ലോകാദ്ഭുതങ്ങളിലൊന്നായ പെറുവിലെ മാച്ചു പിച്ചു ഒരേയൊരു സഞ്ചാരിക്ക് മാത്രമായി തുറന്നു നല്‍കി. ജെസ്സി കടായാമ എന്ന ജാപ്പനീസ് യാത്രികനാണ് ഈ അപൂര്‍വ നേട്ടത്തിനുടമയായിരിക്കുന്നത്. കഴിഞ്ഞ ഏഴുമാസമായി ഇങ്ങനെയൊരു മുഹൂര്‍ത്തത്തിനായി കാത്തിരിക്കുകയായിരുന്നു അദ്ദേഹം.
മാര്‍ച്ച് പകുതിയോടെ അഗ്വാസ് കാലിയെന്റസ് പട്ടണത്തില്‍ കുടുങ്ങിപ്പോയ ജെസ്സി പ്രത്യേക അപേക്ഷ നല്‍കുകയായിരുന്നുവെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി അലെജാന്ദ്രോ നെയ്‌റ പറഞ്ഞു. മാച്ചു പിച്ചുവില്‍ പ്രവേശിക്കാനാകും എന്ന പ്രതീക്ഷയോടെയാണ് ജെസ്സി വന്നതെന്ന് നെയ്‌റ വിര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരിച്ചു പോകുന്നതിന് മുമ്പ് മാച്ചു പിച്ചു സന്ദര്‍ശിക്കണമെന്ന ആഗ്രഹത്താല്‍ പാര്‍ക്കിന്റെ തലവനുമൊത്താണ് ജെസ്സി വന്നതെന്നും മന്ത്രി പറഞ്ഞു.
ഏഴ് മാസങ്ങള്‍ക്ക് ശേഷം ഇവിടം സന്ദര്‍ശിക്കുന്ന ആദ്യ സഞ്ചാരിയായും കടായാമ മാറി. ഏതാനും ദിവസങ്ങള്‍ മാത്രം ചെലവിടുക എന്ന ഉദ്ദേശത്തോടെ പെറുവിലെത്തിയ ജെസ്സിക്ക് ലോക്ഡൗണായതോടെ വിചാരിച്ച പോലെ കാര്യങ്ങള്‍ നടത്താനായില്ല. എങ്കിലും അധികൃതര്‍ തനിക്കായി ചെയ്തുതന്ന ഈ ഉപകാരം മറക്കാനൊന്നും ഈ യാത്രാപ്രേമി തയ്യാറല്ല.
അതിന്റെ നേര്‍ക്കാഴ്ചയാണ് മാച്ചു പിച്ചുവില്‍ നിന്നും കടായാമ പകര്‍ത്തിയ ഈ ചിത്രങ്ങള്‍.
Content Highlights: Peru opens Machu Picchu ruins for one tourist, Machu Picchu Travel, Peru Tourism