യാത്ര എന്നത് മനുഷ്യന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഒരു കടലിരമ്പമാണ്. ദേശങ്ങള്‍ വിളിക്കുമ്പോള്‍ നിര്‍ത്താതെ ആ ഇരമ്പം ഉള്ളില്‍ മുഴങ്ങും. മുംബൈയില്‍ പത്രപ്രവര്‍ത്തകനായിരുന്ന വിഷ്ണുദാസ് ചപ്കെയെ ഒരുനാള്‍ ദേശാന്തരങ്ങള്‍ വിളിക്കാന്‍ തുടങ്ങി. അയാള്‍ക്ക് പുറപ്പെട്ട് പോവാതിരിക്കാനാവാതായി. അയാള്‍ പോയി. ഒന്നും രണ്ടുമല്ല, മുപ്പത്തിയഞ്ച് രാജ്യങ്ങള്‍; മൂന്നുവര്‍ഷങ്ങള്‍... പല മനുഷ്യരെക്കണ്ട്, പല ജോലികള്‍ചെയ്ത്. ബസിലും കപ്പലിലും കാല്‍ കഴച്ചുനിന്ന്, ഏതൊക്കെയോ വീടുകളിലുറങ്ങി, വഴിനീളെ മരങ്ങള്‍ നട്ടുപിടിപ്പിച്ച് നടത്തിയ യാത്ര. താനെ റെയില്‍വേ സ്റ്റേഷനില്‍നിന്ന് തുടങ്ങി ലോകം ചുറ്റി വിഷ്ണുദാസ് കഴിഞ്ഞ ദിവസം മുംബെയിലെത്തി. വാസ്‌കോഡഗാമയെപ്പോലെ ലോകം കറങ്ങിവന്ന വിഷ്ണു മാതൃഭൂമി വാരാന്തപ്പതിപ്പിനോട് സംസാരിച്ചു...
എല്ലാ ഒരുക്കങ്ങളുമുണ്ടെങ്കില്‍ യാത്രപോവുക എന്നത് ഇക്കാലത്ത് വലിയ കാര്യമല്ല. എന്നാല്‍, പണമില്ലാതെ, മാനസികമായ ധൈര്യവും ജീവിതത്തോടുള്ള ആവേശവും എവിടെപ്പോയാലും സഹായിക്കാന്‍ നല്ല മനുഷ്യരുണ്ടാകുമെന്ന വിശ്വാസവുംകൊണ്ട് യാത്രപുറപ്പെട്ട് ലോകം മുഴുവന്‍ സഞ്ചരിച്ച് മൂന്നുവര്‍ഷത്തിനുശേഷം തിരിച്ചെത്തുക. വിഷ്ണുദാസ് ചപ്കെ ചെയ്തത് ആ അദ്ഭുതമാണ്. ആ വിസ്മയയാത്രയെ വിഷ്ണുദാസ് ഇപ്പോഴും തന്റെ ജീവിതത്തിലേക്ക് ചേര്‍ത്തുനിര്‍ത്തുന്നു.

മറാത്ത്വാഡ പര്‍ബനിയിലെ സാധാരണക്കാരനായ കര്‍ഷകന്റെ മകന്‍. പുണെയിലെ പഠനത്തിനുശേഷം മുംബൈയിലെത്തി പത്രപ്രവര്‍ത്തകനായി. ആഫ്റ്റര്‍നൂണ്‍, ഫ്രീപ്രസ് ജേണല്‍ ഉള്‍പ്പെടെയുള്ള പത്രങ്ങളില്‍ ജോലിചെയ്തു. ഇതിനിടയിലാണ് പത്രപ്രവര്‍ത്തനം വിട്ട് വിഷ്ണുദാസ് യാത്രപുറപ്പെടുന്നത്. അറിയാത്ത ദേശങ്ങള്‍, പുതിയ കാഴ്ചകള്‍, അറിവുകള്‍, മനുഷ്യര്‍, ജീവിതങ്ങള്‍... അങ്ങനെ യാത്രയ്ക്ക് പ്രചോദിപ്പിച്ച കാര്യങ്ങള്‍ നിരവധിയാണ്. ഐ.എന്‍.എസ്.വി. മാധേയില്‍ കടലിലൂടെ ലോകംചുറ്റിയ ആദ്യത്തെ ഇന്ത്യക്കാരന്‍ ദിലീപ് ദോണ്ടെയെ അഭിമുഖം നടത്തിയതാണ് ജീവിതത്തില്‍ യാത്രചെയ്യണം എന്ന നിമിത്തത്തിലേക്ക് വിഷ്ണുദാസിനെ നയിച്ചത്. ദോണ്ടെ 42-ാം വയസ്സില്‍ 21,600 നോട്ടിക്കല്‍ മൈല്‍ സാഗര്‍ പരികര്‍മയിലൂടെ 276 ദിവസംകൊണ്ട് യാത്രനടത്തി തിരിച്ചെത്തി. അമ്പത് വര്‍ഷങ്ങള്‍ക്കുമുമ്പ് കടലിലൂടെ ലോകം ചുറ്റണമെന്ന് വൈസ് അഡ്മിറല്‍ അവതി തീരുമാനിച്ചിരുന്നു. ഓരോ തടസ്സങ്ങള്‍ അദ്ദേഹത്തിനുമുന്നിലുണ്ടായി. ജോലിയില്‍ നിന്ന് വിരമിക്കുന്നതുവരെ അദ്ദേഹത്തിന് തന്റെ സ്വപ്നം പൂര്‍ത്തിയാക്കാനായില്ല. പിന്നീട് അക്കാര്യം നിര്‍വഹിക്കുന്നത്, അദ്ദേഹത്തിന്റെ ശിഷ്യനായ ദിലീപ് ദോണ്ടെയാണ്.
ചില വാക്കുകള്‍, സംഭവങ്ങള്‍ എക്കാലവും ചിലരെ പ്രചോദിപ്പിക്കും; ഉത്തേജിതരാക്കും. വിഷ്ണുദാസില്‍ അതാണ് സംഭവിച്ചത്. മുംബൈയില്‍നിന്ന് ചെറിയ സമയത്തേക്ക് നിശ്ചയിച്ച ഒരു യാത്ര ലോകംചുറ്റി മൂന്നുവര്‍ഷത്തിനുശേഷമാണ് മുംബൈയില്‍ തിരിച്ചെത്തിയത്. 35 രാജ്യങ്ങളിലൂടെ ഏഷ്യ, യൂറോപ്പ്, തെക്കെ അമേരിക്ക, വടക്കെ അമേരിക്ക, ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള വന്‍കരകള്‍ പിന്നിട്ട് തിരിച്ചെത്തുമ്പോള്‍ വിഷ്ണുദാസിന് 36 വയസ്സ്. യാത്ര പകര്‍ന്ന അദ്ഭുതങ്ങളും നിമിത്തങ്ങളും ആഹ്ളാദങ്ങളും ഉള്ളില്‍ നിറച്ചിരിക്കുന്നു, വിഷ്ണുദാസിപ്പോള്‍. പത്രപ്രവര്‍ത്തനത്തില്‍നിന്ന് സ്വാതന്ത്ര്യം നേടി രണ്ടുമാസത്തെ അവധിയില്‍ ഒരു യാത്ര. അതുമാത്രമായിരുന്നു വിഷ്ണുദാസ് ആദ്യം മനസ്സില്‍ കരുതിയിരുന്നത്. കൊല്‍ക്കത്തയില്‍ നിന്ന് അസം, മണിപ്പുര്‍, മ്യാന്‍മാര്‍, തായ്ലൻഡ് വരെ മാത്രം. പിന്നീട് മുംബൈയില്‍ തിരിച്ചെത്താമെന്നായിരുന്നു കണക്കുകൂട്ടല്‍. 2016 മാര്‍ച്ച് 19-ന് വിഷ്ണുദാസ് ചാപ്കെ താനെയില്‍നിന്ന് തീവണ്ടി കയറി. കൊല്‍ക്കത്ത വഴി നിശ്ചയിച്ച പാതയില്‍ തായ്ലൻഡിൽ എത്തുന്നു. തായ്ലൻഡിൽ വെച്ച് സുഹൃത്തായ ഡോക്ടര്‍ റുച്ചയെ കണ്ടുമുട്ടുന്നതോടെയാണ് ജീവിതം മാറിമറിയുന്നത്. തനിക്കുകിട്ടിയ ആദ്യശമ്പളം റുച്ച വിഷ്ണുവിന് നല്‍കുന്നു. ഇത് ദാവോസിലേക്കുള്ള യാത്രയ്ക്ക് ഉപയോഗിക്കാം എന്ന് അയാള്‍ പറഞ്ഞു. അതോടെ വിഷ്ണുദാസിലെ യാത്രികന് ചിറകു മുളച്ചു. പിന്നീട് ദേശാതിര്‍ത്തികൾ കടന്ന് ലോകം ചുറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഒപ്പം സുഹൃത്തുക്കളുടെ സഹായവും ക്രൗഡ് ഫണ്ടിങ്ങും തുണയായി. യാത്രയില്‍ വിഷ്ണുദാസ് അധ്യാപകനായി, യോഗ പരിശീലകനായി, സന്നദ്ധപ്രവര്‍ത്തകനായി, റിസപ്ഷനിസ്റ്റായി, മസാജറായി. എല്ലാം തുടര്‍യാത്രയ്ക്ക് പണം കണ്ടെത്താനായി മാത്രം. ചെറിയ പൈസയില്‍, കുറച്ചു മാത്രം ഭക്ഷിച്ച്, അപരിചിതരെ പരിചിതരാക്കി യാത്ര.

''യാത്ര, ഭക്ഷണം ഉള്‍പ്പെടെയുള്ള ഒരു ദിവസത്തെ യാത്രാച്ചെലവ് എട്ടു ഡോളര്‍ മുതല്‍ 12 ഡോളര്‍ വരെ. ചെലവുകള്‍ ഏറ്റവും ചുരുക്കി. സസ്യഭുക്കായതിനാല്‍ മിക്കപ്പോഴും ബ്രഡിലും ബട്ടറിലും സാലഡിലും കാര്യങ്ങള്‍ ഒതുക്കി. യാത്രയിലുടനീളം എത്രയോ തടസ്സങ്ങള്‍ എനിക്കു മുന്നില്‍ നീണ്ടുനിന്നു. ലോകത്ത് എല്ലായിടത്തും നല്ല മനുഷ്യരുണ്ടാകുമെന്ന വിശ്വാസം എനിക്കൊപ്പമുണ്ടായിരുന്നു. അക്കാര്യം സത്യവുമായിരുന്നു. എന്നാല്‍, ചില അനിഷ്ടങ്ങളും അതിനിടയില്‍ ഉണ്ടായെങ്കിലും മനുഷ്യന്റെ നന്മയ്ക്കുമുന്നില്‍ ഞാനിന്ന് നമിക്കുന്നു. ആ വെളിച്ചമാണ് ലോകപാതയില്‍ സഞ്ചരിക്കാന്‍ എന്നെ പ്രാപ്തനാക്കിയത്. 2017 ഫെബ്രുവരിയില്‍ ഞാന്‍ ചിലി-അര്‍ജന്റീന അതിര്‍ത്തിയില്‍ എത്തിയപ്പോള്‍, എനിക്കൊരാള്‍ വാഹനത്തില്‍ ഇടംതന്നു. അയാള്‍ എന്നെ കൊണ്ടുപോയത് മറ്റൊരിടത്തേക്കായിരുന്നു. അവിടെവെച്ച് അയാള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി. എന്റെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍, പണമായുള്ള ഇരുപത് ഡോളര്‍ എന്നിവ നല്‍കി. അതോടെ ആ പ്രശ്‌നം പരിഹരിച്ചു. അങ്ങനെ എത്രയോ അനുഭവങ്ങള്‍''-വിഷ്ണു ഓര്‍ക്കുന്നു. വിഷ്ണുദാസ് ചപ്കെ താന്‍ നടന്നുപോയ വഴികളിലെല്ലാം മരങ്ങള്‍ നട്ടിട്ടുണ്ട്. അത് പൂത്തുതളിര്‍ത്ത്, പുഷ്പങ്ങള്‍ വിരിയിച്ച് ലോകത്തിന്റെ ഓരോ കോണിലും സുഗന്ധം പരത്തും. വിഷ്ണുദാസിന്റെ മരങ്ങള്‍ ലോകത്താകമാനം വസന്തം വിരിയിക്കും. ആ കാഴ്ച ചെറിയ വലിയ മനുഷ്യര്‍ക്ക് എക്കാലവും ആഹ്ലാദം തന്നെയാവും ജീവിതത്തില്‍ നിറയ്ക്കുക.
എന്തുകൊണ്ട് ചെടികള്‍
ഞാന്‍ നടന്നുപോയ വഴികളില്‍ വലിയ അനുഭവങ്ങളുണ്ട്. പുതിയ കാഴ്ചകളുണ്ട്. എക്കാലത്തും പ്രകൃതി എന്നെ പ്രചോദിപ്പിച്ചിരുന്നു. അതുകൊണ്ടാണ് യാത്രയില്‍ ഉടനീളം പറ്റുന്ന ഇടങ്ങളിലെല്ലാം ചെടികള്‍ വെച്ചുപിടിപ്പിച്ചത്. ആദ്യത്തെ ചെടി നടുന്നത് ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലാണ്. മുഖ്യമായും താമസിച്ച സ്ഥലങ്ങളിലാണ് ചെടിനട്ടത്. മിക്കരാജ്യങ്ങളിലും ചെടികള്‍ നട്ടിട്ടുണ്ട്. 2017-ല്‍ ചിലിയില്‍ എത്തിയപ്പോള്‍ കാട് കത്തുകയായിരുന്നു. അവരുടെ ഭാഷ എനിക്കറിയില്ല. അവിടെ തീ കെടുത്തുന്നവര്‍ക്കൊപ്പം ചേരാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അവര്‍ ആദ്യം സമ്മതിച്ചില്ല. പിന്നീട് തീ കെടുത്തുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്കുവേണ്ടിയുള്ള മെഡിക്കല്‍ സംഘത്തിന്റെകൂടെ ചേര്‍ന്ന് അവരുടെ പാചകശാലയില്‍ സഹായിയായി. അവിടെവെച്ചാണ് ചിലിയുടെ പ്രസിഡന്റ് മിച്ചേല്‍ ബാച്ചെലേത്തിനെ കാണാന്‍ കഴിയുന്നത്. ഒരു വിദേശി തീയണക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടുണ്ടെന്ന് അവരെ അറിയിച്ചതിനെത്തുടര്‍ന്ന് അവര്‍ എന്നെ കാണുകയും താന്‍ എന്താണ് ചെയ്തുതരേണ്ടതെന്ന് ആരായുകയുമുണ്ടായി. എനിക്ക് അദ്ദേഹത്തോടൊപ്പം ഒരു ചെടി നടാന്‍ താത്പര്യമുണ്ടെന്നറിയിച്ചു. പ്രോട്ടോക്കോൾ പ്രശ്‌നങ്ങളെത്തുടര്‍ന്ന് അവര്‍ ഒരു പ്രതിനിധിയെ അയക്കുകയും എന്നോടൊപ്പം ചെടി നടുകയും ചെയ്തു.

ഇതിനുശേഷം തെക്കെ അമേരിക്ക, മധ്യ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ പരിസ്ഥിതിമന്ത്രിമാരെയും സര്‍ക്കാര്‍ പ്രതിനിധികളോടൊപ്പംചേര്‍ന്ന് 15 രാജ്യങ്ങളില്‍ ചെടിനടാന്‍ കഴിഞ്ഞത് മിച്ചേല്‍ ബാച്ചെലേത്തുമായുള്ള ആ കൂടിക്കാഴ്ച കാരണമാണ്. ഇനി പത്രപ്രവര്‍ത്തനം ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ല. പ്രകൃതിക്കു വേണ്ടി പ്രവര്‍ത്തിക്കുക, അത്തരം സന്നദ്ധസംഘടനയില്‍ പ്രവര്‍ത്തിക്കുക. അതാണ് ഇനി എന്റെ ലക്ഷ്യം. മൂന്നുവര്‍ഷംകൊണ്ട് ഞാന്‍ കണ്ട ലോകകാഴ്ചകളുടെ അനുഭവങ്ങള്‍ പുസ്തകമായി എഴുതണമെന്നുണ്ട്. ഈ പുസ്തകത്തില്‍നിന്ന് കിട്ടുന്ന പണം മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്ക് നല്‍കും.
അമ്മ, ഓരോ വീട്ടിലും
മൂന്നുവര്‍ഷത്തെ യാത്രയ്ക്കിടയില്‍ എനിക്ക് പലപ്പോഴും എന്റെ അമ്മയോട് സംസാരിക്കാനായിരുന്നില്ല. അത് വലിയ നഷ്ടമായിരുന്നു. എന്നാല്‍, ലോകസഞ്ചാരത്തിനിടയില്‍ താമസിച്ചിരുന്ന ഓരോ വീടുകളിലും എനിക്ക് അമ്മമാരുണ്ടായി. അവര്‍ എന്നെ സ്വന്തം മകനെപ്പോലെ കണ്ടു. എനിക്ക് എത്രയോ അമ്മമാരുണ്ടായി, ഓരോ പുതിയ മണ്ണിലേക്കും ഗന്ധത്തിലേക്കും കാഴ്ചയിലേക്കും ഞാനെത്തുമ്പോള്‍, ഞാന്‍ മനസ്സില്‍ കരുതുമായിരുന്നു, എനിക്ക് ഇവിടെ ഒരു വീടുണ്ടെന്ന്. ലോകം ആഗോളഗ്രാമമാണെന്ന് പറയാറില്ലേ. ഓരോ സ്ഥലത്തെത്തുമ്പോഴും അവിടെ ഒരു വീട്, എന്റെ ബന്ധുക്കള്‍ ഉണ്ട് എന്ന് എനിക്ക് തോന്നിയിരുന്നു. ലോകം എന്നിലേക്ക് ചുരുങ്ങിവന്നു. എന്റെ മനസ്സില്‍ ലോകം അനന്തമായി പ്രണയാതുരയായിനിന്നു.

ലാഭം
പുതിയ രാജ്യത്തെത്തുമ്പോഴും അവിടത്തെ ജനത എന്നെ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്ക എന്നിലുണ്ടായിരുന്നു. ഓരോ ദേശത്തേയും സാംസ്‌കാരികസത്ത തിരിച്ചറിയാനും പുതിയ ഉള്‍ക്കാഴ്ച തരാനും യാത്ര സഹായിച്ചു. എല്ലാ നാട്ടിലെ ജനങ്ങളും നല്ലവരാണ്. എന്നാല്‍, എനിക്ക് പ്രിയമായത് ഇറാന്‍ ജനതയുടെ ആതിഥ്യമാണ്. ഇറാനിലെ ലാഹിജാനിലെ ഒരു കുടുംബത്തോടൊപ്പം ഞാന്‍ ഒരു പള്ളിയില്‍ പോവുകയും അവര്‍ നമാസ് നടത്തുമ്പോള്‍ ഞാനെന്റെ പ്രാര്‍ഥനയില്‍ മുഴുകുകയും ചെയ്തു. എന്റെ ജീവിതത്തിലെ മനോഹരമായ അനുഭവമാണത്... ഭാഷയും മതവും വ്യത്യസ്തമായിരിക്കുമ്പോഴും മനുഷ്യന്‍ എന്ന കണ്ണി എന്നെയും അവരെയും ബന്ധിപ്പിച്ചുനിര്‍ത്തുന്നത് എനിക്ക് അനുഭവിക്കാനായി. അതാണ് എന്റെ ജീവിതത്തിലെ എക്കാലത്തെയും വലിയ സമ്പാദ്യം.
പണം വന്നു, എവിടെനിന്നൊക്കെയോ, എങ്ങനെയൊക്കെയോ...
മുംബൈയില്‍ ഒരു വീടുവാങ്ങണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അതിനുവേണ്ടി സ്വരൂപിച്ച പൈസയില്‍നിന്നെടുത്താണ് ഞാന്‍ യാത്രതുടങ്ങുന്നത്. യാത്രയ്ക്കിടയില്‍ ആ പൈസയും അവസാനിച്ചു. പിന്നീട് ക്രൗഡ് ഫണ്ടിങ്ങിലൂടെ നിരവധിപേര്‍ എന്നെ സഹായിച്ചു. ലോകത്തിന്റെ എല്ലാ കോണില്‍നിന്നും സഹായമുണ്ടായി. പണമില്ലാതെ യാത്രയ്ക്ക് ഞാന്‍ കഷ്ടപ്പെടുന്നു. ഇതിനിടയില്‍ പര്‍ബനിയിലെ കൃഷിയിടം വിറ്റ് എന്നെ സഹായിക്കാന്‍ അച്ഛന്‍ തുനിഞ്ഞു. ഇത് വാര്‍ത്തയായിവന്നതോടെ ടാറ്റാ ട്രസ്റ്റ് എനിക്ക് സഹായമായിവന്നു. അത് പിന്നീടുള്ള യാത്രയ്ക്ക് വലിയ തുണയായി. മുംബൈ ഡബ്ബാവാലകളും എന്റെ ക്രൗഡ് ഫണ്ടിങ്ങിന് തുണയായി. പലയിടങ്ങളിലും എ.ടി.എം. എനിക്കുമുന്നില്‍ പണിമുടക്കിക്കിടന്നു. മാസ്റ്റര്‍ കാര്‍ഡും വിസ കാര്‍ഡും അമേരിക്കന്‍ നിയമപ്രശ്‌നങ്ങള്‍ കാരണം എനിക്കുമുന്നില്‍ അടഞ്ഞു. എന്റെ കൈയില്‍ പണമില്ലാത്ത അവസ്ഥയില്‍ നിങ്ങളുടെ മാതൃഭൂമി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി.ഐ. രാജീവ് അദ്ദേഹത്തിന്റെ സുഹൃത്തുവഴി പണമെത്തിച്ചുതന്നിട്ടുണ്ട്. ഞാന്‍ ആ സമയത്ത് ഉസ്ബെകിസ്താനിലായിരുന്നു. ആ പണംകൊണ്ടാണ് ഞാന്‍ യാത്ര തുടര്‍ന്നത്. അങ്ങനെ എത്രയോ സഹായങ്ങള്‍ എന്റെ യാത്രയിലുടനീളം എനിക്ക് തുണയായി. ഈ യാത്ര സഫലമാക്കിയ എത്രയോ നല്ല മനുഷ്യരുണ്ട്. അവരോടുള്ള കടപ്പാട് എന്നും എന്റെ ഹൃദയത്തിലുണ്ട്.

ബസില്‍ നിന്ന്, കപ്പല്‍ ബോര്‍ഡില്‍ നിന്ന്...

ഓരോ രാജ്യത്തെത്താനും വിസ ലഭിക്കുക എന്ന കടമ്പ എന്റെ മുന്നിലുണ്ടായിരുന്നു. അമേരിക്കന്‍ വിസ ലഭിക്കാന്‍ ഒന്‍പത് മാസത്തോളമെടുത്തു. എന്റെ യാത്രാസമയം ദീര്‍ഘിച്ചത് അങ്ങനെയാണ്. വിസ, യാത്രാച്ചെലവ്, അതിനുവേണ്ടിയുള്ള ജോലികള്‍. മുംബൈ-കൊല്‍ക്കത്ത-അസം-മണിപ്പുര്‍-മ്യാന്‍മര്‍-തായ്ലൻഡ്-ലാവോസ്-വിയറ്റ്നാം-ചൈന-ഓസ്ട്രേലിയ-ചിലി-ബ്രസീല്‍ അങ്ങനെ ലോകം എനിക്കു മുന്നില്‍ തുറന്നുകിടന്നു. വിയറ്റ്നാമിലെ ഹനോയില്‍നിന്ന് ചൈനയിലേക്ക് ബസിലാണ് പോയത്. ഇരിക്കാന്‍ സീറ്റില്ല. നിന്ന് യാത്രചെയ്യാന്‍തന്നെ തീരുമാനിച്ചു. ഇരുപത്തിയഞ്ച് മണിക്കൂര്‍ യാത്ര. മുംബൈ ലോക്കല്‍ തീവണ്ടിയില്‍ മണിക്കൂറുകള്‍ നിന്ന് യാത്രചെയ്ത അനുഭവം എനിക്ക് തുണയായി. അത്രയധികം സമയം നില്‍ക്കേണ്ടിവന്നില്ല. യാത്രക്കാര്‍ കൂട്ടുകാരായി. അവര്‍ എന്നെയും പല സീറ്റുകളിലിരുത്തി. എന്റെ യാത്രാലക്ഷ്യത്തിനൊപ്പം കൂട്ടുനിന്നു. കൃത്യമായി നിശ്ചയിച്ചല്ല ഓരോ യാത്രയും സംഭവിക്കുന്നത്, ഞാന്‍ ചൈനയിലെ ബെയ്ജിങ്ങില്‍ എത്തുമ്പോള്‍ കനത്ത മഴയായിരുന്നു. മഴവെള്ളം കയറി മെട്രൊ വെള്ളത്തിനുള്ളില്‍. ഗതാഗതമില്ല. മുംബൈയില്‍ മഴപെയ്താല്‍ തീവണ്ടിക്കുണ്ടാകുന്ന തടസ്സം എനിക്ക് അവിടെയും ഉണ്ടായി. ചൈനയുടെ വിവിധ ഭാഗങ്ങളില്‍ ബസ്, കാര്‍, ബൈക്ക്, തീവണ്ടി എന്നീ യാത്രാമാര്‍ഗങ്ങള്‍ ഉപയോഗിച്ചു. ഷാന്‍ഹായില്‍നിന്ന് ഓസ്ട്രേലിയയില്‍ എത്താന്‍ ചരക്കുകപ്പലിന്റെ ബോര്‍ഡില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുവദിച്ചിരുന്നു. ആ മാര്‍ഗമാണ് ഞാന്‍ ഉപയോഗപ്പെടുത്തിയത്. യാത്രയിലുടനീളം ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൊണ്ട് യാത്ര പ്രയോജനപ്പെട്ട രണ്ടു രാജ്യങ്ങള്‍ നേപ്പാളും ഭൂട്ടാനും മാത്രമായിരുന്നു.
Content Highlights: Vishnudas Chapke, 35 Country Travel, Vishnu Das Chapke's World Travel