You are boozed... അഞ്ചാമത്തെ വൈൻഗ്ലാസ് ചുണ്ടോടടുപ്പിക്കുമ്പോൾ അറിയാതെ ഒന്നു തുളുമ്പിപ്പോയപ്പോൾ അതുകണ്ട് അരികിൽ നിന്നിരുന്ന വിളമ്പലുകാരനായ പയ്യൻ മന്ദഹസിച്ചുകൊണ്ട് പിറുപിറുക്കുന്നു. ഇപ്പോഴേ നിങ്ങൾ പൂസാണ്. കൂടുതൽ അടിച്ച് കുളമാക്കേണ്ട പഹയാ... എന്നാണ് അപ്പറഞ്ഞതിന്റെ അർഥം. ദക്ഷിണാഫ്രിക്കയിലെ സ്റ്റെല്ലൻബോഷ് നഗരത്തിലെ ഡെലയർ ഗ്രാഫ് വൈൻ എസ്റ്റേറ്റിൽ വൈൻ രുചിക്കാൻ വേണ്ടിത്തന്നെ വന്നതാണ്. ആറ് വ്യത്യസ്ത രുചിയും സ്വഭാവമുള്ള വൈൻ ആണ് രുചിച്ചുനോക്കാൻ തന്നത്. സംഗതി കിടിലൻ ഈ ഭൂമിയിൽ ഉത്പാദിപ്പിക്കുന്നതിൽ ഏറ്റവും മികച്ചതും രുചികരവുമായ വൈനുകളിൽ ഗ്രാഫിന്റെ ഉത്പന്നങ്ങൾ ഉൾപ്പെടുന്നു.

കേപ്ടൗണിൽനിന്ന് അമ്പത് കിലോമീറ്റർ കിഴക്കുള്ള പ്രകൃതിരമണീയമായ ഇടമാണ് സ്റ്റെല്ലൻബോഷ്. ഓക്കുമരങ്ങളും മുന്തിരിത്തോട്ടങ്ങളും അതിരിടുന്ന വൃത്തിയും വെടിപ്പുമുള്ള പട്ടണം. കലാനഗരം കൂടിയാണിത്. പെയിന്റിങ്ങുകളും ശില്പങ്ങളും വില്പനയ്ക്ക് വെച്ചിരിക്കുന്ന വലിയ കടകളാണ് ഇവിടുത്തെ പ്രധാന ആകർഷണം.

Wine Tour 2

നഗരത്തിന് പുറത്ത് പെട്ടെന്ന് എത്തിപ്പെടാൻ കഴിയുന്ന ഇടങ്ങളിലാണ് വീഞ്ഞ് ഉത്പാദനകേന്ദ്രങ്ങൾ. അമ്പതുലക്ഷം ലിറ്ററിലധികം വീഞ്ഞ് പ്രതിവർഷം ഇവിടെ ഉണ്ടാക്കുന്നുവെന്നാണ് കണക്ക്. സ്റ്റെല്ലൻ ബോഷിലെ പ്രധാന വൈൻ എസ്റ്റേറ്റുകളിൽ ഒന്നാണ് ഗ്രാഫ്. വിവിധ രാജ്യങ്ങളിലേക്ക് വൻതോതിൽ കയറ്റിയയ്ക്കപ്പെടുന്ന വ്യത്യസ്ത ഫ്ളേവറുകളിലുള്ള വീഞ്ഞുകൾ ഗ്രാഫിന്റെതായുണ്ട്.

ദക്ഷിണാഫ്രിക്കൻ സന്ദർശനത്തിൽ ഉടനീളം ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന ഗൈഡ് കം ഡവർ ഹാവ്ലിനാണ് വിശിഷ്ടമായ വൈൻ ഉത്പാദിപ്പിക്കുന്ന ഡെലയർ ഗ്രാഫ് വൈൻ എസ്റ്റേറ്റിലേക്ക് വഴികാട്ടിയത്. നോക്കെത്താദൂരത്ത് പരന്നുകിടക്കുന്ന മുന്തിരിത്തോട്ടങ്ങൾ, രാസവളം തീരം ഉപയോഗിക്കാതെ വളർത്തിയെടുക്കുന്ന മികച്ചയിനം മുന്തിരിയാണ് ഗ്രാഫിന്റെ വൈൻ വിശിഷ്ടമാക്കിത്തീർക്കുന്നതെന്ന് ഹാവ്ലിൻ. മുന്തിരി ത്തോട്ടങ്ങളും ഓക്കുമരങ്ങളും നിറഞ്ഞുനിൽക്കുന്ന കുന്നിനുമുകളിലാണ് ഗ്രാഫിന്റെ ആസ്ഥാനവും വൈൻ ഉത്പാദനകേന്ദ്രവും. 

മനോഹരമായി അലങ്കരിച്ച ഓഫീസ്, അതിനോട് ചേർന്നുതന്നെ വൻ മൂപ്പെത്താൻ സംഭരിച്ചുവെച്ചിരിക്കുന്ന വീപ്പകൾ. ഓക്കുമരങ്ങൾ ദക്ഷിണാഫ്രിക്കയിൽ ധാരാളമായി ഉണ്ടെങ്കിലും യൂറോപ്പിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഓക്ക് ബാരലുകളിലാണ് വൈനായി മാറാൻ മുന്തിരിച്ചാറ് സംഭരിച്ചുവെക്കുന്നത്. ഗുണനിലവാരത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ലെന്നാണ് ഇതിനു കാരണമായി ഹാവ്ലിന്റെ സുഹൃത്തും ഗ്രാഫ് എസ്റ്റേറ്റിലെ എക്സിക്യുട്ടീവുമായ സുന്ദരി മിസ് സ്നൈഡർ പറഞ്ഞത്.

Wine Tour 3

വിളഞ്ഞ് പാകമാവുന്ന മുന്തിരി ചതച്ച് പഞ്ചസാരയും അല്പം യീസ്റ്റും ചേർത്ത് ഓക്ക് ബാരലുകൾക്കകത്ത് അടച്ചുവയ്ക്കുകയാണ് വൈൻ നിർമാ ണത്തിന്റെ പ്രാഥമിക രീതി. ഫ്ളേവറും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനായി ചില ചേരുവകൾ കൂടിയുണ്ട്. പക്ഷേ, അത് ഓരോ വൈൻ നിർമാതാവിനും വ്യത്യസ്തമാവും. അത് രഹസ്യവുമാണ്. അടിസ്ഥാനപരമായി വെളുത്ത വൈനെന്നും ചുവപ്പ് വൈനെന്നുമായി രണ്ടുതരം വൈനു കളാണുള്ളത്. കറുത്തയിനം മുന്തിരിയിൽനിന്ന് ഉണ്ടാക്കുന്നതാണ് റെഡ് വൈൻ. ഇളംപച്ച മഞ്ഞ നിറത്തിലുള്ള മുന്തിരിയിൽ നിന്നാണ് വൈറ്റ് വൈൻ ഉത്പാദിപ്പിക്കുന്നത്. വൈറ്റ് വൈൻ എന്നാണ് പേരെങ്കിലും ഇതിന് നിറമില്ല. മിക്കവാറും പച്ചവെള്ളം പോലെ തോന്നിക്കും. ഓക്ക് ബാരലുകൾക്കകത്ത് മൂന്നുവർഷംവരെ സൂക്ഷിച്ചശേഷമാണ് മിക്കവാറും വൈൻ ബോട്ടിലുകളിലാക്കുന്നത്.

ഇതിനു പുറമേ റോസ്, സ്പാർക്കിലിങ്, ഡെസർട്ട്, ഫോർട്ടിഫൈഡ് എന്നീ ഇനങ്ങളിലും വൈൻ നിർമിക്കുന്നുണ്ട്. റോസ് വൈൻ നിർമിക്കുന്നത് കറുത്ത മുന്തിരിയിൽ നിന്നുതന്നെയാണ്. പക്ഷേ, മുന്തിരി ചതച്ചശേഷം അവയുടെ തൊലി നീക്കം ചെയ്യുന്നതുകൊണ്ടാണ് നിറംമങ്ങി റോസാവു ന്നത്. ഏതുതരം മുന്തിരിയിൽ നിന്നും സ്പാർക്കിലിങ് വൈൻ ഉണ്ടാക്കാം. കാർബൺ ഡയോക്സൈഡ് കുമിള കൾ കൂടുതലായി വൈൻ ബാരലിൽ ചേരുന്നതുകൊണ്ടാണ് ഈ നിറമാറ്റം. മുന്തിരിച്ചാർ വൈൻ ആയി മാറുമ്പോൾ തന്നെ കാർബൺ ഡയോക്സൈഡ് ഉണ്ടാവും അതിനു പുറമേ കൂടുതൽ കുമിളകൾ ഉണ്ടാക്കാനുള്ള മാർഗം ഓരോ വൈൻ നിർമാതാവിനും ഉണ്ട്. കൂടുതൽ മധുരമുള്ളതാണ് ഡെസേർട്ട് വൈൻ. ഇതിന് പല മാർഗങ്ങളുണ്ട്. വളരെ വൈകി വിളവെടുക്കുന്ന മുന്തിരിയിൽ മധുരത്തിന്റെ അംശം കൂടുതലായിരിക്കും. വൈൻ ആയി മാറുന്ന സമയത്ത് ബ്രാൻഡിയോ മറ്റു മദ്യമോ ചേർത്താണ് ഫോർട്ടിഫൈഡ് വൈൻ ഉണ്ടാക്കു ന്നത്. കൂടുതൽ കാലം സൂക്ഷിച്ചുവയ്ക്കാ വുന്നതാണ് ഫോർട്ടിഫൈഡ് വൈൻ,

ഓരോ വൈനിന്റെയും നിർമാണരീതിയും ഗുണമേന്മയും വിവരിച്ചുതന്നശേഷം മിസ് സ്നൈഡർ ഞങ്ങളെ മുന്തിരിത്തോട്ടങ്ങൾ കാണിക്കുന്നതിനായി ഷാർലെ എന്നുപേരുള്ള യുവാവിനെ ഏർപ്പാടക്കി. ഗോൾഫ് കോഴ്സുകളിൽ ഉപയോ​ഗിക്കുന്നതരം ഇലക്ട്രിക് ബഗ്ഗിയിൽ ഇരുത്തി അയാൾ മുന്തിരി വിളയുന്ന പാടങ്ങളിലേക്ക് കൊണ്ടുപോയി. അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നുള്ള കാറ്റും നല്ല സൂര്യപ്രകാശവുമേറ്റ് വിളയുന്ന മികച്ച ഇനം മുന്തിരികളാണിതെന്ന് അഭിമാനത്തോടെ ഷാർലെ പറഞ്ഞു. അതെന്തായാലും ഈ മുന്തിരിപ്പാടങ്ങൾ സന്ദർശകർക്ക് മനോഹരമായ കാഴ്ച സമ്മാനിക്കുന്നു.

Wine Tour
മുന്തിരിപ്പാടം
Yathra Subscription
മാതൃഭൂമി യാത്ര വാങ്ങാം

തിരിച്ചെത്തിയശേഷം കരുതലോടെ ക്രമീകരിച്ച വിശാലമായ റെസ്റ്റോറന്റിലേക്ക് ഹാവ്ലിന്റെ നേതൃത്വത്തിൽ ഞങ്ങൾ ആനയിക്കപ്പെട്ടു. അതിനുശേഷം ഓരോ ഇനങ്ങളുടെയും ഗുണഗണങ്ങളും വിവരിച്ചുതന്നശേഷം വൈൻഗ്ലാസുകൾ നിറച്ചു. വ്യത്യസ്ത രുചിയുള്ള പല അനുഭവങ്ങൾ സമ്മാനിക്കുന്ന ആറിനം വൈനുകളാണ് ഞങ്ങൾ രുചിച്ചുനോക്കിയത്. ഒന്നിന് വെറും ചവർപ്പ്, മറ്റൊന്നിന് മധുരം കലർന്ന ചവർപ്പ്, അൽപം പുളിയുള്ളതുമുണ്ട്. ഒന്ന് അനുഭവപ്പെടുന്നത് നാവിലാണെങ്കിൽ മറ്റൊന്ന് തൊണ്ടയിൽ തീഷ്ണത സമ്മാനിക്കുന്നു. ആൽക്കഹോളിന്റെ അംശം വൈനിൽ തീരെ കുറവാണ്. പക്ഷേ, വിവിധയിനം വൈനുകൾ രുചിച്ചു കഴിയുമ്പോൾ ചെറിയൊരു ലഹരിയും കടുത്ത വിശപ്പും...

(മാതൃഭൂമി 2018 ഫെബ്രുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: stellenbosch wine, Stellenbosch wine price, Stellenbosch Wine review, Wine tour