ചുമരില്‍ ഒട്ടിച്ചുപിടിപ്പിച്ച മണ്ണ് വളരെ സാവധാനത്തിലാണ് ഉണങ്ങാന്‍ തുടങ്ങിയത്. ഇതിലേക്കായി പ്രത്യേകം വാങ്ങിയ പ്രകൃതിദത്തമായ പിഗ്മെന്റ്സ് ഉപയോഗിച്ച് കുറച്ചുഭാഗം നിറംപിടിപ്പിച്ചു. ആ ദിവസങ്ങളില്‍ പൊടുന്നനെയാണ് കാലാവസ്ഥ മാറിയത്. ചാറ്റല്‍ മഴയും കാറ്റും വൈകുന്നേരംവരെ തുടര്‍ന്നു. എനിക്കായി നെരിപ്പോട് പകല്‍ സമയത്തും എരിഞ്ഞുകൊണ്ടിരുന്നു. പ്രതീക്ഷിച്ചതിലും സാവധാനത്തിലേ ചുമര്‍ച്ചിത്രം പൂര്‍ണമാക്കാന്‍ സാധിക്കുകയുള്ളൂ എന്ന് സൂചിപ്പിച്ചപ്പോള്‍ തോമസ് ഒരു യാത്രാപദ്ധതി തയ്യാറാക്കി. അദ്ദേഹത്തിന്റെ ചെലവില്‍ ബെര്‍ലിന്‍നഗരം കാണാന്‍. കലാചരിത്രത്തിലൂടെ വായിച്ചറിഞ്ഞ ബെര്‍ലിന്‍ കാണാനുള്ള ക്ഷണം എന്നിലെ യാത്രാംദേഹിയെ ഉത്തേജിതനാക്കി.

പക്ഷേ, ജന്മദേശമായ പാപ്പന്‍ബെര്‍ഗില്‍ (Papenburg) വളരെ അത്യാവശ്യമായി പോകേണ്ടതിനാല്‍ ബെര്‍ലിന്‍യാത്ര ഉടനെ നടത്താന്‍ കഴിയില്ലെന്ന് പിറ്റേദിവസം തോമസ് വന്ന് അറിയിച്ചു. പക്ഷേ, പാപ്പന്‍ ബെര്‍ഗിലേക്ക് പോവാമെന്ന വാഗ്ദാനം സ്‌നേഹത്തോടെ സ്വീകരിച്ചു. അങ്ങനെ നെതര്‍ലന്‍ഡ് അതിര്‍ത്തിയോടടുത്തുള്ള നഗരമായ പാപ്പന്‍ബെര്‍ഗിലേക്ക് കാറില്‍ യാത്രയായി. തോമസ് വാടകയ്ക്കുനല്‍കിയ വീട്ടിലെ താമസക്കാരായ പോളണ്ടുകാര്‍ കുറെ മാസങ്ങളായി വാടകനല്‍കാത്തതിനാല്‍ അവരെ ഒഴിപ്പിക്കുന്നതിനായി കോടതിയെ സമീപിച്ചെന്നും അതിനോടനുബന്ധിച്ച കേസ് വിസ്താരത്തിനായാണ് പോകുന്നതെന്നും തോമസ് യാത്രയ്ക്കിടയില്‍ പറഞ്ഞു.

കൂറ്റന്‍ കോണ്‍ക്രീറ്റ് മതില്‍കൊണ്ട് 1961 മുതല്‍ വിഭജിക്കപ്പെട്ട ജര്‍മനി 1989-ല്‍ മതില്‍ ഇല്ലായ്മചെയ്യാന്‍ തീരുമാനിച്ചതിനുശേഷം കിഴക്കന്‍ ജര്‍മനി, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഒട്ടേറെ പേര്‍ ഇവിടേക്ക് ചേക്കേറിയിട്ടുണ്ട്. വിവിധ തൊഴിലിടങ്ങളില്‍ ഇവരുടെ സാന്നിധ്യം കാണാം. ബെര്‍ലിന്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലും സഞ്ചാരികള്‍ സാധാരണയായി എത്തിപ്പെടാത്ത ജര്‍മനിയിലെ ഉള്‍പ്രദേശത്തുള്ള കൊച്ചുപട്ടണം കാണാന്‍ അവസരം വന്നതില്‍ തോമസിനോട് നന്ദിപറഞ്ഞു. പരന്ന് വിസ്തൃതമായ ഭൂപ്രകൃതിയും പച്ചപ്പ് കൂടുതലുള്ള ഈ പട്ടണത്തിലെ കെട്ടിടങ്ങളെല്ലാംതന്നെ ഇഷ്ടികകൊണ്ട് നിര്‍മിച്ചവയാണ്. നാസികളുടെ ഭരണകാലത്ത് രാഷ്ട്രീയതടവുകാരെ പാര്‍പ്പിച്ചിരുന്ന തടവുപാളയങ്ങള്‍ ഈ പ്രദേശങ്ങളില്‍ ഉണ്ടായിരുന്നു. വൃത്തിയോടെ സൂക്ഷിച്ചിരിക്കുന്ന പരിസരവും വെട്ടിനിര്‍ത്തിയ പൂച്ചെടികളും ചിത്രപുസ്തകങ്ങളിലേതുപോലെയുണ്ട്.

വാടകയ്ക്ക് നല്‍കിയ വീട് കാണാനായി പോകുന്നവഴി തോമസിന് ഒരാഗ്രഹമുണ്ടായി. ഗ്ലാസിട്ട മുന്‍വശത്തെ വാതിലിലൂടെ അകത്തേക്ക് നോക്കിയ തോമസിന്റെ മുഖത്ത് വിഷമമുണ്ടായിരുന്നു. നിലത്തുപാകിയ മരപ്പലകകളില്‍ പലതിലും മൂര്‍ച്ചയുള്ള വസ്തുകൊണ്ട് കോറിയിട്ട അടയാളമുണ്ടായിരുന്നതായി തോമസ് പറഞ്ഞു.

ഒരു കെട്ടിടത്തിന്റെ ഒന്നാംനിലയിലെ ഹാളിലായിരുന്നു കോടതി. രണ്ട് വക്കീല്‍മാരും ഒരു ജഡ്ജിയും മാത്രം. ഒരു ബെഞ്ചില്‍ മുപ്പതു വയസ്സോളം പ്രായമുള്ള വാടകക്കാരനായ പോളണ്ടുകാരനും അവന്റെ കാമുകിയും നിശ്ശബ്ദരായി ഇരിക്കുന്നുണ്ടായിരുന്നു. ജര്‍മന്‍ ഭാഷയില്‍ കോടതിയില്‍ പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ല. വാടകക്കാരന്‍ ഇടയ്ക്കിടെ സ്വകാര്യമായി എന്തൊക്കെയോ കാമുകിയുടെ ചെവിയില്‍ വിവരിച്ചു കൊടുക്കുന്നതും കാമുകിയെ വലതുകൈകൊണ്ട് തോളോടുചേര്‍ത്ത് പിടിക്കുന്നതും ശ്രദ്ധിച്ചു. അയാളുടെ വലതുകാല്‍ ഇടതടവില്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.

വക്കീല്‍ ചോദിച്ചതിന് തോമസ് മറുപടി പറഞ്ഞുകൊണ്ടിരുന്നു. വാടക നല്‍കാതെ ഒരു വര്‍ഷത്തിലധികമായി തൊഴിലില്ലായ്മവേതനംകൊണ്ട് ജീവിക്കുന്ന ഈ യുവാക്കള്‍ തൊഴില്‍വകുപ്പില്‍നിന്ന് നിര്‍ദേശിച്ച ജോലികള്‍ ഏറ്റെടുക്കാന്‍ പല കാരണങ്ങളും നിരത്തി ഒഴിഞ്ഞുമാറുകയായിരുന്നു. മൂന്നുതവണയിലധികം ഈ രീതിയില്‍ ഒഴിഞ്ഞുമാറിയാല്‍ തൊഴിലില്ലായ്മവേതനം നിര്‍ത്തലാക്കാനുള്ള നടപടി ഉണ്ടാവും. അത് ഒഴിവാക്കാന്‍ തൊഴില്‍വകുപ്പില്‍നിന്ന് നിര്‍ദേശിക്കുന്ന ഏതുജോലിയും ഏറ്റെടുക്കാന്‍ അവര്‍ നിര്‍ബന്ധിതരാകും. പുറമേ വാടകയിനത്തില്‍ ലഭിക്കുന്ന സഹായധനവും നിര്‍ത്തലാക്കും. എന്നാല്‍, ഇവര്‍ മൂന്നിലധികം തവണ തൊഴില്‍വകുപ്പില്‍നിന്ന് നിര്‍ദേശിച്ച ജോലികള്‍ തിരസ്‌കരിച്ചവരാണ്. കേസില്‍ ഉടനെ തീര്‍പ്പുണ്ടായി. മൂന്നുമാസത്തിനകം വാടകക്കാര്‍ തോമസിന് വീട് ഒഴിഞ്ഞുനല്‍കണമെന്നും ബാക്കി നല്‍കാനുള്ള വാടക ആറുമാസത്തിനകം ഗഡുക്കളായി നല്‍കണമെന്നുമായിരുന്നു വിധി.

Content Highlights: Papenburg, Papenburg Tourism, Mathrubhumi Yathra