In Salzberg the hills are alive with the sound of music! This is the location of one of the most loved and successful movies of all time 'The Sound of Music' with Julie Andrews, Christopher Plummer and a bevy of mischievous children in their unforgettable roles. Salzberg with its 17th century streets, beflowered horsecarts and architectural wonders surrounded by lovely Alpine scenery is rightly dubbed as one of the most awesomely beautiful cities on earth.
1980-ലാണെന്ന് തോന്നുന്നു, കേരളത്തില്‍ വി.സി.ആര്‍. പ്രചാരത്തിലായത്. അക്കാലത്ത് അച്ഛന്‍ ഗള്‍ഫില്‍നിന്ന് ഒരു വി.സി.ആറും കുറെ കാസറ്റുകളും കൊണ്ടുവന്നു. പതുക്കെ ഞങ്ങളുടെ വീടൊരു പ്രദര്‍ശനശാലയായി മാറി. കൂട്ടത്തിലുണ്ടണ്ടായിരുന്ന ഒരു ഇംഗ്ലീഷ് സിനിമ ഇന്നത്തെ പോലെ സബ്‌ടൈറ്റില്‍ ഒന്നുമില്ലെങ്കിലും പലവട്ടം ആസ്വദിച്ചു കണ്ടണ്ടു. ലോക സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ഒരു ക്ലാസിക് ചിത്രമാണതെന്നൊന്നും അന്ന് അറിയില്ലായിരുന്നു.

1965-ല്‍ പുറത്തിറങ്ങിയ, മരിയ വോണ്‍ ട്രാപ്പിന്റെ കഥപറയുന്ന റോബര്‍ട്ട് വൈസ് സംവിധാനം ചെയ്ത സൗണ്ട് ഓഫ് മ്യൂസിക് എന്ന ലോകോത്തര ചലച്ചിത്രമായിരുന്നു അത്. അഞ്ച് ഓസ്‌കര്‍ അവാര്‍ഡുകള്‍ നേടിയ ചിത്രം. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു സംഗീത പ്രധാനമായ ചിത്രം. മിക്ക ഗാനങ്ങളും പാശ്ചാത്യ ശാസ്ത്രീയ സംഗീതശൈലിയിലുള്ളത്. 1985-ല്‍ ഇറങ്ങിയ ഒരു മലയാള ചിത്രത്തിലെ പ്രശസ്തമായ 'തന്നന്നം താനന്നം' എന്ന ഗാനത്തിന് പ്രചോദനമായത് ഈ ചിത്രത്തിലെ ഈണങ്ങളാണ് എന്നറിഞ്ഞപ്പോള്‍ ആരാധന വീണ്ടും കൂടി. വര്‍ഷങ്ങള്‍ക്കിപ്പുറം മകള്‍ അമ്മുവും സൗണ്ട് ഓഫ് മ്യൂസിക്കിന്റെ ആരാധികയായി. സൗണ്ട് ഓഫ് മ്യൂസിക്കിന്റെ കഥാപശ്ചാത്തലം ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗാണ്. സിനിമ പൂര്‍ണമായും ചിത്രീകരിച്ചതും അവിടെത്തന്നെ. ആദ്യ യൂറോപ്പ് യാത്രയില്‍ സാല്‍സ്ബര്‍ഗ് കൂടി ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിച്ചത് ഈ അഭിനിവേശം കൊണ്ടായിരുന്നു. പാരീസില്‍നിന്നു തുടങ്ങി, ജര്‍മനിയിലെ മ്യൂനിച്ച്, സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ച്, ഇറ്റലിയിലെ വെനീസ്, ബൊളൊണ്‍ വഴി റോം. ഇതായിരുന്നു ചുരുക്കത്തില്‍ ഞങ്ങളുടെ യൂറോപ്പ് യാത്രയുടെ പ്ലാന്‍. ജര്‍മനിയിലെ താമസത്തിനിടെ ഒരു ദിവസത്തെ സാല്‍സ്ബര്‍ഗ് സന്ദര്‍ശനവും പദ്ധതിയില്‍ പെടുത്തി.
ബവേറിയന്‍ ജര്‍മനിയിലെ റൗബ്ലിങ് എന്ന മനോഹരമായ ഗ്രാമപ്രദേശത്ത് ക്രിസ്മസ് സായാഹ്നത്തിലാണ് എത്തിയത്. ഗ്യാസ്തോസ് കെലെറിലെ താമസവും ഭക്ഷണവും അവിസ്മരണീയമായിരുന്നു. രാവിലെ ഏഴുമണിയോടെ ഒരു ടാക്‌സിയില്‍ റൗബ്ലിങ് റെയില്‍വേ സ്റ്റേഷനിലെത്തി. ഗസ്റ്റ് ഹൗസില്‍നിന്ന് 34 കി.മീ. ദൂരമാണ് റെയില്‍വേ സ്റ്റേഷനിലേക്ക്. രാവിലെ എട്ടുമണിയായെങ്കിലും സൂര്യനുദിക്കുന്നതേയുണ്ടായിരുന്നുള്ളൂ, പൂജ്യം ഡിഗ്രിയോടടുത്ത തണുപ്പും. റൗബ്ലിങ്ങില്‍നിന്നും റോസിനഹെം വഴിയാണ് സാല്‍സ്ബര്‍ഗിലേക്ക് പോകുന്നത്. റോസിനഹെമില്‍ ട്രെയിന്‍ മാറിക്കയറണം. റൗബ്ലിങ്ങില്‍നിന്നും രണ്ടാമത്തെ സ്റ്റേഷനാണ് റോസിനഹെം. അഞ്ച് മിനിറ്റില്‍ റോസിനഹെമില്‍ എത്തി. അവിടെനിന്നും അടുത്ത ട്രെയിനില്‍ ഒരു മണിക്കൂര്‍ യാത്രയുണ്ട് സാല്‍സ്ബര്‍ഗിലേയ്ക്ക്. യൂറോപ്പ് യാത്രയിലെ ഏറ്റവും സന്തോഷകരങ്ങളായ നിമിഷങ്ങളായിരുന്നു ഈ ട്രെയിന്‍ യാത്രയിലേത്. വൃത്തിയുള്ള ട്രെയിന്‍, കണിശമായ സമയക്രമം, മനോഹരമായ പ്രകൃതി ഇതെല്ലാം യൂറോപ്പിലൂടെയുള്ള ട്രെയിന്‍ യാത്രയുടെ മുഖമുദ്രകളാണ്.

ജര്‍മനിയില്‍നിന്നും ഓസ്ട്രിയയിലേക്ക് കടക്കുമ്പോള്‍ പതുക്കെ ഭൂപ്രകൃതി മാറുന്നു. പിക്ചര്‍ പെര്‍ഫെക്ട് എന്ന് വിശേഷിപ്പിക്കാവുന്ന ദൃശ്യങ്ങള്‍. പുല്‍മേടുകള്‍, അരുവികള്‍, മലകള്‍. പലയിടത്തും ഭൂമി മഞ്ഞ് പുതച്ചു കിടക്കുന്നു. സാല്‍സ്ബര്‍ഗ് സ്റ്റേഷനിലെത്തി ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ കൗണ്ടറില്‍ ചെന്നു. കുറെയധികം സംശയങ്ങള്‍ ചോദിച്ചു. കൗണ്ടറിലിരിക്കുന്ന സ്ത്രീ, ക്ഷമയോടെ, പുഞ്ചിരിയോടെ എല്ലാത്തിനും മറുപടി നല്‍കി. ആവശ്യമുള്ള ലഘുലേഖകളും സിറ്റി മാപ്പും തന്നു. മാപ്പില്‍ പോകേണ്ട സ്ഥലങ്ങള്‍ അടയാളപ്പെടുത്തിത്തന്നു, കൂടെ അന്നുക്കുട്ടിക്ക് കുറച്ച് കുക്കീസും. അവരോട് നന്ദി പറഞ്ഞ് പുറത്തിറങ്ങി.
ഉച്ച തിരിഞ്ഞ് രണ്ടുമണിക്കാണ് സൗണ്ട് ഓഫ് മ്യൂസിക് ടൂര്‍. അതുവരെയുള്ള സമയംകൊണ്ട് സിറ്റി ചുരുക്കത്തിലൊന്ന് കാണാമെന്നുകരുതി, സിറ്റി ബസിനുള്ള ടിക്കറ്റെടുത്തു. ഇവിടെ ബസുകളില്‍ ഡ്രൈവര്‍ മാത്രമേ കാണൂ, കണ്ടക്ടര്‍മാരും കിളികളും ഒന്നും ഇല്ല. ബസ് സ്റ്റോപ്പുകളില്‍ സ്ഥാപിച്ചിരിക്കുന്ന ടിക്കറ്റ് വെന്‍ഡിങ്ങ് മെഷിനുകളില്‍നിന്നാണ് ടിക്കറ്റുകള്‍ എടുക്കുക. ഡ്രൈവറെ സമീപിച്ചാലും ടിക്കറ്റ് ലഭിക്കും. ഒരു ട്രിപ്പിനുള്ള ടിക്കറ്റ് മാത്രമോ, ഒരു ദിവസത്തേക്ക് മുഴുവനുമായോ ടിക്കറ്റെടുക്കാം. സിറ്റിക്കകത്ത് ഒരാള്‍ക്ക് ഒരു സ്ഥലത്തേക്ക് തന്നെ ഒരു യൂറോ ചാര്‍ജുണ്ട് (ഏകദേശം 77 രൂപ). ഒരു ദിവസത്തേക്കുള്ള ടിക്കറ്റിന് 20 യൂറോയാണ് ചാര്‍ജ്. ബസില്‍ സിറ്റിയിലൂടെ ഒന്നു കറങ്ങി, സാല്‍സച്ച് നദിയുടെ തീരംവരെ ബസില്‍ പോയി. പിന്നെ ഇറങ്ങി നടന്നു. നഗരത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും മാലിന്യമേതുമില്ലാതെ നദി സംരക്ഷിച്ചിരിക്കുന്നു. നദിക്ക് കുറുകെ ലവ്ലോക്ക് ബ്രിഡ്ജ് എന്നറിയപ്പെടുന്ന കാല്‍നടപ്പാലം. പാലത്തിന്റെ കൈവരികളിലുടനീളം താഴുകള്‍ തൂക്കിയിട്ടിരിക്കുന്നു. നദിയുടെ ഒരു വശത്ത് വിശാലമായ നടപ്പാതയും ഇരിക്കാനുള്ള ബെഞ്ചുകളും.

അവിടെയിരുന്ന് കുറച്ചുനിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി, പാലത്തിലൂടെ നദിയുടെ മറുകരയിലേക്കു നടന്നു. അവിടെയാണ് വിശ്വവിഖ്യാത സംഗീതജ്ഞന്‍ മൊസാര്‍ട്ടിന്റെ (17561791) ജന്മഗേഹം. അദ്ദേഹം ജനിച്ചുവളര്‍ന്ന വീട് ഇപ്പോള്‍ ഒരു മ്യൂസിയമായി സംരക്ഷിച്ചിരിക്കുകയാണ്. 11 യൂറോയാണ് ഒരാള്‍ക്ക് പ്രവേശന ഫീ. അദ്ദേഹം ഉപയോഗിച്ചിരുന്ന സംഗീത ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, മ്യൂസിക് നോട്ടുകള്‍ എഴുതിയ ഡയറി എന്നിവയെല്ലാം പ്രദര്‍ശിപ്പിച്ചിരിക്കുന്നു. 18-ാം നൂറ്റാണ്ടിലെ യൂറോപ്പിലെ ഒരു ഇടത്തരം വീട്ടിലെ അടുക്കള, കിടപ്പുമുറി, മറ്റു സൗകര്യങ്ങള്‍ എല്ലാം കാണാനൊരു അവസരം. പുറത്തിറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ പ്രശസ്തമായ മൂണ്‍ലൈറ്റ് സൊനാറ്റയായിരുന്നു മനസ്സില്‍ മുഴങ്ങിയിരുന്നത്.
വിശന്നിട്ട് വയ്യ. അടുത്തുകണ്ട ചെറിയൊരു സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി. കുറച്ച് ആപ്പിളും മുന്തിരിങ്ങയും വാങ്ങി. ഇവിടെ പഴങ്ങള്‍ നമ്മുടെ നാട്ടിലേതിനെക്കാള്‍ കൂടുതല്‍ ഫ്രഷും മധുരവും ഉള്ളതായി കണ്ടു.
ഇനി സൗണ്ട് ഓഫ് മ്യൂസിക് ടൂര്‍ പുറപ്പെടുന്ന മിറബൈല്‍ സ്‌ക്വയറില്‍ എത്തണം. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ നടന്നു മിറബൈല്‍ സ്‌ക്വയറിലെത്തി. പനോരമ ടൂര്‍സിന്റെ വലിയ ബസ് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ടൂര്‍ ബുക്ക് ചെയ്തിട്ടുള്ളവര്‍ ശാന്തരായി ക്യൂവില്‍നിന്ന് ബസില്‍ കയറുന്നു. ഞങ്ങളും ബസില്‍ കയറി. എല്ലാവരും കയറിക്കഴിഞ്ഞപ്പോള്‍ ചെറുപ്പക്കാരനായ ഡ്രൈവര്‍ ജോണ്‍ എല്ലാവരെയും മൈക്കില്‍ ഹലോ പറഞ്ഞ് സ്വാഗതം ചെയ്തു. ടൗണിലൂടെ വണ്ടിയോടിക്കുന്നതിനിടെ ജോണ്‍ യാത്രക്കാരോട് സരസമായി സംസാരിച്ചുകൊണ്ടിരുന്നു. അടുത്ത സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോള്‍ ചുവന്ന കോട്ടിട്ട ആറടിയിലധികം ഉയരമുള്ള ഒരു താടിക്കാരന്‍ ആജാനുബാഹു സായിപ്പ് കയറി, ഡേവിഡ്. ഇദ്ദേഹമാണ് ട്രിപ്പിന്റെ ഗൈഡ്. ബ്രിട്ടീഷ് ഉച്ചാരണ ശൈലിയില്‍ സുന്ദരമായ ഇംഗ്ലീഷില്‍ ഡേവിഡ് സ്വയം പരിചയപ്പെടുത്തി, ഒപ്പം ബസിലെ എല്ലാവരുടെയും വിവരങ്ങള്‍ ചുരുക്കത്തില്‍ ചോദിച്ചറിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വന്നിട്ടുള്ള സൗണ്ട് ഓഫ് മ്യൂസിക് ആരാധകരാണ് ബസിലുള്ള യാത്രക്കാര്‍. സംഘത്തില്‍ ഇന്ത്യക്കാരായി ഞങ്ങള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ.
1954-ല്‍ സാല്‍സ്ബര്‍ഗില്‍ ഒരു ചെറിയ ഷട്ടില്‍ സര്‍വീസുമായി തുടങ്ങിയ ക്ലൈന്‍ബുസ്സെ മിറബൈല്‍ എന്ന സ്ഥാപനമാണ് ഇന്നത്തെ പനോരമ ടൂര്‍സ്. ഇവരുടെ വാഹനങ്ങളാണ് സൗണ്ട് ഓഫ് മ്യൂസിക്കിന്റെ ചിത്രീകരണ വേളയിലും ഉപയോഗിച്ചിരുന്നത്. സിനിമയുടെ ലോകമെമ്പാടുമുള്ള വിജയം പ്രേക്ഷകരെ സാല്‍സ്ബര്‍ഗിലേക്ക് ആകര്‍ഷിച്ചു. സിനിമയുടെ യഥാര്‍ഥ ലൊക്കേഷനുകള്‍ കാണാന്‍ സഞ്ചാരികള്‍ പനോരമ ടൂര്‍സിന്റെ ഡ്രൈവര്‍മാരെയാണ് തേടി വന്നത്. ഇതാണ് ഒറിജിനല്‍ സൗണ്ട് ഓഫ് മ്യൂസിക് ടൂര്‍ എന്ന പേരില്‍ ടൂര്‍ തുടങ്ങാന്‍ ഇവര്‍ക്ക് പ്രേരണയായത്. ഡേവിഡ് ടൂറിനെപ്പറ്റി ചുരുക്കത്തില്‍ വിവരിച്ചു തന്നു, ഡ്രൈവറെ പരിചയപ്പെടുത്തി. യാത്രയ്ക്കിടയില്‍ താത്പര്യമുള്ളവര്‍ക്ക് കഴിക്കാന്‍ ബസിന്റെ ലഗേജ് കമ്പാര്‍ട്ട്മെന്റില്‍ ചൂടുള്ള വൈനും (Hot wine) മറ്റു ഡ്രിങ്ക്സും സ്‌നാക്‌സുമെല്ലാം എല്ലാം ഒരുക്കിയിരിക്കുന്ന കാര്യവും പറഞ്ഞു. അതിന് കാശു വേറെ കൊടുക്കണമെന്നും. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി സംവിധായകന്‍ സാല്‍സ്ബര്‍ഗ് തീരുമാനിക്കാന്‍ കാരണം ഈ നഗരത്തിന്റെ മാസ്മരിക സൗന്ദര്യം കൊണ്ടായിരുന്നു. പക്ഷേ, സംവിധായകന്‍ ഉദ്ദേശിച്ച രീതിയിലുള്ള മാന്‍ഷന്‍ ഷൂട്ടിങ്ങിന് ലഭ്യമായില്ല. അതുകൊണ്ട് ക്യാപ്റ്റന്‍ വോണ്‍ ട്രാപ്പിന്റെ അദ്ഭുത സൗധം ചിത്രീകരിച്ചത് മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായിട്ടാണ് എന്നുപറഞ്ഞുകൊണ്ട് യാത്ര തുടങ്ങി. ടൂറിന്റെ സമയക്രമത്തിലും കൃത്യതയിലും വിശദാംശങ്ങളിലുള്ള സൂക്ഷ്മതയിലും ഓഡിയോ-വിഷ്വല്‍ സൗകര്യങ്ങളിലും സംഘാടകര്‍ കൊടുത്തിരിക്കുന്ന ശ്രദ്ധ പ്രശംസനീയമാണ്. വളരെ നീളമുള്ള ബസില്‍ 34 ഇടങ്ങളിലായി വീഡിയോ സീനുകള്‍ സ്ഥാപിച്ചിരിക്കുന്നു. യാത്ര ഓരോ ലൊക്കേഷനും എത്താറാകുമ്പോള്‍ ഞങ്ങളെ അദ്ഭുതപ്പെടുത്തിക്കൊണ്ട്, അതിനനുബന്ധിയായ ചിത്രത്തിലെ ദൃശ്യങ്ങളും ഗാനങ്ങളും വളരെ കൃത്യമായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു.
ഡു റേ മി എന്ന മായിക ഗാനം ചിത്രീകരിച്ച മിറബൈല്‍ കൊട്ടാരത്തിനുമുന്നിലൂടെയാണ് ബസ് ആദ്യം പോയത്. ഈ കൊട്ടാരത്തിന്റെ മുന്നിലെ ഉദ്യാനത്തിലായിരുന്നു ലോക സിനിമയിലെ ആദ്യ കൊറിയോഗ്രാഫ്ഡ് നൃത്തരംഗം ചിത്രീകരിച്ചത്. ക്യാപ്റ്റന്‍ അതിഥികളോടൊപ്പം ഉദ്യാനത്തില്‍ നില്‍ക്കുമ്പോള്‍, മരിയ കുട്ടികളുമൊത്ത് ചെറിയ ഒരു ബോട്ടില്‍ അതിലേ വരുന്നു. ക്യാപ്റ്റനെ കണ്ട് പരിഭ്രമത്തില്‍ ബോട്ട് മറിഞ്ഞ് എല്ലാവരും പുഴയില്‍ വീഴുന്ന രംഗം ചിത്രീകരിച്ച പുഴയോരമായിരുന്നു അടുത്ത ലക്ഷ്യം. ലെയോപോള്‍ഡ്സ്‌ക്രോണ്‍ കൊട്ടാരത്തിനോട് ചേര്‍ന്ന് ഒരു മനോഹര ഛായാചിത്രംപോലെ തടാകം. പശ്ചാത്തലത്തില്‍ ബവേറിയന്‍ മലനിരകള്‍. ശൈത്യം കാരണം തടാകത്തിലെ വെള്ളത്തിനുമുകളില്‍ മഞ്ഞുപാളിയുണ്ടാകുമെന്നും സൂക്ഷിക്കണമെന്നും മുന്നറിയിപ്പുതന്നു. കടുത്ത തണുപ്പുകാരണം ആരും വെള്ളത്തില്‍ തൊടാനൊന്നും മുതിരുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് ഹെല്ലോറണ്‍ കൊട്ടാരത്തിലേക്ക്. 'ഐ ആം സിക്സ്റ്റീന്‍ ഗോയിങ് ഓണ്‍ സെവന്റീന്‍' എന്നുതുടങ്ങുന്ന പ്രേമഗാന രംഗത്തിന് പശ്ചാത്തലമൊരുക്കിയ ഗസീബോ, കൊട്ടാരത്തിനോട് ചേര്‍ന്നുള്ള വിശാലമായ പുല്‍ത്തകിടിയിലാണ്. നീണ്ട വഴിത്താരകളുടെ ഇരുവശവുമായി ശിശിരത്തിലെ ഇല പൊഴിഞ്ഞ മരങ്ങളും, നോക്കെത്താദൂരത്തോളം പുല്‍മൈതാനവും പശ്ചാത്തലത്തില്‍ മഞ്ഞുമൂടിത്തുടങ്ങിയ ആല്‍പ്സ് പര്‍വതനിരകളും ചേര്‍ന്ന് ഒരു ദൃശ്യ വിരുന്നൊരുക്കിയപ്പോള്‍ യാത്രികരെല്ലാം ഫോട്ടോ എടുക്കുന്ന തിരക്കിലായി.

ഈ ഗസീബോ പിന്നീടുവന്ന ഒരുപാട് സിനിമാസംവിധായകരെ, നമ്മുടെ പ്രിയദര്‍ശനെയടക്കം, സ്വാധീനിച്ചിട്ടുണ്ട്. നായിക മരിയ കുറച്ചുകാലം കന്യാസ്ത്രീയായി ജീവിച്ച നണ്‍ബെര്‍ഗ് ആബൈയുടെ മുന്നിലൂടെ ബസ് നീങ്ങി. മഠത്തിന് അകത്തേക്ക് സന്ദര്‍ശകരെ ഇപ്പോള്‍ അനുവദിക്കുന്നില്ല. സിനിമയ്ക്ക് വേദിയായിട്ടുള്ള പല സ്ഥലങ്ങളും സന്ദര്‍ശകരെ അനുവദിക്കാത്തതിനാല്‍ പുറമെനിന്ന് കാണേണ്ടിവന്നു.
നഗരത്തിനുള്ളിലുള്ള ലൊക്കേഷനുകള്‍ കണ്ടുകഴിഞ്ഞ് നഗരപ്രാന്തത്തിലേക്ക് വണ്ടി നീങ്ങി. തണുപ്പ് ഏറി വരുന്നുണ്ടായിരുന്നു. ഹോട്ട് വൈന്‍ ആസ്വദിച്ച് വണ്ടിയില്‍ പിന്നെയും കുറേ നേരം. മഞ്ഞു മൂടിയ മലനിരകളുടെയിടയിലൂടെയും, സുന്ദരമായ ഓസ്ട്രിയന്‍ ഗ്രാമങ്ങളിലൂടെയുമാണ് ഇപ്പോള്‍ ബസ് നീങ്ങിക്കൊണ്ടിരിക്കുന്നത്.
നഗരത്തില്‍ നിന്ന് ഏകദേശം 40 കി.മീ ദൂരെയുള്ള വോള്‍ഫ്ഗാങ്സീ എന്ന തടാകം ലക്ഷ്യമാക്കിയാണ് ഞങ്ങള്‍ പോയിക്കൊണ്ടിരുന്നത്. തടാകത്തിനടുത്തുള്ള സെന്റ് ഗില്‍ഗെന്‍ വ്യൂ പോയിന്റില്‍ ബസ് നിര്‍ത്തി. അസ്തമയസൂര്യന്റെ ശോഭയില്‍ മനസ്സില്‍ പതിഞ്ഞ തടാകത്തിന്റെയും ചുറ്റുമുള്ള മലനിരകളുടേയും, ഗ്രാമങ്ങളുടേയും ദൃശ്യം പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണ് പകര്‍ന്നുതന്നത്. മഞ്ഞുവീണുകിടക്കുന്ന തറയില്‍ നടക്കുമ്പോള്‍ വഴുക്കി വീണുപോകുമോ എന്നു ഭയം തോന്നി. ഒരു വശത്ത് കുത്തനെയുള്ള ചരിവാണ്. ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താനും സെല്‍ഫി എടുക്കാനും യാത്രക്കാര്‍ മത്സരിക്കുന്നുണ്ടായിരുന്നു. തണുപ്പുകാരണം ക്യാമറ ക്ലിക് ചെയ്യാന്‍ കൂടി ഗ്ലൗസഴിക്കാന്‍ മടിച്ചു. ഡേവിഡ് എല്ലാവരെയും നിര്‍ബന്ധിച്ച് ബസില്‍ കയറ്റി. അടുത്തതായി മോണ്ട്സീ തടാകക്കരയിലുള്ള ചാപ്പലിലേക്കായിരുന്നു യാത്ര. സിനിമയില്‍ നായിക മരിയയുടെയും നായകന്‍ വോണ്‍ ട്രാപ്പിന്റെയും വിവാഹത്തിന് വേദിയായത് ഈ പള്ളിയായിരുന്നു. സെന്റ് ഗില്‍ഗെനില്‍ നിന്ന് 15 കി. മീ ദൂരത്താണ് മോണ്ട്സീ ചാപ്പല്‍. ബസ് പാര്‍ക്കിങ്ങ് യാര്‍ഡില്‍ നിര്‍ത്തിയശേഷം ഡേവിഡ് യാത്രക്കാര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. പാര്‍ക്കിങ്ങില്‍നിന്നും അര കിലോമീറ്ററോളം തടാകതീരത്തുള്ള ഗ്രാമത്തിലെ വീടുകളുടെ ഇടയിലൂടെയും നടക്കണം പള്ളിയിലേക്ക്. ചെന്നെത്തുന്നത് പള്ളിക്കുമുന്നിലുള്ള കല്ലുകള്‍ വിരിച്ച ഒരു ചത്വരത്തിലാണ്. ചത്വരത്തിനുചുറ്റുമായി നിറയെ ഭക്ഷണശാലകള്‍. അവിടെ കിട്ടുന്ന പ്രത്യേക വിഭവങ്ങളെക്കുറിച്ച് ഡേവിഡ് ഒരു ലഘുപ്രഭാഷണം നടത്തി. കൂട്ടത്തില്‍ സമയത്തിന് ബസില്‍ തിരിച്ചെത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും.

തിരിച്ചെത്താന്‍ വൈകിയാല്‍ മോണ്ട്സീ വല്ലാതെ ഇഷ്ടപ്പെട്ടുപോയതിനാല്‍ അവിടെ സ്ഥിരതാമസമാക്കി എന്ന് കരുതി വണ്ടി പോകുമെന്നും സരസമായി ഓര്‍മിപ്പിച്ചു. ഇരുട്ടായിത്തുടങ്ങി. അന്നുക്കുട്ടി ഉറങ്ങി. കഫറ്റേരിയകളിലെല്ലാം നല്ല തിരക്ക്. രസകരമായ വിഭവങ്ങള്‍ ചില്ലുകൂട്ടിനുള്ളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഒരു കോഫിയെങ്കിലും കുടിക്കണമെന്നുണ്ടായിരുന്നു. ഡേവിഡിന്റെ സമയ ഭീഷണി മനസ്സിലുള്ളതിനാല്‍ വേഗം തിരിച്ചുബസിലേക്ക് നടന്നു. ഇനി ടൗണിലേക്കുള്ള മടക്കയാത്രയാണ്. മരിയയ്ക്കും കുടുംബത്തിനും സിനിമയിലെ അഭിനേതാക്കള്‍ക്കും യഥാര്‍ഥജീവിതത്തില്‍ പിന്നീടെന്ത് സംഭവിച്ചുവെന്നെല്ലാമായിരുന്നു ഡേവിഡ് മടക്കയാത്രയില്‍ പറഞ്ഞുകൊണ്ടിരുന്നത്. വഴിയില്‍ ഇരുട്ട് വീണുതുടങ്ങി. ഇനി നിങ്ങളെല്ലാവരും പാടുകയാണെങ്കില്‍ ഞാന്‍ മിണ്ടാതിരിക്കാം എന്നുപറഞ്ഞ് സിനിമയിലെ ഗാനദൃശ്യങ്ങള്‍ ഒന്നൊന്നായി വീഡിയോയില്‍ ഇട്ടു.
എല്ലാ യാത്രക്കാരും ഒന്നായിപ്പാടി, മരിയയുടെ കൂടെ. സംഗീതത്തിന് ഒന്നും തടസ്സമാകില്ലല്ലോ. ആവേശം മൂത്ത് ഡേവിഡും കൂടെ ചേര്‍ന്നു. പുറകിലിരുന്ന സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള യുവമിഥുനങ്ങള്‍, ജപ്പാനില്‍ നിന്നുള്ള വൃദ്ധദമ്പതികള്‍, അമേരിക്കയില്‍നിന്നുള്ള യുവാവ്... എല്ലാവരും ഒന്നിച്ച് പാടി, തിരിച്ച് മിറബൈല്‍ സ്‌ക്വയറില്‍ എത്തുന്നതുവരെ. ബസിറങ്ങി ഡേവിഡിനോടും ജോണിനോടും യാത്ര പറഞ്ഞ് വീണ്ടും സിറ്റി ബസില്‍ റയില്‍വേ സ്റ്റേഷനിലേക്ക്. രാത്രിയിലെ വഴിവിളക്കുകളുടെ പ്രകാശത്തില്‍ സാല്‍സ്ബര്‍ഗ് നഗരം ഒരിക്കല്‍കൂടി കൊതിയോടെ നോക്കിക്കണ്ടു. ഏഡെല്‍വൈസ് എന്ന ഗാനം പശ്ചാത്തലത്തില്‍ മുഴങ്ങുന്നതുപോലെ. സൗണ്ട് ഓഫ് മ്യൂസിക് ഒരിക്കല്‍കൂടി കാണണം എന്ന് മനസ്സില്‍ ഉറപ്പിച്ചു. ട്രെയിനില്‍ ഓസ്ട്രിയ കടന്ന് അതിവേഗം ജര്‍മനിയിലേക്ക്.


ഈ സിനിമയെക്കുറിച്ച് ഒന്നുമറിയാത്ത സഞ്ചാരിക്കുപോലും ആസ്വദിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഈ ടൂര്‍ ഒരുക്കിയിരിക്കുന്നത്. ദിവസവും രണ്ടു തവണ ഈ ട്രിപ് നടത്തുന്നു. രാവിലെ 9:15 നും ഉച്ചയ്ക്ക് 2 മണിക്കും. ഞങ്ങള്‍ യാത്രചെയ്ത 2017 ഡിസംബറില്‍ 42 യൂറോ (ഏകദേശം 3,200 രൂപ) ആയിരുന്നു ഒരാള്‍ക്ക് ടൂര്‍ ഫീ. 4 മണിക്കൂറാണ് ടൂറിന്റെ ദൈര്‍ഘ്യം. ഓണ്‍ലൈന്‍ വഴിയും ടൂര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. 1964-ലെ ഈ അദ്ഭുത ചിത്രം പുനര്‍ജനിപ്പിക്കാന്‍ ഇതിലും നല്ല അവസരം ഒരു ചലച്ചിത്ര പ്രേമിക്കും ഉണ്ടാവില്ല എന്നുറപ്പിച്ച് പറയാം. 15 ദിവസത്തെ യൂറോപ്പ് യാത്രയിലെ ഏറ്റവും അവിസ്മരണീയമായ ദിവസമായിരുന്നു സൗണ്ട് ഓഫ് മ്യൂസിക് ടൂര്‍. 80 കളില്‍ ഈ ചിത്രം ആദ്യമായി കണ്ടപ്പോള്‍, ആദ്യമായി അതിലെ ഗാനങ്ങള്‍ കേട്ടപ്പോള്‍ തോന്നിയ അതേ ആവേശം ഇപ്പോള്‍ ഈ നഗരത്തില്‍വെച്ച് ഞങ്ങള്‍ വീണ്ടും അനുഭവിച്ചറിഞ്ഞു. ആ ചിത്രത്തിനോടൊപ്പം അച്ഛന്റെ ഓര്‍മകളും ബാല്യകാല സ്മരണകളും എല്ലാം കെട്ടുപിണഞ്ഞു കിടക്കുന്നതുകൊണ്ടാണോ എന്നറിയില്ല, സാല്‍സ്ബര്‍ഗ് നഗരം ഇനിയും ഒരിക്കല്‍ കൂടി കാണാന്‍ മനസ്സു കൊതിക്കുന്നു.
Content Highlights: Salzberg Travel, the location of The Movie The Sound of Music, Mathrubhumi Yathra