ഗേറ്റ്‌സ് ഓഫ് ഹെവന്‍.... കുറച്ചു ദിവസമായി ഇന്‍സ്റ്റാഗ്രാമിലെ ചര്‍ച്ചാ വിഷയമാണിത്. ഈ ഹാഷ് ടാഗുപയോഗിച്ച് ഇന്‍സ്റ്റാമില്‍ സേര്‍ച്ച് ചെയ്താല്‍ അതി മനോഹരമായ കുറേ ചിത്രങ്ങള്‍ കാണാം. കല്ലില്‍ കൊത്തുപണികള്‍ ചെയ്ത ഒരു കവാടം. അതിനോടു ചേര്‍ന്ന് തളം കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ കവാടത്തിന്റെ അതിശയിപ്പിക്കുന്ന പ്രതിബിംബം. എവിടെയാണിതെന്ന് ആരായാലും ചോദിച്ചു പോകും. 

ഇന്തോനേഷ്യയിലെ ബാലിയിലെ പുരാ ലേംപുയാങ് ലഹര്‍ ക്ഷേത്രത്തില്‍ നിന്നാണീ കാഴ്ച. പക്ഷേ വിഷയം അതല്ല. ഈ പ്രതിബിംബത്തേക്കുറിച്ചും ചിത്രങ്ങള്‍ പകര്‍ത്തിയ രീതിയേക്കുറിച്ചും രസകരമായൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഫോര്‍ച്ച്യൂണ്‍ മാസികയുടെ എഡിറ്റര്‍ പൊലീന മരിനോവ.

''സ്വര്‍ഗകവാടത്തിനരികിലെ 'ജലം' ഐ ഫോണിനടിയില്‍ വെച്ച വെറുമൊരു കണ്ണാടിയായിരുന്നെന്ന് തിരിച്ചറിഞ്ഞ നിമിഷം എന്റെ പ്രതീക്ഷകളും സ്വപ്‌നങ്ങളും ചിന്നിച്ചിതറിപ്പോയെന്നാണ്'' അവര്‍ ട്വീറ്റ് ചെയ്തത്. ചിത്രങ്ങളെടുത്ത രീതിയും അവര്‍ പങ്കുവെച്ചിട്ടുണ്ട്.

മരിനോവയുടെ ട്വീറ്റ് നിമിഷങ്ങള്‍ക്കകമാണ് കത്തിപ്പടര്‍ന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ ചിത്രം കണ്ട് തെറ്റിദ്ധരിക്കപ്പെട്ട് പ്രദേശത്തെത്തി നിരാശരായവരായിരുന്നു അതില്‍ പലരും. പ്രദേശവാസികള്‍ പലരും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ എടുത്തുനല്‍കാറുണ്ടെന്ന് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തു. ചിത്രങ്ങളെടുത്ത് കിട്ടാനായി രണ്ട് മണിക്കൂറിലേറെ സമയമാണ് സഞ്ചാരികള്‍ വരിയില്‍ നില്‍ക്കാറുള്ളത്.

Gate of Heaven
ഗേറ്റ് ഓഫ് ഹെവന്റെ യഥാര്‍ത്ഥ ചിത്രം: Twitter: The Swacch Surgeon

For More Informations: Bali’s Gate of Heaven images are not what they seem. Here’s the truth behind them

Content Highlights:  Bali Tourism, Gate of Heaven, Pura Lempuyang Luhur Temple, Indonesia Tourism