ശിശിരമഞ്ഞിൽ കുളിച്ചുനിൽക്കുന്ന ഇലകൊഴിഞ്ഞ വീഥികളിൽ, വീശിയടിക്കുന്ന നനുത്ത കാറ്റിൽ ആടിയിളകുന്ന നക്ഷത്രവിളക്കുകൾ, തലയി ളക്കി മാടിവിളിക്കുന്ന സാന്റാ (Santa) ബിംബങ്ങൾ, പ്രകാശത്തിരമാല ആർത്തലച്ചു നാദമുയർത്തുന്ന വിഖ്യാത മന്ദിരങ്ങളും തെരുവുകളും പാതയോരങ്ങളും. 

നഗരാന്തരങ്ങളിലെ ഊടുവഴികൾ പോലും നിറങ്ങളാൽ നിറഞ്ഞിരിക്കുന്നു. കരോൾ ഗാനങ്ങളും സമ്മാനപ്പൊതികളും അലം കൃതമായ ക്രിസ്മസ് ട്രീകളും പുൽക്കൂടുകളുമായി ആഘോഷരാവിനെ വരവേൽക്കാൻ സജ്ജമായിരിക്കുന്നു. ഡിസംബർ 25 എന്ന ദിനം ക്രിസ്മസിന് സമ്മാനിച്ച റോമാനഗരം.

ആനന്ദത്തിന്റെ മഹോത്സവമായ ക്രിസ്മസ് ലോകമെമ്പാടും കൊണ്ടാടുമ്പോൾ, സമാധാനസന്ദേശവുമായി രക്ഷകൻ ഭൂമിയിലേക്കിറങ്ങിവന്ന ആ ദിവ്യരാത്രിയും കാത്ത് ഡിസംബർ ആദ്യം തന്നെ നിത്യനഗരം (Eternal City) പ്രകാശശോഭിതമാകുന്നു. കൊടുംതണുപ്പിൽ റോമാക്കാർ പുതച്ചുറങ്ങുമ്പോഴും നഗരം ഉണർന്നിരിക്കും. ക്രിസ്മസിനോടനുബന്ധിച്ച് മാത്രം കാണുന്ന ഈ അല കാരങ്ങൾ പുതുവർഷപ്പുലരിക്കുശേഷമേ പടിയിറങ്ങൂ. അലങ്കാരങ്ങളിൽ താരം, ലോകമെമ്പാടും ഉറ്റുനോക്കുന്ന വത്തിക്കാനിലെ വിശ്വവിഖ്യാതമായ സെന്റ് പീറ്റേഴ്സ് ബസിലിക്കാങ്ക ണത്തിൽ ഉയരുന്ന ഭീമൻ ക്രിസ്മസ് ട്രീയും ശില്പചാതുര്യമാർന്ന പുൽക്കൂടും തന്നെയാണ്. 

1982-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കാലത്താണ് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഇവ ഒരുക്കിത്തുടങ്ങിയത്. ലോകത്തെ മുഴുവൻ വാരിപ്പുണരാൻ വിധം കൈകൾ വിടർത്തിയ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ മാർപ്പാപ്പയുടെ പാതിരാക്കുർബാനയിൽ പങ്കെടുക്കാൻ നാനാകോണുകളിൽ നിന്നും അനേകായിരങ്ങളെത്തുന്നു. മഹാമാരി തടസ്സം തീർത്ത കഴിഞ്ഞ രണ്ടുവർഷം മാത്രം ആ പതിവു തെറ്റി. 

Yathra Cover
യാത്രാവിവരണത്തിന്റെ പൂർണരൂപം വായിക്കാൻ മാതൃഭൂമി യാത്ര വാങ്ങാം

വ്യത്യസ്ത ഭാഷകളിലുള്ള പ്രാർഥനകളടങ്ങിയ ദിവ്യബലിയുടെ അന്ത്യഭാഗത്ത് ബാലസംഘത്തിന്റെ അകമ്പടിയോടെ പാപ്പ അൾത്താരയിൽ നിന്ന് പ്രദക്ഷിണമായി, ബസിലിക്കയുടെ പ്രവേശനകവാടത്തിൽ ഒരുക്കിയിരിക്കുന്ന പുൽക്കൂടിനുള്ളിൽ ഉണ്ണിയേശുവിനെ പ്രതിഷ്ഠിച്ച് കാലിത്തൊഴു ത്തിലെ രക്ഷാകര ജനന സ്മരണ പുതുക്കുന്നു.

(മാതൃഭൂമി യാത്ര 2021 ഡിസംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ച 'റോമിലെ ക്രിസ്മസ് താരങ്ങൾ' എന്ന യാത്രാ വിവരണത്തിൽ നിന്നൊരു ഭാ​ഗം)

Content Highlights: Rome, christmas 2021, st peter's sqaure christmas celebration