വായനയും യാത്രയും തമ്മിൽ അഭേദ്യമായ ഒരു ബന്ധമാണ് ജീവിതത്തിലുടനീളം. അധ്യാപകരായിരുന്ന അച്ഛനമ്മമാരുടെ ഹോം ലൈബ്രറിയിൽ നി ന്ന് അക്ഷരങ്ങൾ കൂട്ടിവായിക്കുന്ന കാലം മുതൽ പുസ്തകങ്ങൾ ഒപ്പമുണ്ടായിരുന്നു. രണ്ട് മുതിർന്ന സഹോദരന്മാരുടെ കൂടെ തലമുട്ടിച്ചിരുന്നു വായിച്ച പല പുസ്തകങ്ങളിലെയും സ്ഥലങ്ങൾ തേടിയുള്ള യാത്രയാണ് എന്നെയൊരു സഞ്ചാരിയാക്കി മാറ്റിയത്. 

കുട്ടിക്കാലം മുതൽക്കേ ഷെർലക് ഹോംസ് കഥകളുടെ ആരാധികയായിരുന്നു ഞാൻ. “ബാസ്കർ വിൽസിലെ വേട്ടനായും', 'ദി ഫൈനൽ പ്രോബ്ലവുമെല്ലാം ഹൃദയത്തിലന്നേ കുടിയേറിക്കഴിഞ്ഞിരുന്നു. വിക്ടോറിയൻ ലണ്ടനിലെ പുകമഞ്ഞ് മൂടിയ തെരുവുകളിൽ തിന്മയ്ക്കെതിരേ പോരാടുന്ന കുശാഗ്രബുദ്ധിക്കാരനായ ഹോംസ് വീരനായകനായി ഹൃദയത്തിൽ കൂടുകൂട്ടി. യൂറോപ്പ് യാത്രയിൽ സ്വിറ്റ്സർലൻഡിനായി നാല് ദിവസം മാറ്റിവയ്ക്കുമ്പോൾ മനസ്സിൽ നിറയെ ഷെർലക് ഹോംസ് കഥകളായിരുന്നു.

train
മെരിഞ്ജൻ-ഇൻർലേക്കൻ ട്രെയിൻ

സ്കോട്ടിഷ് എഴുത്തുകാരനായ ആർതർ കോനൻ ഡോയലിന്റെ അതിപ്രശസ്തമായ ഡിറ്റക്ടീവ് സീരിസിലെ "ദി ഫൈനൽ പ്രോബ്ലം എന്ന ചെറുകഥയിൽ ഡോക്ടർ വാട്സനെ കാണാൻ ഹോംസ് പരിഭ്രാന്തനായി എത്തുകയാണ്. കുറ്റകൃത്യങ്ങളിലെ നെപ്പോളിയൻ എന്നറിയപ്പെടുന്ന പ്രൊഫസർ ജെയിംസ് മൊറിയാർട്ടി, തന്നെ കുടുക്കാൻ ഇറങ്ങിയിരിക്കുന്ന ഹോംസിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. അതിനോടകം തന്നെ പല രീതിയിലും ഹോംസിനെ വകവരുത്താൻ ശ്രമം നടന്നു കഴിഞ്ഞു. ഹോംസ് ഒരുക്കിയ കെണിയിൽ മൊറിയാർട്ടി ഒഴികെയുള്ള സംഘാംഗങ്ങൾ എല്ലാം തന്നെ കുടുങ്ങുന്നു.

മൊറിയാർട്ടിയുടെ കൈപ്പിടിയിൽ നിന്ന് രക്ഷപ്പെടാൻ ഹോംസും വാട്സനും ഇംഗ്ലണ്ടിൽനിന്ന് മാറുകയാണ്. ജർമനിയുടെയും ഫ്രാൻസിന്റെയും അതിർത്തി ഗ്രാമമായ സാസ്ബർഗും ബ്രസ്സൽസുമൊക്കെ താണ്ടി മെരിഞ്ജൻ എന്ന സ്വിസ് ഗ്രാമത്തിൽ അവർ എത്തി. ശാന്തമായ താമസത്തിനിട യിൽ അവർ സമീപത്തുള്ള റെയ്കൻബാക്ക് ജലപാതത്തിന്റെ അടുത്തേക്ക് സായാഹ്ന സവാരിക്കായി പോയി. എന്നാൽ പെട്ടെന്നുതന്നെ ഡോക്ടർ വാട്സന് ഒരു രോഗിയെ ചികിത്സിക്കാനായി തിരിച്ചുപോരേണ്ടി വന്നു. ആ സന്ദേശം വ്യാജമായിരുന്നു. ചതി തിരിച്ചറിഞ്ഞ ഡോക്ടർ വാട്സൻ ഉടൻ തന്നെ ഹോംസിനടുത്തേക്ക് തിരിച്ചു. എന്നാൽ വാട്സനെ കാത്ത് ഹോംസിന്റെ ഒരു കുറിപ്പ് മാത്രമായിരുന്നു അവ ശേഷിച്ചത്. ക്രൂരനും ചതിയനുമായ മൊറിയാർട്ടിയുമായി മല്ലിട്ട് ആ അലറുന്ന ജലപാതത്തിലേക്ക് വീണ ഹോംസിന്റെ കാൽപ്പാടുകൾ മാത്രം അവിടെ ശേഷിച്ചിരുന്നു. ജലപാതത്തിനരികെ അതീവ ദുഃഖിതനായി നിൽക്കുന്ന വാട്സനിൽ കഥ അവസാനിക്കുകയാണ്. 1893-ൽ കഥ പ്രസിദ്ധീകരിച്ച സാൻഡ് മാസിക ഹോംസിന്റെ ആരാധകർ തീയിട്ട് നശിപ്പിച്ചു. ലോകമെമ്പാടുമുള്ള ഹോംസ് ആരാധകർ ദുഃഖിതരായെന്ന് ബി.ബി.സി. റിപ്പോർട്ടുകൾ പറയുന്നു. നൂറ്റാണ്ടിനിപ്പുറം ഞാനും കൊച്ചു കേരളത്തിലിരുന്ന് വിങ്ങിക്കരഞ്ഞാണ് ആ കഥ വായിച്ചുതീർത്തത്.

rope train
റോപ് ട്രെയിൻ

കഥയൊരുക്കാനായുള്ള ആർതർ കോനൻ ഡോയലിന്റെ സന്ദർശനത്തിനു ശേഷമാണ് മെരിഞ്ജൻ ടൂറിസം മാപ്പിലിടം നേടിയത്. ഹോംസിന്റെ വീരോചിത മരണത്തിന് ഇതിലും അനുയോജ്യമായ സ്ഥലമില്ലെന്ന് ഡോയൽ തിരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് “ദി ഫൈനൽ പ്രോബ്ലം പിറക്കുന്നത്. ആരാധകരുടെ നിരന്തര പ്രേരണയ്ക്കൊടുവിൽ എഴുത്തുകാരന് ഹോംസിന് വീണ്ടും ജീവൻ നൽകേണ്ടിവന്നു എന്നത് കഥയ്ക്കകത്തെ മറ്റൊരു കഥ. എങ്കിലും ആ ജലപാതവും ചെങ്കുത്തായ മലനിരകളും വായനക്കാരുടെ ഹൃദയത്തിലെന്നും വാടാതെ നിൽക്കുന്നു.

വർഷങ്ങൾക്കിപ്പുറം സ്വിറ്റ്സർലൻഡിലെ ഇന്റർ ലേക്കനിൽ ഞാൻ നിന്നു. ഇവിടെനിന്നും മെരിഞ്ജൻ സ്റ്റേഷനിലേക്കുള്ള യാത്രയിലുടനീളം കൺമുന്നിൽ പ്രകൃതിസൗന്ദര്യം മാത്രമായിരുന്നു. മോഹിപ്പിക്കുന്ന വൈഡൂര്യപ്പച്ചനിറത്തിൽ ആരെ നദി ട്രെയിനിൽ പനോരമിക ജാലകങ്ങളിൽ നിറഞ്ഞുനിന്നു. മേൽക്കൂരകളും ബാൽക്കണികളുമുള്ള തടിവീടുകളിൽനിന്ന് പൂക്കൂടകൾ താഴേക്ക് വിടർന്നുനിന്നു. ഒന്ന് മരിക്കാൻ കൊതി തോന്നുന്നത്ര സുന്ദരമായ പൂക്കൾ നിറഞ്ഞ, സെമിത്തേരികൾ ട്രെയിൻ ജാലകങ്ങളിൽക്കൂടി പ്രലോഭിപ്പിച്ചു കടന്നുപോയി. വനപുഷ്പങ്ങളും മരങ്ങളുടെ നിഴലുകൾ വീണുകിടക്കുന്ന തടാകങ്ങളുമൊക്കെയായി ഭൂമി എല്ലാ സൗന്ദര്യവും നൽകി അനുഗ്രഹിച്ച നാട്ടിലൂടെ യാത്ര തുടർന്നു.

Switzerland cemetry
സെമിത്തേരിയുടെ ദൃശ്യം

ഇന്റർലേക്കൻ എന്ന സ്വിസ് നഗരത്തിൽനിന്ന് 25 കി ലോമീറ്റർ നഗരപ്രാന്തത്തിലേക്ക് യാത്രചെയ്ത് ഒടുവിൽ മെരിഞ്ജൻ സ്റ്റേഷനിലെത്തി. ആ റെയിൽവേസ്റ്റേഷന്റെ സൗന്ദര്യം വാക്കുകൾക്ക് അതീതമാണ്. ആൽപ്സിന്റെ താഴ്വരയിലെ അതീവ സുന്ദരമായ, അതിലേറെ ശാന്തമായ ഒരിടം. സ്വിസ് പശുക്കൾ മേഞ്ഞുനടക്കുന്ന താഴ്വാരങ്ങൾ.

Are riverമെരിഞ്ജൻ ടൗണും റെയ്കൻബാക്ക് ജലപാതവും "ദ ഫൈനൽ പ്രോബ്ലത്തിലൂടെയാണ് ലോകത്തിന്റെ മുന്നിലേക്കെത്തുന്നത്. ആൽപ്സ് പർവതനിരയുടെയും അതിന്റെ മനോഹര താഴ്വാരങ്ങളുടെയും ഇടയിലെ പച്ചനിറമേറിയ ഗ്രാമമാണ് മെരിജൻ. മെരിഞ്ച് എന്ന മധുരപലഹാരത്തിന്റെ ജന്മസ്ഥലം, 5000 പേരിൽ താഴെമാത്രം ജനവാസമുള്ളയിടം. ഷെർലക്ഹോംസിന്റെ ആരാധകർ മാത്രം തീർഥാടനത്തിനെത്തുന്ന, ഷെർലക് ഹോട്ടലുകളും ഷെർലക് ലോഞ്ചുകളും നിറഞ്ഞയിടം. റെയ്കൻബാക്ക് ജലപാതം ആരെ നദിയുടെ തന്നെ ഒരു കൈവഴിയിൽനിന്ന് രൂപം കൊണ്ടതാണ്. ഏതാണ്ട് 120 മീറ്റർ ഉയരെയാണ് ഇതിന്റെ നിൽപ്പ്.

മെരിഞ്ജൻ സ്റ്റേഷനിൽ കാത്തുകിടന്നിരുന്ന ബസിൽ ഏതാണ്ട് ഒന്നര കിലോമീറ്റർ അകലെയുള്ള ബേസ് സ്റ്റേ ഷനിൽ ഞങ്ങൾ എത്തിച്ചേർ ന്നു. മരംകൊണ്ടു നിർമിച്ച റോപ് ട്രയിനിൽ കയറിവേ ണം മുകളിലേക്കെത്താൻ. മധ്യവയസ്സുപിന്നിട്ട ഒരു സ്വിസ് വനിതയായിരുന്നു അതിന്റെ ഓപ്പറേറ്റർ. കവാ ത്തിൽത്തന്നെ നീണ്ടുവളഞ്ഞ നാസികയും ചുണ്ടിൽ പൈപ്പുമായി പ്രിയ ഡിറ്റക്റ്റീവിന്റെ പ്രതിമയുണ്ട്. 1899-ലാണ് ഈ ട്രെയിൻ സർവീസ് ആരംഭിച്ചത്.

Holmes Statue
ഷെർലക് ഹോംസ് മ്യൂസിയത്തിന് മുൻപിലെ ഹോംസിന്റെ പ്രതിമ

കുഞ്ഞൻ ട്രെയിനിന്റെ യാത്ര തുടങ്ങാറായപ്പോഴേക്കും ഒരു സ്ലോവേനിയൻ ഫാമിലി കൂടി കയറി. അങ്ങനെ ഭീമാകാരൻ തൂണുകളിലുറപ്പിച്ച ആ ട്രെയിനിൽ ഞങ്ങൾ മുകളിലേക്ക് യാത്രയായി. താഴെ മെരിഞ്ജൻ താഴ്വരയുടെ ഭ്രമാത്മകമായ സൗന്ദര്യം. പൈൻമരങ്ങൾ നിറഞ്ഞ കുന്നിൻപുറങ്ങൾ, കൂറ്റൻ മലയിടുക്കുകൾ, നീല ആകാശത്തിനും പച്ചക്കുന്നുകൾക്കും താഴെ ആരെ നദിയുടെ കൈവഴി ഒരുക്കുന്ന ദൃശ്യവിസ്മയങ്ങൾ.

മുകളിൽ എത്തി ജലപാതം കണ്ടപ്പോൾ ശരിക്കും രോമാഞ്ചമുണ്ടായി. മലയിടുക്കിലൂടെ കുത്തനെ ആഴങ്ങളിലേക്ക് പതിക്കുന്ന ജലം. ഹോംസും മൊറിയാർട്ടിയും താഴേക്കു പതിച്ച സ്ഥലം നക്ഷത്രചിഹ്നമിട്ട് അടയാളപ്പെടുത്തിയിരിക്കുന്നു. ഹോംസിന്റെ നീളൻ കോട്ടുള്ള ഒരു പ്രതിമ താഴെത്തന്നെയുണ്ട്. പടികയറി മലചുറ്റി ജലപാതത്തിന്റെ ഏറ്റവും മുകളിലേക്ക് പോകുന്ന സഞ്ചാരികൾ. രണ്ട് മലയിടുക്കുകളെയും ബന്ധിപ്പിച്ച് ഒരു തടിപ്പാലം. ചീറിയടിക്കുന്ന കാറ്റിൽ ക്യാമറയെയും ഞങ്ങളെയും നനയ്ക്കുന്ന തൂവാനത്തുള്ളികൾ, നീരാവിപോലെ കാറ്റിന്റെ ദിശയിൽ ചിതറുന്ന ജലം. അതിന്റെ ആഴങ്ങളിലേക്കാണ് ക്രൂരനായ കൊലപാതകിയും നന്മയുള്ള കുറ്റാന്വേഷകനും ഒരുമിച്ചു പതിച്ചത്.

Rope Train 2
റോപ് ട്രെയിൻ ജലപാതത്തിന് അടുത്തേക്ക്

ഏതാണ്ട് 7000 കിലോമീറ്റർ താണ്ടി, ഭൂഖണ്ഡങ്ങൾക്കു മീതെ പറന്ന് ഞാനിതാ ഇവിടെ എത്തിയിരിക്കുകയാണ്. അന്നത്തെ, എന്നത്തേയും പ്രിയപ്പെട്ട കഥാപാത്രം കഥാവശേഷനായെന്നുകരുതുന്ന സ്ഥലം കാണാനായി. മിഥ്യ സത്യത്തെ വെല്ലുന്ന, യാഥാർഥ്യവും കാല്പനികതയും വേർതിരിച്ചറിയാൻ കഴിയാതെ പോകുന്ന നിഗൂഢസൗന്ദര്യം നിറഞ്ഞ ഒരു സ്ഥലം. കോനൻ ഡോയൽ പ്ലേസ് എന്ന പേരിൽ താഴ്വരയിൽ ഹോംസ് മ്യൂസിയമുണ്ട്. ഇവിടെ ലണ്ടനിലെ 221 ബി ബേക്കർ സ്ട്രീറ്റിലെ മുറി അതുപോലെ പുനർനിർമിച്ചിരിക്കുന്നു. ഫോട്ടോ ഗാലറിയിൽ ഹോംസിന്റെ ഹൃദയം കവർന്ന ബുദ്ധിമതിയും സുന്ദരിയുമായ ഐറീൻ അഡ്ലർ... അന്നത്തെ ബൊഹീമിയൻ രാജാവിന്റെ പ്രണയിനി. മ്യൂസിയം കവാടത്തിലെ ഫലകങ്ങളിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. 'The Most Famous Detective in the World'!

train
പച്ചപ്പിനിടയിലൂടെ റെയ്കെൻബാക്കിലേക്ക്

റെയ്കൻബാക്ക് വെള്ളച്ചാട്ടത്തിന്റെ അരികിൽ നിന്ന് മെരിഞ്ജൻ സ്റ്റേഷനിലേക്കുള്ള ദൂരം ഞങ്ങൾ നടക്കാൻ തീരുമാനിച്ചു. ആ തീരുമാനം ശരിവയ്ക്കുന്ന കാഴ്ചകളായിരുന്നു ഉടനീളം. ഹിമപർവതങ്ങളൊരുക്കുന്ന അസംഖ്യം നീർച്ചാലുകൾക്കിടയിൽ തടിവീടുകൾ. താഴ്വാരങ്ങളിൽ ഞങ്ങൾ ഓടിത്തിമിർത്തു. പച്ചപ്പുൽത്തകിടികളിൽ ഏകാഗ്രതയോടെ തീറ്റയിൽ മുഴുകിയ സ്വിസ് പശുക്കൾ ഞങ്ങളെ ശ്രദ്ധിച്ചതേയില്ല.

'ദിൽവാലെ ദുൽഹനിയാ ലേ ജായേം​ഗേ' സിനിമയിൽ ഷാരൂഖ് ഖാൻ കാജലിന് നൽകിയ 'കൗബെൽ' ഇവിടത്തെ എല്ലാ പശുക്കളുടെയും കഴുത്തിലുണ്ട്. സ്വിറ്റ്സർലൻഡിന്റെ ഏറ്റവും പ്രധാന്യമേറിയ ഒരു സ്മരണികതന്നെയാണ് ഇത്. സ്വിസ് ജനതയിൽ അധ്വാനികളായ കർഷകരാണ് കൂടുതൽ. പുൽപ്പറമ്പിൽ മേയുന്ന കൊഴുത്തുരുണ്ട സ്വിസ് ബ്രൗൺ പശുക്കൾ തന്നെയാണ് അതിന്റെ തെളിവ്. കൃഷിരീതികൾ മിക്കതും യന്ത്രവത് കൃതമാണ്.

Yathra Subscription
മാതൃഭൂമി യാത്ര വാങ്ങാം

തടാകക്കരയിൽ ചിതറിക്കിടക്കുന്ന അതിസുന്ദരമായ ഗ്രാമക്കാഴ്ചകൾ കണ്ട് ഞങ്ങൾ മുന്നോട്ടു നീങ്ങി. എതിരേ വന്ന തദ്ദേശവാസികളോട് വഴിചോദിച്ചും കുശലം പറഞ്ഞും മെരിഞ്ജൻ സ്റ്റേഷനിലേക്ക് നടന്നു. അഞ്ചുമണിക്കാണ് ഇന്റർലേക്കനിലേക്കുള്ള ട്രെയിൻ. പിന്നെയുള്ള ട്രെയിന് ഒരു മണിക്കൂർ കാത്തുനിൽക്കേണ്ടിവരും. നടന്നുപോയാൽ ട്രെയിൻ കിട്ടില്ലെന്ന് മനസ്സിലായ ഞങ്ങൾ ഹിച്ച്ഹൈക്കിങ്ങിലേക്ക് തിരിഞ്ഞു. ആദ്യം വന്ന രണ്ട് കാറുകൾ, ഞങ്ങളെ അദ്ഭുതത്തോടെ നോക്കി കടന്നുപോയി.

മൂന്നാമത്തെ കാർ ഞങ്ങളുടെ അടുത്ത് നിർത്തി. ഞങ്ങളുടെ ട്രെയിൻ കഥ കേട്ട യുവാവായ ഡ്രൈവർ വളരെ വേഗത്തിൽ ഞങ്ങളെ മെരിഞ്ജൻ സ്റ്റേഷനിലെത്തിച്ചു. സ്വിസ് പാസുള്ള കാരണം ടിക്കറ്റ് എടുക്കാതെ പുറപ്പെടാൻ കാത്തുകിടക്കുന്ന ട്രെയിനിൽ ഓടിക്കയറി. തടാകങ്ങളുടെ നാടായ ഇന്റർലേക്കനിലേക്കാണ് ഇനിയുള്ള യാത്ര. ട്രെയിൻ മുന്നോട്ടുപോകവേ വെറുതേ ഒന്നു തിരിഞ്ഞു നോക്കി, ചുണ്ടിൽ പുകയുന്ന കുഴലുമായി കുശാഗ്രബുദ്ധിക്കാരനായ ഷെർലക് ഹോംസ് അവിടെ നിൽക്കുന്നുണ്ടോ?

തിരികെ വന്ന ഹോംസ്

stampതന്റെ എതിരാളിയും ക്രൂരനുമായ മൊറിയാർട്ടിയുമായുള്ള മല്പിടിത്തത്തിനൊടു ഹോംസ് റെയ്കെൻബാക് ജലപാതത്തിലേക്ക് മരി ക്കുന്നതായിട്ടാണ് കഥ. പക്ഷേ, അംഗീകരിക്കാൻ വായനക്കാർ തയ്യാറായില്ല. ഒടുവിൽ “ദി എംപി ഹൗസ് എന്ന അടുത്ത കഥയിലൂടെ ഡോയലിന് ഹോംസിനെ ജീവിപ്പിക്കേണ്ടിവന്നു. ദൃശ്യം പല കലാകാരൻമാരും പുനരാവിഷ്കരിച്ചിട്ടുണ്ട്. യു.കെ.ഗവൺമെന്റ് സ്മരണികയായി സ്റ്റാമ്പ് പുറത്തിറക്കുകയും ചെയ്തു.

(മാതൃഭൂമി യാത്ര 2021 ഡിസംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Reichenbach falls, Sherlock Holmes, Arthur Conan Doyle, Switzerland travel