റോമൻ ത്രിമൂർത്തികളിൽ ശ്രദ്ധേയനായ മഹാനായ പോംപിയുടെ കയ്യൊപ്പു പതിഞ്ഞ ചിരപുരാതനവും നിത്യനൂതനവുമായ ഒട്ടനവധി റോമൻ തിയേറ്ററുകൾ ഇപ്പോഴും കാലത്തെ അതിജീവിച്ച് തലയുയർത്തി നിൽക്കുന്നു. ജോർദാൻ തലസ്ഥാനമായ അമ്മാനിലും പ്രാചീനനഗരങ്ങളായ പെട്രയിലും ജെറാഷിലുമെല്ലാം കാലമേറെ കഴിഞ്ഞിട്ടും കാലഹരണപ്പെടാതെ റോമൻ പൈതൃകത്തിൻ്റെ കയ്യൊപ്പുമായ് റോമൻ തിയേറ്ററുകൾ സകല പ്രതാപങ്ങളോടെ, തല കുനിക്കാതെ തന്നെ നിൽക്കുന്നു, ഒരു പോറലുമേൽക്കാതെ.
2500 നാഴികകൾ കരയും കടലും മരുഭൂമിയും കടന്ന് സിറിയയയും ജറുസലേമും ജോർദാനും റോമൻ ചക്രവർത്തിമാർ സ്വന്തമാക്കുന്നത് സംസ്കാരങ്ങൾ കൊണ്ട് ചിരപ്രസിദ്ധരായ ഗ്രീക്കുകാരെ ആട്ടിയോടിച്ചു കൊണ്ടായിരുന്നു. റോമിന്റെ കൂടപ്പിറപ്പായ തനതായ "സഹോദര സ്നേഹം " (Philadelphia) അധിനിവേശത്തിലൂടെ സാന്നിദ്ധ്യമറിയിച്ച എല്ലായിടത്തും അവർ അടയാളപ്പെടുത്തും. കല്ലേ പിളർക്കുന്ന ശാസന കൊണ്ട്... കാലാതീതമായ കരവിരുതു കൊണ്ട്...
AD 138 കാലത്ത് അന്റോണിയസ് പയസ് എന്ന റോമൻ ചക്രവർത്തി കല്ലിൽ തീർത്ത നവ എഞ്ചിനീയറിങ്ങിനെ അതിശയിപ്പിക്കുന്ന ജീവിക്കുന്ന സ്മാരകമാണ് അമ്മാനിലെ റോമൻ തിയേറ്റർ. ഏകദേശം 400 മീറ്റർ ഉയരത്തിലുള്ള കുന്നുകളെ അതിമനോഹരമായി വെട്ടിയിറക്കി കല്ലിൽ തീർത്ത 6500 പേർക്ക് ഇരിക്കാവുന്ന റോമൻ തിയേറ്റർ.
ചെങ്കുത്തായ രംഗഭൂമിയിലെ ആകാശതുല്യമായ ഇരിപ്പിടത്തട്ടിലേക്കുള്ള കയറ്റം ശബരി പാതയിലെ "നീലിമല " കയറ്റം പോലെ കഠിനം. ഈ "രംഗഭൂമി" യുടെ ഏത് ഭാഗത്തിരുന്നാലും ശബ്ദവും ദൃശ്യവും കാറ്റും വെളിച്ചവും ചൂടും തണുപ്പും എല്ലാം ഒരേ അനുപാതത്തിൽ, തുല്യതയിൽ എല്ലാവർക്കും അനുഭവവേദ്യമാകും. തിയേറ്ററിൻ്റെ ഏറ്റവും വലിയ പ്രത്യേകത ശബദസംവിധാനം തന്നെയാണ്. ഗാലറിയിലുള്ള എല്ലാവർക്കും വേദിയിൽനിന്ന് പറയുന്നത് കേൾക്കുന്ന കലാവിരുത് ഇന്നും ശാസ്ത്ര സാങ്കേതികവിദ്യക്ക് പോലും അത്ഭുതം .
റോമൻ തിയേറ്ററിൽ ത്രിതലമായ അടുക്കുകളിൽ തീർത്ത മുൻവരികൾ ഉഗ്രപ്രതാപികളായ റോമൻ ഭരണാധികാരികൾക്ക്. മധ്യഭാഗം സർവ്വസജ്ജമായ റോമൻ പട്ടാളത്തിന് സംവരണം ചെയ്തത്. മേൽത്തട്ട് പ്രജകൾക്കും. ഏറ്റവും മുകളിൽ പ്രജകളുടെ ഗാലറിക്കരികിലാണ് "അഥീന" എന്ന റോമൻ ദേവതയുടെ വാസസ്ഥാനം.
ഹെലനിക് നാഗരികതകയുടെ സ്വാധീനമുള്ള റോമൻ തിയേറ്ററിൻ്റെ നിർമ്മിതിക്ക് കല്ലും കുമ്മായക്കൂട്ടുകളും മരവും തന്നെയാണ് കാര്യമായ് ഉപയോഗിച്ചിരിക്കുന്നത്. തിയേറ്ററിൽ ഒത്തുകൂടുന്ന ഏവരെയും അഥീന ദേവത കാത്തുരക്ഷിക്കും എന്നാണ് വിശ്വാസം. അർദ്ധവൃത്താകൃതിയിലുള്ള രംഗഭൂമി പണി കഴിപ്പിച്ചത് രാജകൽപ്പനകൾ ജനങ്ങളിലേക്ക് പകർന്ന് നല്കാനായിരുന്നു.
ഒരുപക്ഷേ പ്രാചീന റോമിലെ ജനായത്ത ഗ്രാമസഭ അവർ അധിനിവേശം സ്ഥാപിച്ച അറബി മണ്ണിലും പ്രയോഗവൽക്കരിച്ചു.. റോമൻ സന്ധ്യകൾ കലാവിരുന്നുകൾ കൊണ്ട് ശ്രദ്ധേയമായിരുന്നു എന്നതിന്റെ അവശേഷിക്കുന്ന നിത്യസ്മാരകമായിരിക്കും കാലത്തെ അതിജീവിച്ച രംഗഭൂമി.
രാവുകളെ പകലാക്കുന്ന കലാവിസ്മയങ്ങൾ കൊണ്ട് ഒരു കാലത്ത് റോമൻ തിയേറ്റർ ശ്രദ്ധേയമായിരുന്നു. തിയേറ്ററിൻ്റെ മറുഭാഗത്ത് ഒരു ഗ്രീക്ക് തിയേറ്റർ കൂടിയുണ്ട്. കലാപ്രകടനങ്ങൾക്കും ചെറിയ രാജസഭകൾക്കും സാക്ഷിയായിരുന്നു ഈ തിയേറ്റർ. റോമൻ തിയേറ്ററിനുള്ളിൽ സ്റ്റേജിന്റെ വശങ്ങളിൽ രണ്ട് ചെറിയ മ്യൂസിയങ്ങളുണ്ട്. ഓഡിറ്റോറിയത്തിന് താഴെയുള്ള നിലവറയും റോമൻ തിയേറ്ററിൻ്റെ വലതുഭാഗത്തുള്ള ഫോക്ലോർ മ്യൂസിയവുമാണവ. പുരാവസ്തുശാലയിൽ നിധി പോലെ സൂക്ഷിച്ചതെല്ലാം ലോകത്തിലെ ഏറ്റവും പഴക്കമുള്ളവ... 7500 BC യിലെ മനുഷ്യ ബിംബം മുതൽ എല്ലാം.
പ്രാചീന ജോർദ്ദാൻ നഗര-ഗ്രാമ- ഗോത്ര ജീവിതത്തിൻ്റെ നേർസാക്ഷ്യമാണ് ഫോക്ലോർ മ്യൂസിയം. സഹസ്രാബ്ദങ്ങളായ് ബെദൂവിൻ അറബ് ജനത നെഞ്ചോട് ചേർത്ത് സൂക്ഷിച്ച പരമ്പരാഗത സംസ്കൃതിയുടെ ഒരു കലവറ തന്നെയാണ് മ്യൂസിയം. നൂറ്റാണ്ടുകളുടെ പഴക്കമുള്ള കത്തി മുതൽ കഠാര വരെയുള്ള ആയുധങ്ങൾ, യന്ത്രത്തോക്കുകൾ, പിസ്റ്റളുകൾ, ചെമ്പു കൊണ്ടും ഈയം കൊണ്ടുമെല്ലാം തീർത്ത അതിമനോഹരമായ ചായപ്പാത്രങ്ങൾ, പഴയ കാലത്തെ ഘടികാരങ്ങൾ, വാദ്യോപകരണങ്ങൾ, നൂലു കൊണ്ട് നെയ്തതും വർണചിത്രങ്ങൾ ആലേഖനം ചെയ്തതുമായ പരവതാനികൾ, മനുഷ്യരാശിയോളം പഴക്കമുള്ള നാണയങ്ങൾ, വൈവിധ്യത്തിൻ്റെ കൈമുദ്ര ചാർത്തിയ ആഭരണങ്ങൾ, പരമ്പരാഗതമായ ജീവിത-ഭക്ഷണ രീതികൾ... എല്ലാം 'ഒറ്റ ഫ്രെയിമിലൂടെ പുനരാവിഷ്കരിക്കാൻ അമ്മാൻ മ്യൂസിയത്തിന് സാധിച്ചിട്ടുണ്ട്.
പഴയ കാലത്തിൻ്റെ നെയ്ത്തു ന്ത്രങ്ങൾ, പ്രതാപങ്ങളുടെ കാലത്തെ അറേബ്യൻ സ്വീകരണമുറിയുടെ പുനർകാഴ്ചകൾ, മധ്യധരണ്യാഴിയുടെ 'ആടുജീവിതം' അടയാളപ്പെടുത്തുന്ന സ്റ്റിൽ മോഡലുകൾ, എണ്ണിയാലൊടുങ്ങാത്ത കരകൗശല വസ്തുക്കൾ, ചായം തേച്ച പിഞ്ഞാണ പാത്രങ്ങൾ, നാട്ടാചാരങ്ങൾ, വിവാഹരീതികൾ എല്ലാം തനിമ നഷ്ടപ്പെടാതെ കാലാനുസൃതമായ് കാലത്തിനു മുന്നിൽ മ്യൂസിയം കാണിച്ചു തരുന്നു. ഒരുപക്ഷേ ചരിത്രത്തിന്റെ വിധി വൈപരീത്യമായിരിക്കാം, ആട്ടിയോടിക്കലിലൂടെ മധ്യധരണ്യാഴിയെ വെട്ടിപ്പിടിച്ച എല്ലാവരും അഭയാർത്ഥികളായി. പോംപി മുതൽ എല്ലാവരും...
പലായനത്തിന്റെ ദുഃഖങ്ങൾ നെഞ്ചിലേറ്റുമ്പോഴും ചരിത്രം ബാക്കിയാക്കിയത് കാലത്തിന്റെ അടയാളമായ പ്രാചീന റോമൻ തിയേറ്ററിനെ മാത്രം. പക്ഷേ, അത്ഭുതപ്പെടുത്തുന്നത് അതൊന്നുമല്ല. ആയിരം ആണ്ടുകൾക്ക് മുമ്പ് തകർന്നടിഞ്ഞ ചരിത്രസ്മൃതികൾ അമ്മാനിലെ ഡൗൺ ടൗണിൽനിന്ന് ഇന്നും കുഴിച്ചെടുക്കുകയാണ്. ഉയർന്നു പറക്കുന്ന രാജാളി പക്ഷിയേ പോലെ ജോർദാൻ വായുസേനയുടെ ആകാശ നിരീക്ഷണത്തിൽ അമ്മാൻ തിയേറ്ററും മ്യൂസിയയും അസ്വസ്ഥതകളുടെ മധ്യധരണ്യാഴിയിൽ ഇന്നും ഭദ്രമാണ്. ചരിത്രക്കാഴ്ചകൾ കണ്ട് കൺകുളിർക്കുമ്പോൾ, നന്ദി ദൂരക്കാഴ്ച നൽകിയ ദൈവതുല്യർക്കു മാത്രം.
Content Highlights: Pompi, Roman Theatre, Amman, World Travel, Roman Theatre Travelogue