Cave 1രമ്പിയാര്‍ക്കുന്ന നഗരത്തിലൂടെ കടന്നുപോകുമ്പോള്‍ നിങ്ങളുടെ കാലുകള്‍ക്കടിയില്‍ ഇരുണ്ട ഒരു പാതാളലോകം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് സങ്കല്പിക്കാന്‍ കഴിയുമോ? ഏറ്റവും ആധുനികമായ ഉപഭോഗവസ്തുക്കള്‍ ലഭ്യമാകുന്ന മാളില്‍നിന്ന് ഈ ഗുഹാലോകത്തേക്ക് ഇറങ്ങാന്‍കഴിഞ്ഞാലോ? ഇംഗ്ലണ്ടിലെ നോട്ടിങ്ങാം നഗരത്തിനടിയിലുള്ള അഞ്ഞൂറിലധികം ഗുഹകളെപ്പറ്റി നഗരവാസികളില്‍ പലര്‍ക്കും അറിയില്ല. റോബിന്‍ഹുഡ് കഥകളിലൂടെ പ്രശസ്തമായ, ചരിത്രമുറങ്ങുന്ന നോട്ടിങ്ങാമിന് ഗുഹാനഗരം എന്ന പേര് വരാന്‍ കാരണം മണല്‍ക്കല്ല് കുഴിച്ച് നിര്‍മിക്കപ്പെട്ട ഈ ഗുഹാതുരങ്കങ്ങളാണ്.

മനുഷ്യന്റെ ഏറ്റവും ആദ്യത്തെ വീടായിരുന്നു ഗുഹകള്‍. ചൂടില്‍നിന്നും തണുപ്പില്‍നിന്നും വന്യമൃഗങ്ങളില്‍നിന്നുമൊക്കെ അവ ആദിമമനുഷ്യനെ സംരക്ഷിച്ചു. മനുഷ്യന്‍ തീയുണ്ടാക്കാനുള്ള വിദ്യ കണ്ടുപിടിക്കുന്നതിനും കൃഷിചെയ്യാന്‍ പഠിക്കുന്നതിനും മൃഗങ്ങളെ ഇണക്കിവളര്‍ത്താന്‍ തുടങ്ങുന്നതിനുമൊക്കെ ഗുഹകള്‍ സാക്ഷിയായി. പല ഗുഹകളും ആദിമമനുഷ്യന്റെ ജീവിതത്തെക്കുറിച്ച് ഒട്ടേറെ അറിവുകള്‍ തന്നിട്ടുമുണ്ട്. എന്നാല്‍ ആധുനികകാലത്ത് ഗുഹകളെ വിവിധ ആവശ്യങ്ങള്‍ക്ക് എങ്ങനെ ഉപയോഗിച്ചു എന്ന് നോട്ടിങ്ങാമിലെ ഭൂഗര്‍ഭഗുഹകള്‍ കാണിച്ചുതരുന്നു. ആധുനികനഗരത്തിന്റെ അടിത്തട്ടില്‍ പകല്‍വെളിച്ചം എത്താത്ത ഒരു സമാന്തരലോകം - അതാണ് നഗരത്തിന്റെ അടിത്തട്ടിലെ ഗുഹകളുടെ കൂട്ടം. ആയിരംവര്‍ഷങ്ങളിലെ മനുഷ്യന്റെ നിലനില്പിനായുള്ള പോരാട്ടത്തിന്റെ ചരിത്രമാണ് ഈ ഗുഹകളെ വ്യത്യസ്തമാക്കുന്നതും.

ഏറ്റവും ആധുനികമായതെല്ലാം ലഭ്യമാകുന്ന ഷോപ്പിങ് കോംപ്ലക്‌സിന്റെ മുകള്‍നിലയില്‍നിന്നാണ് ആയിരത്തിലധികം വര്‍ഷങ്ങളുടെ ചരിത്രമുള്ള പാതാളലോകത്തേക്ക് ഇറങ്ങിച്ചെല്ലുന്നത് എന്നത് ജീവിതത്തിന്റെ ഇരുധ്രുവങ്ങളെ ഒറ്റക്കുറ്റിയില്‍ കെട്ടിയിടുന്ന വൈരുധ്യമാകുന്നു. നോട്ടിങ്ങാം നഗരത്തിന്റെ അടിത്തട്ടില്‍ ഇതുവരെ ഏകദേശം 550 ഗുഹകള്‍ കണ്ടുപിടിച്ചിട്ടുണ്ട്. അവയില്‍ നൂറോളം ഈയടുത്തകാലത്ത് കണ്ടെത്തിയവയാണ്. കട്ടികുറഞ്ഞ മണല്‍ക്കല്ലുകളുടെ ഉള്‍വശം തുരന്നെടുത്ത് ഗുഹകള്‍ നിര്‍മിക്കാന്‍തുടങ്ങിയിട്ട് ആയിരത്തിലധികം വര്‍ഷങ്ങളായി. പില്‍ക്കാലത്ത് തുകല്‍ ഊറയ്ക്കിടാനും വൈന്‍നിര്‍മാണത്തിനുമൊക്കെ ഉപയോഗിച്ചുവെങ്കിലും തണുപ്പേല്‍ക്കാതെ ചുരുണ്ടുകൂടാന്‍ ഒരിടത്തിനായാണ് കൈയില്‍ കിട്ടിയതൊക്കെ എടുത്ത് നിരാലംബനായ മനുഷ്യന്‍ ഗുഹകള്‍ കുഴിച്ചുതുടങ്ങിയത്. അനേകം കുടുംബങ്ങള്‍ താമസിക്കുന്ന ചേരികളായി പില്‍ക്കാലത്ത് ഇവ മാറുകപോലും ചെയ്തു. ഗുഹകള്‍ വാടകയ്ക്ക് കൊടുക്കുന്ന ഗുഹാ ഉടമസ്ഥരും ഉണ്ടായിരുന്നത്രേ ഒരുകാലത്ത്.
 
Cave 2എ.ഡി. 868-ല്‍ ആസര്‍ എന്ന സന്ന്യാസി പാവപ്പെട്ടവരുടെ വീടായി ഗുഹകള്‍ മാറുന്നതിനെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. ഇങ്ങനെ കുഴിച്ചുകുഴിച്ച് നോട്ടിങ്ങാം നഗരത്തിന്റെ അടിയില്‍ വ്യാപിച്ചുകിടക്കുന്ന പരസ്പരബന്ധിതമായ തുരങ്കങ്ങളുടെ ഒരു ശൃംഖലയായി ഇത് മാറി. ഗുഹയ്ക്കുള്ളില്‍ പലയിടത്തും ഒഴുകുന്നതും അല്ലാത്തതുമായ ജലസ്രോതസ്സുകള്‍ കാണാം. ഇവയുടെ സാന്നിധ്യമാണ് ഈ പാതാളലോകത്ത് ജീവിതം സാധ്യമാക്കിയത്. വ്യവസായവിപ്ലവകാലത്ത് വര്‍ധിച്ച തൊഴിലവസരങ്ങള്‍ തേടിയെത്തിയ തൊഴിലാളികള്‍ കൂട്ടത്തോടെ ഈ ഗുഹകള്‍ പാര്‍പ്പിടമാക്കി. പ്രവേശനം അനുവദിച്ചിട്ടുള്ള ഗുഹകളിലൊന്ന് ഡ്രുറി ഹില്‍ എന്ന ഇത്തരം ഒരു ചേരിപ്രദേശമാണ്. ആവശ്യത്തിന് ശുദ്ധവായുവോ പ്രാഥമിക സൗകര്യങ്ങളോ ലഭിക്കാത്ത ഇവിടെ പലപ്പോഴും കോളറ മുതല്‍ പ്ലേഗ് വരെയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ച് ഒട്ടേറെ ജീവനെടുത്തു. എങ്കിലും പുറത്തെ തണുപ്പില്‍നിന്ന് ഒരുപാട് നിരാലംബരെ ഗുഹകള്‍ പൊതിഞ്ഞുപിടിച്ചു.

Cave 4

ഷീറ്റിട്ട മുന്‍ഭാഗവും മറപ്പുരയുമൊക്കെയുള്ള വീടുകളുടെ അവശിഷ്ടങ്ങളും ഗുഹകളില്‍ കാണാം. നിരാലംബര്‍, കൊള്ളക്കാര്‍, വേശ്യകള്‍ തുടങ്ങി പൊതുസമൂഹം അകറ്റിനിര്‍ത്തിയ എല്ലാവര്‍ക്കും ഈ ഗുഹകള്‍ അഭയം നല്‍കി. ഗുഹകളിലൊന്നിലെ തുകല്‍ ഊറയ്ക്കിടാനുള്ള സൗകര്യങ്ങള്‍ (Tannery) കൗതുകമുണ്ടാക്കുന്നതാണ്. നിലം കുഴിച്ച് നിര്‍മിച്ച ചതുരടാങ്കുകള്‍ ആട്, ചെമ്മരിയാട്, മാന്‍ തുടങ്ങിയ ചെറുമൃഗങ്ങളുടെ തോലുകള്‍ സംസ്‌കരിക്കാന്‍ ഉപയോഗിച്ചു. ഗുഹകള്‍ക്കുള്ളില്‍തന്നെയുള്ള കിണറുകളിലും കുഴികളിലും നിന്നുള്ള വെള്ളവും ചുണ്ണാമ്പുമായി കലര്‍ത്തി തോലുകള്‍ സംസ്‌കരിച്ചത് ചെറിയ കുട്ടികളായിരുന്നത്രേ. ധാരാളം വായുസഞ്ചാരമുള്ള സാഹചര്യങ്ങളില്‍പോലും ദുര്‍ഗന്ധമുളവാക്കുന്ന തോലുകള്‍ ഗുഹയിലെ വായുസഞ്ചാരവും സൂര്യപ്രകാശവും ഇല്ലാത്ത അന്തരീക്ഷത്തില്‍ എങ്ങനെയായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതിനാല്‍തന്നെയാവണം ദരിദ്രരായ കുട്ടികള്‍ ഇവിടെ പണിയെടുക്കേണ്ടിവന്നതും. സ്ഥിരമായി ചുണ്ണാമ്പ് തട്ടി പൊള്ളിയടര്‍ന്ന, വിരൂപമായ അവരുടെ കൈകളാണ് ടാനറി കണ്ടപ്പോള്‍ ഓര്‍മവന്നത്. പടര്‍ന്നുപിടിച്ച പ്ലേഗില്‍ നിന്ന് പക്ഷേ, ഈ കുട്ടിത്തൊഴിലാളികള്‍ക്ക് രക്ഷപ്പെടാന്‍ ഇവിടത്തെ അന്തരീക്ഷം സഹായകമായി. മൃഗങ്ങളുടെ തലയോടുകള്‍, എല്ലുകള്‍ തുടങ്ങിയവ ഗുഹയിലെ ഇരുണ്ട അന്തരീക്ഷത്തില്‍ ഏതോ ഹൊറര്‍ സിനിമയിലെ രംഗം ഓര്‍മിപ്പിച്ചു.

വൈന്‍, ബിയര്‍ നിര്‍മാണത്തിനുള്ള നിലവറകളായും ഗുഹകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. സ്ഥിരമായി കുറഞ്ഞ ഊഷ്മാവ് നിലനിര്‍ത്താന്‍ സാധിക്കും എന്നതാണ് കാരണം. നോട്ടിങ്ങാം കോട്ടയ്ക്കടിയില്‍ ഇപ്പോഴും ഒരു സജീവ ബിയര്‍നിര്‍മാണ കേന്ദ്രം കാണാം. ഇത്തരം ഒരു അറ ഒരു പ്രമുഖ പബ് തീന്‍മുറിയായി ഉപയോഗിക്കുന്നുണ്ട്.

Cave 5

Cave 3ദുരന്തങ്ങളാണ് പലപ്പോഴും സമൂഹത്തിലെ വിവിധ തട്ടുകള്‍ തമ്മിലുള്ള അകലം മായ്ച്ചുകളയുന്നത്. രണ്ടാംലോകമഹായുദ്ധകാലത്ത് ബോംബാക്രമണത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ഒളിയിടങ്ങളായി ഗുഹകള്‍ ഉപയോഗിച്ചു. അന്നത്തെ ഡിഗ് ഫോര്‍ വിക്ടറി എന്ന മുദ്രാവാക്യമെഴുതിയ പോസ്റ്ററുകള്‍ ഇപ്പോഴും ഗുഹയ്ക്കുള്ളില്‍ കാണാം. ഇവിടെനിന്ന് കുഴിച്ചെടുത്ത മണല്‍ യുദ്ധാവശ്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്നു. വിഷവാതക ആക്രമണങ്ങളില്‍നിന്ന് രക്ഷനേടാനുള്ള ഗ്യാസ് മാസ്‌കുകള്‍, അവയുടെ ഉപയോഗക്രമം, അന്നത്തെ പുസ്തകങ്ങള്‍, മോണോപ്പോളി ഉള്‍പ്പെടെ വിവിധ കളിയുപകരണങ്ങള്‍ എന്നിവയും സൂക്ഷിച്ചിരിക്കുന്നു. ഗുഹയ്ക്കുള്ളിലുണ്ടായിരുന്ന പബിലെ ഇരിപ്പിടങ്ങളും കാണാം. കൂടാതെ വീഞ്ഞ് നിറയ്ക്കാനുള്ള വീപ്പകള്‍, പലതരം ഭരണികള്‍, പിഞ്ഞാണപ്പാത്രങ്ങള്‍, മരംകൊണ്ടുള്ള ഇരിപ്പിടങ്ങള്‍, കമോഡുകള്‍ എന്നിവയും ഭൂതകാലത്തിന്റെ ബാക്കിപത്രങ്ങളായി സൂക്ഷിച്ചുവെച്ചിരിക്കുന്നു.
 
കോട്ടയ്ക്കടിയിലെ തുരങ്കങ്ങള്‍ പല അന്തപ്പുര നാടകങ്ങള്‍ക്കും സാക്ഷ്യംവഹിച്ചവയാണ്. രഹസ്യസമാഗമങ്ങള്‍ക്കും ഗൂഢാലോചനകള്‍ക്കും കൊലപാതകങ്ങള്‍ക്കും പ്രതികാരത്തിനുമൊക്കെ ഗുഹകള്‍ സാക്ഷിയായതിനെപ്പറ്റി പല കഥകളുമുണ്ട്. അതുകൊണ്ടുതന്നെ ഗുഹകളിലെ പ്രേതബാധ, വിചിത്രജീവികളുടെ സാന്നിധ്യം എന്നിവയെപ്പറ്റിയൊക്കെയുള്ള കഥകളില്‍ ഇന്നും പലരും അഭിരമിക്കുന്നു. ഇത്തരം കാര്യങ്ങളിലുള്ള താത്പര്യം മുതലെടുത്ത് ഒരു സ്‌പെഷല്‍ ഗൈഡഡ് ടൂര്‍പോലും ആഴ്ചതോറും നടത്തിവരുന്നു. ഷോപ്പിങ് കോംപ്ലക്‌സ്, റെയില്‍വേസ്റ്റേഷന്‍ എന്നിവയുടെ നിര്‍മാണത്തിനായി പലവട്ടം നശിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പൊതുജനങ്ങളുടെ പ്രതിഷേധമാണ് ഇന്നത്തെ തലമുറയ്ക്കായി ഈ ഗുഹകളെ നിലനിര്‍ത്തിയത്. ഇപ്പോള്‍ കൃത്യമായ വെളിച്ച വിന്യാസത്തോടെ ഓരോ സ്ഥലവും ലേബല്‍ചെയ്ത് സൂക്ഷിച്ചിരിക്കുന്നു. കൈയിലെ ഹാന്‍ഡ്‌സെറ്റില്‍ നമ്പര്‍ അമര്‍ത്തി ഓരോ സ്ഥലത്തെയും പറ്റിയുള്ള വിവരണം കേള്‍ക്കാം. ഇരുപതിലധികം ഗുഹകളില്‍ മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. മറ്റ് ഗുഹകള്‍ പൗരാണികകാലത്തെക്കുറിച്ചുള്ള ആര്‍ക്കിയോളജിക്കല്‍ പഠനങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ഗുഹകളിലൊന്നില്‍ ഇത്തരത്തില്‍ ലഭിച്ച ഏതാനും ഫോസിലുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്.
 
മുകള്‍പ്പരപ്പില്‍ കാണുന്ന മനോഹരനഗരത്തിനടിയില്‍ ഒളിഞ്ഞിരിക്കുന്ന നരകജീവിതങ്ങളെക്കുറിച്ചുതന്നെയാണ് ഗുഹ കണ്ടപ്പോള്‍ ഓര്‍മവന്നത്. മനുഷ്യന്‍ എന്ന ജീവിയുടെ വിവിധ ജീവിതതലങ്ങള്‍ മനസ്സിലാക്കാന്‍ ഈ ഗുഹകളോളം നല്ല മറ്റൊരിടമില്ല.

 

Nottingham 

Nottingham is a city in England, affectionately known as the “Queen of the Midlands”. It is famed for its links with the world-renowned legend Robin Hood and has a wealth of history, with a settlement existing in the area since pre-Roman times. Today, Nottingham is a premier shopping destination and one of the top ten most visited cities in England by overseas tourists.

How to reach: By Air: Birmingham International Airport (IATA: BHX) is approx. 40 miles from Nottingham and serves all major international destinations.

What to do

  • Go ice skating at the National Ice Centre.
  • Visit Holme Pierrepont, home to the National Watersports Centre.
  • Go Climbing at The Climbing Depot (300 yards from victoria centre) or The Climbing Centre. 
  • Bicycle. Much of Nottingham is fun to cycle around.  

Content Highlights: Nottingham, Subterranean caves in Nottingham, Tanneries in Nottingham