ത്തവണ വേനൽ അവസാനിക്കുന്നതിന് മുൻപായി ഒരു യാത്ര തരപ്പെട്ടു. ഒട്ടേറെ ദ്വീപുകൾ ചേർന്നുകിടക്കുന്ന സ്കോട്ലൻഡിലെ സ്കൈ എന്ന ദ്വീപിലേക്ക്. സ്കോട്ലൻഡിനെ സ്കോട്ലൻഡാക്കി മാറ്റുന്നത് മലകളും അരുവികളും കടലും ഒക്കെ ചേർന്നുകിടക്കുന്ന ഭൂപ്രകൃതിയും സ്കോച്ച് വിസ്കിയും ആണ്. ലോക ടൂറിസം മാപ്പിൽ മുന്നിലെത്താൻ സ്കോച്ച് വിസ്കിയുടെ സഹായം ചെറുതല്ലെന്നു തോന്നുന്നു. ഇവരുടെ തനതായ ഡിസ്റ്റിലെറി ടൂറുകളും ടേസ്റ്റിങ് സെഷൻസും ഒരുപാട് ആളുകളെ ആകർഷിക്കുന്നുണ്ട്. അവിടെ താമസിച്ച് നാലു ദിവസത്തിനിടയിൽ ഞങ്ങൾക്കും അവസരം കിട്ടി സ്കൈയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിസ്റ്റിലെറിയായ ടാലിസ്കാറിൽ പോകാനും ടൂറിൽ പങ്കെടുക്കാനും.

വിസ്കി ടൂർ എന്നുവെച്ചാൽ ഡിസ്റ്റിലെറിയിലൂടെ ഒരു ഓട്ടപ്രദക്ഷിണം ആണ്. ഫിനിഷിങ് പോയിന്റിൽ വെച്ച് ഒരു ടെസ്റ്റിങ് സെഷനും. ഞങ്ങളവിടെ കണ്ട ടാലിസ്കാർ സ്റ്റാഫെല്ലാം അവരുടെ ഉത്പന്നത്തിന്റെ, വിസ്കിയുടെ പാരമ്പര്യത്തിൽ ഉള്ളിൽതട്ടി അഭിമാനിക്കുന്നവരെപോലെ തോന്നി. ഞങ്ങളുടെ ടൂർ ഗൈഡ് നാൽപതുവർഷത്തോളമായി അവിടെ ജോലിചെയ്യുന്ന ഒരാളാണ്. കാര്യങ്ങൾ ലളിതമായി പറഞ്ഞുതരാൻ നോക്കുന്ന ഒരാൾ. ആമുഖം ഏകദേശം ഇങ്ങനെ, സിംഗിൾ മാൾട്ട് വിസ്കി എന്നുവെച്ചാൽ ഒരു സിംഗിൾ ഡിസ്റ്റിലെറിയിലെ വിസ്കിയാണ്. സ്കോട്ലൻഡിലെ ഓരോരോ പ്രദേശത്തെ ഡിസ്റ്റിലെറികൾ വേറിട്ട രുചിക്കും ഫ്ളേവറിനും പ്രശസ്തമാണ്. ഞങ്ങൾ വന്നിരിക്കുന്ന സ്കൈ റീജിയൻ പീറ്റ് രുചിയിലെ അവസാനവാക്കാണ്.

Distillery
ടാലിസ്കാർ ഡിസ്റ്റിലറി |ഫോട്ടോ: മാതൃഭൂമി

കടലും പുകയും ചേർന്ന ഒരു സ്വാദ്. സിംഗിൾ മാൾട്ടിൽ തന്നെ പ്രീമിയം ആയി പരിഗണിക്കപ്പെടുന്നു ഇത്. ഈ തറവാട്ടിലെ മറ്റു പ്രധാന താവഴികളാണ് ലറഫ്രോയ്​ഗ, ആഡ്  ബെർഗ്, ലഗാവിൻ ഒക്കെ. ടാലിസ്കാറിൽ ടൂറിനിടെ വെച്ചിരിക്കുന്ന ഒരു ചാർട്ടിൽ എല്ലാ സ്കോച്ച് റീജിയൻസും രുചികളും കാണിച്ചിരിക്കുന്നു. കാര്യങ്ങൾ ചക്ക പോലെ കുഴയ്ക്കാതെ ലളിതമായി അവതരിപ്പിക്കാനുള്ള സായിപ്പിന്റെ കഴിവിന് ഒരു സല്യൂട്ട്.

കുറെനാളായി മനസ്സിലുള്ള ഒരു ചോദ്യം, സ്കോച്ച് വിസ്കിയിൽ പീറ്റ് ഫ്ളേവർ എങ്ങനെ ചേരുന്നു. കേട്ട പാടെ ഗൈഡ് ചിരിച്ചു. “എത്ര കേട്ടിരിക്കുന്നു...'

അത് ഞങ്ങളുപയോഗിക്കുന്ന വെള്ളത്തിന്റെയും ഇവിടുത്തെ കാറ്റിന്റെയും പീറ്റിന്റെയും ഗുണമാണ്. ഒപ്പം ചേർത്തു, കഴിഞ്ഞ നൂറ്റമ്പതുവർഷമായി ടാലിസ്കാർ ഉപയോഗിക്കുന്നത് ഒരേ ഉറവയിലെ വെള്ളമാണ്.

Scotland 2

എന്താണീ പീറ്റ് വിസ്കി?

പീറ്റിന്റെ കഥയറിയണമെങ്കിൽ സ്കോട്ലൻഡിലെ പീറ്ററിനെയറിയണം. ഇവിടുത്തെ ചതുപ്പുനിലങ്ങളിലെ പായലും ചെടികളും അനേകായിരം വർഷം ജീർണിച്ചുണ്ടാകുന്ന കൽക്കരിപോലുള്ള സാധനം ആണ് പീറ്റ്. ഇത് കത്തിക്കുമ്പോഴുള്ള പുകയാണ് പീറ്റ് വിസ്കിക്ക് ആ ഫ്ളേവർ കൊടുക്കുന്നത്. വാറ്റുന്നതിന്റെ പ്രോസസ് കേട്ടപ്പോൾ എത്ര സിമ്പിൾ പക്ഷേ, പവർഫുൾ എന്നു തോന്നിപ്പോയി. ഇവിടുത്തെ വെള്ളവും പീറ്റും നമു ക്കുണ്ടാക്കാൻ പറ്റില്ലല്ലോ എന്നാലോചിച്ച് പ്പോൾ ആവേശം തണുത്തു. 

അണിയറരഹസ്യങ്ങൾ ഒഴിവാക്കി ഗൈഡ് പറഞ്ഞുതന്നതിൽ മനസ്സിലാക്കിയത് ഇതാണ്:

ഘട്ടം 1: ബാർലി വെള്ളം ചേർത്ത് മുളപ്പിക്കാൻ വെക്കുന്നു. ഓരോ ഡിസ്റ്റിലെറിക്കും അവരുടെ മാത്രമായ വെള്ളവും ബാർലിയും ആയിരിക്കും.

ഘട്ടം 2: മുളക്ക് തടയിട്ടു ബാർലി ഉണക്കുന്നു. ഇതിനാണ് നേരത്തേ പറഞ്ഞ പീറ്റിന്റെ സഹായം. പീറ്റ് കത്തിച്ച് ബാർലി ഉണക്കുമ്പോൾ ആ 
പുകസ്വാദ് ബാർലിയിലേക്ക് കേറുന്നു. ഇളം മനസ്സിൽ നാട്ടിൽ മഴക്കാലത്ത് കുടംപുളി അടുപ്പിനടുത്തുവെച്ച് ഉണക്കാറുള്ളതോർത്തു.

ഘട്ടം 3: ബാർലി പൊടിച്ചെടുത്ത് വലിയ കെറ്റിലുകളിൽ തിളപ്പിക്കുന്നു. ഇത് അരിച്ചുകിട്ടുന്ന ഷുഗറി ലിക്വിഡ് വിസ്കിയുണ്ടാക്കാനെടുക്കും. ബാക്കിവരുന്ന പിണ്ണാക്ക് പശുത്തീറ്റയ്ക്കെടുക്കും. ഭാഗ്യമുള്ള പശുക്കൾ. നാട്ടിലെ കപ്പലണ്ടി പിണ്ണാക്കുതന്നെ. എന്തൊരു സ്വാദാണ്.  

ഘട്ടം 4: നീരയെ യീസ്റ്റ് ചേർത്ത് പുളിപ്പിക്കുന്നു. കഥയിലെ നായകൻ ആൾക്കഹോൾ ഇവിടെ വെച്ച് യാത്രയിൽ ചേരുന്നു.

ഘട്ടം 5: പുളിപ്പിച്ചെടുത്ത നീരയുടെ പേര് വാഷ്. നാട്ടിൽ ഒരുകാലത്ത് സ്ഥിരമായി കാണാറുള്ള വാർത്ത ഓർത്തു. വാറ്റുകേന്ദ്രം റെയ്ഡ് ചെയ്ത് ആയിരക്കണക്കിന് ലിറ്റർ വാഷ് നശിപ്പിച്ചു. വാഷ് എല്ലായിടത്തും വാഷ് തന്നെ. വാഷിനെ ഡിസ്റ്റിൽ ചെയ്തെടുത്താൽ സാധനം റെഡി. ടാലിസ്കാറും ഒട്ടു മിക്ക സിംഗിൾ മാൾട്ടുകളും രണ്ടു പ്രാവശ്യം ഡിസ്റ്റിൽ ചെയ്യുന്നു. ' 

ഘട്ടം 6: ശേഷം ഏജിങ് പ്രോസസ്. ഒരു പച്ചക്കായ മൂത്തു പഴുത്ത് ഗുണവും മണവുമുള്ള പഴമാകുന്ന പോലെ. കാത്തിരിപ്പിന്റെ കൈനീട്ടം.
' ആരാണ് പറഞ്ഞത് നല്ല കാര്യങ്ങൾ കാത്തിരിക്കുന്നവർക്കുള്ളതാണെന്ന്.

Whiskey Barrels
ബാരലുകൾ | ഫോട്ടോ: മാതൃഭൂമി

‌ഇവിടെവെച്ചാണ് ഞങ്ങളാവാക്കു കേട്ടത് "ഏഞ്ചൽസ് ഷെയർ', കേട്ടപാടെ മനസ്സിൽ തറച്ചു. ബാരലുകളിൽ സൂക്ഷിക്കുന്ന വിസ്കിയുടെ ഗുണവും മൂല്യവും കാലം ചെല്ലുംതോറും കൂടുന്നു. അതിശയിപ്പിക്കുന്നതാണീ മൂല്യവർധന. 10 വർഷം പഴക്കമുള്ള ടാലിസ്കാർ ബോട്ടിൽ ഏകദേശ വില 40 പൗണ്ട്സ്. 35 വർഷം പഴക്കമുള്ള ടാലിസ്കാർ ബോട്ടിൽ ഏകദേശ വില 1000 പൗണ്ട്സ്. -ഇരുപത്തിയഞ്ചുവർഷം കാത്തിരിക്കുമ്പോൾ ഇരുപത്തിയഞ്ചിരട്ടി വില. കണ്ണ് മഞ്ഞളിക്കുന്ന മോഹവില. പക്ഷേ, ഇതിനൊരു മറുപുറമുണ്ട്. ഡിസ്റ്റിലെറികൾ ഈ മൂല്യവർധനയ്ക്ക് "വലിയ വില' കൊടുക്കേണ്ടിവരുന്നു. ഓരോ വർഷവും ബാരലിൽ സൂക്ഷിക്കുന്ന വിസ്കിയുടെ രണ്ടുശതമാനത്തോളം ആവിയായി പോകുന്നു. ആർക്കും തടുക്കാനാകാത്ത കാര്യം. ആവിയായി പോയ വിസ്കി പോയതുതന്നെ.

Yathra Cover
യാത്ര വാങ്ങാം

നഷ്ടപ്പെടുന്ന വിസ്കിക്ക് സായിപ്പിച്ചിരിക്കുന്ന രസികൻ പേരാണ് ഏഞ്ചൽസ് ഷെയർ. ഏഞ്ചൽസ് ഷെയർ ഏത്ര കൂടുന്നോ ബാരലിന്റെ മൂല്യം അത്ര കൂടുന്നു. എത്ര കൂടുതൽ ദാനം ചെയ്യുന്നോ അത്ര മഹാനാകുന്നു. മഹാബലിയാണ് മനസ്സിൽ വന്നത്. സ്വയമില്ലാതായി മഹത്വം തേടുന്ന ബാരലുകളും ഉള്ളതെല്ലാം വിട്ടുകൊടുത്ത രാജാവും. ഈ നാടിനോട് അടുപ്പം കൂടിയോ എന്നു സംശയം.

തിരിച്ചുപോകുമ്പോൾ രണ്ടു കാര്യങ്ങൾക്കു നന്ദി പറയാൻ തോന്നി. ലോകമെമ്പാടും സ്വാദുള്ള സ്കോച്ച് പകർന്നുനൽകുന്ന സ്കോട്ലൻഡിനോട്. പിന്നെ ഏഞ്ചൽസ് ഷെയർ പറഞ്ഞുതന്ന ഗൈഡിനോട്.

(മാതൃഭൂമി യാത്രയിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Scotland Travel,  Scotch whisky, Sky Island in Scotland, Scotch Whiskey Making, Mathrubhumi Yathra