ഗ്രേറ്റ് ബ്രിട്ടന്റെ ഭാഗമായ വെയില്‍സിലെ രണ്ടാമത്തെ വലിയ നഗരമാണ് സ്വാന്‍സീ. സ്വാന്‍സീ ഉള്‍ക്കടലും ഗോവര്‍ ഉപദ്വീപും ഉള്‍പ്പെടുന്നതാണ് സ്വാന്‍സീ കൗണ്‍ടി. താരതമ്യേന ചെറിയ ഭൂപ്രദേശമാണെങ്കിലും അത്യാകര്‍ഷകമായ കടല്‍ത്തീരങ്ങളും വിസ്മയിപ്പിക്കുന്ന തീരരേഖകളുമാണ് ഗോവര്‍ ഉപദ്വീപിനെ വ്യത്യസ്തമാക്കുന്നത്. ഒളിഞ്ഞിരിക്കുന്ന അഴിമുഖങ്ങളും കൗതുകമുണര്‍ത്തുന്ന ഗ്രാമങ്ങളും അലക്ഷ്യയാത്രക്കായി സഞ്ചാരികളെ കാത്തിരിക്കുന്ന വിശാലമായ തരിശുനിലങ്ങളും ഗോവറിനെ വ്യത്യസ്തമാക്കുന്നു. 

Rhossili Bay

പുല്‍മേടുകളില്‍ മേയുന്ന ആട്ടിന്‍കൂട്ടങ്ങളും പശുക്കളും കുതിരകളുമൊക്കെയാവും പുല്‍മേടുകളില്‍ യാത്രയില്‍ നമുക്ക് കൂട്ടുണ്ടാവുന്നത്. മൂന്ന് മൈല്‍ നീളുന്ന മനോഹരമായ സ്വര്‍ണമണല്‍പ്പരപ്പ്; അനിതരമായ വശ്യതയുള്ള പ്രകൃതി; കടല്‍ത്തീരത്തോടു ചേര്‍ന്ന് മൈലുകള്‍ നീളുന്ന നടപ്പാതകള്‍; ഒരുവശത്ത് കടലിനെ മുത്തമിടുന്ന കീഴ്ക്കാംതൂക്കായ പാറക്കൂട്ടങ്ങള്‍. ഇതെല്ലാം ചേര്‍ന്നതാണ് റോസ്സിലി (Rhossili) കടപ്പുറം. 

Rhossili Bay

ബ്രിട്ടീഷ് കടല്‍ത്തീരങ്ങളുടെ സൂപ്പര്‍മോഡല്‍ എന്നാണ് റോസ്സിലി അറിയപ്പെടുന്നത്. വെയില്‍സിലെ ഗോവര്‍ ഉപദ്വീപിന്റെ പടിഞ്ഞാറെ അറ്റത്താണ് റോസിലി കടപ്പുറം. പുഴുവിന്റെ തല എന്ന് മലയാളത്തില്‍ വിളിക്കാവുന്ന Worms Head എന്ന കൊച്ചുദ്വീപിലേക്ക് വേലിയിറക്കസമയത്ത് സഞ്ചാരികള്‍ക്ക് നടന്നുപോകാം.

Rhossili Bay

റോസ്സിലി കടപ്പുറത്തിന്റെ തെക്കുപടിഞ്ഞാറായാണ് ഈ കൊച്ചുദ്വീപിന്റെ സ്ഥാനം. തിരമാലകള്‍ക്ക് മുകളിലൂടെ അഭ്യാസം കാണിക്കുന്ന സാഹസികര്‍ക്കും നേരമ്പോക്കിനായി കടല്‍ത്തീരങ്ങളില്‍ ഉലാത്തുന്നവര്‍ക്കും അലക്ഷ്യസഞ്ചാരികള്‍ക്കും പാരാഗ്ലൈഡര്‍മാര്‍ക്കും എല്ലാം ഒരുപോലെ പ്രിയപ്പെട്ടതാണ് റോസ്സിലി. ഇതെല്ലാമാണെങ്കിലും വൃത്തിയും സ്വച്ഛതയും തനതായ ശാന്തിയും റോസ്സിലി കൈവിട്ടിട്ടില്ല. 

Rhossili Bay

കടല്‍ത്തീരത്തിന് ചുറ്റുമുള്ള റോസ്സിലി ഗ്രാമവും ചുറ്റുപാടും ആഴത്തിലുള്ള ചരിത്രം ഒളിപ്പിച്ചുവച്ചിട്ടുണ്ട്. 1887 ല്‍ റോസ്സിലി ഉള്‍ക്കടലില്‍ അടിയുറച്ചുപോയ ഹെല്‍വെറ്റിക്ക എന്ന കപ്പലിന്റെ അവശിഷ്ടങ്ങള്‍ ഇവിടെ ഇപ്പോഴും കാണാം. പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണിത ദേവാലയത്തിന്റെ അവശിഷ്ടമായ  പ്രവേശനകവാടം കുറച്ചുകാലം മുന്‍പാണ് റോസിലിയില്‍ നിന്ന് മാറ്റിയത്. 

Rhossili Bay

ലോഹയുഗത്തില്‍ നിര്‍മിച്ച കൊട്ടകളുടെ അവശേഷിപ്പുകളും തീരം ചേര്‍ന്ന് നിദ്രയിലാണ്. Rhos (റോസ്സ്) എന്നാല്‍ വെല്‍ഷ് ഭാഷയില്‍ കപ്പലുകള്‍ നങ്കൂരം ഇടുന്ന സ്ഥലം എന്നാണര്‍ത്ഥം. Sulein എന്നത് ഒരു വ്യക്തിനാമവും. ഈ രണ്ട് വാക്കുകള്‍ കൂടിചേര്‍ന്നാണ് റോസ്സിലി എന്ന പേരുണ്ടായത്.

Rhossili Bay
ലേഖകന്‍ റോസ്സിലി ബീച്ചില്‍ 

കഴിഞ്ഞ വാരാന്ത്യത്തിലാണ് റോസ്സിലി ബീച്ച് സന്ദര്‍ശിക്കാന്‍ സാധിച്ചത്. മനോഹരമായ റോസ്സിലി ബീച്ചും പരിസരപ്രദേശവും നല്‍കിയ പ്രകൃതി സമ്പന്നമായ കാഴ്ചകള്‍ എന്നും മനസ്സില്‍ മായാത്ത ഒരേടായി നിലനില്‍ക്കും.

Content Highlights:Rhossili Bay has 3 miles of gorgeous sand and coastline. Perfect for walkers, watersports and wonderful views, Rhossili beach travelogue