ത്രയ്ക്ക് വലിയൊരു മുട്ട ആദ്യമായി കാണുകയാണ്. ഉള്ളംകൈയിൽ ശരിക്കും ഒതുങ്ങുന്നില്ല. ഒരു കിലോ ഗ്രാമിലധികം ഭാരം കാണും. അത് കൈയിൽവെച്ചു തന്നത് ആറടിയിലധികം ഉയരവും തടിച്ച ശരീരപ്രകൃതിയുമുള്ള വെള്ളക്കാരൻ ഫ്രെഡിയാണ്. വേറെ നാല് മുട്ടകൾ നിലത്തുവെച്ച ശേഷം അതിൽ കയറി നിൽക്കാനും ഫ്രെഡിയുടെ ക്ഷണം. എഗ്ഗ് ചാലഞ്ചെന്നാണ് ഫ്രെഡി ഇതിനെ വിശേഷിപ്പിക്കുന്നത്. മടിച്ചുകൊണ്ട് കരുതലോടെയാണ് അതിൽ കയറി നിന്നത്. കുഴപ്പമില്ലെന്ന് തോന്നിയപ്പോൾ കാൽ ഉറപ്പിച്ച് ബലം കൊടുത്തു നിന്നു. ഇല്ല, മുട്ടകളൊന്നും പൊട്ടിയില്ല. മാർബിളിന്റെ പാളിപോലെ ഉറപ്പുണ്ട് ആ മുട്ടകളുടെ തോടിന്. ഇത് ലോകത്തെ ഏറ്റവും വലിയ പറവയായ ഒട്ടകപ്പക്ഷിയുടെ മുട്ടയാണ്.

Ostriches 1

ദക്ഷിണാഫ്രിക്കയിലെ മോസൽബെക്കിന് സമീപം ഓട്ട് ഷൂമിലെ സഫാരി ഓസ്ട്രിച്ച് ഫാമിൽ സന്ദർശനത്തിനെത്തിയതാണ് ഞങ്ങൾ. ആയിരത്തോളം ഒട്ടകപ്പക്ഷികളെ വളർത്തുന്ന ഫാം ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. ഒട്ടകപ്പക്ഷികളെ കാണാനും അവയുമായി ഇടപഴകാനും പഠിക്കാനുമായി ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. ലോകത്ത് ഏറ്റവുമധികം ഒട്ടകപ്പക്ഷികളുള്ള പ്രദേശം ഓട്ട്ഷൂമാണ്. സഫാരിയെപോലുള്ള കുറേയധികം ഓസ്ട്രിച്ച് ഫാമുകൾ ഓട്ട് ഷൂമിലും ചുറ്റുവട്ടത്തുമുണ്ട്. ഇറച്ചിയിൽനിന്നും മുട്ടയിൽനിന്നും തൂവലിൽനിന്നും ഉള്ള വരുമാനത്തിന് പുറമേ വിനോദസഞ്ചാരികളിൽനിന്നും നല്ലൊരു തുക ഈ ഫാമുകൾക്ക് കിട്ടുന്നു.

Ostriches 2

ദക്ഷിണാഫ്രിക്കയുടെ തെക്കുഭാഗത്തുള്ള പട്ടണമായ ജോർജിൽനിന്ന് കേപ്ടൗണിലേക്കുള്ള യാത്രക്കിടെ ഹാവ്ലിൻ എന്ന ടൂറിസ്റ്റ് ഗൈഡാണ് ഇന്ത്യൻ സഞ്ചാരികളുടെ സംഘത്തെ സഫാരി ഫാമിലേക്ക് കൊണ്ടുപോയത്. “നിങ്ങൾ ഇതുവരെ നേരിൽ കണ്ടിരിക്കാൻ ഇടയില്ലാത്ത ഒരു വിശിഷ്ടവ്യക്തിയെ കാണിച്ചു തരാം.'' ഇതായിരുന്നു പൊതുവേ നർമപ്രിയനായ ഹാവ്ലിന്റെ വാഗ്ദാനം. കഷണ്ടിത്തലയും വട്ടക്കണ്ണടയുമുള്ള ഹാവ്ലിന് ഗാന്ധിജിയുടെ ഛായയുണ്ടെന്ന് ഏതോ ഇന്ത്യൻ സഞ്ചാരി മുൻപ് പറഞ്ഞിട്ടുണ്ടത്രേ. അതുകൊണ്ടുതന്നെ ഹാവ്ലിൻ ഗാന്ധിയെന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. മുന്നിൽ സഫാരി എന്ന ബോർഡ് കണ്ടപ്പോഴാണ് ഒട്ടകപ്പക്ഷിയാണ് ഹാവ്ലിൻ പറഞ്ഞ വിശിഷ്ടവ്യക്തിയെന്ന് മനസ്സിലായത്. ബോർഡിൽ ഒട്ടകപ്പക്ഷിയുടെ പുറത്ത് ഒരു മനുഷ്യൻ ഇരിക്കുന്ന വലിയ പടം.

Ostriches 3

സഫാരി ഫാമിലെ കെയർടേക്കർമാരിൽ ഒരാളായ ഫ്രെഡിയെ ഹാവ്ലിൻ പരിചയപ്പെടുത്തിത്തന്നു. പക്ഷികളുടെ അരികിലേക്ക് കൊണ്ടുപോകും മുൻപ് ഫ്രെഡി മുട്ടകൾ കാണിച്ചുതന്നു. ശാസ്ത്രീയമായി വലിയൊരു സവിശേഷത ഈ മുട്ടയ്ക്കുണ്ട്. ലോകത്തെ ജന്തുജാലങ്ങൾക്കിടയിൽ കാണപ്പെടുന്ന ഏറ്റവും വലിയ കോശം ഇതാണ്. ഒരൊറ്റ കോശമാണ് ഒട്ടകപ്പക്ഷിയുടെ മുട്ടിയായി മാറുന്നത്. ഏതായാലും ഈ സവിശേഷതകൾക്കൊത്ത വിലയും ഈ മുട്ടയ്ക്ക് സഫാരി ഫാം സന്ദർശകരിൽനിന്ന് ഈടാക്കുന്നു. ഒരറ്റത്ത് ചെറിയ തുളയുണ്ടാക്കി ഉള്ളിലുള്ള വെള്ളയും കരുവും ഓംലെറ്റുണ്ടാക്കാൻ എടുത്തശേഷം വൃത്തിയാക്കി വെയ്ക്കുന്ന മുട്ടത്തോട് ഏകദേശം നൂറ് റാന്റിനാണ് (അഞ്ഞൂറോളം രൂപ) വിൽക്കുന്നത്. ചിത്രപ്പണികൾ ചെയ്ത് ഭംഗിയാക്കിയ മുട്ടയ്ക്ക് 300 മുതൽ 400 വരെ റാന്റ് വിലവരും.

Ostrich Eggs

ദക്ഷിണാഫ്രിക്കയുടെ തെക്കു പടിഞ്ഞാറുഭാഗത്തുള്ള (വെസ്റ്റേൺ കേപ്) മോസ്സൽബോയിൽനിന്ന് തെക്കു കിഴക്കു ഭാഗം (ഈസ്റ്റേൺ കേപ്) വരെയുള്ള പ്രദേശത്തിന് ഗാർഡൻ റൂട്ടെന്നാണ് പേര്. ആ പ്രദേശത്തെ സസ്യജാലങ്ങളുടെ ആധിക്യമാണ് ഈയൊരു പേര് വരാൻ കാരണം. കാടുകളും വന്യജീവികളും ഏറെയുള്ള ഈ മേഖലയിലാണ് ലോകത്തിന്റെ ഓസ്ട്രിച്ച് ക്യാപിറ്റലെന്ന് അറിയപ്പെടുന്ന ഓട്ട്ഷൂമും. 1956-ൽ ആരംഭിച്ച് സഫാരി ഫാം ഓട്ട്ഷൂമിലെ ഏറ്റവും മികച്ച ഒട്ടകപ്പക്ഷി വളർത്തുകേന്ദ്രങ്ങളിൽ ഒന്നാണ്.

പത്തു പേർക്കിരിക്കാവുന്ന ഓപ്പൺ മോട്ടോർ കാബിൽ ഫ്രെഡി ഫാം ചുറ്റിക്കാണുന്നതിനായി ഞങ്ങളെ കൊണ്ടുപോയി. വേലികെട്ടിത്തിരിച്ച മേട്ടിൻപുറങ്ങളിൽ സ്വതന്ത്രമായി വിഹരിക്കുകയാണ് പൂർണവളർച്ചയെത്തിയ ഒട്ടകപ്പക്ഷികൾ. തല കുലുക്കിയുള്ള അവയുടെ ഓട്ടം കാണുക കൗതുകകരമാണ്. ഇടയ്ക്ക് വണ്ടി നിർത്തി. താഴെയിറങ്ങിയ ഞങ്ങളെ പക്ഷികളുടെ അടുത്തേക്ക് കൊണ്ടുപോയി. ഫ്രെഡി തന്ന പെല്ലറ്റ് രൂപത്തിലുള്ള തീറ്റ അവയ്ക്ക് നേരെ നീട്ടിയപ്പോൾ അടുത്തേക്ക് ഓടിയെത്തി. ഞങ്ങളുടെ കൈയിൽനിന്നുതന്നെ കൊത്തിയെടുത്ത് തിന്നു. ഇലവർഗങ്ങളും പുഴുക്കളുമാണ് മിശ്രഭുക്കായ ഒട്ടകപ്പക്ഷിയുടെ പ്രധാന ആഹാരം. ഫാമുകളിൽ ഇലകളും മറ്റും പെല്ലറ്റ് രൂപത്തിലാക്കിയുള്ള തീറ്റയാണ് നൽകുന്നത്.

Ostrich 5

സിംബാബ്വേ, കെനിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നു കൊണ്ടുവന്ന വിവിധയിനം ഒട്ടകപ്പക്ഷികൾ ഇവിടെയുണ്ട്. ഇതിനുപുറമേ ഇവയുടെ വർഗത്തിൽപ്പെട്ട എമുവിനെയും സഫാരി ഫാമിൽ വളർത്തുന്നുണ്ട്. ഓരോയിനം ഒട്ടകപ്പക്ഷികളുടെ പ്രത്യേകതകളും ഫ്രെഡി വിശദീകരിച്ചു തന്നു. വളർച്ചയെത്തിയ ഒട്ടകപ്പക്ഷിക്ക് രണ്ട് മീറ്ററിലേറെ ഉയരവും 150 കിലോ ഗ്രാംവരെ തൂക്കവുമുണ്ടാവും. മണിക്കൂറിൽ 70 കിലോ മീറ്റർ വേഗത്തിൽ ഓടാൻ കഴിയുന്ന ഇവയുടെ കാലുകളിൽ രണ്ടു വീതം വിരലുകളാണുള്ളത്. ചിറകുകളുണ്ടെങ്കിലും പറക്കാനാവില്ല. ദൂരത്തേക്ക് കാണാനുള്ള അസാമാന്യ പാടവവും ഉണ്ട്. ശരാശരി ആയുസ്സ് 75 വർഷമാണെന്നും ഫ്രെഡി പറഞ്ഞു.

Ostrich 6
ഒട്ടകപ്പക്ഷിയുടെ ഇറച്ചി

നമ്മുടെ കൽപ്പവൃക്ഷമായ തെങ്ങിനെ പോലെയാണ് ആഫ്രിക്കയിലെ കർഷകർക്ക് ഒട്ടകപ്പക്ഷികൾ. ഇവയുടെ ഒരു ഭാഗവും വെറുതെ ഉപേക്ഷിക്കാറില്ല. മുട്ടയ്ക്കും ഇറച്ചിക്കും വലിയ ഡിമാന്റുണ്ട്. മറ്റ് ഇറച്ചികളെ അപേക്ഷിച്ച് കൊളസ്ടോൾ കുറവാണ് ഒട്ടകപ്പക്ഷിയുടെ ഇറച്ചിയിൽ. 12 മാസം പ്രായമാവുമ്പോൾ തന്നെ ഇറച്ചിക്കായി ഇവയെ കൊല്ലുന്നു. തൊലികൊണ്ട് ബാഗുകളും ബെൽറ്റുകളും ഉണ്ടാക്കും. ചായം നൽകിയ തൂവലുകൾ അലങ്കാരപ്പണികൾക്കായി ഉപയോഗിക്കും. ചിത്രപ്പണികൾ ചെയ്ത മുട്ടത്തോടുകളാണ് ആഫ്രിക്കയിൽ എത്തുന്ന വിനോദസഞ്ചാരികൾ വാങ്ങുന്ന പ്രധാന കൗതുകവസ്തു.

Ostrich 8
ഒട്ടകപ്പക്ഷിയുടെ സംസ്കരിച്ച തോൽ
Yathra Subscription
പുതിയ ലക്കം മാതൃഭൂമി യാത്ര വാങ്ങാം

ഒട്ടകപ്പക്ഷികളുടെ തൊലിയും തൂവലും മുട്ടത്തോടുകളും കൊണ്ടുണ്ടാക്കിയ കൗതുകവസ്തുക്കൾ വിൽക്കുന്ന വിശാലമായ ഷോപ്പിങ് സെന്റർ സഫാരി ഫാമിനോട് ചേർന്നുണ്ട്. അടുത്തുള്ള റെസ്റ്റോറന്റിൽ ഒട്ടകപ്പക്ഷിയുടെ ഇറച്ചികൊണ്ട് ഉണ്ടാക്കിയതടക്കമുള്ള വിഭവങ്ങൾ വിളമ്പുന്നു. ഒപ്പം വിരിയാനായി മുട്ടകൾ ശേഖരിച്ചുവെച്ചിരിക്കുന്ന ഇൻക്യുബേറ്ററുകളും തൊലിയും തൂവലും സംസ്കരിക്കുന്നതിനുള്ള സംവിധാനവും ഇവിടെയുണ്ട്. ദിവസവും ആയിരക്കണക്കിന് സന്ദർശകർ 160 റാന്റിന്റെ ടിക്കറ്റെടുത്ത് സഫാരി ഫാമിൽ ഒട്ടകപ്പക്ഷികളെ കാണാനെത്തുന്നു.

(മാതൃഭൂമി യാത്ര 2018 ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: safari ostrich farm, oudtshoorn, south african travel

യാത്ര വാങ്ങാം