സ്തമയസൂര്യനെക്കണ്ട് മലയിടുക്കിലൂടെയുള്ള ഡ്രൈവാണ് ജെബെൽ ജെയ്സിലേക്കെത്തുന്നവരിൽ ഏറ്റവും കൗതുകം പകരുന്ന അനുഭവങ്ങളിലൊന്ന്. യു.എ.ഇ.യിലെ ഏറ്റവും വലിയ മലനിരകളായ ജെബെൽ ജെയ്സ് പ്രകൃതിയുടെ വിസ്മയങ്ങളുടെ കലവറയാണ്. ഇന്ന് റാസൽഖൈമ വിനോദസഞ്ചാരമേഖലയെ കൈപിടിച്ചുയർത്തുന്ന ജെബെൽ ജെയ്സിന്റെ ഉയരം 6345 അടിയാണ്.

ഈ വൈവിധ്യങ്ങൾ കലർപ്പൊന്നുമില്ലാതെ സന്ദർശകരിലേക്ക് എത്തിക്കുകയെന്ന റാസൽഖൈമ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയുടെ തീരുമാനമാണ് വിനോദസഞ്ചാര മേഖലയിൽ പുത്തൻ വഴിത്തിരിവുണ്ടാക്കിയിരിക്കുന്നത്.

കാലാവസ്ഥയിലെ മാറ്റങ്ങൾ അതിന്റെ തീവ്രതയിൽ അനുഭവപ്പെടുന്ന ഇവിടം വ്യത്യസ്ത സീസണുകളിൽ വേറിട്ട ഭാവങ്ങളാണ് സന്ദർശകർക്ക് പകരുന്നത്. മലനിരകളിൽ തനിമയൊട്ടും നഷ്ടമാവാത്തവിധം പൊതുയിടങ്ങളൊരുക്കിയാണ് അന്താരാഷ്ട്ര സന്ദർശകരെ ആകർഷിക്കുന്നത്. അപൂർവയിനം കാട്ടുചെടികളും മരങ്ങളും മലനിരകളുടെ പ്രത്യേകതയാണെന്ന് റാക് ലാൻഡ്സ്കേപ്പ് ഏജൻസി പ്ലാന്റ് കൺസർവേഷനിസ്റ്റ് ഡോ. മറീന സാലികി വ്യക്തമാക്കുന്നു.

യു.എ.ഇയിൽ മറ്റെങ്ങും കാണാത്ത തരത്തിലുള്ള 100 ലേറെ വ്യത്യസ്തയിനം ചെടികൾ ഇതിനകം ഇവിടെ കണ്ടെത്തിക്കഴിഞ്ഞു. വിപണിയിൽ കാണാനാവാത്തതരം അത്തിപ്പഴവും ബദാമുമെല്ലാം സുലഭം.

jebel jais

മലനിരകൾ സന്ദർശകർക്കായി തുറക്കുമ്പോൾ സമാനതകളില്ലാത്ത അനുഭവമായിരിക്കും സമ്മാനിക്കുകയെന്നും സാലികി പറയുന്നു. പ്രകൃതിയെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്കും ഹൈക്കിങ് ഇഷ്ടപ്പെടുന്നവർക്കുമെല്ലാം ജെബെൽ ജെയ്സിലേക്ക് ആഴത്തിൽ സഞ്ചരിക്കാനാവും. മലനിരയുടെ മുകളിലേക്കുള്ള 36 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് വലിയ സാധ്യതകളാണ് തുറന്നിടുന്നത്.

വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ഇതിന്റെ നിർമാണമെന്ന് പബ്ലിക് സർവീസ് വിഭാഗം ഡയറക്ടർ ജനറൽ അഹമ്മദ് മുഹമ്മദ് അൽ ഹമാദി പറഞ്ഞു. 20 വിശ്രമയിടങ്ങളും വ്യൂ പോയിന്റുകളും യാത്ര മനോഹരമാക്കുന്നു. ശൈഖ് സൗദിന്റെ ജെബെൽ ജെയ്സ് നവീകരണമെന്ന ആശയം റാസൽഖൈമയിലെ വിനോദസഞ്ചാര മേഖലയിലുണ്ടാക്കിയ ചലനം സമാനതകളില്ലാത്തതാണ്.

Content highlights :travelling to jebel jais biggest mountain in uae