ബുദാബിയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരിടമാണ് ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്. അബുദാബിയിലേക്ക് സഞ്ചാരികളെ കൊണ്ടുവരുന്നതില്‍ ഗ്രാന്‍ഡ് മോസ്‌ക് വലിയൊരു പങ്കാണ് വഹിക്കുന്നത്. നഗരമധ്യത്തില്‍ത്തന്നെയാണ് ഗ്രാന്‍ഡ് മോസ്‌ക്. ആദ്യ കാഴ്ചയില്‍ത്തന്നെ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് ദൃശ്യഭംഗി കാട്ടുന്നുണ്ട്. മുസ്ലിം പള്ളികളില്‍ വലിപ്പത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ മൂന്നാം സ്ഥാനമാണ് ഗ്രാന്‍ഡ് മോസ്‌കിന്.

Grand Mosque 2

ആകെ വിസ്തീര്‍ണം കണക്കാക്കിയാല്‍ 22,412 ചതുരശ്ര മീറ്റര്‍ വരും. ഏതാണ്ട് നാല് ഫുട്‌ബോള്‍ ഗ്രൗണ്ടുകള്‍ ചേര്‍ത്തുവച്ചാലുണ്ടാകുന്ന വലിപ്പം. നാല്പതിനായിരം പേര്‍ക്ക് പ്രാര്‍ത്ഥന നടത്താവുന്ന സൗകര്യം ഗ്രാന്‍ഡ് മോസ്‌കിലുണ്ട്. വിശ്വാസികള്‍ ഒഴുകിയെത്തുന്ന പ്രാര്‍ത്ഥനകളുടെ ലോകം.

Grand Mosque 3

1995-ലാണ് ഗ്രാന്‍ഡ് മോസ്‌കിന്റെ നിര്‍മാണം തുടങ്ങുന്നത്. 12 വര്‍ഷം നീണ്ടുനിന്നു നിര്‍മാണം. 2007-ലാണ് നമ്മള്‍ ഇപ്പോള്‍ കാണുന്ന മോസ്‌കിന്റെ നിര്‍മാണം പൂര്‍ത്തിയായത്. 545 മില്ല്യണ്‍ ഡോളര്‍ ആണ് മൊത്തം നിര്‍മാണച്ചെലവ്. ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിക്കാന്‍ പ്രത്യേക ടിക്കറ്റൊന്നും എടുക്കേണ്ടതില്ല. പ്രവേശനം സൗജന്യമാണ്. രാവിലെ ഒമ്പത് മണി മുതല്‍ രാത്രി പത്തുവരെയാണ് സന്ദര്‍ശനസമയം. വെള്ളിയാഴ്ചകളില്‍ ഈ സമയക്രമം വൈകിട്ട് നാലര മുതല്‍ രാത്രി പത്തുമണി വരെയാണ്.

Grand Mosque 5

ഗ്രാന്‍ഡ് മോസ്‌കിന്റെ മുന്‍വശം ഉദ്യാനം കണക്കേ സജ്ജീകരിച്ചിരിക്കുന്നു. വ്യത്യസ്ത ഗേറ്റുകളിലൂടെ അകത്തേക്കുള്ള വഴിയൊരുക്കിയിരിക്കുന്നു. മകുടങ്ങളും മിനാരങ്ങളുമായി വലിയൊരു നിര്‍മിതിയാണ് മോസ്‌ക്. പാര്‍ക്കിങ്ങിനുള്ള സൗകര്യം സജ്ജീകരിച്ചിരിക്കുന്നു. അകത്തേക്ക് കയറി എസ്‌കലേറ്ററില്‍ കയറിയാല്‍ മുകളിലെ വിസ്മയത്തിലേക്കാണ് കണ്ണുകള്‍ പോവുക. ക്രിസ്റ്റല്‍ ഗ്ലാസില്‍ തീര്‍ത്തിരിക്കുന്ന മകുടം അദ്ഭുതങ്ങളുടെ മേല്‍ക്കൂര തീര്‍ക്കുന്നു. ഷോപ്പുകളുടെ നിരയുണ്ട് ഒരുനിലയില്‍. ലോകോത്തര ബ്രാന്‍ഡുകളുടെ ശേഖരമാണിവിടെയുള്ളത്. ഇവിടെ നിന്നും ഒരു ഇടനാഴിയിലേക്കാണ് കാഴ്ചകള്‍ നീളുന്നത്. ഗ്രാനൈറ്റും മാര്‍ബിളും ചേര്‍ന്നൊരുക്കുന്ന വെട്ടിത്തിളങ്ങുന്ന കാഴ്ചകള്‍. മുന്നിലെ ഇടനാഴികളിലൊന്നില്‍ ഗ്രാന്‍ഡ് മോസ്‌കിന്റെ പ്രാധാന്യം തെളിയുന്ന ചിത്രങ്ങള്‍ ഭിത്തിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. 2010-ല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ മോസ്‌ക് സന്ദര്‍ശിക്കുന്ന ദൃശ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. വിശ്വസാഹോദര്യത്തിന്റെ സന്ദേശമാണ് ഗ്രാന്‍ഡ് മോസ്‌ക് പകരുന്നത്.

grand mosque 6

മോസ്‌കിനകത്തെ യാത്രകള്‍ക്കായി ഇലക്ട്രിക് വാഹനങ്ങളുണ്ട്. 2018-ല്‍ ട്രിപ് അഡൈ്വസര്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഇടങ്ങളുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു ഗ്രാന്‍ഡ് മോസ്‌ക്.  അസ്തമയസൂര്യന്റെ വെളിച്ചത്തില്‍ വേറൊരു സൗന്ദര്യമാണ് ഗ്രാന്‍ഡ് മോസ്‌കിന്. അതുകൊണ്ട് മോസ്‌ക് കാണാന്‍ ഈ സമയം തിരഞ്ഞെടുത്താല്‍ വളരെ നല്ലത്. പകല്‍ വിടവാങ്ങുന്ന വൈകുന്നേരത്തിനൊടുവില്‍ രാത്രിയെത്തും. അപ്പോഴത്തെ കാഴ്ച കാണേണ്ടതുതന്നെ. വിവിധ വലിപ്പത്തിലുള്ള 82 മകുടങ്ങളാണ് ഗ്രാന്‍ഡ് മോസ്‌കിനുള്ളത്. ആയിരക്കണക്കിന് തൂണുകള്‍ മോസ്‌കിന്റെ പല മേഖലകളിലായി കാണാം. നാല് മിനാരങ്ങളും മോസ്‌കിന്റെ പ്രൗഢി കൂട്ടുന്നു. ഓരോ ഭാഗത്തുനിന്ന് നോക്കുമ്പോഴും കാഴ്ചകള്‍ മാറുന്നതുപോലെ തോന്നും.

Grand Mosque 7

ഫൗണ്ടനുകളും മറ്റുമായി ഗ്രാന്റ് മോസ്‌കിന് ചുറ്റും കാഴ്ചകള്‍ നിറയുകയാണ്. മോസ്‌കിന് മുന്നില്‍ വലിയൊരു തടാകം തന്നെ ഒരുക്കിയിരിക്കുന്നു. മാര്‍ബിള്‍ കുളത്തില്‍ തെളിമയുള്ള ജലം നിറയുന്നു. എല്ലാം വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. വെളുപ്പാണ് മോസ്‌കിന്റെ മറ്റൊരു പ്രത്യേകത. മാര്‍ബിളുപയോഗിച്ചാണ് നിര്‍മാണത്തിന്റെ മുഖ്യപങ്കും.

(മാതൃഭൂമി ന്യൂസിനുവേണ്ടി ട്രാവല്‍ ജേണലിസ്റ്റ് റോബി ദാസ് ക്യാമറയും സംവിധാനവും നിര്‍വഹിച്ച മാതൃഭൂമി യാത്രയില്‍ നിന്ന്)

മാതൃഭൂമി യാത്രയുടെ പൂര്‍ണരൂപം കാണാം 

Content Highlights: Sheikh Zayed Grand Mosque, Abu Dhabi travel, Mathrubhumi yathra