വിയറ്റ്‌നാം എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക യുദ്ധം എന്നു തന്നെയാവും. വിയറ്റ്‌നാമിന്റെ ആഭ്യന്തരയുദ്ധമെന്നതിലുപരി അമേരിക്ക, കമ്യൂണിസ്റ്റ് ശക്തികള്‍ക്കെതിരെ നടത്തിയ യുദ്ധമായിരുന്നു അത്. 1954 മുതല്‍ 1975 വരെയുള്ള കാലയളവിലാണ് ഈ യുദ്ധം നടന്നത്. ഗറില്ലാ യുദ്ധമുറകളില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ അവസാനം അമേരിക്ക 1973 ഓടെ യുദ്ധത്തില്‍നിന്ന് പിന്‍വാങ്ങുകയും, 1975-ല്‍ കമ്യൂണിസ്റ്റ് ശക്തികള്‍ ദക്ഷിണ വിയറ്റ്‌നാമിലെ അധികാരം പിടിച്ചടക്കുകയും ചെയ്തു. പക്ഷേ, യുദ്ധം എപ്പോഴത്തെയും പോലെ വിയറ്റ്‌നാം ജനതയെയും കടുത്ത പട്ടിണിയിലേക്കും കഷ്ടപ്പാടിലേക്കും തള്ളിവിട്ടു. 

നോംഗ്വാ.. നോംഗ്വാ എനിക്ക് പൊള്ളുന്നു.. എന്ന നിലവിളിയോടെ ദക്ഷിണ വിയറ്റ്‌നാമിലെ ടാങ്ബാങ് ഗ്രാമവഴിയിലൂടെ ഒരു ഒന്‍പതുവയസ്സുകാരി ബോംബ് വര്‍ഷത്താല്‍ പൊള്ളലേറ്റ് പ്രാണരക്ഷാര്‍ഥം നഗ്‌നയായി പായുന്നു. അവള്‍ ഓടിക്കയറിയത് നിക് ഉട്ട് എന്ന ഇരുപത്തിയഞ്ചുകാരന്‍ ഫോട്ടോഗ്രാഫറുടെ ക്യാമറയിലേക്കായിരുന്നു. അത് ലോകത്തിന്റെ എക്കാലത്തെയും കത്തുന്ന കാഴ്ചകളിലൊന്നായി. അതുപോലെ നിരവധി വിയറ്റ്‌നാം യുദ്ധചിത്രങ്ങള്‍ നമ്മെ ഇപ്പോഴും നൊമ്പരപ്പെടുത്തുന്നുണ്ട്.

Vietnam
മഞ്ഞുമൂടിയ പ്രഭാതം, വിയറ്റ്‌നാമിന്റെ ദേശീയ പതാകയും കാണാം

എന്നാല്‍ കഴിഞ്ഞ നൂറു വര്‍ഷക്കാലമായി ഇതിലൊന്നും പെടാതെ വിയറ്റ്‌നാമിലെ ഒരു മനോഹര താഴ് വര ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു സാപ. കിഴക്കന്‍ വിയറ്റ്‌നാമിലെ ചൈനീസ് അതിര്‍ത്തിയിലാണ് മലകളും പച്ചവിരിച്ച കുന്നുകളും നെല്‍പ്പാടങ്ങളും തിങ്ങിനിറഞ്ഞ ഈ താഴ് വര. തലസ്ഥാനമായ ഹാനോയ് നഗരത്തില്‍ നിന്നും 380 കിലോമീറ്റര്‍ അകലെ, ഒരു രാത്രി മുഴുവന്‍ ട്രെയിനിലോ ബസ്സിലോ യാത്ര ചെയ്താല്‍ സാപ എന്ന ചെറുതും മനോഹരവുമായ, മഞ്ഞില്‍ മൂടിക്കിടക്കുന്ന പട്ടണത്തില്‍ എത്താം. വിയറ്റ്‌നാം ഫ്രഞ്ച് കോളനിയായിരുന്ന കാലത്തുതന്നെ കുന്നിന്‍ചെരുവിലെ ഈ നഗരം പ്രശസ്തമായിരുന്നു. 1979-ല്‍ നടന്ന യുദ്ധത്തില്‍ ചൈനീസ് സൈനികര്‍ അവിടുത്തെ മിക്ക വീടുകളും കത്തിച്ചു ചാമ്പലാക്കി. എങ്കിലും ഇന്നോളം സാപയുടെ പാരമ്പര്യത്തെ ഇല്ലാതാക്കാന്‍ യുദ്ധത്തിനോ വിനോദസഞ്ചാരത്തിനോ കഴിഞ്ഞിട്ടില്ല.

പ്രധാനമായും എട്ടു തരത്തിലുള്ള ഗോത്ര വര്‍ഗക്കാരാണ് സാപയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്നത്. സാംസ്‌കാരികമായ വൈവിധ്യങ്ങളാലും മലകളും താഴ് വരകളും നിറഞ്ഞ പ്രകൃതിഭംഗിയാലും സമ്പന്നമാണ് ഇവിടം. മലയടിവാരങ്ങളില്‍ പല തട്ടുകളായി നെല്ലും പച്ചക്കറികളും കൃഷി ചെയ്തിരിക്കുന്നത് ആകര്‍ഷകമായ കാഴ്ചകളിലൊന്നാണ്. മാര്‍ച്ച് മുതല്‍ മെയ് വരെയും സപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുമാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ലസമയം, ജനുവരി മുതല്‍ ഫെബ്രുവരി അവസാനംവരെ പൂജ്യം ഡിഗ്രി ആകും താപനില. ജോലി സംബന്ധമായി ഹനോയിലേക്കുള്ള യാത്രക്കിടെ ആയിരുന്നു കുറച്ചു ദിവസം സാപയിലേക്ക് മാറ്റിവെച്ചത്. ഒപ്പം ഹനോയില്‍നിന്ന് രണ്ടു മലയാളി സുഹൃത്തുക്കളെ കൂടെ കൂട്ടി. നവംബറിലെ ഒരു തണുപ്പുള്ള രാത്രിയില്‍ ഞങ്ങള്‍ ട്രെയിന്‍ കയറി. പിറ്റേന്ന് രാവിലെ വണ്ടി ഇറങ്ങുമ്പോള്‍ മഞ്ഞുമൂടിയ മലനിരകളും പച്ചപുതച്ച കുന്നിന്‍ചെരിവുകളുമായിരുന്നു എതിരേറ്റത്.

Sapa 2
താഴ് വരയിലെ നെല്‍പ്പാടങ്ങള്‍

ഗ്രാമത്തിന്റെ ചിത്രങ്ങളില്‍ നിത്യജീവിതത്തിന്റെ തുടിപ്പുകള്‍ ഒപ്പിയെടുക്കാനാവും. വ്യാപാരത്തിനായി നിത്യേന തങ്ങളുടെ ഉത്പന്നങ്ങളും കൊണ്ട് സാപയിലേക്ക് വരുന്ന ഗ്രാമീണര്‍ ആ പട്ടണത്തെ നിറങ്ങളുടെ ഒരു മനോഹര ലോകമാക്കി മാറ്റുന്നു. പ്രത്യേക തരത്തില്‍ ഒരുപാട് നിറങ്ങള്‍ കൊണ്ടും ആഭരണങ്ങള്‍കൊണ്ടും തുന്നി യെടുത്ത വസ്ത്രങ്ങളാണ് ഈ ഗ്രാമീണര്‍ അണിയുന്നത്. എല്ലാ ശനിയാഴ്ചകളിലും ഉള്ള പ്രധാന ചന്ത ദിവസങ്ങള്‍ നല്ല തിരക്കുള്ളതാവും. ഇട ദിവസങ്ങളിലും ചെറിയ തോതില്‍ വ്യാപാരം നടക്കുന്നു. ഔപചാരിക വിദ്യാഭ്യാസം ലഭിച്ചവരല്ല ഇവരെങ്കി ലും അവിടെ എത്തുന്ന വിദേശികളില്‍ നിന്ന് പണത്തിന്റെ മൂല്യം എന്താണെന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. മാത്രമല്ല യുവാക്കള്‍ ഇവരില്‍നിന്ന് അത്യാവശ്യം വേണ്ട ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കുകയും ചെയ്യുന്നു. സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട കരകൗശല തുണികളും അവിടെ വില്‍ക്കപ്പെടുന്നു.

അതിശയിപ്പിക്കുന്ന പ്രകൃതിഭംഗി കാണണമെങ്കില്‍ സാപയില്‍നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ട്രാം ടോണ്‍ പാസില്‍ പോകണം. ഇത് സാപയെ ലായവുമായി ബന്ധിപ്പിക്കുന്നു. ചുറ്റും മടക്കുകളായി കിടക്കുന്ന നെല്‍പ്പാടങ്ങളും എപ്പോഴും മഞ്ഞുമൂടിക്കിടക്കുന്ന പര്‍വതശിഖരവും സൗന്ദര്യത്തിന്റെ കാവ്യാനുഭവം തന്നെ തീര്‍ക്കും. എത്ര നോക്കിനിന്നാലും കണ്ണ് പറിച്ചെടുക്കാനാവാത്ത കാഴ്ചകള്‍, പോകുന്ന വഴിയിലെ മനസ്സുകുളിര്‍പ്പിക്കുന്ന മറ്റൊരു അനുഭവമാണ് 100 മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള തക്ബാക് വെള്ളച്ചാട്ടം. സാപ സന്ദര്‍ശനത്തിനിടയിലെ ഒരു വെല്ലുവിളി യാണ് ഫാന്‍സിപാന്‍ കൊടുമുടി കീഴടക്കല്‍. ഏറ്റെടുക്കാന്‍ തയ്യാറായാല്‍ കാത്തിരിക്കുന്നത് അത്യദ്ഭുതംകൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന അപാരമായ വിസ്മയക്കാഴ്ചകള്‍. 3143 മീറ്റര്‍ ഉയരമുള്ള ഫാന്‍സിപാന്‍ വിയറ്റ്‌നാമിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്. കാലാവസ്ഥ മോശമായാല്‍ വളരെ ദുഷ്‌കരമാവുന്ന 20 കിലോമീറ്റര്‍ കുത്തനെയുള്ള കയറ്റം കയറാന്‍ ശാരീരികമായും മാനസികമായും ഏറെ കരുത്ത് വേണം. വഴിയില്‍ താമസസൗകര്യമൊന്നും ഇല്ലാത്ത ഈ യാത്ര എല്ലാ അത്യാവശ്യ സാധനങ്ങളും വഹിച്ച് ഫാന്‍സിപാനില്‍ ചെന്ന് അവസാനിക്കാന്‍ മൂന്നോ നാലോ ദിവസമെടുക്കും. ചുമടെടുക്കാനും വഴികാട്ടാനും തദ്ദേശീയരെ ഈ ദീര്‍ഘദൂര നടത്തത്തില്‍ കൂടെ കൂട്ടുന്നത് വളരെ ഉപകാരപ്രദമായിരിക്കും.

Sapa 3
കുന്നിന്‍മുകളില്‍ ഒരു വീട്‌

ഏത് നാട്ടിലെയും തനത് സംസ്‌കാരം അറിയാന്‍ ഗ്രാമീണരോടും അവരുടെ നിത്യജീവിതത്തോടും അടുത്തിടപഴകണം. അതിജീവന ത്തിനുവേണ്ടി നിശ്ശബ്ദരായി മണ്ണിനോട് ചേര്‍ന്ന് ജീവിക്കുന്ന പച്ചമനുഷ്യരെ, ഉന്മേഷം പകരുന്ന പ്രകൃതി സൗന്ദര്യത്തില്‍ മയങ്ങിയുള്ള യാത്രയ്ക്കിടെ കാണാതെ പോകരുത്. അവരുടെ ജീവിതം കൂടി എഴുതപ്പെടുമ്പോഴും ചിത്രങ്ങളായി കാലത്തിന്റെ ചുവരില്‍ ഏവര്‍ക്കും കാണാനാ വും വിധം പതിപ്പിക്കുമ്പോഴുമാണ് യാത്രാനുഭവങ്ങള്‍ പങ്കുവെക്കല്‍ സാമൂഹികമാവുന്നത്. സാപ യാത്രയില്‍ ഹൃദയത്തില്‍ ചേര്‍ത്തുവെച്ച് അനുഭവങ്ങളാണ് ഗ്രാമീണരോടൊപ്പം ചെലവഴിച്ച സമയം. മുള വെട്ടി വീടുണ്ടാക്കുകയും അങ്ങാടിയില്‍ സ്റ്റാളുണ്ടാക്കുകയും ചെയ്യുന്ന ഗ്രാമീണര്‍ ചന്ദനത്തിരിപോലുള്ള കരകൗശല വസ്തുക്കള്‍ ഉണ്ടാക്കി വില്‍ക്കുകയും ചെയ്യുന്നുണ്ട്. മാര്‍ക്കറ്റില്‍ പോത്തുകള്‍ക്ക് വിലപേശുന്നവരേയും കാണാം. സാപയില്‍ പോത്തുകള്‍ വളരെ വിലപിടിപ്പുള്ളവയാണ്. നെല്‍പ്പാടങ്ങള്‍ ഉഴുതുമറിക്കാന്‍ ഉപയോഗിക്കുന്ന കലപ്പയില്‍ കെട്ടാനും ഒരു ഗ്രാമത്തില്‍നിന്ന് മറ്റൊരു ഗ്രാമത്തിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകാനും കൃഷിയിടങ്ങളിലെ മറ്റു മൃഗങ്ങളെ സംരക്ഷിക്കാനും മാത്രമല്ല ഇറച്ചിക്കും പോത്തുകളെ ഉപയോഗിക്കുന്നു.

പട്ടണത്തില്‍ നിന്ന് തിരിച്ചുള്ള ആറു മണിക്കൂര്‍ കാല്‍നടയാത്ര ശരിക്കും ദുഷ്‌കരമാണ്. പ്രത്യേകിച്ചും അവസാനത്തെ ഒരു മണിക്കൂര്‍. തളര്‍ന്ന കാലുകളും കുത്തനെയുള്ള കയറ്റവും ഒപ്പം സൂര്യതാപവും. മാത്രമല്ല വഴിയില്‍ ചെളി നിറഞ്ഞ കുഴികളില്‍ കാല്‍ പുതഞ്ഞുപോകാതിരിക്കാന്‍ കഷ്ടപ്പെടണം. അവിടുത്തുകാര്‍ ഇത്തരമൊരു ദുഷ്‌കരമായ യാത്ര ദിവസേന ജോലിസ്ഥലത്തേക്കോ അങ്ങാടിയിലേക്കോ സ്‌കൂളിലേക്കോ ഒക്കെ നടത്തേണ്ടി വരുന്ന നിര്‍ഭാഗ്യകരമായ അവസ്ഥയെപ്പറ്റി പിന്നീടാണ് മനസ്സിലാക്കിയത്. കാറോ മോട്ടോര്‍ബൈക്കോ വാങ്ങാന്‍ കഴിയാത്തതിനാലാണ് ദീര്‍ഘയാത്ര ചെയ്ത് സ്‌കൂളില്‍ പോകുന്നത് വേണ്ടെന്ന് വെക്കുന്നത്. അവര്‍ കൃഷിപ്പണികളില്‍ മുതിര്‍ന്നവരെ സഹായിക്കാനോ അതുവഴി പോകുന്ന ടൂറിസ്റ്റുകള്‍ക്ക് കരകൗശലവസ്തുക്കള്‍ വില്‍ക്കുവാനോ മെനക്കെടുന്നു. കുട്ടികളുടെയും ഗ്രാമീണരുടെയും ഇത്തരം സഹനങ്ങളുടെ കഥ കേട്ടപ്പോള്‍ ഒറ്റ യാത്രയില്‍ത്തന്നെ തളര്‍ന്നു തുടങ്ങുന്ന കാലുകളെക്കുറിച്ചോ ചെളിയില്‍ കുതിര്‍ന്നുപോകുന്ന ഷൂസിനെക്കുറിച്ചോ വേവലാതിപ്പെടുന്നത് എത്ര നിസ്സാരമാണെന്ന് തോന്നി! കരുത്തരായ ഗ്രാമീണര്‍ ഇതൊക്കെ തരണംചെയ്ത് അവിടെ ജീവിതം ജീവിച്ചു തീര്‍ക്കുന്നു.

Sapa 4
സാപ മാര്‍ക്കറ്റിലെ ഭക്ഷണശാലയില്‍

ഞങ്ങള്‍ക്ക് താമസിക്കാന്‍ ഇടമൊരുക്കിയത് മോഹിപ്പിക്കുന്ന പച്ചപുതച്ചൊരു താഴ് വരയിലായിരുന്നു. തൊട്ടടുത്ത് വലിയൊരു വെള്ളച്ചാട്ടവും ഉണ്ട്. ഊഷ്മള സ്വീകരണമായിരുന്നു ആതിഥേയര്‍ ഒരുക്കിയത്. എല്ലാ ക്ഷീണവും അകറ്റി ഉന്മേഷം പകരുന്നതായിരുന്നു അവിടെ കിട്ടിയ പ്രത്യേക തരം 'ഹെര്‍ബല്‍ ടീ'. വിരുന്നിന് തദ്ദേശീയരായ കുറച്ചു സുഹൃത്തുക്കള്‍ കൂടിയുണ്ടായിരുന്നു. വിരുന്നില്‍ അവരുടെ വീട്ടിലുണ്ടാക്കുന്ന ഒരു തരം മദ്യം വിളമ്പി. ആരോഗ്യത്തിനു ഹാനികരമല്ലാത്ത പാനീയം ആ ഒത്തുചേരലിന് മിതവും ആ സ്വാദ്യകരവുമായ ലഹരി പകരാന്‍ പാകത്തിലുള്ളതായിരുന്നു. സാപയുടെ രുചിഭേദങ്ങള്‍ അടങ്ങിയ ഭക്ഷണവും പരിഷ്‌കാരങ്ങളുടെ യാതൊരു നാട്യങ്ങളുമില്ലാത്ത സൗഹൃദവും എക്കാലവും സാപയിലെ പച്ചപ്പുപോലെ ഹൃദ്യമായി ഓര്‍മയില്‍ വാടാതെ നില്‍ക്കുന്നു.

Yathra Cover November 2020
യാത്ര വാങ്ങാം

വിയറ്റ്‌നാം ജനതയുടെ ജീവിതം അതിന്റെ എല്ലാ സാംസ്‌കാരിക പൈതൃകത്തോടും പ്രകൃതിഭംഗിയുടെ അമ്പരപ്പിക്കുന്ന നിഗൂഢതകളോടും കൂടി സാപയില്‍ കാണാം. നിഷ്‌കളങ്കരായ ഒരു കൂട്ടം മനുഷ്യര്‍, പുറംലോകത്തെ ത്വരിതഗതിയിലുള്ള വികസന വിസ്‌ഫോടനങ്ങളില്‍ നിന്നൊക്കെ അകന്ന് പതുക്കെ പ്രകൃതിയോട് മല്ലടിച്ച് ജീവിക്കുന്നതിന്റെ നേര്‍ക്കാഴ്ചകള്‍. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത യാത്രാനുഭവങ്ങളും ക്യാമറയില്‍ നിറയെ വിസ്മയാവഹമായ ചിത്രങ്ങളുമായി മറ്റൊരു രാത്രിവണ്ടിയില്‍ തലസ്ഥാനമായ ഹാനോയിലേക്ക് തിരികെപ്പോന്നു.

(മാതൃഭൂമി യാത്ര 2015 ഡിസംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Sapa Village, Vietnam Travel, Beautiful Vietnam Village, Mathrubhumi Yathra