ക്രൊയേഷ്യയിലേക്ക് പോകുന്നു എന്നുപറഞ്ഞപ്പോള്‍ ഫുട്‌ബോള്‍ കളിക്കാനാണോ എന്നാണ് അയല്‍ക്കാര്‍ ചോദിച്ചിരുന്നത്. 2018-ലെ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ വരെയെത്തിയ ക്രൊയേഷ്യന്‍ ടീമിനെയും അന്ന് ഗാലറിയിലിരുന്ന് കളിക്കാരെ പ്രോത്സാഹിപ്പിച്ചിരുന്ന ആ രാജ്യത്തെ പ്രൗഢയായ പ്രസിഡന്റിനെയും മലയാളികള്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍, ക്രൊയേഷ്യയുടെ ചരിത്രം ഫുട്‌ബോളിനപ്പുറത്തേക്കും നീളുന്നുണ്ട്. ഫുട്‌ബോള്‍ഭ്രമത്തിന്റെ കാര്യത്തിലെന്നപോലെ രാജ്യത്തിന്റെ രൂപംകൊണ്ടും കേരളവുമായുള്ള സാമ്യം, ഭാഷകൊണ്ട് സംസ്‌കൃതവും ഹിന്ദിയുമായുള്ള അകന്ന ബന്ധുത്വം, ആദ്യത്തെ ഡാല്‍മേഷന്‍ പട്ടിയുടെ ജനനസ്ഥലം അങ്ങനെ പല സവിശേഷതകളുമുള്ള ക്രൊയേഷ്യയില്‍ രാമായണത്തിലും മഹാഭാരതത്തിലും പുരാതന ഭാരതീയചരിത്രത്തിലും ഗവേഷണം നടക്കുന്നുണ്ട്.

Croatia 1

ഇന്ത്യയില്‍നിന്ന് 7000 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ക്രൊയേഷ്യ ലോകത്തെ ഏറ്റവും ചെറുപ്പക്കാരിയായ സ്വതന്ത്രരാജ്യങ്ങളിലൊന്നാണ്. 1991-ലാണ് ജനനം.

ക്രൊയേഷ്യയുടെ യഥാര്‍ഥപേര് ഹ്ര്‍വറ്റ്‌സ്‌ക്ക (Hrvatska) എന്നാണ്. എനിക്കുകിട്ടിയ വിസയിലും ഹ്ര്‍വറ്റ്‌സ്‌ക്ക എന്നുതന്നെയാണ് രേഖപ്പെടുത്തിയിരുന്നത്. ക്രൊയേഷ്യ എന്ന് അതിലെവിടെയും കണ്ടില്ല. സ്വന്തം വ്യക്തിത്വം അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുന്നവരായതുകൊണ്ട് രാജ്യത്തിന്റെ പേര് എല്ലായിടത്തും ഹ്ര്‍വറ്റ്‌സ്‌ക്ക എന്നുതന്നെയാണ് അവരുപയോഗിക്കുന്നത്. ക്രൊയേഷ്യയുടെ അംഗീകൃത, ഔദ്യോഗിക ഭാഷ ഹ്ര്‍വറ്റ്‌സ്‌ക്കി (Hrvatski) ആണ്. ഹ്ര്‍വറ്റ്‌സ്‌ക്കി ഒരു ഇന്തോ-യൂറോപ്യന്‍ ഭാഷയാണെന്ന് പ്രത്യേകം പറയേണ്ടതില്ല.

ഹ്ര്‍വറ്റ്‌സ്‌ക്കി ഭാഷയ്ക്കുപുറമേ സെര്‍ബിയന്‍, ബോസ്‌നിയന്‍ ഭാഷകളും ക്രൊയേഷ്യയിലെ ജനങ്ങള്‍ ഉപയോഗിക്കുന്നു. ഇതിലേതോ ഒരുഭാഷയിലൂടെ അവിടെ 'അപ്പോത്തിക്കരി' എന്ന വാക്ക് പ്രചാരത്തിലുണ്ട്. നമുക്കുപരിചയമുള്ള ഈ വാക്കടങ്ങിയ ബോര്‍ഡ് അവിടെ പലയിടങ്ങളിലും കാണാം. മെഡിക്കല്‍ ഷോപ്പിന്റെയാണത്. ഫാര്‍മസിയുടേതും. മരുന്നുണ്ടാക്കി ചില ചില്ലറ ചികിത്സകള്‍ ചെയ്യുന്നയാളായിരുന്നു അവര്‍ക്ക് അപ്പോത്തിക്കരി. ഇതേ അര്‍ഥത്തില്‍ (ചിലപ്പോള്‍ 'ഡോക്ടര്‍' എന്നതിനുപകരമായും) പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ഒരു (വിദേശ) വാക്കാണിത്. ആളുകളെ കണ്ടാല്‍ യഥാര്‍ഥ സായ്പുമാരെയും മദാമ്മമാരെയും പോലിരിക്കുമെങ്കിലും ഇംഗ്ലീഷറിയാവുന്നവര്‍ അവിടെ വളരെ ചുരുക്കമാണ്. അതുകൊണ്ടുള്ള ബുദ്ധിമുട്ടുകളൊക്കെ വിദേശയാത്രക്കാരായ നമുക്കവിടെ പ്രതീക്ഷിക്കാം.

സുന്ദരദേശം

Croatia 2
സാട്രേബ് നഗരം

ആഡ്രിയാറ്റിക് സമുദ്രതീരത്തെ മലകളുടെ താഴ്വാരത്താണ് ക്രൊയേഷ്യ. കേരളത്തിലെ ബീച്ചിലെ മണലിന്റെ സ്ഥാനത്ത് വലിയ മലകള്‍ തുടങ്ങിയാല്‍ എങ്ങനെയിരിക്കുമോ അങ്ങനെ. കടലില്‍നിന്ന് നോക്കുമ്പോള്‍ തട്ടുതട്ടായി കിടക്കുന്ന ആ രാജ്യം മനോഹരമാണ്.

കേരളംപോലെ കടല്‍ത്തീരത്ത് മെലിഞ്ഞു നീണ്ടുകിടക്കുന്ന ഒരു രാജ്യമാണ് ക്രൊയേഷ്യ. പടിഞ്ഞാറാണ് കടല്‍. എന്നാല്‍, കേരളത്തിന്റെ കാസര്‍കോട് ജില്ല പോലെയല്ല ക്രൊയേഷ്യയുടെ തലഭാഗം. ആ ഭാഗത്ത് വണ്ണക്കൂടുതലുണ്ട്. അവിടെയാണ് തലസ്ഥാനമായ സാഗ്രേബ്. കേരളത്തെക്കാള്‍ അല്പംകൂടി നീളമുണ്ടെങ്കിലും കേരളത്തിലെ ഒരു ജില്ലയുടെ ജനസംഖ്യ മാത്രമേ ഈ രാജ്യത്ത് മൊത്തത്തിലുള്ളൂ.

ദുബ്രോവ്‌നിക്ക് അടക്കം ഈരാജ്യത്തെ പല കടല്‍ത്തീരപട്ടണങ്ങളിലും കടലിലേക്കിറക്കി കെട്ടിയ വലിയ കോട്ടകള്‍ കാണാം. അതിനകത്തായിരുന്നു പണ്ട് ജനങ്ങളുടെ പൊറുതി. കാരണം, അക്കരെയുള്ള ഇറ്റലിയില്‍ (പണ്ടത്തെ വെനീസില്‍)നിന്നുള്ളവര്‍ ഏതുസമയത്തും കടല്‍ കടന്നുവന്ന് ആക്രമിക്കാം എന്ന അവസ്ഥ എക്കാലത്തുമുണ്ടായിരുന്നു. ശക്തമായ കോട്ടകളാണവരെ രക്ഷിച്ചിരുന്നത്.

ദുബ്രോവ്‌നിക്കിലെ കോട്ട ഇന്നും ഭംഗിയായി നിലനിര്‍ത്തിയിട്ടുണ്ട്. ദുബ്രോവ്‌നിക്കിലെ ഭരണാധികാരികള്‍ ഇറ്റലിക്കാരെ എക്കാലത്തും ബുദ്ധിപൂര്‍വം കൈകാര്യംചെയ്തിരുന്നതിനാലാണത്രേ ഈ കോട്ട ഇറ്റലിക്കാര്‍ തകര്‍ത്തില്ല. ഇറ്റലിക്കാരെ എതിര്‍ത്ത ഭാഗങ്ങളിലെ കോട്ടകളെല്ലാം ഇറ്റലിക്കാര്‍ ഭാഗികമായെങ്കിലും തകര്‍ത്തുകളഞ്ഞതായി കാണാം.

രാജ്യത്തെ പൊതുയിടങ്ങള്‍ വൃത്തിയോടെ സൂക്ഷിക്കുന്നവരാണിവര്‍. വഴിയോരം വൃത്തിയായിക്കിടക്കും. തോടുകളിലും പുഴകളിലും അടിത്തട്ടു കാണാന്‍പറ്റുന്ന തരത്തില്‍ തെളിഞ്ഞ വെള്ളമൊഴുകും. ക്രൊയേഷ്യ ഒരു ദ്വീപുരാജ്യമല്ല. എങ്കിലും, പ്രകൃതിരമണീയത ഉറ്റിനില്‍ക്കുന്ന ദ്വീപുകളുള്ള ഒരു രാജ്യമാണ്. ഉദാഹരണത്തിന് ദുബ്രോവ്‌നിക്കിനടുത്തുള്ള സെപെറ്റാര്‍ (Sepetar) എന്ന ദ്വീപ്.

ക്രൊയേഷ്യയെ ലോകപ്രശസ്തമാക്കിയ രണ്ട് വെള്ളച്ചാട്ടങ്ങളാണ് പ്ലിറ്റ്വിസെയും (Plitvice) ക്ര്‍ക്കയും (Krka) വലുപ്പംകൊണ്ടും ഭംഗികൊണ്ടും തലയുയര്‍ത്തിനില്‍ക്കുന്ന പ്ലിറ്റ്വിസെയും കൊച്ചുകൊച്ചു വെള്ളച്ചാട്ടങ്ങളുടെ ഒരു അതിമനോഹരകൂട്ടമായ ക്ര്‍ക്കയും പ്രകൃതി രചിച്ച രണ്ട് സുന്ദരകാവ്യങ്ങളായാണ് നമുക്ക് അനുഭവപ്പെടുക.

രാജ്യതലസ്ഥാനമായ സാഗ്രേബില്‍ പുരാതന വാസ്തുവിദ്യപ്രകാരം തീര്‍ത്ത നിരവധി കെട്ടിടങ്ങളുണ്ട്. അതില്‍ മിക്കതും പുറമേക്കെങ്കിലും ഒരുമാറ്റവും വരുത്താതെ അവര്‍ ഭംഗിയായി സംരക്ഷിക്കുന്നു. ക്രൊയേഷ്യ ഒരു യൂറോപ്യന്‍ രാജ്യമാണെങ്കിലും യൂറോ കറന്‍സി ആ രാജ്യത്ത് സ്വീകാര്യമല്ല. ആ രാജ്യത്തെ കറന്‍സി 'കൂന' (Kuna) എന്നാണ് അറിയപ്പെടുന്നത്. ഒരു കൂനയ്ക്ക് പതിനൊന്നുരൂപ വരും.

മികച്ച ഗതാഗത സംവിധാനം

Croatia 3
അടിത്തട്ടുകാണുന്ന കടല്‍

സാഗ്രേബ് നഗരത്തില്‍ പതിറ്റാണ്ടുകള്‍മുമ്പ് തുടങ്ങിയ ട്രാം സര്‍വീസ് ഇന്നും ഏറ്റവും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നു. റോഡില്‍ത്തന്നെ റെയില്‍ പണിത് അതിലൂടെയാണ് ട്രാം ഓടുന്നത്. റോഡിലെ ട്രാഫിക് ലൈറ്റുകള്‍ ട്രാമുകള്‍ക്കും ബാധകമാണ്. സാഗ്രേബിലല്ലാതെ രാജ്യത്തെ മറ്റൊരു പട്ടണത്തിലും ട്രാം സര്‍വീസില്ല.

സാഗ്രേബിലെ ടാക്‌സിസര്‍വീസിനെ നൂറുശതമാനവും വിശ്വസിക്കാം. മീറ്റര്‍ ചാര്‍ജുമാത്രമേ ഈടാക്കൂ. എന്നാല്‍, ക്രൊയേഷ്യയിലെ മറ്റുനഗരങ്ങളില്‍ മീറ്ററൊന്നുമില്ലാതെ തോന്നിയ ചാര്‍ജീടാക്കിയ അനുഭവവുമുണ്ടായി. രാജ്യത്തെ ബസ് സര്‍വീസിനെയും വിശ്വസിക്കാം. വോള്‍വോയില്‍ കുറഞ്ഞ ഒരു ബസും ആ രാജ്യത്തില്ല. കാറില്‍ യാത്രചെയ്യുന്നതിനെക്കാള്‍ സുഖമാണ് ബസ് യാത്ര. ഉയരത്തിലിരുന്ന് കാഴ്ചകാണാം.

സിറ്റി ബസില്‍ ഏറ്റവുംകുറഞ്ഞ ടിക്കറ്റ് പന്ത്രണ്ടുകൂനയാണ്. ഏകദേശം നൂറ്റിമുപ്പത്തിരണ്ട് രൂപ. ആ ടിക്കറ്റെടുത്താല്‍ ഒരു മണിക്കൂറിനുള്ളില്‍ എത്ര ബസുകളിലും കയറാം. ബസിലും ട്രാമിലും ഡ്രൈവറും കണ്ടക്ടറും ഒരാള്‍തന്നെ. രാജ്യത്തെവിടുന്നും എവിടേക്കും ബസുണ്ട്. അയല്‍രാജ്യങ്ങളിലേക്കും. അതുപോലെതന്നെയാണ് ട്രെയിന്‍ സര്‍വീസുകളും. ബസിലും ട്രെയിനിലും ഒക്കെ ഓണ്‍ലൈനായി അവിടെനിന്നുതന്നെ സീറ്റ് റിസര്‍വ് ചെയ്യാം.

രാജ്യത്തെ ഒരുഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്കുപോകാനുള്ള റോഡും റെയിലും അയല്‍രാജ്യത്തുകൂടെ പോകുന്ന അവസ്ഥയുണ്ട് അവിടെ. ഉദാഹരണത്തിന്, ദുബ്രോവ്‌നിക്കില്‍നിന്ന് സ്പിറ്റിലേക്കുള്ള റോഡ് അയല്‍രാജ്യമായ ബോസ്‌നിയയില്‍കൂടിയാണ്. ആ വഴി യാത്രചെയ്യുന്നവര്‍ പാസ്‌പോര്‍ട്ട് കൈയില്‍ കരുതണമെന്ന് ചുരുക്കം.

ക്രൊയേഷ്യയില്‍ തണുപ്പും ചൂടുമുണ്ട്. കടലിനോട് ചേര്‍ന്നയിടങ്ങളില്‍ തണുപ്പുകാലത്ത് മൈനസ് അഞ്ചുഡിഗ്രിവരെ തണുപ്പും വേനല്‍ക്കാലത്ത് 32 ഡിഗ്രിവരെ ചൂടും ഉണ്ടാകാം. എന്നാല്‍, ഉള്ളോട്ടുപോകുന്തോറും ചൂടുകുറയും. കാലാവസ്ഥ മാറുന്നതനുസരിച്ച് സ്വാഭാവികമായും വസ്ത്രധാരണത്തിലും മാറ്റംവരും. വര്‍ഷത്തില്‍ മൂന്നുതവണയെങ്കിലും ഈമാറ്റം കാണാം. ചൂടുകാലത്ത് വസ്ത്രം എത്രകണ്ട് കുറയ്ക്കാമോ അത്രയുംകുറച്ച് സ്വാതന്ത്ര്യം ആഘോഷിക്കും.

കൃഷിയും വ്യവസായവും ഒക്കെ ഉണ്ടെങ്കിലും ടൂറിസമാണ് ഇന്ന് ക്രൊയേഷ്യയുടെ പ്രധാന വരുമാനമാര്‍ഗം. ക്രൊയേഷ്യയിലെ ദാല്‍മാതിയന്‍ (Dalmation) എന്നസ്ഥലത്ത് ജനിച്ച ഒരു പട്ടിയാണ് ഡാല്‍മേഷന്‍ എന്ന് ഇവിടെയറിയപ്പെടുന്നത്. ദാല്‍മാതിയനില്‍നിന്ന് അകലെയുള്ള സാഗ്രേബില്‍ ഞാന്‍ താമസിച്ച ഫ്‌ലാറ്റിരിക്കുന്ന തെരുവിന്റെ പേര് ദാല്‍മാതിന്‍സ്‌ക്ക ദ്വയേസ്ത് (Dalmatinska 12) എന്നായിരുന്നു. (ദ്വയം എന്ന സംസ്‌കൃതവാക്കിന് ആ ഭാഷയിലും രണ്ട് എന്നാണര്‍ഥം)

കേരളത്തില്‍നിന്ന് ക്രൊയേഷ്യയിലേക്കുപോകാന്‍ പലവഴികളുണ്ട്. എനിക്കേറ്റവും ലാഭകരമായി തോന്നിയത് മുംബൈ, ഈസ്താംബൂള്‍ വഴിയുള്ള ടര്‍ക്കിഷ് എയര്‍ലൈനാണ്. ഈ എയര്‍ലൈനില്‍ ഇന്ത്യന്‍ ഭക്ഷണം കിട്ടും. വെജിറ്റേറിയനും കിട്ടും.

ക്രൊയേഷ്യക്കാരായ കത്തോലിക്കവൈദികര്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ് കടല്‍മാര്‍ഗം ഇന്ത്യയിലെത്തി ഗോവയില്‍ ഒരു പള്ളി സ്ഥാപിച്ച ചരിത്രം അവര്‍ അഭിമാനപൂര്‍വം പ്രചരിപ്പിക്കുന്നുണ്ട്. ക്രൊയേഷ്യയിലെ പ്രശസ്തമായ സാഗ്രേബ് സര്‍വകലാശാലയില്‍ ഹിന്ദിയും സംസ്‌കൃതവും മഹാഭാരതവും രാമായണവും ഒക്കെ പഠിക്കാനും ആ വിഷയങ്ങളില്‍ ഗവേഷണം നടത്താനും സൗകര്യമുണ്ട്. അവിടത്തെ പ്രൊഫസര്‍ ഡോ. മിസ്ലാവ് എറിച്ച് ഈ വിഷയങ്ങളില്‍ ലോകപ്രശസ്തനാണ്.

Croatia 4
ഡോ. പി. വിനോദ് ഭട്ടതിരിപ്പാടും ഭാര്യ സുധയും ക്രൊയേഷ്യയില്‍

പിന്നെ, ഡോ. ഇയാന്‍ ആഡ്രിയാനിച്ച്, ഡല്‍ഹിക്കാരിയായ ഡോ. ജ്യോതി എന്നീ അധ്യാപകരുമുണ്ട് അവിടെ ഈ വിഷയങ്ങള്‍ പഠിപ്പിക്കാന്‍. അറുപതുകളുടെ ആദ്യകാലത്ത് കേരള സര്‍വകലാശാലയില്‍ ജര്‍മന്‍ അധ്യാപകനും പിന്നീട് അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ സംസ്‌കൃതം അധ്യാപകനുമായിരുന്ന ഡോ. ഷാര്‍ഫ് ഹാര്‍ട്മുടിനെ (Dr. Scharfe Hartmut) അവിടെ വെച്ച് കണ്ടു.

മാത്രമല്ല, പലതവണ കേരളത്തില്‍ വന്നിട്ടുള്ള ഇന്തോളജി വിദഗ്ധരും സംസ്‌കൃത പ്രൊഫസര്‍മാരുമായ ഡോ. മൈക്കിള്‍ വിറ്റ്‌സല്‍ (ഹാര്‍വാഡ്), ഡോ. ഫ്യൂജി, ഡോ. ഇക്കാരി (ഇരുവരും ജപ്പാന്‍), ഡോ. നതാലിയ കോര്‍ണീവ (റഷ്യ), ഡോ. എലിസബത് ടക്കര്‍ (ഓക്‌സ്ഫഡ്), പുരാതന ഇന്ത്യന്‍ സാഹിത്യചരിത്രത്തില്‍ വിദഗ്ധനായ ഇംഗ്ലീഷ് പ്രൊഫസര്‍ ഡോ. ടി. പി. മഹാദേവന്‍ (അമേരിക്ക) തുടങ്ങി പല സുഹൃത്തുക്കളെയും അവിടെവെച്ചുകണ്ടു.

ഇവരുടെയൊക്കെ ഏറ്റവുംപുതിയ ഗവേഷണപ്രബന്ധങ്ങളുടെ അവതരണം കേള്‍ക്കാനാണ് ഞാനും ഭാര്യ സുധയും ദുബ്രോവ്‌നിക്കിലെത്തിയത്. ഒപ്പം, കഴിഞ്ഞതവണ കോഴിക്കോട്ട് അവതരിപ്പിച്ച ഗവേഷണപ്രബന്ധങ്ങളുടെ സമാഹാരം പുറത്തിറങ്ങുന്ന ദുബ്രോവ്നിക്കിലെ വേദിയില്‍ ഈ സമാഹാരത്തെ ഔദ്യോഗികമായി പരിചയപ്പെടുത്താനും.

Content Highlights: Croatia Travel, Croatia Tourism, Mathrubhumi Yathra, Dr. P. Vinod Bhattathirippad