യുക്രൈനിന്റെ ചരിത്രമുറങ്ങുന്ന ഇടമാണ് പൊറ്റെംകിൻ പടികൾ. പേരിലെ പടികൾ തന്നെയാണ് ഇവിടത്തെ പ്രധാന കാഴ്ച. ന​ഗരമധ്യത്തിൽ തലയുയർത്തി ഒരു സ്മാരകം നില്പുണ്ട്. ഡ്യൂക്ക് റിഷെല്യൂ സ്മാരകമാണിത്. ചരിത്രകഥകൾ ഫ്രഞ്ച് കാലത്തേക്കാണ് നമ്മെ കൊണ്ടുപോകുന്നത്. 

അർമാൻഡ് ഇമ്മാനുവൽ ഡ്യുപ്ലെസിസ് എന്ന ഇദ്ദേഹം ഭരണ രം​ഗത്തും സൈനികരം​ഗത്തും ഒരുപോലെ നേതൃപാടവം തെളിയിച്ചിരുന്നു. എഴുപതുകളുടെ അവസാനത്തിലും എൺപതുകളുടെ തുടക്കത്തിലുമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനകാലം. സ്മാരകത്തിന് മുന്നിലായി പടവുകൾ തീർത്തിരിക്കുന്നു. പടികൾക്ക് മേലെ നിൽക്കുമ്പോൾ താഴെ കരിങ്കടലിന്റെ തീരവും തുറമുഖവും കാണാം. പൊറ്റംകിൻ പടവുകൾ ഒഡേസയുടെ മുഖമുദ്രയാണെന്ന് പറയാം. ഒഡേസയെ വിനോദസഞ്ചാര ഭൂപടത്തിൽ അടയാളപ്പെടുത്തുമ്പോൾ ഈ പടവുകൾ കയറാതിരിക്കാൻ പറ്റില്ല. ആകെ 192 പടവുകൾ.

Potemkin Stairs 2

1825-ലാണ് പടികളുടെ നിർമാണത്തേക്കുറിച്ച് പദ്ധതികൾ തയ്യാറാക്കുന്നത്. 200 പടികളുണ്ടാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് കുറച്ചു. ഇം​ഗ്ലണ്ടിൽ നിന്നുള്ള എഞ്ചിനീയർ ജോൺ അപ്റ്റണായിരുന്നു നിർമാണച്ചുമതല. 1841-ൽ പടവുകൾ ജനങ്ങൾക്കായി തുറന്നുകൊടുത്തു. സെർജി ഐസൻസ്റ്റീൻ ഒരുക്കിയ ബാറ്റിൽഷിപ്പ് പൊറ്റംകിൻ എന്ന സിനിമയിൽ കാട്ടിയതോടെയാണ് ഈ പടവുകൾ ലോകശ്രദ്ധയാകർഷിച്ചത്. ഇന്നും വിനോദസഞ്ചാര മേഖലയിൽ സിനിമയും പടവുകളും പരാമർശിക്കപ്പെടുന്നുണ്ട്.

നിങ്ങളുടെ ഒഡേസ യാത്ര പൂർണമാവണമെങ്കിൽ ഈ പടവുകൾ കയറണമെന്ന കാര്യത്തിൽ സംശയമില്ല. ഇന്നിവിടം ഒരു ഫോട്ടോ സ്പോട്ടായി മാറിയിരിക്കുന്നു. പടവുകൾ കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുള്ളവർക്കായി ഒഡേസ ഫ്യൂണിക്കുലറും തയ്യാറാണ്. പടവുകളുടെ ഇടതുഭാ​ഗത്തായി യന്ത്രസംവിധാനം സജ്ജീകരിച്ചിരിക്കുന്നു. കാഴ്ചകൾക്കൊപ്പം ചില്ലുകൂട്ടിൽ നീങ്ങാം. പോർട്ടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിരവധിപേർക്ക് ഈ സംവിധാനം ആശ്വാസമാണ്. ന​ഗരത്തിൽ നിന്ന് തുറമുഖത്തേക്ക് നേരിട്ടെത്താൻ പൊറ്റെംകിൻ പടവുകളാണ് ആശ്രയം.

1902-ലാണ് ഇത്തരമൊരു സംവിധാനം ആദ്യമായി നിലവിൽ വന്നത്. രണ്ടാൾക്ക് മാത്രം കയറാവുന്ന ക്യാബിനായിരുന്നു അന്നുണ്ടായിരുന്നത്. ഫ്രാൻസിൽ നിന്നായിരുന്നു ക്യാബിനും മറ്റും എത്തിയത്. അന്ന് സാങ്കേതിക വിദ്യകളുടെ പരിമിതികളും ഉണ്ടായിരുന്നു. പിന്നീട് കാലത്തിനൊപ്പം മാറ്റങ്ങൾ വന്നുകൊണ്ടേയിരുന്നു. അങ്ങനെ ഒടുവിൽ ഇന്നീ കാണുന്ന ചില്ലുകൂടൊരുങ്ങി എന്നുപറയാം.

(മാതൃഭൂമി ന്യൂസിനുവേണ്ടി ട്രാവൽ ജേണലിസ്റ്റ് റോബി ദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച മാതൃഭൂമി യാത്രയിൽ നിന്ന്)

Content Highlights: Potemkin Stairs, giant stairway in Odessa, Ukraine travel, mathrubhumi yathra, roby das