രീബിയന്‍ കടല്‍തീരത്ത് ഒരു ശിവക്ഷേത്രം. ശിവന്‍ മാത്രമല്ല, ഹനുമാനും ദുര്‍ഗയുമുണ്ട് പ്രതിഷ്ഠകളായി. വെണ്ണക്കല്ലില്‍ നിര്‍മിച്ച ഈ ക്ഷേത്രം ട്രിനിഡാഡ് - ടുബാഗോ എന്ന ചെറുദ്വീപ് രാഷ്ട്രത്തിലാണ്. ഇന്ത്യക്കാരനായ ഒരു സന്യാസി നിര്‍മിച്ചതാണ് ക്ഷേത്രം.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രതീകമായി ക്ഷേത്രം നിലകൊള്ളുന്നുവെന്ന് ട്രിനിഡാഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും ഒഡീഷ സ്വദേശിയുമായ അരുണ്‍ കുമാര്‍ സാഹു പറഞ്ഞു.

temple
ക്ഷേത്രത്തിലെ പ്രതിഷ്ഠകള്‍ | ഫോട്ടോ: അരുണ്‍കുമാര്‍ സാഹു

ഭൂപടം നോക്കിയാല്‍ ദക്ഷിണ അമേരിക്കയിലെ വെനിസ്വേലയ്ക്ക് സമീപമാണ് ട്രിനിഡാഡ്. 150 വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഇന്ത്യക്കാര്‍ തൊഴില്‍ തേടി ഈ ദ്വീപിലെത്തി. ഇപ്പോള്‍ ആയിരത്തോളം പേരുള്ള ഇന്ത്യന്‍ സമൂഹം ഇവിടെ താമസിക്കുന്നു. ട്രിനിഡാഡില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ മൂല്യങ്ങള്‍ കണ്ടെത്താന്‍ ക്ഷേത്രം സഹായിക്കുന്നു.

ശിവാനന്ദ് സാധു എന്ന ഇന്ത്യക്കാരനാണ് 1947-ല്‍ ക്ഷേത്രം നിര്‍മിച്ചത്. എന്നാല്‍, കോടതി ഇടപെട്ട് ക്ഷേത്രം പൊളിച്ചു നീക്കി. അദ്ദേഹത്തെ നിയമലംഘനത്തിന്റെ പേരില്‍ പിഴ ചുമത്തി ജയിലിലടച്ചു. എന്നാല്‍, പുതിയൊരു ക്ഷേത്രത്തിന് ജയില്‍ മോചിതനായ അദ്ദേഹം തുടക്കം കുറിച്ചു. കടലില്‍ തന്നെ അതിന് സ്ഥലം കണ്ടെത്തി. ആര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത ഭൂമിയില്‍ നീണ്ട 25 വര്‍ഷങ്ങള്‍കൊണ്ട് ക്ഷേത്രം നിര്‍മിച്ചു. അതിനായി കടലിന്റെ ഒരു ഭാഗം നികത്തേണ്ടി വന്നു. അതൊരു ഭഗീരഥപ്രയത്നമായിരുന്നു.

temple
കടല്‍ നികത്തിയെടുത്ത് നിര്‍മ്മിച്ച ക്ഷേത്രം | ഫോട്ടോ: അരുണ്‍കുമാര്‍ സാഹു

1995-ല്‍ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കി. ക്ഷേത്രം ഒരു ദേശീയ പൈതൃക സ്വത്തായി ട്രിനിഡാഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇന്ത്യയും ട്രിനിഡാഡും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകമായി ക്ഷേത്രം നിലകൊള്ളുന്നു.

Content Highlights: Siva temple in Carebbean cost