ണ്ണെത്താദൂരം പരന്നുകിടക്കുന്ന മരുഭൂമിയുടെ നിഗൂഢതയും വിജനതയും കയറ്റിറക്കങ്ങളും. അതിനിടയിൽ ഒറ്റയൊറ്റ തുരുത്തുപോലെ തീർത്തും നിശബ്ദതയുള്ള ചെറുവീടുകൾ. വീടുകൾക്കരികിൽ ചില കുഞ്ഞൻമരങ്ങൾ. ആ വീടുകളിൽ പറന്നുനടക്കുന്ന ‘പ്രേത’ ങ്ങളുണ്ടെന്ന തോന്നലാണ് സഞ്ചാരികളെ അങ്ങോട്ടേക്ക് ആകർഷിക്കുന്നത്.

പുരാതന യു.എ.ഇ.യുടെ നേർചിത്രമാണ് ഷാർജ അൽ മദാം ഗോസ്റ്റ് വില്ലേജ്. പ്രാചീന അറബ് വംശജർ താമസിച്ചിരുന്ന വീടുകളായിരുന്നു ഇപ്പോൾ സഞ്ചാരികളുടെ ആകർഷണകേന്ദ്രങ്ങളായ പ്രേതാലയങ്ങളായി അറിയപ്പെടുന്നത്. മനുഷ്യവാസം നിലനിന്നിരുന്നെന്ന പ്രതീകങ്ങളായാണ് ഇവിടങ്ങളിൽ കുഞ്ഞുവീടുകൾ സംരക്ഷിച്ചുനിർത്തിയത്. എന്നാൽ സഞ്ചാരികൾക്ക് ഉള്ളിൽ ഭയവും ജിജ്ഞാസയും ഉണ്ടാക്കുംവിധത്തിൽ വീടുകളിലും പുറത്തും പ്രേതങ്ങളുണ്ടെന്ന തോന്നലുകളും സ്വാഭാവികമാണ്. ഒരു വീട്ടിൽനിന്നും കുറഞ്ഞ അകലത്തിലാണ് മരുഭൂമിയിലെ അടുത്ത വീട് സ്ഥിതിചെയ്യുന്നത്. വീടിനുപുറത്ത് ദ്രവിച്ചുതുടങ്ങിയ ചെറുഗെയിറ്റുകളും മണലുമൂടിയ വലിയ മതിലുകളും കാണാം. രാത്രികാലങ്ങളിലും ഈ പ്രദേശത്ത് സഞ്ചാരികളുണ്ടാവുമെങ്കിലും വെളിച്ചമുണ്ടാകില്ല. സന്ദർശകർക്ക് കൂട്ടിന് ഇരുട്ടും ഒഴിഞ്ഞവീടുകളും മരുഭൂമിയിലെ നിശബ്ദതയും മാത്രമായിരിക്കും.

വീടുകൾക്കുള്ളിലെ ചുമരുകളിൽ പ്രാചീനഭാഷയിൽ ചിലതെല്ലാം എഴുതിയിട്ടുണ്ട്, പ്രാചീന അറബ് മനുഷ്യരുടെ ചിത്രങ്ങളും വരച്ചുവെച്ചിരിക്കുന്നു. സന്ദർശകരുടെ ശബ്ദങ്ങൾ അവർക്കുതന്നെ പ്രതിധ്വനിയായും ആസ്വദിക്കാം. പുരാതന യു.എ.ഇ.യുടെ ചരിത്രവും സംസ്കാരവും ഓർമിപ്പിക്കുംവിധത്തിൽ വീട്ടിലും സമീപത്തും ഏതാനും ശേഷിപ്പുകളുമുണ്ട്.

25 വർഷം മുൻപുവരെ ഇവിടങ്ങളിൽ ഏതാനും കുടുംബങ്ങൾ താമസിച്ചിരുന്നു. പ്രാചീന അറബ് വംശജരായ അൽ ഖുതുബി കുടുംബമായിരുന്നു അൽ മദാം ഗോസ്റ്റ് വില്ലേജെന്ന പേരിലുള്ള ഈ വീടുകളിൽ താമസിച്ചിരുന്നത്. കഠിനമായ മണൽക്കാറ്റും അസഹ്യമായ ചൂടും കാരണം ഇവിടങ്ങളിൽ മനുഷ്യവാസം പ്രയാസമായത്. പിന്നീട് ഷാർജ ഗവൺമെന്റ് താമസക്കാരെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റുകയായിരുന്നു. താമസയോഗ്യമല്ലാത്ത ഇവിടുത്തെ വീടുകളും പരിസരവും സർക്കാർതന്നെ സന്ദർശകർക്ക് തുറന്നുകൊടുത്തതോടെ ‘ഗോസ്റ്റ് വില്ലേജ്’ എന്നപേരിൽ പ്രസിദ്ധമായി. കാറ്റിന്റെ ദിശ മാറുമ്പോൾ തന്നെ ഇവിടെ എളുപ്പം മണൽക്കൂമ്പാരമായി മാറും.

നിരവധി മലയാളികളടക്കമുള്ളവർ സന്ദർശകരായെത്തുന്നുണ്ട്. ദുബായ് - ഹത്ത റൂട്ടിലാണ് അൽ മദാം ഗോസ്റ്റ് വില്ലേജ്. ഷാർജയിൽ നിന്നും ഖോർഫക്കാൻ പോകുംവഴി ഒരുമണിക്കൂർ യാത്രവേണം അൽ മദാം ഗോസ്റ്റ് വില്ലേജിലെത്താൻ. മരുഭൂമിയിൽ വഴി തെറ്റാൻ സാധ്യത കൂടുതലാണെങ്കിലും അവിടേക്കുള്ള വഴിയും തിരിച്ച് പ്രധാന റോഡിലെത്താനും പാകിസ്താനികളടക്കമുള്ളവർ സഹായികളുമാവും.

Content Highlights: Sharjah Al Madam Ghost Village, Sharja Travel, UAE Tourism, Mathrubhumi Yathra