്ല. ഇന്ത്യ ഇവര്‍ക്ക് ഹബീബിയാണ്, ഹൃദയഭാജനം. മുതിര്‍ന്ന തലമുറ മറക്കാതെ പറയുന്ന പേരുണ്ട്. മഹാത്മജിയുടേത്. സ്മരണാര്‍ത്ഥം ഒരു പ്രധാന നാല്‍ക്കവലയ്ക്ക് അവര്‍ നല്‍കിയത് മഹാത്മാ ഗാന്ധി റോഡ് എന്നാണ്. ഈ പശ്ചിമേഷ്യന്‍ മണ്ണിന്റെ പുതുരക്തങ്ങള്‍ക്ക് ഇന്നും ഹരം പകരുന്നത് ബച്ചനും, ഷാരൂഖ് ഖാനും, സല്‍മാനും എന്നത് ഏറെ സന്തോഷകരമാണ്. 

കാല്‍പന്തുകളിയും ആവേശവും അല്ലറ ചില്ലറ സിനിമാ ഭ്രമവും എല്ലാം ജോര്‍ദ്ദാന്‍ യുവതയുടെ ഹരമാണ്. പുരാവസ്തു ഗവേഷണത്തിലൂടെ പ്രാചീന റോമിലെ ശില്പകലകളെ ഉയര്‍ത്തെണിപ്പിക്കുന്ന ചരിത്ര ഗവേഷണങ്ങള്‍, സ്ത്രീകള്‍ക്കായി പ്രാര്‍ത്ഥനക്ക് വേണ്ടി കാത്തു നില്ക്കുന്ന പള്ളികള്‍, തിരക്കേറിയ നിരത്തുകളില്‍ വാഹനം ഓടിക്കുന്ന സ്ത്രീകള്‍, പെണ്‍ പട്ടാളങ്ങള്‍, വിവാഹത്തിന് സ്ത്രീ ധനത്തിന് പകരം പുരുഷ ധനം, അങ്ങിങ്ങായ് തല ഉയര്‍ത്തി നില്ക്കുന്ന റോമന്‍ പള്ളികള്‍, എല്ലാം വേറിട്ട കാഴ്ചകള്‍ തന്നെ.

പുസ്തകപ്പുരകളിലെ ചില്ലലമാരകളില്‍ സോവിയറ്റ് ഏകാധിപതി സ്റ്റാലിനും, ബൊളിവിയന്‍ പോരാളി ചെയും ബുക്കര്‍ ജേതാവ് അരുന്ധതിയുമെല്ലാം ഒരുമിച്ച് കഴിയുന്നു. ദേശീയ ദിനപത്രത്തിലെ വാര്‍ത്തകളും കോളങ്ങളും എല്ലാം  പുരോഗതിയും ഭീകരവിരുദ്ധതയും ഊന്നിയുള്ളതാണ്. ജോര്‍ദാന്‍ ടൈംസിലെ പ്രതിദിന ജ്യോതിഷ ഫലം വൈവിധ്യങ്ങളുടെ മറ്റൊരു അടയാളപ്പെടുത്തലാണ്. രാജാവിന്റെയും രാജകുമാരന്‍മാരുടെയും പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ സന്തോഷാശ്രുക്കള്‍ നിറയുന്നത് നിരാലംഭരുടെയും അനാഥരുടെയും കണ്ണുകളിലാണ് വാര്‍ഷിക നയതന്ത്ര ചന്തകള്‍ നടത്തി ലോകത്തിന്റെ വൈവിധ്യങ്ങള്‍ ഒരു മതാധിഷ്ടിത ജനതക്ക് മുന്നില്‍ തുറന്നു കാണിച്ച് ആ പണം ദുരിത നിവാരണത്തിന് ഉപയോഗിക്കുന്നത് വേറിട്ട കാഴ്ച തന്നെയാണ്. മലയാളത്തിനും ഇന്ത്യക്കും  ഈ രാജ്യത്തോട് ഒരു ആത്മ ബന്ധമുണ്ട്. കുവൈറ്റ് യുദ്ധ സമയത്ത് ജോര്‍ദാന്‍ അതിര്‍ത്തി തുറന്നത് ഇന്ത്യക്കാരെ നാട്ടിലേക്കയക്കാന്‍ മാത്രമായിരുന്നു. എയര്‍ ഇന്ത്യയുടെ രാജ ഹംസങ്ങള്‍ ക്യൂന്‍ എലിയ വിമാനത്താവളത്തില്‍ നിന്ന് അതിജീവന മന്ത്രവുമായ് അന്ന് പറന്നുയര്‍ന്നു. മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ അധിവസിക്കുന്ന ഈ രാജ്യം   ഇന്നും സപ്തതിയുടെ സൗഹൃദം നിര്‍ബാധം തുടരുന്നു, ഇവിടെ ആകാശത്തിന് അതിരുകളില്ല...     

Content Highlights: Travelogue based on the life of people in Jordan