ജോർദ്ദാൻ തലസ്ഥാനമായ അമ്മാനിൽ നിന്നു യാത്ര തുടങ്ങുമ്പോൾ സൂര്യൻ മധ്യധരണ്യാഴിയുടെ കിഴക്ക് ഉദിച്ചിരുന്നു. യാത്ര ലക്ഷ്യമിട്ടത് നസീബ് ജാബർ അന്താരാഷ്ട്ര അതിർത്തി. സിറിയയെയും ജോർദ്ദാനെയും വേർതിരിക്കുന്ന നിയന്ത്രണ രേഖയാണിത്.

Syria 3ജോർദ്ദാൻ തലസ്ഥാനമായ അമ്മാനിൽനിന്നു ഹൈവേ 15- ൽ ഏകദേശം 120 കിലോ മീറ്റര്‍ അകലെയാണ് അൽജാബർ അതിർത്തി. പ്രവാചക പരമ്പരയുടെ സ്മൃതികൾ ഇരമ്പുന്ന അമ്മാൻ എന്ന സാഹോദര്യത്തിന്റെ മണ്ണിൽനിന്ന് പശ്ചിമേഷ്യയുടെ ഹൃദയഭൂമിയിലൂടെയുള്ള വേനൽക്കാല യാത്ര ഒരു നവ്യാനുഭവമാണ്. മുല്ലയും മുന്തിരിവള്ളിയും ചുറ്റും നിറയുന്ന പനിനീർ കാഴ്ചകളും കുറെ ബംഗ്ലാവുകളും.. എല്ലാം നഗരഹൃദയത്തിൽ നിന്ന് അകലുന്നതോടുകൂടി കണ്ണിൽ നിന്ന് മാഞ്ഞുകൊണ്ടേയിരുന്നു.

പിന്നെ കാണുന്നത് അനന്തവിഹായസ്സു പോലെയുള്ള മലയും മണലാരണ്യവും. ഒന്നിനു മേലെ ഒന്നൊന്നായ് അടുക്കി വെച്ച മണൽക്കൂനകൾ. മുണ്ഡിത ശിരസ്കയായ ഭൂമിയുടെ വേറിട്ട ചിത്രം. ചില സ്ഥലങ്ങളിൽ നീല മേഘങ്ങൾ താഴെയിറങ്ങി വന്ന് ദാഹനീരിനായ് കരയുന്ന അമ്മയുടെ കാതുകളിൽ എന്തെല്ലാമോ പറഞ്ഞു പോവുന്നു. ദേശീയ പാത 15- ലൂടെ അതിവേഗതയിൽ കുതിക്കുമ്പോൾ കാണുന്നത് ആളൊഴിഞ്ഞ രാജപാതകളാണ്. കാലത്തെ അതിജീവിച്ച പ്രതാപങ്ങളുടെ മണ്ണ്. പക്ഷേ സായുധ സൈന്യം കാവലുണ്ട്. കണ്ണടക്കാതെ.

റോഡിന് ഇരുവശവും കാണുന്നത് ഐക്യരാഷ്ട്ര രക്ഷാസേനയുടേയും ഫുഡ് & അഗ്രിക്കൾച്ചറൽ ഓർഗനൈസേഷന്റെയും വാഹനങ്ങളാണ്. അഭയാർത്ഥികൾക്ക് അന്നവും അഭയവും ഉറപ്പു വരുത്താൻ വേണ്ടി ഓടിപ്പായുന്ന യു എൻ - രക്ഷാ ദൗത്യസംഘങ്ങളേയും കണ്ടു. മരത്തിന്റെ മറയില്ലാത്തതിനാൽ മര്യാദയില്ലാതെ സൂര്യൻ കണ്ണിൽ പതിച്ചു. അല്പസമയം കഴിഞ്ഞപ്പോൾ അങ്ങ് ദൂരെ ചെറു പച്ചപ്പുകൾ കണ്ടുതുടങ്ങി. മുന്തിരിവള്ളിയും തണ്ണിമത്തനും തീർക്കുന്ന നാട്ടുപച്ചയുടെ ഇത്തിരിവട്ടം നല്കുന്ന കുളിർമ.

Syria 2

ആയിരം ആടുകളും ഒരിടയനും കൂട്ടിന് ഒരു കാവൽ പട്ടിയും കൂടിയുള്ള മദ്ധ്യധരണ്യാഴിയിലെ നാട്ടുകാഴ്ചകൾ വേറിട്ടതാണ്. അങ്ങിങ്ങായ് കാണുന്ന ഒട്ടക കൂട്ടങ്ങൾ, മലയും മണലും താണ്ടി പൊരി വെയിലിൽ അലയുന്ന ആട്ടിടയൻമാർ, മഞ്ഞ പട്ടുടുത്ത് നൃത്തമാടുന്ന ഗോതമ്പുപാടങ്ങൾ, നിരനിരയായ് അതിർത്തി തുറക്കാൻ കാത്തു കിടക്കുന്ന ഭീമാകാരൻ ട്രക്കുകൾ...

ചുട്ടു പൊള്ളുന്ന വെയിലിൽ കാൽപ്പന്തുമായ് ഓടി നടക്കുന്ന കൊച്ചു കുട്ടികൾ, തീ കത്തിച്ച സമാവറിൽ പുതിന ചായ കൊടുക്കുന്ന ജോർദ്ദാൻ സ്വദേശികൾ... അധിനിവേശത്തിന്റെ നഗരക്കാഴ്ചകൾ... വറ്റി വരണ്ട സർക്ക നദി... ബാഗ്ദാദിലേക്കും സൗദിയിലേക്കും യമനിലേക്കും എല്ലാം ദിശ ചൂണ്ടുന്ന അടയാള ബോർഡുകൾ... അറബിക്കഥകളിൽ, ആയിരത്തൊന്ന് രാവുകളിൽ, അശാന്തിയുടെ യുദ്ധപുസ്തകങ്ങളിൽ കേട്ടറിഞ്ഞ സ്ഥലങ്ങളെല്ലാം കൺമുന്നിൽ വരുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം; അതിലേറെ നെടുവീർപ്പ്..

Syria 4

റോഡിന്റെ വലതു വശത്ത് ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പായ സാത്രിയിലേക്കുള്ള ബീക്കൺ വാഹനങ്ങൾ കണ്ടു. ഒറ്റ നോട്ടത്തിൽ സാത്രി ഒരു മരുസാഗരമാണെന്നേ തോന്നൂ. ഒരു തരി പച്ചപ്പ് പോലും ഇല്ലാത്ത മരുസാഗരം. പക്ഷേ ആറര ലക്ഷം സിറിയൻ അഭയാർത്ഥികൾ തിങ്ങിക്കൂടി പാർക്കുകയാണ് ഇവിടെ. ഉറ്റവരും ഉടയവരും എല്ലാം നഷ്ടമായ് അഭയാർത്ഥികളായ് കഴിയാൻ വിധിക്കപ്പെട്ട ചിരപുരാതനരായ അസീറിയൻ സംസ്കൃതിയുടെ പിൻമുറക്കാർ. വഴിയരികിൽ കുടിൽ കെട്ടി താമസിക്കുന്ന പ്രതാപത്തിന്റെ മെസപ്പെട്ടോമിയയിൽ നിന്ന്, ഇതിഹാസങ്ങളുടെ അസീറിയയിൽ നിന്ന് കുടിയേറി പാർക്കുന്ന നാടു നഷ്ടപ്പെട്ട നാടോടികൾ.

മഫറക്ക് എന്ന ചെറു പട്ടണം കഴിഞ്ഞപ്പോൾ പിന്നെ ഒന്നും കാണാനില്ല. കറുത്ത റോഡും വെളുത്ത മരുഭൂമിയും മാത്രം. കാതടപ്പിക്കുന്ന ശബ്ദവും ആകാശത്ത് മിന്നലാക്രമണം നടത്തുന്ന ചെറു വിമാനങ്ങൾ. വാഹനങ്ങൾ നിർത്തി കൂടെയുള്ള ആൾ പറഞ്ഞു. സൈനിക പരിശീലനമാണ്.'' മണൽ മലകളായ് പൊടി പടലങ്ങൾ ഉയരുന്ന കാഴ്ച അഗ്നിപർവ്വതസമാനം തന്നെയായിരുന്നു.

അങ്ങ് ദൂരെയാണ് അസ്റക്ക് എന്ന ഭൂപ്രദേശം. മരുഭൂമിയെങ്കിലും താഴ്ന്നിറങ്ങിയ നീല മേഘങ്ങളാൽ പകൃതി ഒരുക്കിയ മനോഹര കാഴ്ച. എല്ലാം പിന്നിട്ട് കഴിഞ്ഞപ്പോൾ ഒരു വലിയ അടയാള ബോർഡ്. നീല നിറത്തിൽ... സിറിയയിലേക്ക് സ്വാഗതം. ഭരണാധികാരിയായ അസദിന്റെ ഒരു വർണച്ചിത്രവും. ഒലിവ് മരങ്ങൾ ഒഴുക്കുന്ന മണവും മമതയും പ്രശാന്തമായ നീലാകാശവും സംഘർഷങ്ങൾക്കിടയിലും മധ്യധരണ്യാഴിയുടെ മോഹക്കാഴ്ച്ചകളാണ്.

Content Highlights: Syria Travel, Middle East Travel, Syria Jordan Border