ന്യൂസീലന്‍ഡ് ഒരു പെണ്ണരശു നാടാണ്. പുരുഷനു തുല്യമോ അതില്‍ക്കവിഞ്ഞതോ ആയ അമിത പ്രാധാന്യം ജീവിതത്തിന്റെ ഏതുരംഗങ്ങളിലും സ്ത്രീകള്‍ക്കു ലഭിക്കുന്നുണ്ട്. ലോകത്തിലാദ്യമായി സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയ രാജ്യമാണത്. 1893-ലാണ് ചരിത്രപ്രധാനമായ ആ തീരുമാനം. പ്രധാനമന്ത്രി പദവിയിലെത്തുന്ന ആദ്യവനിത 1997-ല്‍ ഭരണമേറ്റ ജെന്നി ഷിപ്‌ളി ആണ്. അവരെത്തുടര്‍ന്നുവന്ന ഹെലന്‍ ക്‌ളാര്‍ക്ക് ഒമ്പതു വര്‍ഷം ഭരിച്ചു. 2006-ലെ കഥയാണ് രസകരം. രാജ്യത്തെ പരമോന്നത പദവികളില്‍ എല്ലാം വനിതകള്‍. രാഷ്ട്രനേതാവായ ബ്രിട്ടീഷ് രാജ്ഞിക്കു പുറമേ ഗവര്‍ണര്‍ ജനറലായ സില്‍വിയ കാര്‍ട്ട്റൈറ്റ്, പ്രധാനമന്ത്രി ഹെലന്‍ക്‌ളാര്‍ക്ക്, ചീഫ് ജസ്റ്റിസ് സിയാന്‍ ഏലിയാസ് എന്നിവര്‍. ഇപ്പോഴത്തെ പ്രധാനമന്ത്രിയും ഗവര്‍ണര്‍ ജനറലും വനിതകളാണ്. 2017-ലെ തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലെത്തിയവരില്‍ 38 ശതമാനവും വനിതകളാണ്.

ഈ പെണ്‍പെരുമയ്‌ക്കൊത്തുപോകുന്നതാണ് മവോറികളുടെ മനുഷ്യോത്പത്തി കഥ. അവരില്‍ ഒരുകൂട്ടരുടെ വിശ്വാസമനുസരിച്ച് ദൈവം ആദ്യം സൃഷ്ടിച്ചത് ഒരു സ്ത്രീയെ ആണ്. ടെയിന്‍ എന്ന ആ ദൈവം കളിമണ്ണു കുഴച്ച് ഒരു സ്ത്രീരൂപം ഉണ്ടാക്കി. അതിന്റെ നാസാരന്ധ്രങ്ങളിലൂടെ ജീവവായു ഊതിക്കയറ്റിയപ്പോള്‍ അതിന് ജീവനുണ്ടായി. അതാണ് 'ഹിനിയഹോണ്‍' എന്ന ആദിമസ്ത്രീ. അവരില്‍നിന്നുണ്ടായതാണത്രേ മറ്റു മനുഷ്യരെല്ലാം. മനുഷ്യോത്പത്തിയെ സംബന്ധിച്ച ഈ കഥയാണ് മവോറികളുടെ പ്രസിദ്ധമായ അഭിവാദനരീതിയായ 'ഹോംഗിക്കും പിന്നിലുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഈയിടെ ന്യൂസീലന്‍ഡ് സന്ദര്‍ശിച്ചപ്പോള്‍ മവോറികള്‍ അവരെ നെറ്റിയോടു നെറ്റിചേര്‍ത്ത് അഭിവാദ്യം ചെയ്യുന്ന ചിത്രങ്ങള്‍ പത്രങ്ങളില്‍ വന്നിരുന്നല്ലോ. നെറ്റിയും മൂക്കും കൂട്ടിമുട്ടിയുള്ള ഈ അഭിവാദനരീതിയാണ് 'ഹോംഗി'. കളിമണ്‍പ്രതിമയുടെ മൂക്കിലൂടെ വായു ഊതി ആദ്യ സൃഷ്ടി നടത്തിയതിനെ അനുസ്മരിക്കുകയാണവര്‍.

ശുദ്ധമായ വായുവും വെള്ളവും ഭക്ഷണവും ലഭിക്കുന്ന ഈ രാജ്യത്തുള്ളവര്‍ പൂര്‍ണ ആരോഗ്യമുള്ളവരായിരിക്കുന്നതില്‍ അദ്ഭുതമില്ല. പലര്‍ക്കും ആരോഗ്യം ലേശം കൂടുതലല്ലേ എന്നു നമുക്കു സംശയം തോന്നാം. കാരണം പൊതുവേ ന്യൂസീലന്‍ഡുകാര്‍ക്കു തടി അല്പം കൂടുതലാണ്. കുട്ടികള്‍ക്കും നല്ല ഭാരമുള്ളതിനാല്‍ ആരും അവരെ എടുത്തുകൊണ്ടു നടക്കുകയില്ല. വണ്ടിയില്‍വെച്ച് ഉന്തിക്കൊണ്ടുപോവുകയാണ് പതിവ്.

കായികവിദ്യകള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന ഇന്നാട്ടുകാരുടെ ഏറ്റവും പ്രിയങ്കരമായ വിനോദം 'റഗ്ബി'യാണ്. ക്രിക്കറ്റിനാണ് രണ്ടാംസ്ഥാനം. 1832-ല്‍ ഹോനേടുട്ടു ബീച്ചില്‍ ക്രിക്കറ്റു കളിച്ചിരുന്നതായി രേഖയുണ്ട്. 1835-ല്‍ ന്യൂസീലന്‍ഡിലെ ക്രിക്കറ്റിനെപ്പറ്റി ചാള്‍സ് ഡാര്‍വിന്‍ എഴുതുന്നുണ്ട്. 'എച്ച്.എം.എസ്. ബീഗിള്‍' എന്ന കപ്പലില്‍ അദ്ദേഹം നടത്തിയ സുദീര്‍ഘമായ അന്വേഷണയാത്രയ്ക്കിടെ ന്യൂസീലന്‍ഡിലെത്തിയപ്പോള്‍ ഒരു മിഷനറിയുടെ മകനും അടിമത്തത്തില്‍നിന്ന് ആയിടെ മോചനം നേടിയ ഒരുകൂട്ടം മാവോറി യുവാക്കളും ചേര്‍ന്നു ക്രിക്കറ്റു കളിക്കുന്നതു കണ്ടു എന്നാണ് ഡാര്‍വിന്‍ എഴുതിയിരിക്കുന്നത്. ടെസ്റ്റ്പദവി കിട്ടുന്ന അഞ്ചാം രാജ്യമാണ് ന്യൂസീലന്‍ഡ്. 1930-ല്‍ ഇംഗ്ലണ്ടുമായി ക്രൈസ്റ്റ് ചര്‍ച്ചിലായിരുന്നു ആദ്യ ടെസ്റ്റ്. ആദ്യ ടെസ്റ്റ് വിജയത്തിനു 1956 വരെ കാത്തിരിക്കേണ്ടിവന്നു. ഓക്ലന്‍ഡില്‍ വെസ്റ്റിന്‍ഡീസിനെതിരെയായിരുന്നു അവരുടെ ആദ്യ ജയം.

ന്യൂസീലന്‍ഡില്‍ പാമ്പുകളും പഴുതാരകളുമില്ല എന്നതുപോലെ കാക്കകളുമില്ല. എന്നാല്‍ കാക്കകള്‍ ഇല്ലേ എന്നു ചോദിച്ചാല്‍ ഉണ്ട്. എന്തെന്നാല്‍ കാക്കകളുടെ പകരക്കാരായി ഏതാണ്ട് അതേ മുഖച്ഛായയുള്ള രണ്ടു പക്ഷികളുണ്ടിവിടെ. റൂക്കും മാഗ്പൈയും. റൂക്ക് മിക്കവാറും കറുത്തിട്ടാണ്. മാഗ്പൈയ്ക്കു കറുപ്പും വെളുപ്പും കലര്‍ന്ന നിറം. രണ്ടുപേരും വിദേശികളാണ്. റൂക്ക് ഇംഗ്‌ളണ്ടില്‍നിന്നും മാഗ്പൈ ഓസ്ട്രേലിയയില്‍നിന്നും വന്നു. കൃഷി നശിപ്പിക്കുന്ന കീടങ്ങളെ നശിപ്പിക്കാന്‍ കൊണ്ടുവന്നതാണ് കക്ഷികളെ. ഇപ്പോള്‍ അവരെക്കൊണ്ടുള്ള ശല്യംമൂലം ജീവിക്കാന്‍ പറ്റാതായി. നമ്മുടെ കാക്കയെപ്പോലെ 'ഡീസന്റ'ല്ല ഇവര്‍. പല പക്ഷിവര്‍ഗത്തിന്റെയും വംശനാശത്തിന് ഇവര്‍ കാരണമാകുന്നുണ്ട്. മനുഷ്യരെ ഉപദ്രവിക്കുകയും ചെയ്യും. പ്രത്യേകിച്ച് അവയുടെ പ്രജനനകാലത്ത്. അതിനാല്‍ ഇവറ്റയെ കൊന്നൊടുക്കുകയാണിപ്പോള്‍ സര്‍ക്കാര്‍.

അണുഭേദനതത്ത്വം കണ്ടെത്തിയ പ്രശസ്ത ശാസ്ത്രജ്ഞന്‍ ഏണസ്റ്റ് റഥര്‍ഫോര്‍ഡ് ന്യൂസീലന്‍ഡുകാരനാണ്. പക്ഷേ, അദ്ദേഹത്തിന്റെ നാട്ടില്‍ ഒറ്റ ആണവനിലയംപോലും ഇല്ല എന്നതാണ് ശ്രദ്ധേയമായ സംഗതി. ജലവൈദ്യുത പദ്ധതികളെയും പ്രകൃതിവാതകത്തെയും കാറ്റാടി യന്ത്രങ്ങളെയുമാണ് അവര്‍ ഊര്‍ജത്തിനായി ആശ്രയിക്കുന്നത്. ഭൂവിസ്തൃതിയുടെ മൂന്നിലൊന്നു ഭാഗം സംരക്ഷിതവനങ്ങളായി നിലനിര്‍ത്തുന്നതില്‍ ജാഗരൂകരായ ആ ജനത പ്രകൃതിയോടിണങ്ങിജീവിക്കാന്‍ ഇഷ്ടപ്പെടുന്നു.

Content Highlights: New Zealand Travel, New Zealand Tourism