സ്ലോയിൽ നിന്നുള്ള വിമാനം - ട്രോംസോയിൽ എത്തിയപ്പോഴേയ്ക്കും നേരം ഇരുട്ടി. ഒക്ടോബർ ആയതോടുകൂടി ടോംസോയിൽ പകലിന്റെ ദൈർഘ്യം കുറഞ്ഞുതുടങ്ങിയിരുന്നു. ട്രോംസോയ്  സുണ്ടറ്റ് (TromsaySundet) കടലിടുക്കിലെ, ഏകദേശം ഇരുപത്തിരണ്ട് ചതുരശ്ര കിലോമീറ്ററോളം വിസ്തീർണമുള്ള ട്രോംസോയ (Tromsøya) വടക്കൻ നോർവേയിലെ ഏറ്റവും വലിയ നഗരമായ ട്രോംസോ (Tromso) സ്ഥിതിചെയ്യുന്നത്. കിഴക്ക് ട്രോംസോ പാലവും ട്രോംസോയ്സുണ്ട് (Tromsøysund) തുരങ്കവും ദ്വീപിനെ കരയുടെ ഭാഗമായ ട്രോംസ്ഡാലെൻ (Tromsdalen) പ്രദേശവുമായി ബന്ധിപ്പിക്കുന്നു. പടിഞ്ഞാറ് സാൻഡ്നെസ്സുണ്ട് (SandnesSund) പാലം ട്രോംസോയ ദ്വീപിനെ കെവലോയ (Kvalaya) ദ്വീപുമായി ബന്ധിപ്പിക്കുന്നു. സാൻഡ്നെസ്സുണ്ട് പാലത്തിന് അടുത്താണ് ട്രോംസോ വിമാനത്താവളം. നോർവേയിൽ സ്ഥിരതാമസക്കാരനായ സഹപാഠി ശ്യാംചന്ദിന്റെ പരിചയക്കാരനായ സുനിൽ എയർപോർട്ടിൽ വരാമെന്നേറ്റിരുന്നു. അതുകൊണ്ട് താമസസ്ഥലത്തെത്താൻ പ്രയാസമുണ്ടായില്ല. ആദ്യത്തെ രണ്ടുദിവസം താമസിക്കാൻ AirBNB വഴി മുറിയെടുത്തത് ട്രോംസ്ഡാലെനിലാണ്. ട്രോംസോയിൽ ജോലി ചെയ്യുന്ന ഒരു വിയറ്റ്നാം കുടുംബത്തിന്റെ അപ്പാർട്ട്മെന്റിലെ സന്ദർശകർക്കുള്ള മുറിയായിരുന്നു അത്. താമസസ്ഥലത്തുനിന്നും അഞ്ചുമിനിറ്റ് നടന്നാൽ ബസ്റ്റോപ്പുണ്ട്, അവിടെനിന്നും അര മണിക്കൂർകൊണ്ട് ട്രോംസോ നഗരമധ്യത്തിലെത്താൻ കഴിയും.

Tromso 2
ട്രോംസോയുടെ പനോരമിക് ദൃശ്യം

നോർവേയിലെ മറ്റ് നഗരങ്ങളെപ്പോലെ ട്രോംസോയിലും ബസ് സർവീസ് വളരെ നല്ലതാണ്. പക്ഷേ, ബസ്സിൽ നിന്നും ടിക്കറ്റെടുക്കണമെങ്കിൽ അധികവില നൽകണം. ബസ് സ്റ്റോപ്പുകളിലെ ടിക്കറ്റിങ് മെഷീനിൽ നിന്നോ നഗരത്തിലെ വിസിറ്റർ സെന്ററിൽ നിന്നോ ചില കൺവീനിയെന്റ് സ്റ്റോറുകളിൽ നിന്നോ സാധാരണ വിലയ്ക്ക് ടിക്കറ്റ് വാങ്ങാൻ കഴിയും. നേരത്ത വാങ്ങുന്ന ടിക്കറ്റുകൾക്ക്, പ്രത്യേകിച്ച് ഒരു ദിവസത്തേക്കോ, ഏഴ് ദിവസത്തേക്കോ ഉള്ളതിന് താരതമ്യേന വില കുറവാണ്. അത്താഴം കഴിക്കാൻ നഗരമധ്യത്തിലേക്ക് പോയപ്പോൾത്തന്നെ പിറ്റേന്നത്തേക്കുള്ള ബസ് ടിക്കറ്റും വാങ്ങി. തിരിച്ച് താമസസ്ഥലത്തെത്തിയപ്പോൾ മേഘാവൃതമായ ആകാശം. മേഘങ്ങൾക്കിടയിലായി അങ്ങിങ്ങ് കാണപ്പെടുന്ന ചെറിയ വിടവുകളിൽക്കൂടി അരിച്ചിറങ്ങുന്ന ധ്രുവദീപ്തിയുടെ ശകലങ്ങളെ സുനിൽ ചൂണ്ടിക്കാണിച്ചു. ആകാശം മേഘാവൃതമായ ദിവസങ്ങളിൽ ധ്രുവദീപ്തി കാണാൻ പ്രയാസമാണ്. മേഘങ്ങൾ ഇല്ലാത്ത, തെളിഞ്ഞ ആകാശമുള്ള രാത്രികളാണ് ധ്രുവദീപ്തി കാണാൻ ഉചിതം. ഇനിയുള്ള ദിവസങ്ങളിൽ മേഘങ്ങൾ ഇല്ലാതിരിക്കട്ടെ എന്നാശംസിച്ച്, പിറ്റേന്ന് വൈകുന്നേരം കാണാമെന്ന ഉറപ്പോടെ അദ്ദേഹം യാത്ര പറഞ്ഞു.

പിറ്റേന്ന് രാവിലെ ബസ് പിടിച്ച് നഗരമധ്യത്തിലുള്ള വിസിറ്റർ സെന്ററിലേക്ക് പോയി. ധ്രുവദീപ്തിയെ പറ്റിയുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഓഗസ്റ്റ് മുതൽ ഏപ്രിൽ വരെയാണ് ട്രോംസോയിൽ ധ്രുവദീപ്തി കാണാൻ കഴിയുന്നത്. വസന്തകാലത്തും ശരത്കാലത്തുമാണ് നല്ലവണ്ണം ദൃശ്യമാകുക. മാർച്ച് മുതൽ മേയ് വരെയാണ് ടോംസോയിലെ വസന്തകാലം. സെപ്റ്റംബർ തൊട്ട് നവംബർ വരെ ശരത് കാലവും. ഈ രണ്ട് സമയവും ഇവിടെ ടൂറിസ്റ്റ് സീസൺ അല്ലാത്തതുകൊണ്ട് സഞ്ചാരികളുടെ തിരക്ക് വളരെ കുറവാണ്. ഡിസംബർ മുതൽ ജനുവരി വരെയാണ് ട്രോംസോയിൽ വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്നത്. ധ്രുവദീപ്തിയോടൊപ്പം തിമിംഗിലങ്ങളെ കാണാനും വിനോദസഞ്ചാരികൾ ട്രോംസോയിലെത്താറുണ്ട്.

Tromso University
ട്രോംസോ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ദൃശ്യം

വിസിറ്റർ സെന്ററിൽ നിന്നിറങ്ങി നഗരമധ്യത്തിലൊന്ന് ചുറ്റിനടന്നതിനുശേഷം ബസ് പിടിച്ച് ട്രോംസ്ഡാലനിൽ തന്നെയുള്ള ഫെൽഹൈസൈൻ (Fjellheisen) എന്ന കേബിൾ കാർ സെന്ററിലേക്ക് പോയി. ഏകദേശം നാല് മിനിട്ടുകൊണ്ട് നാനൂറ്റി ഇരുപത് മീറ്റർ ഉയരത്തിലുള്ള സ്റ്റോർറ്റൈനെൻ (Storsteinen) മലമുകളിലേക്കാണ് കേബിൾ കാർ സഞ്ചാരികളെ കൊണ്ടുപോകുന്നത്. മലമുകളിലെ സ്റ്റേഷനിൽ എത്തിയപ്പോൾ അവിടെയെല്ലാം മഞ്ഞ് വീണുകിടക്കുന്നു. സമയം ഉച്ചയോടടുത്തെങ്കിലും ആകാശത്ത് മേഘങ്ങൾ മൂടിക്കെട്ടി നിൽക്കുന്നു. സൂര്യപ്രകാശം അധികമില്ല. മുകളിൽനിന്നും നോക്കിയാൽ ട്രോംസോയ ദ്വീപ് പൂർണമായും കാണാം. ട്രോംസോയ ദ്വീപിനപ്പുറത്തുള്ള കൈവലോയ ദ്വീപിലെ മഞ്ഞുമൂടിക്കിടക്കുന്ന മലനിരകളും, മലനിരകൾക്കിടയിലുള്ള ഉൾക്കടലും, ട്രോംസോ വിമാനത്താവളത്തിൽനിന്നും ഇടയ്ക്കിടയ്ക്ക് പറന്നുയരുന്ന വിമാനങ്ങളുമൊക്കെ മടുപ്പില്ലാതെ ഏതുനേരവും നോക്കിനിൽക്കാവുന്ന കാഴ്ചകളാണ്.

മലമുകളിലെ സ്റ്റേഷന്റെ പിറകിലായി 1238 മീറ്റർ ഉയരമുള്ള ട്രോംസ് ഡാൽസ്റ്റിൻഡൻ (Tromsdalstinden) പർവതമുണ്ട്. ട്രോംസോ നഗര ത്തിൽനിന്നും കാണാൻ കഴിയുന്ന ഈ പർവതത്തിലേക്ക് നടന്നുകയറാൻ കഴിയുമെന്ന് കേട്ട് അങ്ങോട്ടു നടന്നു. ഉയരം കൂടുന്തോറും തറയിൽ വീണുകിടക്കുന്ന മഞ്ഞിന്റെ കട്ടി കൂടിത്തുടങ്ങി. കട്ടിയുള്ള മഞ്ഞിൽക്കൂടിയുള്ള മലകയറ്റത്തിന് പറ്റിയ പാദരക്ഷകളല്ലാത്തതുകൊണ്ട് തിരിച്ച് വ്യൂപോയിന്റിൽ വന്ന് കാഴ്ചകളും കണ്ട് നിന്നു.

Tromso 3
ട്രോംസോ നഗരക്കാഴ്ച

ഫെൽഫെയ്സനിൽനിന്നും ഇറങ്ങി, കേബിൾ കാർ സ്റ്റേഷന്റെ തൊട്ടു മുൻപിൽത്തന്നെയുള്ള സ്റ്റോപ്പിൽനിന്ന് ബസെടുത്ത് ട്രോംസോയിലെ വളരെ പ്രസിദ്ധമായ ആർട്ടിക് കത്തീഡ്രൽ കാണാൻ പോയി. ത്രികോണാകൃതിയിൽ മനോഹരമായ കമാനങ്ങളോടുകൂടിയ കത്തീഡ്രൽ ട്രോംസോയുടെ ലാൻഡ് മാർക്കാണ്. സ്റ്റോർ സ്റ്റെയ്നെൻ മലമുകളിലെ വ്യൂപോയിന്റിൽ നിൽക്കു മ്പോഴേ തീരുമാനിച്ചതാണ്, തിരിച്ച് നഗരത്തിലേക്ക് ട്രോംസോ പാലത്തിൽക്കൂടി നടന്നു പോകണമെന്ന്. കത്തീഡ്രലിലെ സ്റ്റോപ്പിൽ നിന്നും ബസ്സിൽ കയറി പാലത്തിന് മുൻപുള്ള സ്റ്റോപ്പിൽ ഇറങ്ങിനടന്നു. ആയി രത്തിമുപ്പത്തിയാറ് മീറ്റർ നീളമുള്ള ട്രോംസോ പാലം 1960-ൽ ആണ് നിർമിക്കപ്പെ ട്ടത്. വാഹനങ്ങൾക്കുള്ള പ്രധാനപാതയ്ക്ക് ഇരുവശത്തും ചെറിയ പാതകളുമുണ്ട്. വടക്കുഭാഗത്തുള്ള പാത സൈക്കിൾ യാത്രക്കാർക്കും തെക്കുഭാഗത്തുള്ളത് കാൽനടയാത്രക്കാർക്കുമാണ്. ഏകദേശം മുപ്പത് മിനിറ്റുകൊണ്ട് നടന്നുപോകാവുന്നതേയുള്ളൂ. പാലത്തിന്റെ മധ്യത്തിൽ നിന്നുമുള്ള നഗരത്തിന്റെയും ട്രോംസോ തുറമുഖത്തിന്റെയും ദൃശ്യങ്ങൾ മനോഹരമാണ്. തിരികെ നഗരത്തിലെത്തിയപ്പോഴേക്കും വൈകുന്നേരമാകാറായി. നേരത്തേ പറഞ്ഞുറപ്പിച്ചത് അനുസരിച്ച് ബസ്സിൽ ട്രോംസോ സർവകലാശാലയിലേക്ക് പോയി. അവിടെ ഭൂവിജ്ഞാന വിഭാഗത്തിൽ ഗവേഷകനാണ് സുനിൽ. കാമ്പസിൽ ഒരു കെട്ടിടത്തിന്റെ മുൻപിൽ മഹാത്മാഗാന്ധിയുടെ പ്രതിമ കാണാം.

Tromso Gandhi Statue
ട്രോംസോ സർവകലാശാലയിലെ ഗാന്ധി പ്രതിമ

അടുത്ത ദിവസം നഗരമധ്യത്തിനടുത്തുള്ള ഒരു മുറിയിലേക്ക് താമസം മാറി. പകൽ മുഴുവൻ നഗരത്തിലെ കാഴ്ചകളും മ്യൂസിയങ്ങളും കാണാമെന്നുകരുതി. ലോകത്തിലെ ഏറ്റവും വടക്കുള്ള അക്വേറിയം എന്നറിയപ്പെടുന്ന പൊളാറിയ (Polaria) ആയിരുന്നു ആദ്യത്തെ ലക്ഷ്യം. മഞ്ഞുകട്ടകൾ പാളികളായി കരയിൽ വന്നടിഞ്ഞു നിൽക്കുന്നതുപോലെയാണ് പൊളാറിയ രൂപകല്പന ചെയ്തിരിക്കുന്നത്. പൊളാറിയയിലെ പ്രദർശനങ്ങൾ പ്രധാനമായും കുട്ടികൾക്ക് വേണ്ടിയുള്ളതാണ്. പരിശീലനം സിദ്ധിച്ച നീർനായകളുടെ പ്രകടനമാണ് ഇവിടത്തെ പ്രധാന ആകർഷണങ്ങളിലൊന്ന്. പൊളാറിയയ്ക്ക് തൊട്ടടുത്തായി വലിയ കണ്ണാടിക്കൂട്ടിൽ വലിയൊരു കപ്പൽ സൂക്ഷിച്ചുവെച്ചതു പോലെ നിലനിർത്തിയിരിക്കുന്നത് കാണാം. വർഷങ്ങൾക്ക് മുൻപ് നീർനായകളെ വേട്ടയാടാൻ ഉപയോഗിച്ചിരുന്ന നോർവേയുടെ Polstjerna (T-80-T) കപ്പലാണത്. പക്ഷേ, അപ്പോൾ പ്രവേശനമില്ലാതിരുന്നതിനാൽ അകത്തുകയറി കാണാൻ കഴിഞ്ഞില്ല.

Tromso Aquarium
പൊളാറിയ അക്വേറിയത്തിന്റെ പുറമേനിന്നുള്ള ദൃശ്യം

നഗരത്തിൽ തന്നെയുള്ള പോളാർ മ്യൂസിയമായിരുന്നു അടുത്ത ലക്ഷ്യം. പോളാർമുസ്സേറ്റ് (Polarmuseet) എന്നറിയപ്പെടുന്ന അവിടേയ്ക്ക് പൊ ളാറിയയിൽനിന്ന് ഇരുപത് മിനിറ്റുകൊണ്ട് നടന്നെത്താം. പലതരം നീർനായകളുടെയും മറ്റ് പല ഉത്തരധ്രുവജീവികളുടെയും ചിത്രങ്ങളും സ്റ്റഫ് ചെയ്തുവച്ച രൂപങ്ങളും അവയെ വേട്ടയാടുന്ന രീതികളും ഒക്കെ പ്രദർശിപ്പിച്ചിട്ടുണ്ട്.

പോളാർ മ്യൂസിയത്തിൽ നിന്ന് ഇറങ്ങി നഗരത്തിലെ പേരറിയാത്ത തെരുവോരങ്ങളിലൂടെ വെറുതെ നടന്നു. തടിപാളികൾ കൊണ്ടുണ്ടാക്കിയ ചന്തമുള്ള കൊച്ചുവീടുകളുടെ വൃത്തിയുള്ള തെരുവുകൾ. നടന്നെത്തിയത് ഒരു വലിയ ക്രിസ്തീയ ദേവാലയത്തിനടുത്തായിരുന്നു, Our Lady Catholic Church. തൊട്ടടുത്ത തെരുവിലുള്ള, വളരെ കൗതുകാത്മകമായി രൂപകല്പന ചെയ്ത ട്രോംസോ ഗ്രന്ഥശാല മനോഹരമായൊരു കാഴ്ച തന്നെയാണ്. നഗരമധ്യത്തിനടുത്തതാണ് 1861-ൽ നിർമിക്കപ്പെട്ട ട്രോംസോ കത്തീഡ്രൽ. നോർവേയിലെ തടികൊണ്ടുണ്ടാക്കിയ ഒരേയൊരു ക്രിസ്തീയ ദേവാലയമാണിത്.

Tromso Cathedral
ട്രോംസോ കത്തീഡ്രൽ

അന്ന് വൈകുന്നേരം ആകാശത്തിലധികം മേഘങ്ങളില്ലായിരുന്നു. KP index പരിശോധിച്ചിട്ട് വലുതല്ലെങ്കിലും അത്ര മോശമല്ലെന്ന് സുനിൽ പറഞ്ഞു. ഭൗമകാന്തിക മണ്ഡലത്തിലെ വ്യതിയാനങ്ങളെ (geomagnetic activity) അടയാളപ്പെടുത്താൻ ഉപയോഗിക്കുന്ന അളവുകോലാണ് KP index അല്ലെങ്കിൽ Planetary K-index. സൂര്യന്റെ പ്രതലത്തിൽനിന്ന് പുറന്തള്ളപ്പെട്ട് ഭൂമിയുടെ നേരെ നീങ്ങുന്ന അയണീകരിക്കപ്പെട്ട കണങ്ങളെ ഭൗമകാന്തിക മണ്ഡലം പ്രതിരോധിക്കുമെങ്കിലും, കാന്തിക മണ്ഡലം താരതമ്യേന ദുർബലമായ ധ്രുവപ്രദേശങ്ങളിലൂടെ ഈ കണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നു. അകത്ത് കടക്കുന്ന കണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലെ വാതകകണികകളുമായി പ്രതിപവർത്തനത്തിൽ ഏർപ്പെടുന്നതിന്റെ ഫലമായി വികിരണം ചെയ്യപ്പെടുന്ന പ്രകാശമാണ് ധ്രുവദീപ്തി. കാന്തികമാപിനികൾ (magnetometers) രേഖപ്പെടുത്തുന്ന കാന്തികമണ്ഡലത്തിലെ വ്യതിയാനങ്ങൾ അടിസ്ഥാനമാക്കിയാണ് KP index കണക്കാക്കുന്നത്. പൂജ്യം മുതൽ ഒൻപത് വരെയാണിത് ക്രമപ്പെടുത്തിയിരിക്കുന്നത്. പൂജ്യമാണെങ്കിൽ കാന്തികവ്യതിയാനങ്ങൾ വളരെ കുറവാണെന്നും അഞ്ചോ അതിന് മുകളിലോ ആണെങ്കിൽ വളരെ കൂടുതൽ ആണെന്നുമാണ് അനുമാനം. ഇതിനെ ജിയോമാഗ്നറ്റിക് സ്റ്റോം (geomagnetic storm) എന്നും വിളിക്കും. 

നഗരത്തിൽ പ്രകാശമലിനീകരണം വളരെ കൂടുതലായതുകൊണ്ട് പ്രകാശമലിനീകരണം ഒട്ടുമില്ലാത്ത ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒന്നുപോയി നോക്കിയാലോ എന്ന് സുനിൽ അഭിപ്രായപ്പെട്ടു. ട്രൈപോഡും ക്യാമറയുമെല്ലാം എപ്പോഴും കയ്യിലുള്ളതുകൊണ്ട് മറ്റ് തയ്യാറെടുപ്പിന്റെ ആവശ്യമൊന്നുമില്ലായിരുന്നു. തണുപ്പിൽ നിന്ന് രക്ഷയ്ക്കുവേണ്ടി കട്ടൻകാപ്പിയുണ്ടാക്കി ഫ്ളാസ്കിൽ നിറച്ചെടുത്തു. വീട്ടിൽ നിന്നുമിറങ്ങി യാത്ര തുടങ്ങി. സ്കൂയൽഫിയോർഡ് (Skulsfjord) എന്ന സ്ഥലത്തേയ്ക്കായിരുന്നു സുനിൽ പോകാനുദ്ദേശ്ശിച്ചത്. ഇടത്തോട്ട് തിരിഞ്ഞതിനുശേഷം എങ്ങും കൂരിരുട്ട് മാത്രം, പിന്നെ പേടിപ്പിക്കുന്ന നിശ്ശബ്ദതയും. വഴിയിൽ വീടുകളോ മറ്റ് കെട്ടിടങ്ങളോ ഒന്നുമില്ല. പലപ്പോഴും ആകാശത്തങ്ങിങ്ങായി ധ്രുവദീപ്തിയുടെ ശകലങ്ങൾ മിന്നിമറഞ്ഞുപോകുന്നത് കാണാമായിരുന്നു.

Tromso Library
ട്രോംസോ പബ്ലിക് ലൈബ്രറി

കുറെയേറെ പോയപ്പോൾ ഇടതുഭാഗത്തായി തുറസ്സായ സ്ഥലം കണ്ട് കാർ നിർത്തി, വിജനമായൊരു കാർപാർക്ക്. മറ്റ് തടസ്സങ്ങളൊന്നും ഇല്ലാത്തതിനാലും, പ്രകാശമലിനീകരണം ഒട്ടുമില്ലാത്തതിനാലും ഇവിടെയൊന്ന് നോക്കിയാലോ എന്നാലോചിച്ച് പുറത്തിറങ്ങി. അവിടെയെങ്ങും ആരുമില്ല. കാർപാർക്കിൽ നിന്ന് കുറച്ചകന്ന്, അകത്തേയ്ക്ക് മാറിയൊരു ചെറിയ കെട്ടിടവും അതിനോട് ചേർന്നൊരു വലിയ ടവറും. ഫ്ളാസ്കിൽ കട്ടൻ കാപ്പിയുമായി സുനിലും, ട്രൈപോഡും ക്യാമറ ബാഗുമെടുത്ത് ഞാനും ആ കൂരിരുട്ടിൽ മൊബൈൽ ഫോണിലെ ടോർച്ചിന്റെ വെളിച്ചത്തിൽ വഴി നോക്കി, ആ കെട്ടിടം ലക്ഷ്യമാക്കി നടന്നു. 

രാത്രി പത്തുമണി ആയതേ ഉള്ളൂ, തുളച്ചുകയറുന്ന തണുപ്പ്. അങ്ങിങ്ങായി മേഘങ്ങൾ, ആകാശത്ത് ധ്രുവദീപ്തിയുടെ അടയാളങ്ങളൊന്നും കാണാനില്ല. ചെറിയ കെട്ടിടത്തിന്റെ ഒരു വശത്ത് പോഡ് സെറ്റ് ചെയ്തു, ക്യാമറ അതിൽ ഘടിപ്പിച്ചു. പിന്നെ യൊരു കാത്തിരിപ്പായിരുന്നു. സുനിലും ശ്യാമിനെയും എന്നെയുംപോലെ കൊച്ചിൻ യുണിവേഴ്സിറ്റിയിലെ പൂർവ വിദ്യാർഥിയാണ്. മരംകോച്ചുന്ന തണുപ്പിൽ ആകാശത്ത് കണ്ണും നട്ട്, ചൂടുള്ള കാപ്പിയും കുടിച്ച്, പഴയ യൂണിവേഴ്സിറ്റി കഥകളും വിശേഷങ്ങളും പറഞ്ഞിരുന്നു. ആകാശത്ത് നിറച്ചും നക്ഷത്രങ്ങൾ, ഇടയ്ക്കിടയ്ക്ക് അങ്ങിങ്ങായി ധ്രുവദീപ്തിയുടെ ചെറുശകലങ്ങൾ വന്ന് മിന്നിമറഞ്ഞുപോകുന്നത് കാണാമായിരുന്നു. ഏകദേശം പതിനൊന്ന് മണിയായി കാണും, പൊടുന്നനെ ഒരു അതിശയംപോലെ സ്കൂയൽഫിയോർഡിന്റെ പടിഞ്ഞാറ് ഭാഗത്തുനിന്ന് മനോഹരമായ ധ്രുവദീപ്തികൾ തുടർച്ചയായി കണ്ടു തുടങ്ങി. അങ്ങകലെയുള്ള ഉൾക്കടലിൽനിന്ന് ഒരു പൂമൊട്ടെന്ന പോലെ പൊട്ടിമുളച്ചു, ആകാശത്താരു വിസ്മയംപോലെ വിരിഞ്ഞുപടർന്ന്, നൃത്തം ചെയ്യുന്നത് പോലെ വർണാഞ്ചിതമായ ധ്രുവദീപ്തികൾ. കൂടുതലും നല്ല പച്ച നിറത്തിലായിരുന്നു. ഇടയ്ക്കൊക്കെ പിങ്ക് നിറത്തിന്റെ അടരുകൾ കണ്ടതുപോലെ തോന്നി.

Tromso 4
കണ്ണഞ്ചിപ്പിക്കും ധ്രുവദീപ്തി

വെറും തോന്നലോ അതോ സത്യമോ? എന്നൊന്നും തിരിച്ചറിയാൻ കഴിയാത്ത, ഭൂമിയിൽ തന്നെയാണോ, അതോ ഇതൊരു മനോഹരമായ സ്വപ്നമോ എന്നൊരു സ്ഥിതിവിശേഷം. ധ്രുവദീപ്തികളുടെ നടനം ഒരു മണിക്കൂറോളം നിർത്താതെ തുടർന്നു. നിർത്താതെ ഫോട്ടോ എടുത്തു. സുനിലിനെ മുന്നിൽ നിർത്തി ധ്രുവദീപ്തികളോടൊത്ത് നിഴൽച്ചിത്രം പോലെ ഒന്ന് രണ്ട് ഫോട്ടോകളും എടുത്തു. പതുക്കെ പതുക്കെ ധ്രുവദീപ്തികളുടെ തീവ്രത കുറഞ്ഞുവന്നു, പിന്നെ ഒട്ടും കാണാതായി. അപ്പോഴേയ്ക്കും സമയം അർധരാത്രി കഴിഞ്ഞിരുന്നു. കുറേനേരം കാത്തിരുന്നിട്ടും കാര്യമായൊന്നും കാണാത്തതുകൊണ്ട് വേറെ ഒഴിഞ്ഞ സ്ഥലത്ത് പോയാലോ എന്ന് സുനിൽ ചോദിച്ചു. അങ്ങനെ
കൈവലോയ ദ്വീപിന്റെ തീരത്തുകൂടി, ദ്വീപിന്റെ വടക്ക് ഭാഗം ലക്ഷ്യമാക്കി യാത്ര തുടർന്നു. ഇടയ്ക്കിടയ്ക്കായി, കിഴക്കൻ ആകാശത്ത്, ഉൾക്ക ടലിന് മുകളിലായി ധ്രുവദീപ്തികൾ കാണാമായിരുന്നു. പക്ഷേ, വണ്ടി നിർത്താനൊരു സ്ഥലം കണ്ടില്ല. ഏറെ മുൻപോട്ട് പോയപ്പോൾ വല തുഭാഗത്താരു ചെറിയ തടം കണ്ടു. വണ്ടി അങ്ങോട്ടൊതുക്കി നിർത്തി. 

Yathra Cover
യാത്ര വാങ്ങാം

മേളമില്ലാതെ നടനമാടുന്നൊരു നർത്തകിയെപ്പോലെ ഉൾക്കടലിനപ്പുറത്ത ദ്വീപിന്റെ മുകളിലായി ധ്രുവദീപ്തികൾ തെളിഞ്ഞു. ചിലപ്പോഴൊക്കെ, ആകാശത്തുനിന്ന് താഴോട്ട് ഞാന്നു കിടന്നുലയുന്ന നിറമാർന്ന തിരശ്ശീലകൾ പോലെയുള്ള പ്രതീതിയാണ്. ചിലപ്പോൾ വിസ്മയിപ്പിക്കുന്ന നിറങ്ങളുടെ തിരമാലകൾ പോലെയും ചുഴികൾ പോലെയും ഒക്കെ തോന്നും. വല്ലാത്ത ഒരു കാഴ്ച തന്നെയാണത്. വർഷങ്ങളായുള്ള കാത്തിരിപ്പിന്റെ അവസാനം ഒരുപാട് പറഞ്ഞുകേട്ടിട്ടുള്ള ധ്രുവദീപ്തികളുടെ സ്പന്ദനങ്ങൾ നേരിൽ കണ്ട് മനസ്സ് നിറഞ്ഞു. പുലർച്ചെ രണ്ടുമണി കഴിഞ്ഞു കാണും. ധ്രുവദീപ്തികൾ വിരളമായി. പിറ്റേന്ന് രാവിലെ തന്നെ ട്രോംസോ വിട്ട് തിരിച്ചുപോകേണ്ടതുള്ളതുകൊണ്ട് മനസ്സില്ലാ മനസ്സോടെ തിരിച്ചുപോകാനായി വണ്ടി സ്റ്റാർട്ട് ചെയ്തു.

(മാതൃഭൂമി യാത്ര 2021 നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Norway travel, tromso travel, magical dance of Aurora Borealis, the strange polar luminescence