സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഞായറാഴ്ചകള്‍ റുവാടാഗ്( നിശബ്ദ ദിവസം) ആണ്. ശാന്തതയും സമാധാനവുമാണ് ഇവിടുത്തെ ജനങ്ങള്‍ക്കു പ്രധാനം. ഒരാഴ്ച കഠിനമായി പണിയെടുത്ത ശേഷം അടുത്തയാഴ്ചത്തേക്കു വേണ്ട മൈന്‍ഡ് റീചാര്‍ജിംഗ് നടത്തുന്ന ദിവസം. ഞായറാഴ്ച ദിവസം മുറ്റത്ത് കിളയ്ക്കല്‍, കാര്‍ കഴുകല്‍, ആണിയടിച്ചുള്ള റിപ്പയറിംഗ് തുടങ്ങിയ ഒച്ചയുണ്ടാക്കുന്നപരിപാടികള്‍ നടത്തി അയല്‍വാസികളെ ആരും ബുദ്ധിമുട്ടിക്കില്ല

സൂറിക്കിലുള്ള ഫിഫയുടെ ലോക ആസ്ഥാനമാണ് യാത്രയിലെ ആദ്യ ലക്ഷ്യം. സന്ദര്‍ശകരായി എത്തിയ പത്തിരുപത്തഞ്ചു പേരെ നയിക്കാന്‍ ബേഗം കാലിഡ എന്ന ടര്‍ക്കിഷ് സുന്ദരി ഒപ്പം വന്നു. പരിചയപ്പെടുമ്പോള്‍ ഓരോരുത്തരും തങ്ങളുടെ രാജ്യങ്ങള്‍ കൊളംബിയ, സ്‌പെയിന്‍, യു.എസ്, റഷ്യ എന്നൊക്കെ ഉറക്കെ പറയുന്നു. ഫുട്‌ബോളിന്റെയും ഫിഫയുടെയും ചരിത്രവും ഓരോ ലോകകപ്പുകളുടെ കഥകളും പ്രധാന മുഹൂര്‍ത്തങ്ങളും പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ കാണിച്ച് ആധികാരികമായും മനോഹരമായും അവര്‍ വിവരിച്ചു.

ഒടുക്കം ഒരു മുറിയുടെ മുന്നിലെത്തി പറഞ്ഞു; 'ഇനി നമ്മള്‍ ഫിഫ സ്വര്‍ണ്ണക്കപ്പ് കാണാന്‍ പോവുകയാണ്. ഇതു കാണാന്‍ രണ്ടു വഴിയേ ഉള്ളൂ. Either you win it or you come here,' ലോകത്തെ ഏറ്റവും വലിയ മതം ഫുട്‌ബോളാണ്. അതിന്റെ ശ്രീകോവില്‍, സ്വര്‍ണ്ണവിഗ്രഹം ഇതാ കണ്ണാടിക്കൂടില്‍ തൊട്ടു മുന്നില്‍. അടിമുടി ഒരു രോമാഞ്ചം ഉടലിലൂടെ പാഞ്ഞു. കപ്പിന്റെ അടിവശവും കാണാം. ഇതുവരെ ചാമ്പ്യന്മാരായ രാജ്യങ്ങളുടെ പേര് അടിയില്‍ എഴുതിയിട്ടുണ്ട്. 

World Cupഇനിയും അവിടെ ധാരാളം സ്ഥലം ബാക്കിയുണ്ട്. ജയിച്ച ക്യാപ്റ്റന്‍മാരുടെയും ലോക പ്രസിദ്ധ ടീം മെമ്പേഴ്‌സിന്റെയും സ്വര്‍ണ്ണ പേന കൊണ്ടുള്ള ഒപ്പുകളുടെ പ്രദര്‍ശനസ്ഥലം അടുത്തു തന്നെയുണ്ട്. ലോകകപ്പുകളിലെ ചില വൈകാരിക നിമിഷങ്ങളുടെ വീഡിയോ പ്രദര്‍ശനവും കാണാം. ഇനി യാത്ര അയല്‍ രാജ്യമായ ലിച്ചന്‍സ്‌റ്റൈനിലേക്കാണ്. വെറും 160 ചതുരശ്ര കിലോമീറ്റര്‍ മാത്രം വലിപ്പമുള്ള, ഷെങ്കന്‍ വിസ കൊണ്ടു തന്നെ പോകാവുന്ന ഒരു കൊച്ചു രാജ്യം. കുട്ടികള്‍ക്കു വേണ്ടി ഹൈഡിലാന്റ് എന്ന സ്ഥലത്തു കൂടിയാക്കി യാത്ര. ഹൈഡിലാന്റ് ഈ യാത്രയിലെ ഒരു വിസ്മയം തന്നെ ആയിരുന്നു.

ജോഹാന പെറി എന്ന സ്വിസ് എഴുത്തുകാരി 1880 ല്‍ കുട്ടികള്‍ക്കു വേണ്ടി എഴുതിയ ഹൈഡിയുടെ കഥ ലോകപ്രസിദ്ധമാണ്. മാതാപിതാക്കള്‍ നഷ്ടപ്പെട്ട് മലമുകളില്‍ അപ്പൂപ്പന്റെയൊപ്പം താമസിക്കുന്ന ഹൈഡി എന്ന പെണ്‍കുട്ടിയും അവളുടെ കൂട്ടുകാരന്‍ പീറ്ററും ക്ലാര എന്ന വികലാംഗയായ കൂട്ടുകാരിയുമൊക്കെയാണ് കഥാപാത്രങ്ങള്‍. ആ കഥാപാത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നതാണോ അതോ ആ അന്തരീക്ഷം പുനഃസൃഷ്ടിച്ചതാണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധമാണ് അവിടം.

ഹെഡിയുടെ മുത്തച്ഛന്റെ കൃഷിപ്പണിയായുധങ്ങള്‍, അവളുടെ വൈക്കോല്‍ കിടക്ക, അടുക്കള, ഉണക്കിയ ഇറച്ചിയും വൈനും സൂക്ഷിക്കുന്ന സ്ഥലം, ബ്രെഡ് ഉണ്ടാക്കുന്ന അടുപ്പ്, ക്ലാരയുടെ വീല്‍ ചെയര്‍, തൊഴുത്ത്, പീറ്ററിന്റെ വീട്. ഇങ്ങനെ ആ കഥയിലെ എല്ലാമെല്ലാം. പത്തൊന്‍പതാം നൂറ്റാണ്ടിലെ ഒരു യൂറോപ്യന്‍ കര്‍ഷക ഭവനം അങ്ങനെ തന്നെ അവിടെയുണ്ട്. വഴിയിലെ പുല്‍മൈതാനത്ത് നിറയെ ആപ്പിളും പിയറും പഴുത്ത് വീണു കിടക്കുന്നു. ആരും കാവലില്ലെങ്കിലും ഒരാളും തൊടുന്നില്ല. പക്ഷേ രണ്ട് ആപ്പിള്‍ ചാടിപ്പറിച്ചെടുത്തപ്പോഴേ മനസ്സിന് സമാധാനമായുള്ളൂ. 

ലിച്ചന്‍സ്‌റ്റൈന്‍ അടുത്താണ്. രാജഭരണമാണ്. ഗംഭീരമായ കൊട്ടാരം. കവാടത്തിനടുത്തെത്തിയപ്പോള്‍ ഗാര്‍ഡ് തടഞ്ഞു. രാജാവ് വരുന്നുണ്ടത്രേ. ആഹാ! രാജാവിനെ കാണാമല്ലോ എന്നു കരുതി അവിടെത്തന്നെ നിന്നു. അപ്പുറത്തു നിന്ന് നിക്കറും ബനിയനുമിട്ട് ഇതൊന്നുമറിയാതെ രണ്ടു പേര്‍ കളി കഴിഞ്ഞ് ഷട്ടില്‍ ബാറ്റുമായി വരുന്നുണ്ട്. അതിലൊരാള്‍ ബൈ പറഞ്ഞ് അവിടെ നിര്‍ത്തിയിട്ടിരുന്ന വണ്ടിയില്‍ കയറി പോയി. മറ്റേയാള്‍ കൊട്ടാരത്തിനകത്തേക്കും; അതായിരുന്നത്രേ അവിടുത്തെ രാജാവ്!

പാര്‍ക്കിങ്ങില്‍ വെച്ച് ഒരു സ്ത്രീ, എന്നോട് മലയാളിയാണോ എന്നു ചോദിച്ച് അടുത്തുവന്നു. അവര്‍ മൂന്നാം വയസ്സില്‍ മട്ടാഞ്ചേരിയില്‍ നിന്ന് ജറുസലേമിലേക്ക് പോയ ഒരു ജൂത വനിതയാണ്. പേര് ടൗബ. ഫോണിലെ ഒരു ഫോട്ടോ കാണിച്ച് അവര്‍ കഷ്ടി മലയാളത്തില്‍ പറഞ്ഞു തുടങ്ങി 'ഇത് മട്ടാഞ്ചേരിയിലുള്ള സാറ അമ്മൂമ്മയാണ്, ഇവരെ അറിയുമോ?' കുറേ നാള്‍ മുമ്പ് പത്രത്തില്‍ നൂറു വയസ്സു കഴിഞ്ഞ ഒരു ജൂത മുത്തശ്ശിയെക്കുറിച്ച് വായിച്ചതോര്‍ത്തു. ചിലപ്പോള്‍ അവരായിരിക്കാം. അറിയാമെന്നു വെറുതേ പറഞ്ഞു. അവര്‍ക്ക് വലിയ സന്തോഷമായി; 

അമ്മൂമ്മേടെ അടുത്തു നിന്ന് വന്നയാളെ ചേര്‍ത്തു പിടിച്ച് ഇസ്രയേല്‍കാരനായ ഭര്‍ത്താവിനോട് എന്തൊക്കെയോ പറഞ്ഞു. പലായനവും പ്രവാസവും ജനിച്ച് നാടുമായുള്ള ആത്മബന്ധത്തിന് മങ്ങലേല്‍പ്പിച്ചിട്ടില്ല. തിരിച്ചുപോരുമ്പോള്‍ മനസ്സ് നിറഞ്ഞിരുന്നു.

(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Switzerland Travel, FIFA World Cup, Mathrubhumi Yathra