ത്സ്യങ്ങൾ ശിശിരകാലം കഴിച്ചുകൂട്ടുന്ന തണുത്തുറയാത്ത വെള്ളം എന്നാണു ഓയ്മിക്കൺ എന്ന വാക്കിന്റെ അർഥം. റഷ്യയിൽ ആ പേരിൽ ഒരു നദി ഉണ്ട്. ആ നദിയോരത്ത് ഒരു ഗ്രാമവും അതേ പേരിലുണ്ട്. റഷ്യയിലെ യാക്യൂറ്റിയ പ്രവിശ്യയിലെ ആ ഗ്രാമത്തിൽ ആകെ അഞ്ഞൂറ്‌ പേരേ ഉള്ളൂ. ‘പോൾ ഓഫ് കോൾഡ്’ എന്നാണ് ഓയ്മിക്കണിന്റെ ഓമനപ്പേര്.

അതി ശൈത്യമുള്ള നാടാണ് ഓയ്മിക്കൺ. ഒരു വർഷം മുൻപ് ആ ഗ്രാമത്തിൽ ഒരു തെർമോമീറ്റർ സ്ഥാപിച്ചു. കഴിഞ്ഞ ദിവസം ആ തെർമോമീറ്റർ പ്രവർത്തനരഹിതമായി. കൃത്യമായി പറഞ്ഞാൽ  തണുപ്പ് കാരണം തെർമോമീറ്റർ പൊട്ടിപ്പോയി. മൈനസ് 62 ഡിഗ്രി സെൽഷ്യസ് ആയപ്പോൾ ആയിരുന്നു സംഭവം. മനുഷ്യവാസമുള്ള സ്ഥലത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയിലേക്കുള്ള യാത്രയിലാണോ ഓയ്മിക്കൺ എന്നാണു ലോകം ഇപ്പോൾ ഉറ്റു നോക്കുന്നത്. ഓയ്മിക്കണിൽ തന്നെയാണ് മനുഷ്യവാസമുള്ള സ്ഥലത്ത് ഏറ്റവും കുറഞ്ഞ താപനില  രേഖപ്പെടുത്തിയിട്ടുള്ളതും.

Oymyakon 1
ഓയ്മിക്കണിലെ മഞ്ഞുകാല ആഘോഷം

1933-ൽ രേഖപ്പെടുത്തിയ മൈനസ് 68 ഡിഗ്രി സെൽഷ്യസ് ആണ് നിലവിലെ റെക്കോഡ്. (ചില ഗാർഹിക തെർമോ മീറ്ററുകളുടെ കണക്കുകൾ പ്രകാരം 71ഡിഗ്രി ആയിരുന്നു അന്ന് രേഖപ്പെടുത്തിയത്. എന്നാൽ ഭൂമിയിലെ ഏറ്റവും തണുപ്പുള്ള പ്രദേശം അന്റാർട്ടിക്കയിൽ ആണെന്ന് നാസ ഈയിടെ ഉപഗ്രഹ സഹായത്തോടെ രേഖപ്പെടുത്തി. നിലവിൽ അവിടെ -94.7 ഡിഗ്രി സെൽഷ്യസ് ആണ് താപനില.)

ഓയ്മിക്കണിൽ ജനം ജീവിക്കുന്നു എന്ന് മാത്രമല്ല ഇപ്പോൾ ടൂറിസ്റ്റുകൾ അവിടെ ചെല്ലുന്നുമുണ്ട്. അവിടെയുള്ള മനുഷ്യരെ വരെ ഞെട്ടിച്ചുകൊണ്ട് ഈയിടെ ചൈനയിൽ നിന്നുള്ള ചില ടൂറിസ്റ്റുകൾ അടിവസ്ത്രം മാത്രം ധരിച്ചു കൊണ്ട് കുളിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയിരുന്നു. എലീന പോട്ടോസ്കായ എന്ന ജേണലിസ്റ്റാണ് വീഡിയോ പകർത്തിയത്. മൈനസ് 41 ഡിഗ്രി ഉള്ളപ്പോൾ ചഗനോവ് പത്രിസ് എന്ന ഫോട്ടോഗ്രാഫർ ഒരു ബാലെ നർത്തകിയുടെ ചിത്രം തെരുവിൽ വെച്ച് എടുത്തിട്ടുമുണ്ട്.  

കണ്ണിലെ ഇമകൾ വരെ തണുത്തുറയുന്ന തണുപ്പാണ് ഇപ്പോൾ ഓയ്മിക്കണിൽ. എങ്കിലും മനുഷ്യർ പുറത്തിറങ്ങി നടക്കുന്നുണ്ട്. ഭക്ഷണം രസകരമാണ്. തണുത്തുറഞ്ഞ മീനുകൾ, റെയ്ൻ ഡിയറിന്റെ തണുത്തുറഞ്ഞ കരൾ, കുതിരയുടെ രക്തം തണുത്തുറഞ്ഞത് ഇവയൊക്കെ ആണ് സാധാരണ ഭക്ഷണം. ഇവയൊന്നും പാചകം ചെയ്യാറില്ല. ആരെങ്കിലും മരിച്ചാൽ കുഴിച്ചിടണമെങ്കിൽ ആദ്യം ഐസ് മൂടിക്കിടക്കുന്ന മണ്ണിൽ  തീയിടണം. എന്നിട്ടു വേണം മണ്ണ് കുഴിക്കുവാൻ. വാഹനങ്ങളുടെ എൻജിൻ ഓഫ് ചെയ്യാറില്ല. ഓഫ് ചെയ്താൽ ബാറ്ററി നശിക്കുകയും സ്റ്റാർട്ട് ആകാതെ വരികയും ചെയ്യുന്നു. കഴിഞ്ഞ വർഷം നാലു പേർ ഒരു അപകടത്തിൽ പെട്ടിരുന്നു. അവരുടെ കാർ നിന്നുപോയതോടെ നാല് പേരും ഇറങ്ങി നടന്നു. എന്നാൽ  അതി ശൈത്യം കാരണം രണ്ടു പേർ മരിച്ചു .

Oymyakon Dancer
ഓയ്മിക്കണില്‍ നിന്ന് ചഗ്നോവ് പകര്‍ത്തിയ
ബാലെ നര്‍ത്തകിയുടെ ചിത്രം

ഇരുപത്തിനാലുകാരിയായ അനസ്തേഷ്യ ഗ്രൂസ്ദേവ ഈയിടെ കണ്ണിന്റെ ഇമകൾ വരെ മഞ്ഞിൽ പൊതിഞ്ഞ കുറച്ചു ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ ആണ് ശാസ്ത്രലോകത്തിന് പുറത്ത് ഈ നാട് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.  എന്നാൽ 2015-ൽ ആമോസ് ഷാപ്പിൾ എന്ന ന്യൂസിലാൻഡ്കാരനായ ഫോട്ടോ ജേണലിസ്റ്റ് ഓയ്മിക്കണിൽ എത്തിയിരുന്നു. അതി കഠിനമായിരുന്നു യാത്ര തന്നെ. റഷ്യയിൽ എത്തുവാൻ വേണ്ടിവന്നത് അയ്യായിരത്തില്പരം കിലോമീറ്റർ യാത്ര. അവിടെ നിന്ന് ഒരു വാനിൽ ഓയ്മിക്കണിലേയ്ക്ക്. എന്നാൽ വാൻ അവിടെ വരെ പോകാത്തത് കൊണ്ട് ആമോസ് വഴി മദ്ധ്യേയുള്ള ഒരു പെട്രോൾ പമ്പിൽ രണ്ടു ദിവസം കഴിച്ചു കൂട്ടി. പിന്നീട് ഓയ്മിക്കണിലേയ്ക്ക് പോകുന്ന ഒരു വാഹനത്തിൽ ആയിരുന്നു യാത്ര. യാത്രയിൽ ഉടനീളം റെയിൻ ഡിയറിന്റെ ഇറച്ചി ഇട്ട സൂപ്പ് ആയിരുന്നു ഭക്ഷണം.

ആമോസ് അവിടെ നിന്ന്‌ ചിത്രങ്ങളും വീഡിയോയും പകർത്തി. തണുത്തുറഞ്ഞ ആ നേരത്തും മനുഷ്യർ തെരുവിൽ ഇറങ്ങി നടക്കുന്ന ദൃശ്യമാണ് ആമോസ് പകർത്തിയത്. അവരിൽ കുട്ടികളും ഉണ്ട്. ഉമിനീർ സൂചി പോലെ കട്ടിയായി ആമോസിന്റെ ചുണ്ടുകളെ മുറിച്ചു. പലപ്പോഴും ആമോസിന്റെ ക്യാമറ പണി മുടക്കി.ഓയ്മിക്കൺ പണ്ട് ജനസാന്ദ്രമായ ഒരു നഗരം ആയിരുന്നത്രെ. യാത്രക്കാർ റെയിൻ ഡിയറുകളെ വാങ്ങുവാനും ഭക്ഷണം ശേഖരിക്കുവാനും ഈ നഗരത്തെ ഉപയോഗിച്ചിരുന്നു.

Oymyakon 3
അനസ്‌തേഷ്യ ഗ്രൂസ്‌ദേവ പോസ്റ്റുചെയ്ത
ചിത്രങ്ങളിലൊന്ന്‌

1933-ലെ അതി ശൈത്യമാണ് ഓയ്മിക്കണിനെ യാത്രക്കാർ ഉപേക്ഷിക്കുവാൻ കാരണം. പക്ഷേ ഇക്കുറി തങ്ങളുടെ ഭാഗ്യം മാറിമറിയുമെന്നാണ് ഓയ്മിക്കൺ വാസികളുടെ കണക്കു കൂട്ടൽ. കാരണം അതി ശൈത്യം തേടി കൂടുതൽ  ടൂറിസ്റ്റുകൾ വന്നു തുടങ്ങി. തണുത്തുറഞ്ഞ മഞ്ഞിനടിയിൽ ഉള്ള ജലത്തിൽ ഒളിഞ്ഞിരിക്കുന്ന മത്സ്യങ്ങളെ പിടിക്കുന്നതും റെയിൻ ഡിയറുകളെ വേട്ടയാടുന്നതുമൊക്കെ ജനശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. എന്തായിരുന്നുവോ ഇതുവരെ അവരുടെ ശാപം അത് അവർക്ക് വലിയ അനുഗ്രഹം ആയി മാറുവാൻ ഇനി അധികകാലം വേണ്ട എന്ന് സാരം .